16-ാം 
ധനകമീഷൻ: മാറ്റണം, മാനദണ്ഡങ്ങൾ



ഭരണഘടനയുടെ 280(1) വകുപ്പ് പ്രകാരം രൂപീകൃതമാകുന്ന ധനകമീഷൻ  നൽകുന്ന ശുപാർശകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര-–-സംസ്ഥാന സർക്കാരുകൾക്കിടയിൽ നികുതി വരുമാനം വിഭജിക്കുന്നത്. നിലവിലുള്ള ധനകമീഷന്റെ കാലാവധി അവസാനിക്കുന്നതിന് രണ്ടു വർഷംമുമ്പ് അടുത്തത്‌ നിയമിക്കുകയാണ് പതിവ്. 2017 നവംബറിൽ നിലവിൽവന്ന കമീഷൻ നിർദേശങ്ങൾ 2021 ഏപ്രിൽമുതൽ 2026 മാർച്ച് വരെയുള്ള അഞ്ചു വർഷത്തേക്കാണ്. 2023 ഡിസംബറിൽ നിലവിൽവന്ന 16–--ാം കമീഷൻ 2025 ഒക്ടോബറിൽ റിപ്പോർട്ട് സമർപ്പിക്കും. സംസ്ഥാനങ്ങൾക്കായി മാറ്റിവയ്ക്കുന്ന നികുതിയുടെ വിഹിതം മുൻകൂട്ടി തീരുമാനിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വീതംവയ്ക്കണം എന്നാണ് ഭരണഘടന വിഭാവന ചെയ്തിരിക്കുന്നത്. എന്നാൽ, കേന്ദ്ര ഭരണാധികാരികളുടെ താൽപ്പര്യം പരിഗണിച്ചാണ് പലപ്പോഴും  കമീഷൻ പ്രവർത്തിക്കുന്നതെന്ന ആക്ഷേപമുണ്ട്. നികുതിവിഭജന മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന നികുതിയും ഗ്രാന്റും വീതംവയ്ക്കുന്നതിന് രണ്ട് തലമുണ്ട്. ഒന്നാമത്തേത് ലംബമായ പങ്കുവയ്ക്കൽ (വെർട്ടിക്കിൾ ഡിവൊല്യൂഷൻ) എന്നും രണ്ടാമത്തേത് തിരശ്ചീന പങ്കുവയ്ക്കൽ (ഹൊറിസോണ്ടൽ ഡിവൊല്യൂഷൻ) എന്നും അറിയപ്പെടുന്നു. പിരിച്ചെടുക്കുന്നതിന്റെ എത്ര ശതമാനം കേന്ദ്ര-– -സംസ്ഥാന സർക്കാരുകൾക്കിടയിൽ വീതംവയ്ക്കണമെന്നതാണ് ലംബമായ പങ്കുവയ്ക്കൽ. പതിമൂന്നാം  കമീഷൻ നിർദേശപ്രകാരം സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ട നികുതി 32 ശതമാനം ആയിരുന്നു.  ഇത് 14–--ാം കമീഷൻ 42 ശതമാനമായി ഉയർത്തി. എന്നാൽ, 15–--ാം കമീഷൻ 41- ആയി കുറച്ചു. കേന്ദ്രത്തിന്‌ വിഭവസമാഹരണത്തിന് പല മാർഗങ്ങളുണ്ട്. എന്നാൽ, സംസ്ഥാനങ്ങൾക്ക്‌ അതിനുള്ള സാധ്യതകളില്ല. ആകെ  വരുമാനത്തിന്റെ 37 ശതമാനം മാത്രമേ സംസ്ഥാനങ്ങൾക്കിടയിൽ വീതിക്കുന്നുള്ളൂ. അതേസമയം ആകെ ചെലവിന്റെ 62 ശതമാനവും സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. കേന്ദ്ര സർക്കാരുകൾ ഈടാക്കുന്ന സെസ്, സർചാർജുകൾ എന്നിവ സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ലാത്തതിനാൽ നികുതിക്കുമുകളിൽ സെസും സർചാർജും ചുമത്തി കേന്ദ്രം തങ്ങളുടെ വിഹിതം വർധിപ്പിക്കുന്നു.  ഉദാഹരണത്തിന്, 2014-ൽ ആകെ നികുതി വരുമാനത്തിന്റെ 13.5  ശതമാനമായിരുന്നു കേന്ദ്രസെസും സർചാർജുകളും. 2023-ൽ ഇത് രാജ്യത്തെ ആകെ നികുതിയുടെ 25 ശതമാനമായി. ഇതോടൊപ്പം, ബിജെപി സർക്കാർ 2015-ൽ മാത്രം കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ 39 എണ്ണം പിൻവലിക്കുകയും 54 പദ്ധതിക്കുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറയ്‌ക്കുകയും ചെയ്തു. ഫെഡറൽ സംവിധാനത്തിന് തികച്ചും വിപരീതമാണിത്. ഈ പ്രവണത സംസ്ഥാനങ്ങളെ സാമ്പത്തികമായി ദുർബലപ്പെടുത്തും. സംസ്ഥാനങ്ങൾക്കിടയിലെ നികുതിവിഭജനം   15–--ാം ധനകമീഷൻ ആറു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നികുതിവരുമാനം വിഭജിച്ചത്. ഈ മാനദണ്ഡങ്ങളെല്ലാം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക്‌ ഗുണകരവും കേരളംപോലുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക്‌ പ്രതികൂലവുമാണ്‌. സംസ്ഥാനങ്ങൾക്കിടയിൽ വീതംവയ്ക്കുന്ന നൂറു രൂപയിൽ 45ഉം ആളോഹരി വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. 27.5 രൂപ ജനസംഖ്യയുടെയും 15 രൂപ ഭൂവിസ്തൃതിയുടെയും അടിസ്ഥാനത്തിലാണ്. സംസ്ഥാനങ്ങൾക്കിടയിൽ 100  രൂപ കൈമാറ്റം ചെയ്യുമ്പോൾ 87.5 രൂപയും ഏതെല്ലാം സംസ്ഥാനങ്ങൾക്ക്‌ എത്രമാത്രം ലഭിക്കണമെന്ന് നിശ്ചയിക്കുന്നത് ഈ മൂന്ന് ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്. ശേഷിക്കുന്ന 12.5 രൂപയിൽ 10 രൂപ വനവിസ്തൃതിയുടെയും രണ്ടര രൂപ സംസ്ഥാനങ്ങൾ നികുതി പിരിച്ചെടുക്കാൻ നടത്തിയ ശ്രമങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും.  16–--ാം കമീഷനും ഇതേ മാനദണ്ഡങ്ങളാണ് തുടരുന്നതെങ്കിൽ താഴെ പറയുന്ന കാരണങ്ങളാൽ  കേരളത്തിന് അർഹമായ വിഹിതം ലഭിക്കില്ല എന്നുറപ്പാണ്.      ഭൂവിസ്തൃതി: ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ 1.18 ശതമാനവും ജനസംഖ്യയുടെ 2.8 ശതമാനവും കേരളത്തിലാണ്. 15–--ാം കമീഷൻ കേരളത്തിന് ഭൂവിസ്തൃതിക്ക്‌ നൽകിയത് ഏറ്റവും കുറഞ്ഞ വിഹിതമായ രണ്ടു ശതമാനമാണ്. എന്നാൽ, ഭൂവിസ്തൃതിയുടെ ഭൂരിഭാഗവും മരുഭൂമിയായ രാജസ്ഥാന് 9.6 ശതമാനവും മധ്യപ്രദേശിന്‌ 8.65 ശതമാനവും ലഭിച്ചു. കേരളത്തിലെ ഒരു സ്‌ക്വയർ കിലോമീറ്ററിൽ 859 ആളുകൾ താമസിക്കുമ്പോൾ രാജസ്ഥാനിലെ ജനസാന്ദ്രത വെറും 200 പേരാണ്. 16–--ാം കമീഷൻ ജനസാന്ദ്രതയും ഭൂവിനിയോഗവും പരിഗണിക്കേണ്ടത് കേരളംപോലുള്ള സംസ്ഥാനങ്ങൾക്ക് ന്യായമായ വിഹിതം ലഭിക്കാൻ അനിവാര്യമാണ്. 15–--ാം കമീഷൻ 2011-ലെ ജനസംഖ്യയാണ് അവലംബിച്ചത്‌. 14–--ാം കമീഷൻവരെ 1971-ലെ ജനസംഖ്യയാണ് അടിസ്ഥാനമാക്കിയത്. 1971നെ അപേക്ഷിച്ച് 2011-ൽ എല്ലാ സംസ്ഥാനങ്ങളിലും ജനസംഖ്യ വർധിച്ചിട്ടുണ്ട്. എന്നാൽ, കേരളംപോലുള്ള സംസ്ഥാനങ്ങൾ കാര്യക്ഷമമായി ജനസംഖ്യാ നിയന്ത്രണങ്ങൾ നടപ്പാക്കി. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ കേരളത്തിന് 2.83 ശതമാനം കിട്ടിയപ്പോൾ ഉത്തർപ്രദേശിന് 17 ശതമാനം ലഭിച്ചു.  ജനസംഖ്യക്ക്‌ 15 ശതമാനം  പ്രാധാന്യം കൊടുത്തപ്പോൾ ജനസംഖ്യാ നിയന്ത്രണത്തിന് 12.5 ശതമാനമേ നൽകിയുള്ളൂ. അതും കേരളംപോലുള്ള സംസ്ഥാനങ്ങൾക്ക് ദോഷകരമായി. കേരളത്തിൽ  60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം ജനസംഖ്യയുടെ  16.5 ശതമാനം വരും. ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. കൂടാതെ, കേരളത്തിലെ ആയുർദൈർഘ്യം 75 വയസ്സും ദേശീയ ശരാശരി എഴുപതുമാണ്. ആളോഹരി വരുമാനത്തിലെ അന്തരം: ആളോഹരി വരുമാനം കൂടിയ കേരളംപോലുള്ള സംസ്ഥാനങ്ങൾക്ക് വളരെ കുറച്ചും വരുമാനം കുറവുള്ള ഉത്തർപ്രദേശ്‌ പോലുള്ള സംസ്ഥാനങ്ങൾക്ക്‌ ഉയർന്ന വിഹിതവുമാണ് നൽകുന്നത്. ആളോഹരി വരുമാനത്തിന്റെ അടിസ്ഥാനത്തിൽമാത്രം 45 ശതമാനം വിഹിതം കൊടുക്കുന്നത് ന്യായീകരിക്കാവുന്നതല്ല.  സംസ്ഥാനവരുമാനത്തിൽ കൂടുതലും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സേവനമേഖലകളിൽനിന്നു വരുന്ന കേരളംപോലുള്ള സംസ്ഥാനങ്ങളുടെ നികുതി വരുമാനം കുറവായിരിക്കും.  ഇതിന് കാരണം, സേവന മേഖലകളിൽ പലതും ചരക്കു-സേവന നികുതിയുടെ പരിധിക്ക് പുറത്താണ്. മുകളിൽ സൂചിപ്പിച്ച ഘടകങ്ങൾ പരിഗണിക്കാത്തതിനാലാണ് കേരളത്തിന്റെ വിഹിതം 2021-–- 26ൽ 1.92 ശതമാനമായി കുറഞ്ഞത്. പത്താം കമീഷൻ നൽകിയത്‌  3.87 ശതമാനമായിരുന്നു. ഇത്രയും വലിയ കുറവ് കേരളത്തിന് താങ്ങാവുന്നതല്ല. വരുമാന അന്തരത്തിന് നൽകിയിരിക്കുന്ന അമിതപ്രാധാന്യം മാറ്റുകയും സംസ്ഥാനങ്ങളുടെ ജനസംഖ്യാപരമായ പ്രത്യേകതകൾ, സാമൂഹ്യ, സാമ്പത്തിക വികസനത്തിലെ വിവിധഘട്ടങ്ങളിൽ ഉണ്ടാകുന്ന അധികചെലവുകൾ ഇവയെല്ലാം  ഉൾക്കൊള്ളുന്ന കൂടുതൽ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി പരിഗണിച്ചില്ലെങ്കിൽ ഇപ്പോഴുള്ള മുന്നാക്ക സംസ്ഥാനങ്ങൾ വളരെ അടുത്തുതന്നെ വിദ്യാഭ്യാസം, ആരോഗ്യം, ആളോഹരി വരുമാനം എന്നീ മേഖലകളിൽ പിന്തള്ളപ്പെടും. (തിരുവനന്തപുരത്തെ പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ് ലേഖകൻ)   Read on deshabhimani.com

Related News