ഫ്രെഡറിക് ജെയിംസൺ; ജൈവ മാർക്സിസ്റ്റ്



മാർക്സിസ്റ്റ് ചിന്തകരിൽ മുൻപന്തിയിലാണ് ഫ്രെഡറിക് ജെയിംസണിന്റെ സ്ഥാനം. ഇടതുപക്ഷത്തിനും വലതുപക്ഷ വിരുദ്ധ മുന്നണിക്കാകെയും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. ചരിത്രത്തെയും സംസ്കാരത്തെയും വിശകലന വിധേയമാക്കാൻ മാർക്സിസത്തെ ആശ്രയിച്ചിരുന്ന വ്യക്തിയാണ് ജെയിംസൺ. "നിങ്ങളൊരു മാർക്സിസ്റ്റ് ആകുമ്പോൾ ജീവിക്കുന്നതും ശ്വസിക്കുന്നതും രാഷ്ട്രീയമായിരിക്കും’ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ജീവിതത്തിലും പ്രയോഗത്തിൽ വരുത്താൻ ജെയിംസണ് സാധിച്ചിരുന്നു. കഥയിലും കവിതയിലും ചിത്രരചനയിലും മാധ്യമത്തിലും സിനിമയിലും ചരിത്രത്തിലും ശാസ്ത്രത്തിലുമൊക്കെ മാർക്സിയൻ രീതി ശാസ്ത്രം ഉപയോഗിച്ച് പുതിയ ഉൾക്കാഴ്ചകളിലേക്ക് വായനക്കാരെ നയിച്ച ഒരു എഴുത്തുകാരനെക്കൂടിയാണ് ജെയിംസണിന്റെ മരണത്തിലൂടെ നമുക്ക് നഷ്ടമാകുന്നത്. ചരിത്രത്തെയും സംസ്കാരത്തെയും വിശകലന വിധേയമാക്കാൻ ജെയിംസൺ ആശ്രയിച്ചിരുന്നത് മാർക്സിസത്തെയാണ്. മാർക്സിസത്തിന്റെ എതിരാളികളും ‘നവമാർക്സിസ്റ്റുകളും' അദ്ദേഹത്തെ കടുത്ത യാഥാസ്ഥിക മാർക്സിസ്റ്റായാണ് ചിത്രീകരിക്കാൻ ശ്രമിച്ചിട്ടുള്ളതെങ്കിലും താൻ ഒരിക്കലും പാശ്ചാത്യ മാർക്സിസ്റ്റ് ആയിരുന്നില്ലെന്നും കറകളഞ്ഞ മാർക്സിസ്റ്റ് ആണെന്നും അദ്ദേഹംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാർക്സും എംഗൽസും എഴുതിയ വാക്കുകൾ മാത്രമാണ് മാർക്സിസമെന്ന് കരുതുന്ന യാഥാസ്ഥിതികർക്ക് അതിനുശേഷം ശക്തിപ്പെട്ട സൈദ്ധാന്തിക വഴികൾ അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ, പ്രായോഗിക അനുഭവങ്ങളാൽ നിരന്തരം നവീകരിക്കുന്ന ദർശനമായാണ് മാർക്സിസത്തെ കാണേണ്ടത്. മാർക്സിന്റെയും എംഗൽസിന്റെയും കൃതികൾതന്നെ ഇതിന്റെ ഉദാഹരണങ്ങളാണ്. അവർ ഒന്നിച്ചെഴുതിയ രണ്ടാമത്തെ കൃതിയായ ജർമൻ പ്രത്യയശാസ്ത്രംതന്നെ തങ്ങൾക്ക് വ്യക്തത വരുന്നതിനായി എഴുതിയ കുറിപ്പുകളാണെന്ന് മാർക്സ് വ്യക്തമാക്കുന്നുണ്ട്. അതിൽ പല ഭാഗങ്ങളും കീറിക്കളയുകയോ ‘എലി കരണ്ടു തിന്നാൻ വിധിക്കപ്പെട്ടവയോ' ആയിരുന്നെന്ന് മാർക്സ്തന്നെ വ്യക്തമാക്കുന്നുണ്ട്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആമുഖങ്ങൾ വായിക്കുകയാണെങ്കിൽ എങ്ങനെയാണ് ഓരോ പതിപ്പിലും ആ കൃതി പുതുക്കിക്കൊണ്ടിരുന്നതെന്ന് വ്യക്തമാകും. ചില ഭാഗങ്ങൾ ഇപ്പോൾ പ്രസക്തമല്ലെന്നുവരെ അവർ വിശദീകരിക്കുന്നുണ്ട്. എന്നാൽ, ചരിത്രരേഖയായി മാറിയ കൃതിയിൽ ഇനി മാറ്റം വരുത്താൻ തങ്ങൾക്ക് അധികാരമില്ലെന്നും അവർ വ്യക്തമാക്കി. ചില കൂട്ടിച്ചേർക്കലുകൾ അടിക്കുറിപ്പുകളിലൂടെയുള്ള വിശദീകരണങ്ങൾ വഴി വരുത്തുകയും ചെയ്തു. പക്ഷേ, സാമൂഹ്യമാറ്റത്തെ സംബന്ധിച്ച തങ്ങളുടെ അടിസ്ഥാന കാഴ്ചപ്പാട് എക്കാലത്തേക്കും ബാധകമായതാണെന്ന കാര്യവും അവർ എടുത്തു പറയുകയും ചെയ്തു. പ്രയോഗ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന ദർശനമാണ് മാർക്സിസം എന്നത് തിരിച്ചറിയാത്തവരാണ് ആദ്യകാല മാർക്സ്, പിൽക്കാല മാർക്സ് തുടങ്ങിയ വിഭജനം മാർക്സിന്റെ  രചനകളിൽ നടത്തുന്നത്. മാർക്സ് മുതലാളിത്തത്തെ വിശകലനം ചെയ്യുന്ന സന്ദർഭത്തിൽ ബ്രിട്ടനിലും ചില യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുംമാത്രം പരിമിതമായ വ്യവസ്ഥയായിരുന്നു. വ്യവസായ ഉൽപ്പാദനത്തിന്റെ അളവും വ്യവസായത്തൊഴിലാളികളുടെ എണ്ണവും തുലോം കുറവായിരുന്നു. അത്തരമൊരു സാഹചര്യത്തിലും അസാധാരണ ദീർഘവീക്ഷണത്തോടെ ശാസ്ത്രീയമായി മുതലാളിത്തത്തെ വിശകലന വിധേയമാക്കാനും സാമൂഹ്യമാറ്റത്തിന്റെ സ്വഭാവത്തെ വരച്ചുകാണിക്കാനും കഴിഞ്ഞുവെന്നതാണ് മാർക്സിന്റെയും എംഗൽസിന്റെയും സംഭാവന. കമ്പോളാധിഷ്ഠിതവും മത്സരാധിഷ്ഠിതവുമായ സാമൂഹ്യവ്യവസ്ഥയായാണ് മുതലാളിത്തത്തെ മാർക്സ് നിർവചിച്ചിരുന്നത്. അതുകൊണ്ടുതന്നെ കുത്തകകളുടെ രൂപീകരണവും ആധിപത്യവും ഇപ്പോഴുള്ളതുപോലെയാകുമെന്ന് വിഭാവനം ചെയ്യാൻ കഴിയുമായിരുന്നില്ല. മുതലാളിത്ത വളർച്ച കുത്തകരൂപത്തിലേക്ക് എത്തിയ ഘട്ടത്തെ മാർക്സിസത്തെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുന്നതിനാണ് ലെനിൻ ശ്രമിച്ചത്. ‘സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം’ എന്ന ക്ലാസിക് കൃതിയിലൂടെ ലെനിൻ നിർവഹിച്ചത് ഈ കടമയായിരുന്നു. ധൈഷണിക വ്യായാമമായിരുന്നില്ല ലെനിൻ നടത്തിയത്. വിപ്ലവത്തിന്റെ പ്രയോഗ പ്രതിസന്ധിയാണ് അദ്ദേഹത്തെ ഇതിനു പ്രേരിപ്പിച്ചത്. രണ്ടാം ലോകയുദ്ധാനന്തരം മുതലാളിത്തത്തിന്റെ അവസാനമായിരിക്കുമെന്ന് പ്രവചിച്ചവരുണ്ട്. എന്നാൽ, ആഗോള ധനസ്ഥാപനങ്ങളിലൂടെ പുതിയ ലോകക്രമം രൂപപ്പെടുത്താൻ ധനമൂലധന ശക്തികൾക്ക് കഴിഞ്ഞു. ശാസ്ത്രസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തെ, ചൂഷണം ശക്തിപ്പെടുത്താൻ ആഗോള ധന മൂലധനം ഉപയോഗിക്കുന്നത് ആഗോളവൽക്കരണത്തിലേക്ക് നയിച്ചു. മൂന്നാം ശാസ്ത്ര സാങ്കേതിക വിപ്ലവത്തിന്റെ പരിണത ഫലമായി ഈ ഘട്ടത്തെ ചിലർ വിലയിരുത്തുന്നുണ്ട്. മുതലാളിത്തം പുതിയ ഘട്ടത്തിലേക്ക് കടന്നുവെന്ന കാഴ്ചപ്പാട് ശക്തമായി. ഫ്രാൻസിലെയും ബൽജിയത്തിലെയും ചിന്തകർ നവ മുതലാളിത്തമെന്ന് ഈ ഘട്ടത്തെ വിശേഷിപ്പിച്ചു. അഡോണോയും മറ്റും പിൽക്കാല മുതലാളിത്തം എന്നതിനെ പിന്തുണച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ രൂപംകൊണ്ട പദമാണ് പിൽക്കാല മുതലാളിത്തമെങ്കിലും 1972ൽ ഏണസ്റ്റോ മൻഡലിന്റെ ഗവേഷണ പ്രബന്ധം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത് ഗൗരവമായ സംവാദങ്ങൾക്ക് വഴിയൊരുക്കി. സാമ്രാജ്യത്വ ഘട്ടത്തിലുള്ള മുതലാളിത്തത്തെ ലെനിൻ വിശകലനം നടത്തിയതുപോലെ ഈ പുതിയ ഘട്ടത്തെ മാർക്സിയൻ വിശകലനത്തിനു വിധേയമാക്കാൻ കഴിഞ്ഞിട്ടില്ലെന്ന വിമർശം ഫ്രെഡറിക് ജെയിംസൺ മുന്നോട്ടു വയ്ക്കുന്നു. അതിന്റെകൂടി അടിസ്ഥാനത്തിലാണ് ‘ഉത്തരാധുനികത; പിൽക്കാല മുതലാളിത്തത്തിന്റെ സാംസ്കാരിക യുക്തി’ എന്ന പ്രബന്ധം അദ്ദേഹം രചിച്ചത്. ഇതേ പേരിലുള്ള പുസ്തകം ആശയസംവാദങ്ങളുടെ കൊടുങ്കാറ്റ് അഴിച്ചുവിട്ടു. അടിത്തറയും മേൽക്കൂരയും തമ്മിലുള്ള വൈരുധ്യാത്മക ബന്ധത്തെ തുറന്നുകാട്ടാൻ അദ്ദേഹം എപ്പോഴും ശ്രമിച്ചു. അടിത്തറമാത്രം കാണുന്ന സാമ്പത്തികമാത്രവാദികളുടെ സമീപനത്തെ തള്ളിക്കളഞ്ഞു. മാർക്സിസം അടിത്തറയെ മാത്രമേ കാണുന്നുള്ളൂ എന്ന വിമർശത്തെ എംഗൽസ് തന്നെ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. സാംസ്കാരികരാഷ്ട്രീയത്തിന് സവിശേഷ പ്രാധാന്യമുള്ള സമകാലിക ലോകത്ത് ഫ്രെഡറിക് ജെയിംസണിന്റെ ചിന്തകൾക്ക് അസാധാരണ പ്രസക്തിയുണ്ട്. സംസ്കാരത്തെ രാഷ്ട്രീയത്തിൽനിന്ന്‌ വേർതിരിച്ച് കാണാൻ കഴിയാത്ത വിധത്തിൽ രാഷ്ട്രീയപ്രവർത്തനം നടക്കുന്ന ഈ ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. ചരിത്രത്തെ ഫ്രെഡറിക് ജെയിംസൺ ഉൽപ്പാദന സമ്പ്രദായങ്ങളുടെ ചരിത്രമായാണ് കണ്ടിരുന്നത്. ഓരോ ഉൽപ്പാദന സമ്പ്രദായവും സ്വതന്ത്രമായി നിൽക്കുന്നതായല്ല അദ്ദേഹം വിലയിരുത്തിയത്. പഴയതിന്റെ തുടർച്ചയും പുതിയതിന്റെ തുടക്കവും നിലവിലുള്ളതിനോടൊപ്പം ഏറ്റക്കുറച്ചിലുകളോടെ കാണാൻ കഴിയുമെന്ന് അദ്ദേഹം എഴുതിയിരുന്നു. മാർക്സിസത്തിന്റെ വ്യാഖ്യാനങ്ങളിൽ പലതും തെറ്റായ നിഗമനങ്ങളിലേക്ക് നയിക്കാൻ ശ്രമിച്ചവയാണ്. ചിലത് അടിസ്ഥാന കാഴ്ചപ്പാടിനെ കൈയൊഴിയാൻ ശ്രമിക്കുന്ന പരിഷ്കരണവാദ നിലപാടുകൾ സ്വീകരിക്കുമ്പോൾ മറ്റൊരു വിഭാഗം മാറിക്കൊണ്ടിരിക്കുന്ന വസ്തുനിഷ്ഠ സാഹചര്യത്തെ കണ്ടില്ലെന്നു നടിക്കുന്ന വരട്ടു തത്വവാദ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു. അതിൽനിന്ന്‌ വ്യത്യസ്തമായി പ്രയോഗ അനുഭവങ്ങളാൽ നിരന്തരം സമ്പന്നമാകുന്ന ദർശനമെന്ന നിലയിൽ മാർക്സിസത്തെ സമ്പന്നമാക്കുന്നവരാണ് അതിനെ ജൈവമാക്കുന്നത്. ഫ്രെഡറിക് ജെയിംസൺ ഈ വിഭാഗത്തിൽപ്പെട്ട, ഇന്നത്തെ കാലത്തെ പ്രമുഖനായ മാർക്സിസ്റ്റായിരുന്നു. അദ്ദേഹത്തിന്റെ ചില നിഗമനങ്ങളോട് വിയോജിപ്പുകളുണ്ടായെന്നു വരാം. എന്നാൽ, ഇന്നത്തെ കാലത്ത് ഫ്രെഡറിക് ജെയിംസണിനെ വായിക്കാതെ പുതിയ കാലത്തിന്റെ മാർക്സിസ്റ്റ് പ്രയോഗത്തെ സിദ്ധാന്തവൽക്കരിക്കാൻ കഴിയില്ല. Read on deshabhimani.com

Related News