വൈരുധ്യങ്ങളിൽ 
വലഞ്ഞ് ജി 20



  ‘ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടാനും ശക്തവും സുസ്ഥിരവും സമതുലിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനം പ്രോത്സാഹിപ്പിക്കാനും ജി 20 നേതാക്കളായ ഞങ്ങൾ 2024 നവംബർ 18നും 19നും റിയോ ഡി ജെനീറോയിൽ സമ്മേളിച്ചു.'  ജി 20 സമ്മേളനം പുറപ്പെടുവിച്ച പ്രഖ്യാപനത്തിലെ ആദ്യവാചകമാണിത്. ഈ വാചകങ്ങളോട് നീതിപുലർത്താൻ റിയോ സമ്മേളനത്തിനായോ. അതിനുള്ള ശേഷിയും താൽപ്പര്യവും ജി20 എന്ന പ്രസ്ഥാനത്തിൽ  അവശേഷിക്കുന്നുണ്ടോ. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നാണ് ബ്രസീലിലെ റിയോ ഡി ജനീറോ. റിയോ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആ നഗരത്തിൽവച്ചാണ് ലോകത്തിലെ മുൻനിര സമ്പന്നരാഷ്ട്രങ്ങളുടെ സംഘടനയായ ജി20  ഈ വർഷത്തെ ഉന്നതതലസമ്മേളനം അരങ്ങേറിയത്. നഗരം മനോഹരമാണെങ്കിലും, ഒട്ടുംതന്നെ മനോഹരമല്ലാത്ത രാഷ്ട്രീയസാഹചര്യത്തിലാണ് സമ്മേളനം നടന്നത്. ‘നീതിപൂർണമായ ലോകം, സുസ്ഥിരമായ ഭൂമി'  എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച ജി20 രാഷ്ട്രനേതാക്കളുടെ  സമ്മേളനം, രണ്ട് സംഭവങ്ങളിൽ എരിഞ്ഞടങ്ങുന്ന നീതിയുടെ നിലവിളിയൊച്ചകളുടെ പശ്ചാത്തലത്തിലാണ് റിയോയിൽ അരങ്ങേറിയത്. സംഘർഷങ്ങളുടെ രണ്ടറ്റത്തും തെളിഞ്ഞും ഒളിഞ്ഞും നിൽക്കുന്ന പ്രധാനികൾതന്നെയാണ് ‘നീതിപൂർണമായ ലോകവും സുസ്ഥിരമായ ഭൂമിയും' കെട്ടിപ്പടുക്കാൻ റിയോയിൽ സമ്മേളിച്ചതെന്നത് വൈരുധ്യമാണ്. യുദ്ധം നയിക്കുന്ന ജി20 നേതാക്കൾ നാൽപ്പത്തിനാലായിരം പലസ്‌തീൻകാർ വംശഹത്യക്കിരയായിട്ടും ഇപ്പോഴും തുടരുന്ന ഇസ്രയേൽ അധിനിവേശം നാനൂറുദിവസം പിന്നിട്ടിരിക്കുന്നു. യൂറോപ്പിനെ മാത്രമല്ല, ലോകത്തെയൊട്ടാകെ ആണവയുദ്ധത്തിലേക്കു നയിക്കുമോയെന്ന ആശങ്ക പടർത്തുന്ന റഷ്യ–- ഉക്രയ്‌ൻ യുദ്ധം ആയിരം ദിവസം പിന്നിട്ടിട്ടും തുടരുന്നു.  എന്നുമാത്രമല്ല, മൂന്നാം ലോകയുദ്ധത്തിലേക്കു നയിച്ചേക്കാമെന്ന ഭീതിയും ഉയർത്തുന്നു. റഷ്യ–- ഉക്രയ്‌ൻ യുദ്ധത്തിന്റെ ഒരുഭാഗത്ത് റഷ്യയാണെങ്കിൽ, ഉക്രയ്‌നെ ആയുധവും അർഥവും ആളും നൽകി പിന്തുണയ്ക്കുന്നത് അമേരിക്കയും കൂട്ടാളികളുമാണ്. അമേരിക്ക മാത്രം 17500 കോടി ഡോളറിന്റെ സഹായമാണ് ഉക്രയ്ന് യുദ്ധാവശ്യങ്ങൾക്കായി ഇതുവരെ നൽകിയത്. പലസ്‌തീനിൽ അധിനിവേശം നടത്താൻ ഇസ്രയേലിന് അതിശക്തമായ സൈനിക , സാമ്പത്തിക, രാഷ്ട്രീയ പിന്തുണ നൽകുന്നതും അമേരിക്കയാണ്. ചുരുക്കത്തിൽ, ജി20 കൂട്ടായ്മയുടെ നേതാവായ അമേരിക്ക വിനാശകരമായ സംഘർഷങ്ങളെ പരമാവധി പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ട്രംപിന്റെ വരവ് ഇതിനു പുറമെ ലോകത്തിന് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്ന മറ്റൊരു സുപ്രധാന സംഭവ വികാസത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ജി 20 സമ്മേളനം നടന്നത്. അത് അമേരിക്കയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡോണൾഡ് ട്രംപിന്റെ വിജയമാണ്. കാലാവസ്ഥാ വ്യതിയാനമെന്നത് വെറും കെട്ടുകഥയാണെന്നാണ് ട്രംപിന്റെ നിലപാട്. പാരിസ് കാലാവസ്ഥാ കരാറിൽനിന്നും 2018ൽ ട്രംപ് പിന്മാറിയതും  ഈ നിലപാടുമൂലമാണ്. അതിനാൽ, കാലാവസ്ഥാവ്യതിയാനം കുറയ്ക്കാൻ ബൈഡൻ നീക്കിവച്ച തുകയെല്ലാം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് ട്രംപ്. സാന്നിധ്യമില്ലാതിരുന്നിട്ടും സമ്മേളനത്തിൽ ഒട്ടാകെ നിറഞ്ഞുനിന്നത് വീണ്ടും അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് തന്നെയാണ്. ജി20 എന്ന വൈരുധ്യം ജി20  കൂട്ടായ്മ വാസ്തവത്തിൽ ജി 7 രാജ്യങ്ങൾ നേരിട്ട വലിയ  സാമ്പത്തിക പ്രതിസന്ധിയിൽനിന്നും കരകയറാൻ കണ്ടുപിടിച്ച ഒരു കുറുക്കുവഴിയായിരുന്നു.  മുതലാളിത്ത രാജ്യങ്ങളെ 1997ലെ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധി  പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയപ്പോഴാണ് സാമ്പത്തികമായി മുന്നേറാൻ തുടങ്ങിയ ഏഷ്യൻ–- ആഫ്രിക്കൻ–-ലാറ്റിനമേരിക്കൻ രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി 1999ൽ ജി20 രൂപീകരിച്ചത്. (2008ലാണ് ജി20  ആദ്യ ഉന്നതതലസമ്മേളനം അമേരിക്കയിൽ നടന്നത്.) രാഷ്ട്രീയമായി പൊതു നിലപാടുകളില്ലാത്ത രാജ്യങ്ങൾചേർന്ന് ജി20 രൂപീകരിക്കാനുള്ള നീക്കത്തെ ചൈന, ഇന്ത്യ, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക മുതലായ രാജ്യങ്ങൾ കണ്ടത് ആഗോളസാമ്പത്തിക നയരൂപീകരണത്തിൽ ഇടപെടാനുള്ള  അവസരമായാണ്; ബഹുധ്രുവലോകത്തേക്കുള്ള ചുവടുവയ്പായാണ്. ഉദാരമുതലാളിത്തം പിന്തുടരുന്ന സാമ്പത്തിക നയങ്ങളാൽ നയിക്കപ്പെടുന്നതാണ് ജി7 രാജ്യങ്ങളെങ്കിൽ, വ്യത്യസ്ത രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളാലും സാമ്പത്തികനയങ്ങളാലും നയിക്കപ്പെടുന്ന രാജ്യങ്ങൾകൂടി ഉൾപ്പെടുന്നതാണ് ജി20.  ജി 20ന്റെ ജനിതകഘടനയിലുള്ള ഈ സുപ്രധാനവ്യത്യാസം അതിന്റെ എല്ലാ തീരുമാനങ്ങളിലും പ്രകടമാകുന്നുണ്ട്. രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളിലും സാമ്പത്തിക നയങ്ങളിലും പുതുതായിവന്ന മൂന്നാംലോക രാജ്യങ്ങളും  ജി7 രാജ്യങ്ങളും തമ്മിലുള്ള  വൈജാത്യം മൂലമാണ് ജി20 സംഘടനയ്ക്ക് സുപ്രധാനങ്ങളായ പല വിഷയങ്ങളിലും യോജിച്ച തീരുമാനങ്ങൾ എടുക്കാനും നടപ്പിലാക്കാനുമാകാത്തത്. 2023ൽ ഡൽഹിയിൽ നടന്ന സമ്മേളനത്തിലും ഇപ്പോഴത്തെ റിയോ സമ്മേളനത്തിലും അംഗരാജ്യങ്ങളുടെ  നിലപാടുകളിലുള്ള ഈ വൈരുധ്യം പ്രകടമായി. അത്‌ ഓരോ വർഷം കഴിയുംതോറും ശക്തമാക്കുന്നതിന്റെ ലക്ഷണങ്ങളാണ് തെളിഞ്ഞു വരുന്നത്.  ഇപ്പോൾ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളിലും ഈ വൈരുധ്യം തെളിഞ്ഞു കാണാം. സമ്മേളന തീരുമാനങ്ങൾ ലോകത്തെ ഏറ്റവുമധികം  പ്രതിസന്ധിയിലാക്കുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ കാര്യത്തിലാണ് ജി20 രാജ്യങ്ങളുടെ വിഭജനം കൂടുതൽ വ്യക്തമാകുന്നത്. അസർബൈജാനിലെ ബാക്കുവിൽ നടക്കുന്ന കാലാവസ്ഥാസമ്മേളനത്തിന് സമാന്തരമായാണ് റിയോസമ്മേളനം നടന്നതെങ്കിലും  കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള സാമ്പത്തിക സഹായം നൽകുന്ന കാര്യത്തിലുള്ള വികസിത മുതലാളിത്തരാജ്യങ്ങളുടെ നിസ്സഹകരണംമൂലം ഒഴുക്കൻ മട്ടിലുള്ള പ്രഖ്യാപനം നടത്താൻ മാത്രമേ സമ്മേളനത്തിനായുള്ളൂ. പ്രശ്‌നപരിഹാരത്തിന്, ശതകോടി അല്ല ലക്ഷം കോടി ഡോളർ വേണ്ടിവരുമെന്ന് പറയുന്നുണ്ടെങ്കിലും ആര്, എപ്പോൾ, എങ്ങനെ നൽകുമെന്ന് പ്രഖ്യാപനം വ്യക്തമാക്കുന്നില്ല. യുദ്ധം, അധിനിവേശം റഷ്യയും ഉക്രയ്‌ൻ യുദ്ധവും ഇസ്രയേലിന്റെ  പലസ്തീൻ–- ലബനൻ  അധിനിവേശം സംബന്ധിച്ചും റിയോ സമ്മേളനപ്രഖ്യാപനം നിരാശാ ജനകമായിരുന്നു. അതിൽ അത്ഭുതപ്പെടാനില്ല. കാരണം സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് അമേരിക്കൻ മിസൈലുകൾ റഷ്യക്കെതിരെ ഉപയോഗിക്കാൻ ഉക്രയ്‌ന് അമേരിക്ക അനുവാദം നൽകിയത്. അത് സമാധാനം ആഗ്രഹിക്കുന്ന ഒരു രാജ്യത്തിന്റെ നടപടിയല്ലെന്ന് ആർക്കാണറിയാത്തത്. ശാശ്വത സമാധാനം ഉറപ്പുവരുത്താനുള്ള സമഗ്ര ചർച്ചയ്ക്ക് യുദ്ധത്തിലേർപ്പെട്ടവർ തയ്യാറാകണമെന്നും അത്തരം നീക്കങ്ങൾക്ക് ജി20 പിന്തുണയുണ്ടാകുമെന്നും സമ്മേളനം പ്രഖ്യാപിച്ചു. ഇസ്രയേൽ ബന്ദികളുടെ മോചനവും, ലെബനൻകാർക്ക് അവരുടെ പ്രദേശങ്ങളിലേക്ക് തിരിച്ചെത്താനുള്ള സാഹചര്യമൊരുക്കണമെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടു. അതിസമ്പന്നർക്ക് 
നികുതി റിയോ ജി20യുടെ   ഏറ്റവും പ്രധാന ആശയമായും നേട്ടമായും സമ്മേളനത്തിന് നേതൃത്വം കൊടുത്ത ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ എടുത്തു കാട്ടുന്നത് ലോകത്തെ പട്ടിണിയും തുല്യതയില്ലായ്മയും ഇല്ലാതാക്കാൻ അതിസമ്പന്നർക്കു മുകളിൽ നികുതിയേർപ്പെടുത്തണമെന്ന തീരുമാനമാണ്. പക്ഷേ , ട്രംപോ, അർജന്റീനയുടെ പ്രസിഡന്റ്  ഹാവിയെർ മിലേ  ആ തീരുമാനത്തോട് യോജിപ്പുള്ളവരല്ല. പട്ടിണിക്കെതിരായ ആഗോളസഖ്യം സമ്മേളനത്തിന്റെ മറ്റൊരുനേട്ടമായി ലുല ചൂണ്ടിക്കാട്ടുന്നു. ഇവിടെയും ലോകരാജ്യങ്ങളുടെ ആത്മാർഥമായ സഹകരണം കിട്ടുമോയെന്ന് കാത്തിരുന്നു കാണണം. ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ പുനഃസംഘടിപ്പിക്കണമെന്നും നിർമിതബുദ്ധിയുടെ രംഗം കൂടുതൽ മനുഷ്യകേന്ദ്രിതമായി രൂപപ്പെടുത്താൻ ലോകം ശ്രദ്ധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഈ തീരുമാനങ്ങൾക്കൊന്നും കൃത്യമായ ഒരു കർമപദ്ധതി മുന്നോട്ടുവയ്ക്കാനില്ലെന്നത് ജി 20 എത്തിനിൽക്കുന്ന പ്രതിസന്ധി  യെ സൂചിപ്പിക്കുന്നു. വർഷം കഴിയുംതോറും ജി 20ൽ ആഭ്യന്തരവൈരുധ്യം കൂടിവരികയാണ്. റിയോ സമ്മേളനം മുന്നോട്ടുവച്ച പ്രധാനപ്പെട്ട ഒരു വിഷയത്തിലും കൃത്യമായ കർമപദ്ധതി ആവിഷ്കരിക്കാനും നടപ്പാക്കാനും ആഗോള സമ്പദ് വ്യവസ്ഥയുടെ 85 ശതമാനം നിയന്ത്രിക്കുന്ന  ജി20ന്   ആയില്ല എന്നത് വൈരുധ്യത്തിന്റെ സൂചനയാണ്.  ട്രംപിന്റെ വരവോടെ ഈ വൈരുധ്യം കടുത്ത പ്രതിസന്ധിയായി മാറും. അതിനെ അതിജീവിക്കാൻ ജി 20ക്ക്  കഴിയുമോ. (കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ്‌ മുൻ മേധാവിയാണ്‌ ലേഖകൻ)   Read on deshabhimani.com

Related News