തുല്യതയിലേക്ക് ഒരു പുതിയ ചുവട്
കാലങ്ങളായി നിലനിൽക്കുന്ന പുരുഷമേധാവിത്വത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും പ്രതിഫലനമായ വാക്കുകൾ മാറ്റി, പുതിയ പദപ്രയോഗങ്ങൾ ഉൾക്കൊള്ളിച്ച കൈപ്പുസ്‌തകം സുപ്രീംകോടതി പുറത്തിറക്കിയിരിക്കുന്നു. ന്യായാധിപന്മാർക്കും അഭിഭാഷകർക്കും കോടതിയിൽ ഉപയോഗിക്കുന്നതിനുവേണ്ടിയുള്ള കൈപ്പുസ്തകം വലിയ മാറ്റത്തിന്റെ തുടക്കമാണ്. വാക്കുകളുടെ ശക്തി എങ്ങനെ പൊതുസമൂഹത്തെ സ്വാധീനിക്കുന്നു എന്നും വിവിധ മേഖലകളിൽ പ്രത്യേകിച്ച്, നിയമമേഖലയിലെ സ്വാധീനം മനസ്സിലാക്കിയുമാണ് സുപ്രീംകോടതിയുടെ ഇടപെടൽ. കൈപ്പുസ്തകത്തിന്റെ ആമുഖത്തിൽ നിയമസമൂഹം ലിംഗഭേദവുമായി ബന്ധപ്പെട്ട മിഥ്യാധാരണകളെ മനസ്സിലാക്കാനും അവയ്ക്കെതിരെ പ്രതികരിക്കാനും വേണ്ടിയാണിതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കുന്നു. നീതിന്യായ വ്യവസ്ഥയിൽ ഉപയോഗിക്കുന്ന വാക്കുകളിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയും തുടർന്ന് നിർദേശിക്കുന്ന വാക്കുകളുടെയും വാചകങ്ങളുടെയും ശേഖരവുമാണ് കൈപ്പുസ്‌തകത്തിലുള്ളത്. നിയമനിർമാണത്തിലും കോടതിവിധികളിലും വാദപ്രതിവാദങ്ങളിലും പുതിയ പദങ്ങൾ ഉപയോഗിക്കണമെന്ന് പുസ്‌തകം നിർദേശിക്കുന്നു. വിധിപ്രസ്താവങ്ങൾ നടത്തുമ്പോൾ വിവേചനപരമായ വാക്കുകൾ ഒഴിവാക്കണം. മാത്രമല്ല, അവയ്ക്കെതിരെ പ്രതികരിക്കുകയും തെറ്റായവ തിരുത്തുകയും വേണം. ഇത്തരം തെറ്റായ ധാരണകളെ ആശ്രയിച്ചാൽ നീതി നടപ്പാക്കാൻ കഴിയില്ലെന്നും ന്യായാധിപന്മാർ ഇക്കാര്യം മനസ്സിലാക്കി അങ്ങനെയുള്ള വാക്കുകളും പ്രയോഗങ്ങളും ഒഴിവാക്കണം. സ്ത്രീപുരുഷ വ്യത്യാസത്തിൽ വേർതിരിച്ച് വസ്തുതകളെ വിലയിരുത്താതെ സമത്വത്തിൽ അധിഷ്ഠിതമായ വീക്ഷണം രൂപപ്പെടുത്താനാണ് കോടതിയുടെ ശ്രമം. സുപ്രീംകോടതിയുടെതന്നെ പല മുൻ വിധിന്യായങ്ങൾ ചൂണ്ടിക്കാട്ടി ലിംഗഭേദവുമായി ബന്ധപ്പെട്ട മിഥ്യാധാരണകൾ ഇനിയും ഉണ്ടാകാൻ പാടില്ലെന്നാണ് നിർദേശം. നിലവിൽ ഉപയോഗിക്കുന്ന പദങ്ങളുടെയും വാചകങ്ങളുടെയും സ്ഥാനത്ത് പുതുതായി ഉപയോഗിക്കേണ്ട പദങ്ങളുടെയും വാചകങ്ങളുടെയും രണ്ടു പട്ടികകൾ നൽകിയിട്ടുണ്ട്. ഇനി പഴയവ ഉപയോഗിക്കാൻ പാടില്ല. അബദ്ധധാരണകൾ നിമിത്തം, വ്യത്യസ്തനായ ഓരോ മനുഷ്യനെയും അങ്ങനെ കാണാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുകയും അതുവഴി തെറ്റായ രീതിയിൽ കാര്യങ്ങൾ കാണാനും ഇടയാക്കുന്നു. നേരായ രൂപത്തിൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്തതുമൂലം വിധിന്യായത്തിൽ പുകമറ സൃഷ്ടിക്കപ്പെടുന്നു. ന്യായാധിപന്മാരും അറിയാതെതന്നെ ഇത്തരം തെറ്റായധാരണകൾ മുറുകെ പിടിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ചിന്താഗതി നിമിത്തം, വ്യത്യസ്തമായ വിശകലനം ഇല്ലെങ്കിൽ എല്ലാവരും തുല്യരാണെന്ന ഭരണഘടനാ മൂല്യത്തിന് എതിരായിത്തീരും. അത് നീതിന്യായ വിചിന്തനത്തെപ്പോലും ബാധിക്കുന്നു. അത് വിവേചനത്തിലേക്ക് വഴിവയ്‌ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. സ്ത്രീക്കും പുരുഷനും പ്രത്യേകമായി ഓരോ കടമകൾ സമൂഹത്തിൽ നൽകപ്പെട്ടിരിക്കുന്നുവെന്നും അത് അവരുടെ ഉത്തരവാദിത്വമാണെന്നുമുള്ള ധാരണ നിലനിൽക്കുന്നു. അതുപോലെ സ്ത്രീയെ സംബന്ധിച്ച് പലതരത്തിലുള്ള സ്വഭാവ സവിശേഷതകൾ ഉണ്ടെന്നും കരുതപ്പെടുന്നു. ഉദാഹരണമായി, സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് കള്ളം പറയുമെന്ന ധാരണയിൽ വിധിന്യായങ്ങൾ പുറപ്പെടുവിച്ചാൽ പൂർണമായും നീതിക്ക് എതിരായിരിക്കും. സ്ത്രീക്കും പുരുഷനും സഹജമായ ചില സവിശേഷതകൾ ഉണ്ടെന്ന് സ്ഥാപിക്കുന്ന ചില ധാരണകൾ അവരുടെ ശാരീരികവും വൈകാരികവും വൈജ്ഞാനികവുമായ കഴിവുകളുമായിവരെ ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് സ്ഥാപിക്കുന്ന തരത്തിലാണ് മുൻധാരണകൾ നിലനിൽക്കുന്നത്. നൂറ്റാണ്ടുകളായി പുരുഷമേധാവിത്വം സ്ത്രീകളുടെ ജീവിതം പലതരത്തിൽ ദുരിതപൂർണമാക്കിയെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. ധാർമികതയുടെ രണ്ടുതരം അളവുകോൽ രൂപപ്പെടുത്തി–- ഒരെണ്ണം സ്ത്രീക്കും മറ്റൊന്ന് പുരുഷനും. ഈ അളവുകോൽ പുരുഷന്റെ തെറ്റുകളെ ന്യായീകരിക്കാനും ലഘൂകരിക്കാനും സ്ത്രീകളെ ദുരിതത്തിലേക്ക് നയിക്കാനും ശിക്ഷിക്കാനും ഉപയോഗിക്കുന്നതായി കോടതി വിലയിരുത്തുന്നു. വളരെ ആഴത്തിലും കൃത്യതയോടും വിശദീകരിച്ച് അവതരിപ്പിച്ചിരിക്കുകയാണ് സുപ്രീംകോടതി. ഈ നിർദേശങ്ങൾ നിയമവ്യവസ്ഥയിലും സമൂഹത്തിലും വലിയ മാറ്റത്തിന് വഴിതെളിക്കുമെന്ന് പ്രതീക്ഷിക്കാം. (ആലപ്പുഴ ജില്ല ശിശുക്ഷേമ സമിതി അംഗമാണ് ലേഖകൻ) Read on deshabhimani.com