സ്വർണവിലയും യുദ്ധമുഖത്തേക്ക്‌



യുദ്ധത്തിന്റെ കാർമേഘം പടർന്നരിക്കുന്നത് പശ്ചിമേഷ്യയിലാണെങ്കിലും ആഗോളതലത്തിൽത്തന്നെ സാമ്പത്തിക മേഖലയെ അത് തീവ്രമായി ഉലച്ചിരിക്കുകയാണ്. യുദ്ധം സ്വാഭാവികമായി അതിദ്രുതവും തീഷ്ണവുമായ പ്രതികരണം ഉളവാക്കുന്നത് സ്വർണത്തിന്റെ മാർക്കറ്റിലാണ്. മഹായുദ്ധമായി പരിണമിക്കുമോ, പ്രതിസന്ധി ദീർഘകാലം തുടരുമോ എന്നതടക്കമുള്ള ആശങ്കകൾ അധികമായി സ്വർണം ശേഖരിക്കുന്നതിന് കേന്ദ്ര ബാങ്കുകളെയും നിക്ഷേപ സ്ഥാപനങ്ങളെയും പ്രേരിപ്പിക്കുന്നു എന്നതാണ് അതിന് കാരണം. അന്താരാഷ്ട്ര മാർക്കറ്റിൽ കഴിഞ്ഞ ദിവസം സ്വർണത്തിന്റെ വില ഒരു ഔൺസിന്  ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 2670 ഡോളറിലേക്ക് ഉയർന്നു. ലോകവിപണിക്കൊപ്പം വില ചലിക്കുന്ന  കേരളത്തിൽ  സ്വർണത്തിന്റെ വില പവന് 56480 രൂപയായി . ഇസ്രയേൽ ലബനൻ ആക്രമിച്ചശേഷം കഴിഞ്ഞ ആറുദിവസംകൊണ്ട് ഒരു പവന്റെ വിലയിൽ പ്രകടമായ വർധന 1880 രൂപയാണ്. ഇസ്രയേലിന്റെ ആക്രമണം ശക്തമായി  തുടരുന്ന സാഹചര്യത്തിൽ ഇറാൻ, ഇറാഖ്‌ തുടങ്ങിയ രാജ്യങ്ങൾ നേരിട്ട് യുദ്ധമുഖത്തെത്തുമോ എന്ന ആശങ്കയാണ് ലോകം ഇപ്പോൾ  സജീവമായി ചർച്ച ചെയ്യുന്നത്. അത്തരമൊരു നീക്കമുണ്ടായാൽ ആഗോളതലത്തിൽ സാമ്പത്തികമേഖലയിൽ അത് കനത്ത പ്രത്യാഘാതങ്ങൾക്ക് കാരണമാകും. സ്വർണത്തിന്റെ രാജ്യാന്തര വിലനിലവാരം 2700 ഡോളർ മറികടക്കുമെന്ന സൂചനകൾ ഇതിനകംതന്നെ ശക്തമാണ്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് 2023 ജൂലൈക്കുശേഷം ആദ്യമായി പലിശനിരക്കിൽ ഇളവ് വരുത്തിയതോടെ സ്വർണത്തിന്റെ ആവശ്യം കൂടുതൽ ഉയർന്നു. അടിസ്ഥാന പലിശ നിരക്കിൽ 0.5 ശതമാനത്തിന്റെ കുറവാണ് അമേരിക്ക വരുത്തിയത്. ഡോളർ അധിഷ്ഠിതമായ നിക്ഷേപങ്ങളിൽനിന്നുള്ള ആദായം കുറയുന്നതിനിടയായ സാഹചര്യമാണ് സ്വർണത്തിലേക്കുള്ള ചുവടുമാറ്റത്തിന് നിക്ഷേപസ്ഥാപനങ്ങളെ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ അടക്കമുള്ള  ഓഹരി വിപണികളിലേക്ക് നിക്ഷേപം ഒഴുകുന്നതിനും ഇത് വഴിതുറക്കുകയുണ്ടായി.  കഴിഞ്ഞ ദിവസം ബിഎസ്‌ഇ സെൻസെക്‌സ് 85000  പോയിന്റ് എന്ന ചരിത്രനിലവാരത്തിലേക്ക് കുതിച്ചതിന്റെ പിന്നിലെ പ്രധാന കാരണവുമിതാണ്. ഇത്തരത്തിൽ ശക്തമായ നിലയിലേക്ക് മാറിയ സ്വർണ വിപണിയെ യുദ്ധം കൂടുതൽ കരുത്തുറ്റതാക്കുകയായിരുന്നു. അതുകൊണ്ട് ഇസ്രയേലിന്റെ ആക്രമണത്തിന് ഒരു പരിഹാരമുണ്ടാകാത്ത കാലത്തോളം സ്വർണവിലയിലെ മുന്നേറ്റം തുടരുമെന്ന് വേണം കരുതാൻ.   സ്വർണവിലയിലെ മുന്നേറ്റം ഇന്ത്യയിൽ മറ്റൊരു ട്രെൻഡിന് വഴി തുറന്നിട്ടുണ്ട്. മികച്ച വില ലഭ്യമായിരിക്കുന്നത് സ്വർണം വിറ്റ് ലാഭമെടുക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് മാർക്കറ്റ് വൃത്തങ്ങൾ പറയുന്നു. അതോടൊപ്പം സ്വർണ വായ്പാ വിപണിയെയും ഇത് കൂടുതൽ സജീവമാക്കിയിട്ടുണ്ട്. സംഘടിത മേഖലയിലെ ഗോൾഡ് ലോൺ ബിസിനസ് 2027 ഓടെ 15 ലക്ഷം കോടി രൂപയായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. നടപ്പ് സാമ്പത്തിക വർഷം 10 ലക്ഷം കോടിരൂപയുടെ ബിസിനസ് ഉണ്ടാകുമെന്നാണ് കണക്ക്. സ്വർണത്തിന്റെ മൂല്യത്തിൽ ഉണ്ടായിരിക്കുന്ന ഉയർച്ച ആനുപാതികമായി ഉയർന്ന തുക വായ്പ ലഭിക്കുന്നതിന് ഇടയാക്കുന്നതാണ് വിപണിയുടെ മുന്നേറ്റത്തിന് കാരണം. കനത്ത ആശങ്ക പടർന്നിരിക്കുന്ന മറ്റൊരു വിപണി ക്രൂഡ് ഓയിലിന്റേതാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ ഉയർന്ന വില ബാരലിന് 74 ഡോളറിന് മുകളിലായിട്ടുണ്ട്. വാസ്തവത്തിൽ യുദ്ധമാരംഭിക്കുന്നതിനുമുമ്പുള്ള ഘട്ടത്തിൽ എണ്ണയുടെ വില കുത്തനെ താഴുന്ന സ്ഥിതിയുണ്ടായിരുന്നു. ബാരലിന്റെ വില 69 ഡോളറിലും താഴെയെത്തിയിരുന്നു. ആഗോള വിപണികളിൽ ഡിമാൻഡ് കുറഞ്ഞതാണ് വില കുറയുന്നതിന് കാരണമായത്. ലോകത്തെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമായ ചൈനയിൽനിന്നുള്ള ആവശ്യത്തിൽ ഇടിവുണ്ടായതാണ് പൊടുന്നനെയുള്ള വിലയിടിവിന് നിദാനമായത്. ഒപെക് ഉൾപ്പെടെയുള്ള ഉൽപ്പാദകരാജ്യങ്ങൾ  ഉൽപ്പാദനം  കുറയ്ക്കാൻ തയ്യാറാകാതിരുന്ന സാഹചര്യത്തിൽ ലോക വിപണിയിൽ എണ്ണയുടെ ലഭ്യത കാര്യമായ തോതിൽ ഉയർന്നു. ഈ ഘടകങ്ങൾ വിലനിലവാരം താഴ്‌ത്തി നിർത്തിയിരുന്നെങ്കിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത് യുദ്ധം ഓയിലിന്റെ നീക്കത്തെ ബാധിക്കുമോ എന്ന ആശങ്കയാണ്. യുദ്ധം വഴിവിട്ട നിലയിലേക്ക് മാറുന്നതായാൽ  സ്വാഭാവികമായും പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ചരക്കുനീക്കത്തെ പ്രത്യേകിച്ച് എണ്ണയുടേതിനെ ഏറെ പ്രതികൂലമായി ബാധിക്കും. എന്നാൽ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ കാര്യമായ പ്രതിസന്ധി ഇല്ലാത്തതാണ് വലിയ വിലക്കയറ്റമായി മാറാതിരിക്കുന്നതിന് കാരണം. എന്നാൽ ഇറക്കുമതിത്തീരുവ കുത്തനെ ഉയർത്തിയിരിക്കുന്നത് ഇന്ത്യയിൽ ഭക്ഷ്യ എണ്ണയുടെ വിലയിൽ തീപിടിക്കുന്നതിന് കാരണമായിരിക്കുകയാണ്. ഇറക്കുമതിത്തീരുവ ഒറ്റയടിക്ക് പൂജ്യത്തിൽനിന്ന് 20 ശതമാനമായാണ് കേന്ദ്രസർക്കാർ ഉയർത്തിയിരിക്കുന്നത് . റഷ്യ - ഉക്രയ്‌ൻ യുദ്ധം ആരംഭിച്ച ഘട്ടത്തിൽ ഭക്ഷ്യ എണ്ണയ്ക്ക് ഉണ്ടായ ക്ഷാമം പരിഹരിക്കുന്നതിന് ഇറക്കുമതി തീരുവ പൂജ്യത്തിലേക്ക് താഴ്ത്തിയിരുന്നു. അതാണ് ഇപ്പോൾ നേരെ 20 ശതമാനമാക്കി ഉയർത്തിയിരിക്കുന്നത്. ഒരു ലിറ്റർ പാമോയിലിന്റെ വില 90 രൂപയിൽനിന്ന് 120 രൂപയായാണ് ഉയർന്നിരിക്കുന്നത്. അതേസമയം ആഗോള സാമ്പത്തിക രംഗത്തെ പ്രതിസന്ധി ഇന്ത്യൻ കറൻസിയെയും കനത്ത സമ്മർദത്തിന്റെ നിഴലിൽ നിർത്തുകയാണ്. ഡോളറിന്റെ വില 84 രൂപയ്‌ക്ക് മുകളിലെത്തുമെന്നാണ് വിനിമയ മാർക്കറ്റിലെ വിദഗ്‌ധർ നൽകുന്ന സൂചന. ആഗസ്‌തിൽ ഭേദപ്പെട്ട നിലയിലേക്ക് മാറിയ ഡോളർ വില ഈ വർഷമുടനീളം 84 രൂപയുടെ തോതിൽ ചലിക്കുമെന്ന സൂചനകൾ പ്രകടമാണ്. (മുതിർന്ന സാമ്പത്തിക കാര്യ മാധ്യമപ്രവർത്തകനാണ് ലേഖകൻ) Read on deshabhimani.com

Related News