വയലിൽ വിതച്ച ശാസ്ത്രം



വയലിൽ ശാസ്ത്രം വിതച്ച ശാസ്ത്രജ്ഞനായിരുന്നു പ്രൊഫ. എം എസ് സ്വാമിനാഥൻ. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ നായകസ്ഥാനത്തുള്ള അദ്ദേഹം കാർഷിക ഗവേഷണത്തിലും ഭരണത്തിലും എത്താത്ത ഉന്നത പദവികൾ വിരളമാണ്. സി സുബ്രഹ്‌മണ്യം, ജഗജീവൻറാം തുടങ്ങിയ കൃഷിമന്ത്രിമാരുമായി പ്രൊഫ. സ്വാമിനാഥൻ പുലർത്തിയിരുന്ന അടുപ്പം ഇന്ത്യൻ ഹരിതവിപ്ലവത്തെ ഗണ്യമായി സ്വാധീനിച്ചു. ഇരുപതാം നൂറ്റാണ്ടിൽ മാനവരാശിയെ ഏറ്റവും സ്വാധീനിച്ച 20 ഏഷ്യക്കാരിൽ ഒരാളായി ടൈംസ് മാഗസിൻ പ്രൊഫ. എം എസ് സ്വാമിനാഥനെ തെരഞ്ഞെടുത്തു. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ മേധാവി, അന്തർദേശീയ നെല്ലുഗവേഷണ കേന്ദ്രം മേധാവി, അന്തർദേശീയ പരിസ്ഥിതി സംരക്ഷണ യൂണിയൻ മേധാവി തുടങ്ങി അദ്ദേഹം വഹിച്ച പദവികൾ ഏറെയാണ്. ഇന്ത്യൻ കാർഷിക മന്ത്രാലയം പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്നു അദ്ദേഹം. ഭക്ഷ്യ ഉൽപ്പാദനത്തിൽ ഹരിതവിപ്ലവം നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 1987ൽ ആദ്യ ലോക ഭക്ഷ്യ അവാർഡിന് അർഹനായത് പ്രൊഫ. എം എസ് സ്വാമിനാഥനായിരുന്നു. രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ അവാർഡുകൾ നൽകി അദ്ദേഹത്തെ ആദരിച്ചു. ശാസ്ത്രവിജ്ഞാനത്തിൽ അധിഷ്ഠിതമായ ആധുനിക കൃഷിസങ്കേതങ്ങൾ വയലിൽ പ്രയോഗിക്കുന്നതിന്‌ നേതൃത്വവും മേൽനോട്ടവും വഹിച്ചതാണ് പ്രൊഫ. എം എസ് സ്വാമിനാഥനെ അദ്വിതീയനാക്കുന്നത്. തുടർച്ചയായ വരൾച്ചയും കൃഷിനാശവും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. ഭക്ഷ്യക്ഷാമം രാജ്യത്ത് പട്ടിണി വിതച്ച കാലം. അത്യുൽപ്പാദക വിത്തിനങ്ങൾ, ജലസേചനം, ആധുനിക കാർഷികയന്ത്രങ്ങളും സങ്കേതങ്ങളും എന്നിവയെല്ലാം ചേരുന്ന ഹരിതവിപ്ലവം കൃഷിയിൽ നാടകീയമായ മാറ്റമാണ് കൊണ്ടുവന്നത്. ഗോതമ്പും നെല്ലുമാണ് ഏറ്റവും ഉയർച്ച കൈവരിച്ച ഭക്ഷ്യവിളകൾ. നെല്ലുൽപ്പാദനത്തിൽ വന്ന മാറ്റം കേരളം കണ്ടതാണ്. കുട്ടനാട്ടിലെ പരമ്പരാഗത നെൽക്കൃഷിയുടെ വിളവ് 1.2 ടൺ ആയിരുന്നു. അത് 6-7 ടണ്ണിലേക്ക് കുതിച്ചുയർന്നു. ഇതാണ് ഈ ശാസ്ത്രീയ കൃഷി സമ്പ്രദായത്തിന്റെ സംഭാവന. ഹരിതവിപ്ലവം വയലിൽ എത്തിച്ച വിത്തിനങ്ങൾ മരവിച്ചു നിന്നുപോയില്ല. അത്‌ പുതിയ ഗവേഷണങ്ങൾക്കും കണ്ടെത്തലുകൾക്കും വഴിയൊരുക്കി. IR8 എന്ന  നെൽവിത്തിനം കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. ഈ അത്ഭുത വിത്ത് വേഗം കീടബാധയ്ക്കു കീഴടങ്ങി. അത്യുൽപ്പാദക വിത്തിനങ്ങളെ സംബന്ധിച്ച വലിയ വിമർശങ്ങളിൽ പ്രധാനം ഇതായിരുന്നു. ഈ കുള്ളൻ ഇനങ്ങൾ നമ്മുടെ പാരമ്പര്യ ജനിതക സവിശേഷതകളുമായി കൂട്ടിയിണക്കുന്ന പുത്തൻ വിത്തിനങ്ങൾ ട്രോപ്പിക്കൽ കാലാവസ്ഥയിൽ അനിവാര്യമാണെന്ന നിലപാട് സ്വീകരിക്കാൻ പ്രൊഫ. സ്വാമിനാഥന് ഒരു മടിയും ഉണ്ടായില്ല. അവിടെ തികഞ്ഞ ശാസ്ത്രീയ സമീപനം അദ്ദേഹം സ്വീകരിക്കുന്നതാണ് കണ്ടത്. മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം വികസിപ്പിച്ച ഭദ്രയും ഉമയുമെല്ലാം ഈ വിമർശനാത്മക വഴിയുടെ ഉൽപ്പന്നമാണ്. വിദർഭ മാതൃകാ പാക്കേജുകൾ കാർഷികദുരിതത്തിന്റെ രാഷ്ട്രീയം അവഗണിക്കുന്നുവെന്ന ഗൗരവമായ വിമർശം ഉള്ളപ്പോൾത്തന്നെ അദ്ദേഹം കാർഷികമേഖലയുടെ ദുരിതനിവാരണത്തിന്‌ തന്റെ പ്രാഗൽഭ്യം ഉപയോഗിച്ച ശാസ്ത്രജ്ഞനായിരുന്നുവെന്നത്‌ പ്രധാനമാണ്. ഹരിതവിപ്ലവ വഴികളെ സംബന്ധിച്ച വലിയ വിമർശം അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ചായിരുന്നു. വലിയതോതിലുള്ള രാസവള, കീടനാശിനി പ്രയോഗം മണ്ണിനെ ഊഷരമാക്കുന്നുവെന്ന വിമർശം. ഇവയുടെ വർധിച്ച ഉപയോഗം കൃഷിക്കാരെ പാപ്പരാക്കുന്നുവെന്ന രാഷ്ട്രീയ സാമ്പത്തികപ്രശ്നവും ഗൗരവത്തോടെ ഉയർന്നു. ഈ രണ്ടു വശങ്ങളോടും പ്രൊഫ. എം എസ് സ്വാമിനാഥൻ ക്രിയാത്മകമായി പ്രതികരിക്കുകയാണ് ചെയ്തത്.  കൃഷിക്കാരുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പാക്കേജുകൾ രൂപീകരിക്കുന്നതിന് അദ്ദേഹമാണ് നേതൃത്വം നൽകിയത്. വിദർഭ മാതൃകാ പാക്കേജുകൾ കാർഷികദുരിതത്തിന്റെ രാഷ്ട്രീയം അവഗണിക്കുന്നുവെന്ന ഗൗരവമായ വിമർശം ഉള്ളപ്പോൾത്തന്നെ അദ്ദേഹം കാർഷികമേഖലയുടെ ദുരിതനിവാരണത്തിന്‌ തന്റെ പ്രാഗൽഭ്യം ഉപയോഗിച്ച ശാസ്ത്രജ്ഞനായിരുന്നുവെന്നത്‌ പ്രധാനമാണ്. അദ്ദേഹം രൂപപ്പെടുത്തിയ കുട്ടനാട് പാക്കേജ് ഒരു പരിസ്ഥിതി പുനഃസ്ഥാപന പരിപാടിയായിരുന്നു. കാർഷിക സമ്പദ്ഘടനയുടെ സുസ്ഥിരതയ്ക്ക് പരിസ്ഥിതി പരിഗണനകളിൽ ഊന്നുന്ന ശാസ്ത്ര സാങ്കേതിക വിദ്യാ പ്രയോഗം അനിവാര്യമാണെന്ന നിലപാടിലാണ് അദ്ദേഹം കുട്ടനാട് പാക്കേജ് രൂപപ്പെടുത്തുന്നത്. കുട്ടനാട് പാക്കേജ് പ്രൊഫ. സ്വാമിനാഥൻ വിഭാവനംചെയ്ത രീതിയിൽ പരിസ്ഥിതി പരിപാടിയായി മാറിയില്ല. അതിന്റെ  പ്രധാന കാരണം കേന്ദ്രാവിഷ്കൃത പദ്ധതികളുടെ യാന്ത്രികതയാണ്. ഈ വസ്തുത വേണ്ടവണ്ണം ഉൾച്ചേർത്തില്ല എന്നതായിരുന്നു കുട്ടനാട് പാക്കേജിന്റെ മൗലിക പോരായ്മ. അതേസമയം, കുട്ടനാടിന്റെ ദുരിതം പാരിസ്ഥിതികമായ പുനഃസ്ഥാപനത്തിലൂടെ മാത്രമേ സാധിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ഹരിതവിപ്ലവത്തിന്റെ നായകനായ പ്രൊഫ. സ്വാമിനാഥൻ, അതിനോടുയർന്ന വിമർശങ്ങളെ ഗൗരവപൂർവംതന്നെ അഭിസംബോധന ചെയ്‌തു. അതേസമയം, ആധുനിക ശാസ്ത്രവഴികളെ നിരാകരിക്കുന്ന കാൽപ്പനിക ധാരയോട് അകലം പാലിക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം കാർഷികമേഖലയ്ക്ക് വലിയ വെല്ലുവിളികൾ ഉയർത്തുന്ന കാലമാണ്. കുട്ടനാട്ടിലെ പുഞ്ചക്കൃഷി പ്രവചനാതീതമായ വേനൽമഴയിൽ പൊറുതിമുട്ടുന്നത് കഴിഞ്ഞ കൊല്ലങ്ങളിൽ നാം കണ്ടു. വേനൽമഴ എത്തുംമുമ്പ്‌ കൊയ്യാൻ കഴിഞ്ഞാൽ വലിയ ആശ്വാസമാകും. നല്ല വിളവുതരുന്ന, മൂപ്പൂ കുറഞ്ഞ (Short Duration) ഇനങ്ങൾ വികസിപ്പിക്കാനായാൽ പുഞ്ചക്കൃഷി കാലാവസ്ഥാ വ്യതിയാനത്തിലും ചെറുത്തുനിൽക്കും. കാർഷിക ഗവേഷണവും ആധുനിക ശാസ്ത്രസാങ്കേതിക വഴികളും ഇത്രമേൽ പ്രസക്തമാകുന്ന കാലത്താണ് ഇന്ത്യൻ കാർഷിക ഗവേഷണത്തിലെ കുലപതികളിൽ പ്രധാനിയായ പ്രൊഫ. സ്വാമിനാഥൻ വിട പറയുന്നത്.  ശാസ്ത്രത്തെ വിതച്ച് വിളവുകൊയ്ത അദ്ദേഹത്തിന്റെ വഴികൾ ഈ ദുരിതകാലത്ത് വഴികാട്ടിയാകുമെന്നു കരുതാം. (കൊച്ചി സിഎസ്‌ഇഎസിൽ സ്വതന്ത്ര 
ഗവേഷകനാണ്‌ ലേഖകൻ) Read on deshabhimani.com

Related News