ഇപ്പോഴും പുകയുന്ന സഹനം; ലോകത്തെ നടുക്കിയ യുദ്ധ കുറ്റകൃത്യത്തിന് 79 വയസ്സ്
ഹിരോഷിമയുടെയും നാഗസാക്കിയുടെയും നടുക്കുന്ന ഓർമകൾക്ക് 79 വർഷം പിന്നിടുമ്പോൾ അമേരിക്കയുടെ സാമ്രാജ്വത്വമോഹങ്ങൾ പലസ്തീന്റെ ആകാശത്ത് വട്ടമിട്ടു പറക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ കീഴടങ്ങാനുള്ള അമേരിക്കയുടെ അന്ത്യശാസനത്തിന് വഴങ്ങാതിരുന്നതോടെയാണ് 1945 ആഗസ്റ്റ് ആറിന് രാവിലെ 8.15 ന് ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചത്. ലിറ്റിൽ ബോയ് എന്ന് നാമകരണം ചെയ്ത മാരകപ്രഹരശേഷിയുള്ള അണ്വായുധം ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണമായും നശിപ്പിച്ചു. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ബോംബിന് 12,500 ടൺ ടി എൻ ടിയുടെ പ്രഹരശേഷിയുണ്ടായിരുന്നു. സ്ഫോടനത്തിൽ ഒന്നരലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടമായി. മൂന്നുദിവസത്തെ ഇടവേളയിൽ ആഗസ്റ്റ് ഒൻപതിന് ജപ്പാനിലെ മറ്റൊരു നഗരമായ നാഗസാക്കിയിലും അമേരിക്ക അണുബോംബിട്ടു. ഫാറ്റ് മാൻ എന്നാണ് നാഗസാക്കിയെ ഇല്ലാതാക്കിയ ഭീകരതയ്ക്ക് അവർ പേരിട്ടത്. 4,670 കിലോ ഭാരമുള്ള പ്ലൂട്ടോണിയം ബോംബാണ് ഫാറ്റ് മാൻ. 70,000 ഓളം ആളുകളാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇതോടെ രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ അടിയറവു പറഞ്ഞു. എന്നാൽ ജപ്പാന്റെ പരാജയം ഉറപ്പാക്കുക മാത്രമായിരുന്നോ അമേരിക്കൻ ലക്ഷ്യം? ജപ്പാനെ പരാജയപ്പെടുത്താൻ ആറ്റംബോംബല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലായിരുന്നോ? 1939 മുതൽ 1945 വരെ അരങ്ങേറിയ രണ്ടാം ലോക മഹായുദ്ധം ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ യുദ്ധമായിരുന്നു. ജർമനിയുടെയും ഇറ്റലിയുടെയും ജപ്പാന്റെയും നേതൃത്വത്തിൽ അച്ചുതണ്ട് ശക്തികളും അമേരിക്കയുടെയും ബ്രിട്ടന്റെയും സോവിയറ്റ് യൂണിയന്റെയും നേതൃത്വത്തിൽ സഖ്യശക്തികളും ലോകത്തെ രണ്ടായി വിഭജിച്ചു. ക്രമേണ മറ്റ് രാജ്യങ്ങളും ഇരുവിഭാഗത്തിനുമൊപ്പം അണിനിരന്നു. വമ്പന്മാർ അവരുടെ സാമ്പത്തിക, ശാസ്‌ത്രീയ, വ്യാവസായിക കഴിവുകൾ മുഴുവൻ പ്രയോജനപ്പെടുത്തി. സാധാരണക്കാരെന്നോ യോദ്ധാക്കളെന്നോ വ്യത്യാസമില്ലാതെ വിനാശകരമായ കടന്നുകയറ്റമായിരുന്നു ഈ യുദ്ധം. ഹോളോകാസ്റ്റ് പോലുള്ള കൂട്ട വധങ്ങളും, ബോംബ് വർഷങ്ങളും, പട്ടിണിയും, രോഗങ്ങളുമെല്ലാം യുദ്ധം ജനങ്ങൾക്ക് നൽകി. ഒന്നാം ലോകമഹായുദ്ധത്തിന്റെ തിക്തഫലങ്ങൾ കണ്ടറിഞ്ഞ അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. അന്ന് ജപ്പാൻ ബ്രിട്ടനേപ്പോലെ ഒരു സാമ്രാജ്യത്വശക്തിയാണ്. ഏഷ്യയെമുഴുവൻ ഒരുമിപ്പിക്കാനും തങ്ങളുടെ നിയന്ത്രണത്തിൻ കീഴിലാക്കാനുമാണ് ജപ്പാൻ ശ്രമിച്ചത്. ജപ്പാന്റെ വളർച്ച തടയാൻ യുദ്ധത്തിൽ നേരിട്ടിടപെടാതെ സാമ്പത്തികമായും അല്ലാതെയുമുള്ള ഉപരോധങ്ങൾ തീർക്കുകയാണ് അമേരിക്ക ചെയ്തത്. ഇത്തരത്തിൽ, ജപ്പാനിലേക്കുള്ള എണ്ണ കയറ്റുമതി അമേരിക്ക നിർത്തലാക്കിയത് അവർക്ക് വലിയ തിരിച്ചടി നൽകി. അതിനോടൊപ്പം സമ്പൂർണ ഏഷ്യയുടെ ആധിപത്യമെന്ന സ്വപ്നവും അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഏഷ്യയിലെ പേൾഹാർബർ നാവികകേന്ദ്രം ആക്രമിക്കാൻ ജപ്പാനെ പ്രേരിപ്പിച്ചു. 1941 ഡിസംബർ എട്ടിന് ജപ്പാൻ നടത്തിയ പേൾ ഹാർബർ ആക്രമണമാണ് അമേരിക്കയെ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് വലിച്ചിഴച്ചത്. തുടർന്ന് നടന്ന യുദ്ധത്തിൽ സോവിയറ്റ് യൂണിയനും പടിഞ്ഞാറൻ സഖ്യവും ജർമനി പിടിച്ചടക്കി, അഡോൾഫ് ഹിറ്റ്‌ലർ ആത്‌മഹത്യചെയ്‌തു. അതോടെ 1945 മെയ് 8 ന് ജർമ്മനി നിരുപാധികം കീഴടങ്ങി. അതോടെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. എന്നാൽ ജപ്പാൻ കീഴടങ്ങാൻ തയ്യാറായില്ല. ഓരോ ആക്രമണത്തിലും ജീവന്റെ അവസാനശ്വാസം വരെ ജാപ്പനീസ് പോരാളികൾ വീറോടെ പോരാടി. ആറ്റം ബോംബ് നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന മാൻഹട്ടൻ പ്രൊജക്ടിനെക്കുറിച്ച് പഠിച്ച അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാൻ ഇവ ജപ്പാനിൽ പ്രയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. കവി കൂടിയായ ഓപ്പൺഹെയ്മറായിരുന്നു മാൻഹട്ടൻ പ്രൊജക്ടിന്റെ തലവൻ. നാഗസാക്കിയിലെ രണ്ടാമത്തെ പ്രഹരത്തോടെ ജപ്പാൻ തോൽവി സമ്മതിച്ചു. തുടർച്ചയായുള്ള യുദ്ധത്തിൽ പട്ടിണിയും ദുരിതങ്ങളുമനുഭവിച്ചുകൊണ്ടിരുന്ന ജപ്പാൻ ജനത ആറ്റം ബോംബില്ലാതെ തന്നെ കീഴടങ്ങുമായിരുന്നു. എന്നാൽ ആ കീഴടങ്ങലിന്റെ വേഗം വർധിപ്പിക്കാനും ജപ്പാനോടുള്ള യുദ്ധത്തിൽ അടിയ്ക്കടി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തങ്ങളുടെ സാമ്പത്തിക - സൈനികശക്തിയുമാണ് ആറ്റംബോംബ് പ്രയോഗിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. പുതിയ വിദ്യയുടെ പ്രായോഗികപരീക്ഷണവും ലോകത്തിനു മുന്നിൽ ഒന്നാമത്തെ ശക്തിയായി പ്രതിഷ്ഠിക്കപ്പെടാനുള്ള ത്വരയും അമേരിക്കയ്ക്ക് തെല്ലും ഉണ്ടായിരുന്നില്ല എന്ന് കരുതാനാവില്ല. മാനവരാശിയെ ഒന്നടങ്കം ഇല്ലായ്മ ചെയ്യാൻ ശേഷിയുള്ള അണ്വായുധങ്ങൾക്ക് നൽകിയ തമാശപ്പേരുകൾ അവരുടെ ലാഘവത്വത്തെ എടുത്ത് കാണിക്കുന്നതാണ്. മരിക്കുന്നതുവരെ ട്രൂമാൻ തന്റെ തീരുമാനത്തിൽ തെല്ലും പശ്ചാത്തപിച്ചില്ല. ട്രൂമാൻ മാത്രമല്ല, നാളിതുവരെ ഒരു അമേരിക്കൻ പ്രസിഡന്റും തങ്ങളുടെ ചെയ്തികൾക്ക് ജപ്പാനോട് ഔദ്യോഗികമായി മാപ്പ് പറഞ്ഞിട്ടേയില്ല. എന്നാൽ, 1955 ൽ മരിക്കുമ്പോൾ ആൽബർട്ട് ഐൻസ്റ്റീൻ ഏറ്റവും കൂടുതൽ വിഷമിച്ചത് മനുഷ്യപുരോഗതിയ്ക്കായി താൻ വികസിപ്പിച്ചെടുത്ത അണുശക്തിയെ ബോംബ് നിർമാണത്തിന് ഉപയോഗിച്ചതിലാണ്. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് ആഴ്ചകൾക്കുള്ളിൽ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് പ്രയോഗിച്ചതിൽ അമേരിക്കൻ ജനതയുടെ പ്രതികരണമെന്താണ് എന്നറിയാൻ ഒരു സർവ്വേ നടത്തി. ഇതിൽ 85 ശതമാനം ആളുകളും ട്രൂമാന്റെ തീരുമാനത്തെ അംഗീകരിക്കുകയാണ് ചെയ്തത്. ഭാഗ്യവശാൽ 2005 ലും 2015 ലും നടത്തിയ സമാന സർവ്വേകളിൽ ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന മനുഷ്യക്കുരുതിയെ അംഗീകരിക്കുന്നവരുടെ എണ്ണം യഥാക്രമം 57 ശതമാനവും 46 ശതമാനവുമായി കുറഞ്ഞിട്ടുണ്ട്. വരും കാലങ്ങളിൽ ഇത് കൂടുതൽ കുറയുമെന്ന് പ്രതീക്ഷിക്കാം. ആൾപ്പാർപ്പില്ലാത്ത ഒഴിഞ്ഞ ഏതെങ്കിലും പ്രദേശത്ത് ആറ്റംബോംബ് വിക്ഷേപിച്ചിരുന്നെങ്കിൽ അതിന്റെ പ്രഹരശേഷി മനസ്സിലാക്കി ജപ്പാൻ സ്വയം പരാജയം സമ്മതിക്കുമായിരുന്നു എന്ന് കരുതുന്നവരും ഉണ്ട്. 79 വർഷങ്ങൾക്കുശേഷം ഇന്നും ഹിരോഷിമയിലും നാഗസാക്കിയിലും ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ ആണവവികിരണങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ആണവായുധങ്ങളെ നിയന്ത്രിക്കാൻ ലോകമെമ്പാടും പ്രതിരോധ - പ്രതിഷേധ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. എന്നാൽ ഗാസയിലും ഉക്രയിനിലും അങ്ങനെ ലോകത്തിന്റെ പലഭാഗങ്ങളിലും അമേരിക്കയുടെ സാമ്രാജ്യത്വതാല്പര്യങ്ങൾ യുദ്ധമുഖത്തു തന്നെയാണ്. യുദ്ധനീതികൾ കാറ്റിൽ പറത്തി യുഎൻ വിലക്കുകൾ ലംഘിച്ച് അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ ഗാസയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 1,86,000 കടന്നതായാണ് ലാൻസെറ്റ് റിപ്പോർട്ട്. ഏഷ്യയിൽ അമേരിക്കയുടെ വളർച്ചയ്ക്ക് വിഘാതമായി നിൽക്കുന്ന ചൈനയ്ക്കെതിരെ രൂപപ്പെടുത്തിയ ക്വാഡ് സഖ്യത്തിൽ ജപ്പാനും അംഗമാണെന്നത് വിരോധാഭാസമല്ലാതെ മറ്റെന്താണ്? ഭരണഘടനാപരമായി സൈനികവത്കരണം പാടില്ലെന്ന വ്യവസ്ഥ അംഗീകരിച്ച ജപ്പാൻ പ്രഖ്യാപിതനിലപാട് തള്ളി സൈനികവത്കരണത്തിനുള്ള ഭരണഘടനാഭേദഗതി കൊണ്ടുവരികയാണ്. എല്ലാക്കാലത്തും നിരപരാധികളായ മനുഷ്യരാണ് യുദ്ധത്തിന് ഇരകളാവുന്നത്. യുണൈറ്റഡ് നേഷൻസിന്റെ കണക്ക് പ്രകാരം യുദ്ധത്തിന് ഇരയാകുന്നതിൽ 90 ശതമാനവും സാധാരണക്കാരാണ്. അവരിൽ തന്നെ ഭൂരിഭാഗം സ്ത്രീകളും കുട്ടികളും. ചെറുതെന്നോ വലുതെന്നോ ഇല്ല, എല്ലാ യുദ്ധങ്ങളും ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്. 1945 ൽ അമേരിക്കയ്ക്ക് മാത്രമാണ് ആണവായുധങ്ങളുണ്ടായിരുന്നതെങ്കിൽ ഇന്ന് ഇസ്രയേലുൾപ്പെടെ ഒൻപതുരാജ്യങ്ങൾക്ക് ആണവക്കരുത്തുണ്ട്. മൂന്നാം ലേകമഹായുദ്ധമുണ്ടായാൽ അത് സർവ്വനാശത്തിൽ കലാശിക്കുമെന്ന് പറയുന്നതിനും കാരണം മറ്റൊന്നല്ല. ഹിരോഷിമയുടെയും നാഗസാക്കിയുടെയും വേദനിപ്പിക്കുന്ന ഓർമകളും ഇപ്പോഴും തുടരുന്ന സഹനങ്ങളും മനുഷ്യന് ഇനിയും പാഠമായില്ല. തുടരുന്ന യുദ്ധങ്ങളും അധിനിവേശങ്ങളും ആധുനിക മനുഷ്യനെ നിരന്തരം പിന്നോട്ടടിപ്പിച്ചു കൊണ്ടിരിക്കയാണ്. ഇൻഫർമേഷൻ ടെക്നോളജിയുടെ വികാസത്തോടെ അതിരുകൾ മാഞ്ഞു എന്ന് പറയുമ്പോഴും അതിർത്തികൾക്ക് അപ്പുറവും ഇപ്പുറവും നിന്ന് വിഭാഗീയതകൾ വിൽക്കുന്ന അധികാര മത്സരങ്ങളുടെ കാഴ്ചകളാണ്. Read on deshabhimani.com