മാലിന്യ നിര്‍മ്മാര്‍ജ്ജനം: പുതുവഴികള്‍ തേടണം, പ്ലാസ്റ്റിക് റോഡുകള്‍ നമുക്കും അഭികാമ്യം
മാലിന്യ നിര്‍മ്മാര്‍ജ്ജനമെന്ന വെല്ലുവിളിയുടെ വിവിധ വശങ്ങളെപ്പറ്റി അനീഷ്യ ജയദേവ് എഴുതുന്നു. ഒപ്പം പ്ലാസ്റ്റിക് റോഡുകളുടെ പ്രയോഗ സാധ്യതയെപ്പറ്റിയും. ''രാവിലെ ഉറക്കമുണര്‍ന്നു വഴിയിലേക്കിറങ്ങിയപ്പോള്‍ കണിയായതു ഉപേക്ഷിക്കപ്പെട്ട, നായ്ക്കളാല്‍ ചിക്കി നടവഴിയിലേക്കു തള്ളപ്പെട്ട ദുര്‍ഗന്ധം വമിക്കുന്ന ഒരു കുട്ടിച്ചാക്ക്. അതില്‍ നിന്ന് പുറത്തേക്കു വീണു കിടക്കുന്ന മടമ്പു പൊങ്ങിയ രണ്ടു ജോഡി പൊട്ടിയ ചെരുപ്പുകള്‍, ഉപയോഗിച്ചുപേക്ഷിച്ച തുണികള്‍, ഒരുമാസം കൊണ്ട് അടുക്കളയില്‍ ശേഖരിച്ച മുട്ടത്തോട് , പഴകിയ കറികള്‍, അതില്‍ ഈച്ച ആര്‍ക്കുന്നുണ്ട്, മറ്റു ഭക്ഷണ അവശിഷ്ടങ്ങള്‍, അസംഖ്യം പ്ലാസ്റ്റിക് കവറുകള്‍, ഇങ്ങനെ പലതും. ഇത് ഇന്ന് ഗ്രാമ നഗര വ്യത്യാസമില്ലാതെ ഉള്ള ഒരു കാഴ്ചയാണ്. ഉള്ളടക്കം പലതെങ്കിലും ദുര്‍ഗന്ധവും മാലിന്യവും നിറഞ്ഞ നടവഴികള്‍ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ. കുപ്പികള്‍ മറ്റൊരു ഭാഗത്തു, ചിലയിടത്തു അവ തകര്‍ത്തു തരിപ്പണമാക്കിയാണ് ഉപേക്ഷിച്ചിരിക്കുന്നു, വേണമെങ്കില്‍പോലും പെറുക്കി മാറ്റാന്‍ സാധിക്കാത്ത വിധം. ഇനി തൊഴില്‍ ശാലയിലേക്ക് പോവുക, വഴിനീളെ ചെറു മാലിന്യ കൂമ്പാരങ്ങള്‍, ജൈവ, അജൈവ മാലിന്യങ്ങള്‍, പുകമുറ്റുന്ന കരിയിലക്കൂട്ടം, അതിനിടെ പുകയുന്ന പ്ലാസ്റിക് മാലിന്യം. പുകചുറ്റി ചുമച്ചു പണിയിടത്തില്‍ പ്രവേശിക്കുമ്പോള്‍ വല്ലാത്ത ക്ഷീണവും ശ്വാസ തടസവും. ഇത് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ. ഒരു ഇരുപതു വര്‍ഷം മുമ്പ് മാലിന്യത്തെ കുറിച്ച് കേരളം ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. ഭൂരിഭാഗം ഗ്രാമീണമായിരുന്ന ഒരു ഭൂവിഭാഗം നഗരവത്കരിക്കപ്പെടുമ്പോള്‍ അനുബന്ധമായി കിട്ടിയ ഒരു വിപത്താണ് പൊതു നിരത്തുകളുടെ ഈ മാലിന്യവത്ക്കരണം . ഒരു റൂറല്‍ അര്‍ബന്‍ തുടര്‍ച്ചയാണ് കേരളം , നഗരവും അല്ല ഗ്രാമവും അല്ല എന്ന അവസ്ഥ, നമ്മുടെ ജീവിത രീതിയിലും മാറ്റം വരുത്തി. ഭക്ഷണവും ഭക്ഷണത്തിനുള്ള വകകളും വാങ്ങി ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന പാഴ്‌വസ്തുക്കള്‍, ശരിയായ രീതിയില്‍ സംസ്കരിക്കപ്പെടുന്നില്ല. ഇവിടെ ഒരുപോലെ പെരുകുന്നത് ഭക്ഷണ അവശിഷ്ടം, പ്ലാസ്റ്റിക് മാലിന്യം എന്നിവയാണ്. മാലിന്യം എന്തുതന്നെയായാലും ഒരു രാഷ്ട്രീയ സാമൂഹിക പ്രശ്നമായി മാറിക്കഴിഞ്ഞു. പലയിടങ്ങളിലും ഒരു ഭരണ പ്രതിസന്ധിയും . മാലിന്യത്തിന്റെ അളവ് കൂടിയത് പോകട്ടെ , അവ നിര്‍മാര്‍ജ്ജനം ചെയ്യപ്പെടാതെ ചുറ്റും എറിയുന്നത് വഴി എല്ലാ ജലസ്രോതസും മലിനമാകുകയും കനാലുകള്‍ ഒഴുക്ക് നിറുത്തുകയും ചെയ്യുന്നു. അന്തരം വളരെ മുന്‍പേ നമ്മളെ വിട്ടകന്നിരുന്ന രോഗങ്ങളും അവയുടെ പുതിയ മുഖങ്ങളും ഇപ്പോള്‍ പരിചയം പുതുക്കി എത്തിച്ചേരുന്നുണ്ട്. മഴക്കാലം അഭിശപ്തമായ ഒന്നായി മലയാളി കാണേണ്ട ഒരു കാലം വന്നു കഴിഞ്ഞു, എല്ലാത്തരം പകര്‍ച്ചവ്യാധികളുടെയും കേളീ രംഗം ആകും അപ്പോള്‍ കേരളം മാലിന്യമെന്നത് ഒരു സര്‍ക്കാര്‍ ഉത്തരവാദിത്വം എന്ന ചിന്തയില്‍ നിന്നാണ് പ്രശ്നങ്ങളുടെ ഉത്ഭവം, പ്രത്യേകിച്ച് നഗരങ്ങളില്‍. (പഠനങ്ങള്‍ മിക്കവാറും നഗര മാലിന്യങ്ങളെ സംബന്ധിച്ചാണ് എന്നത് വസ്തുതയാണ്) ലഭ്യമായ കണക്കുകള്‍ അനുസരിച്ചു ജൈവ മാലിന്യങ്ങള്‍ ആണ് ഏറ്റവും അധികം. പേപ്പര്‍, പ്ലാസ്റ്റിക്, ലോഹങ്ങള്‍, ഗ്ലാസ്സ്, റബര്‍ , ലതര്‍ പിന്നെ മറ്റു പല വക മാലിന്യങ്ങളും കൂടി ചേര്‍ന്ന് ദുസ്സഹമായ വീര്‍പ്പുമുട്ടലുമായി പ്രകൃതിയെ എവിടെയും കാണാം. ഓരോ ഒഴിഞ്ഞ പ്രദേശവും ഓരോ വിളപ്പില്‍ ശാലകള്‍ തന്നെ. ഈ മാലിന്യത്തില്‍ ഭൂരിഭാഗവും വീടുകളില്‍ ഉണ്ടായി വരുന്നതാണ്. ജീവിത ശൈലി വ്യതിയാനം കൊണ്ട് ഉണ്ടായ ഈ പ്രശ്നം സ്വയം ഭക്ഷ്യോത്പന്നങ്ങള്‍ ഉണ്ടാക്കാതെ വാങ്ങിച്ചുപയോഗിക്കുന്നതിനാല്‍ അധികരിക്കുന്നു. ഫ്ലാറ്റ് സംസ്കാരം ഇതിനു ആക്കം കൂട്ടുന്നു. വാങ്ങിക്കുന്ന ഉത്പന്നം പായ്ക്കുകളില്‍ ആക്കി അവയെ പിന്നെ ഒരു പ്ലാസ്റ്റിക് സഞ്ചിയില്‍ ആക്കി വീട്ടില്‍ എത്തിക്കയും, ബാക്കിവരുന്ന ഭക്ഷണം , പലതവണ വാങ്ങിയ സഞ്ചികള്‍ മറ്റു പായ്ക്കിങ് വസ്തുക്കള്‍ കുപ്പികള്‍ എന്നിവ കുന്നുകൂടുകയും അവ നിര്‍മാര്‍ജനം ചെയ്യാന്‍ സ്ഥലമില്ലാതെ വഴിയിലേക്ക് വലിച്ചു എറിയുക എന്നിവ ശ്രേണീ വ്യത്യാസമില്ലാതെ ഓരോ കുടുംബവും ചെയ്യുന്ന ഒരു നിര്‍മാര്‍ജന രീതി ആണ് ആണ്. എന്റെ മാലിന്യം നിങ്ങളുടെ ഉത്തരവാദിത്വം എന്ന മട്ടില്‍. വീട്ടില്‍ ഉണ്ടാകുന്ന ഖര ദ്രവ മാലിന്യങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ, സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സംസ്കരിക്കാന്‍ സാധിക്കും. പക്ഷെ ഉത്തരവാദിത്വം അതാതു കുടുംബങ്ങള്‍ ഏറ്റെടുക്കേണ്ടിയിരിക്കുന്നു . ഖര, ദ്രവ , ഭക്ഷ്യ , പ്ലാസ്റ്റിക് മാലിന്യങ്ങളോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്നു ഇ മാലിന്യങ്ങള്‍. എല്‍ഇഡി ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍ മുതലായവ. ഇവയെ എങ്ങനെ എന്നതിനെ കുറിച്ച് ലഭ്യമായ വിവരം തന്നെ തുലോം കുറവ്. എന്നാല്‍ ഇവ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചുള്ള അവലോകനങ്ങള്‍ ഞെട്ടിക്കുന്നവയാണ് . നിര്‍മാര്‍ജന ഉത്തരവാദിത്വം ഉറവിടത്തില്‍ അല്ലെ നിക്ഷിപ്തം എവിടെ മാലിന്യം ഉറവകൊള്ളുന്നുവോ, അവിടെ നടക്കണം നിര്‍മ്മാര്‍ജ്ജനവും. ഭക്ഷ്യാവശിഷ്ടം വീടിനു പുറകിലൊ ടെറസിന് മുകളിലോ തുറന്ന് വച്ചാല്‍ പക്ഷികള്‍ ശാപ്പിട്ടു കൊള്ളുമല്ലൊ ശരിയാണ് കാഷ്ഠിച്ചേക്കാം. അതങ്ങ് ക്ഷമിച്ചേക്കണം. കാരണം, നിലത്താണ് പക്ഷി കാഷ്ഠിക്കുന്നതു എങ്കില്‍ പ്രത്യുപകാരമായി അവിടെ ഒരു പേരയോ, മുളക് തയ്യോ, ഞാവലോ ഒക്കെ മുളച്ചു വന്നേക്കാം. ടെറസില്‍ ഇത് നടക്കില്ല. വഴിയില്‍ ഉപേക്ഷിക്കുമ്പോള്‍ അത് ഭുജിച്ചു ജീവിക്കുന്ന തെരുവ് നായ്ക്കളുടെ ആക്രമണം ഇത്ര ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു കാലം ഇല്ല. അശാസ്ത്രീയമായ നിര്‍മാര്‍ജന രീതികള്‍? വഴിയില്‍ തരംതിരിക്കാതെ ഉപേക്ഷിക്കപ്പെടുന്ന മാലിന്യത്തെ ശുചീകരണത്തൊഴിലാളികള്‍ യാതൊരു തരത്തിലെ ശാസ്ത്രീയ അറിവും ഇല്ലാതെ പൊതു ഇടങ്ങളില്‍ / പ്രശ്നങ്ങള്‍ ഇല്ലാത്ത ഇടങ്ങളില്‍ കൂട്ടിയിടുന്നു . ഒരു തരംതിരിവും ഇല്ലാതെ കത്തിക്കുന്നു. പ്ലാസ്റ്റിക്ക് കത്തിക്കുമ്പോള്‍ പുറത്ത് വരുന്ന അപകടകാരിയായ ഡയോക്സിന്‍, കാന്‍സര്‍ വന്ധ്യത എന്നിവ ഉണ്ടാക്കും. ഇവ ശ്വസിച്ചാല്‍ ശരീരത്തിലത് ലയിച്ച് ഗര്‍ഭസ്ഥ ശിശുവിനെപ്പോലും ബാധിക്കും. മനുഷ്യന് മാത്രമാണ് ഇതിന്റെ ദോഷം എന്ന് കരുതണ്ട , പരിസരത്തെ പക്ഷി മൃഗാദികളെ ഇത് ബാധിക്കും. കത്തി തീരാത്ത അവശിഷ്ടം ഭൂഗര്‍ഭ ജലം കിണര്‍ കുളം മണ്ണ് കുടിവെള്ളം എന്നിവയെ മലിനമാക്കും. ശുചിത്വ പ്രവര്‍ത്തകര്‍ എത്രമാത്രം മാലിന്യമാണ് നീക്കേണ്ടി വരുന്നത്. ഈ മാലിന്യം അതിന്റെ നിര്‍മ്മാര്‍ജനം നമ്മുടെ കടമ എന്ന് പറയുമ്പോള്‍ മുഖം ചുളിക്കണ്ട . നമുക്ക് ചെയ്യാവുന്ന ചിലതുണ്ട് Reduce: ഉപഭോഗം കുറയ്ക്കണം Reuse: പിന്നെയും പിന്നെയും ഉപയോഗിക്കാന്‍ സാധിക്കുന്നത് അങ്ങനെ ചെയ്യണം Recycle: പ്ലാസ്റ്റിക് റമ്പര്‍ പോലെയുള്ള വസ്തുകള്‍ പുതുക്കി ഉപയോഗിക്കണം ജൈവമാലിന്യങ്ങള്‍ കഴിയുന്നത്ര സ്വയം സംസ്കരിക്കണം കിഴികെട്ടി അന്യന്റെ പറമ്പില്‍ തള്ളുന്നത് നിറുത്തണം പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജ്ജനം ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ. ജൈവ മാലിന്യ നിര്‍മാര്‍ജനത്തിന് ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ് ഉറവിടത്തിലെ സംസ്കരണം. എന്നാല്‍ അടുത്ത പ്രഹേളിക ആണ് പ്ലാസ്റ്റിക് മാലിന്യം. ഇതെക്കുറിച്ച് ചോദിക്കുമ്പോള്‍ ഒരു തൃപ്തികരമായ ഉത്തരം കൊടുക്കാന്‍ പല വിദഗ്ദ്ധര്‍ക്കും കഴിയാറില്ല. എന്നാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങള്‍ അപരിഹാര്യമായി തുടരുകയും ചെയ്യുന്നു. വളരെ അവിചാരിതമായാണ് കഴിഞ്ഞ ഡിസംബര്‍ മധ്യപാദത്തില്‍ ഒരു ശില്പശാലയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. സെന്റര്‍ ഫൊര്‍ ഇന്നോവേഷന്‍സ് ഇന് പബ്ലിക് സിസ്റ്റംസ് , ഹൈദരാബാദ് നടത്തിയ ഈ പരിപാടിയില്‍ രാജ്യത്തു പലഭാഗത്തും നടത്തിവിജയിച്ച ചില പദ്ധതി മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിലെക്കുള്ള ചില മാര്‍ഗങ്ങളെ കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച . ആദ്യ ദിവസം അവസാന അവതരണം യുപി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Knowledge Advisory Servives and Consultancy MD യുടെ അവതരണ രീതി കൊണ്ടും വിഷയ പ്രാധാന്യം കൊണ്ടും വളരെ ശ്രദ്ധേയമായി. (എന്റെ നഗരം സുന്ദര നഗരം എന്ന തിരുവനതപുരം നഗരസഭയുടെ യത്നത്തെ അനുധാവനം ചെയ്യുന്നതിനാല്‍ വിഷയത്തെ പരമാവധി ഗ്രഹിക്കാന്‍ ശ്രമിച്ചിട്ടുണ്ട് )അവിടെ നിന്ന് കിട്ടിയ ചില പ്രായോഗിക നിര്‍ദേശങ്ങള്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. പല സംസ്ഥാനങ്ങളിലും റോഡ് പ്ലാസ്റ്റിക് ആക്കാനുള്ള പല പരിപാടികളും ഉണ്ടെങ്കിലും തമിഴ്‌നാട് നടപ്പിലാക്കിയിട്ടുള്ള ഒരു മാതൃക ആണ് കേരളത്തിന് അനുകരണീയം. മധുരയില്‍ ഒരു എങ്ങിനിയരിംഗ് കോളേജ് അധ്യാപകനായ പ്രൊഫസര്‍ വാസുദേവന്‍ വികസിപ്പിച്ച രീതിയാണ് അത് . സ്ത്രീകളുടെ ഒരു സ്വയംസഹായ സംഘടന രൂപവല്‌കരിച്ചു അവരെ കൊണ്ട് ലഭിക്കാവുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശുചിയാക്കി ശേഖരിച്ചു. അവയെ തരം തിരിച്ചു ചെറിയ കഷണങ്ങളായി ഒരു shredder ഉപയോഗിച്ച് നുറുക്കി. ഇവ റ്റാറിങ്ങിനായി ഉപയോഗിക്കുന്ന ഹോട്ട് മിക്സില്‍ ചേര്‍ക്കുക. ഇത് സാധാരണ റോഡ് നിര്‍മാണതിനുപയോഗിക്കുന്ന ബിടുമിന്‍ (bitumen) എന്ന പദാര്‍ഥത്തിന്റെ ഉപയോഗം ഗണ്യമായ അളവില്‍ കുറയ്ക്കുകയും (60% വരെ ) ചെലവ് ലാഭിക്കുകയും, ചെയ്യുമത്രെ. അറ്റകുറ്റപ്പണികള്‍ ഏകദേശം 810 വര്‍ഷം നടത്തുകയും വേണ്ട! തമിഴ്‌നാട്ടില്‍ സംസ്ഥാനത്ത് 17,000 കി മി റോഡ് ഇത്തരത്തില്‍ റ്റാര്‍ ചെയ്യപ്പെട്ടു. നമ്മുടെ ഗ്രീന്‍ ടെക്നോളജിസ്റ് മാര്‍ക്കോ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കോ മറ്റു സംരംഭകര്‍ക്കൊ ശേഖരണം നടത്താമല്ലോ..അല്ലെങ്ങില്‍ പ്ലാസ്റിക് കളക്ഷന്‍ കിയോസ്കുകള്‍ സ്ഥാപിക്കാം. വീട്ടില് നിന്ന് ശുചിയാക്കിയ പ്ലാസ്റ്റിക് അവിടെ എത്തട്ടെ) ബാക്കി മേല്പറഞ്ഞപോലെ കര്‍ണാടകത്തിലും ജാര്‍ഖണ്ടിലും ഇത്തരത്തില്‍ റോഡുകള്‍ നിര്‍മിക്കപെട്ടിട്ടുണ്ട്. എന്നാല്‍ സാങ്കേതികമായി തമിഴ്‌നാട് മോഡലാണ് നമുക്ക് പറ്റിയത്. ഗുണവശങ്ങള്‍ 1. പ്ലാസ്റിക് മാലിന്യത്തില്‍ നിന്ന് മുക്തിഅതുയര്‍ത്തുതന്ന പാരിസ്ഥിതിക പ്രശ്നങ്ങളില്‍ നിന്നും... 2. സാമ്പത്തിക നേട്ടം സംരംഭകര്‍ക്ക്, കരാര്‍ പണിക്കാരന്, സര്‍ക്കാരിനു അതുവഴി ജനത്തിന്.. 3. ഈടുള്ള റോഡ്, മെച്ചപ്പെട്ട യാത്ര, മെച്ചപ്പെട്ട ആരോഗ്യം ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ട ചോദ്യങ്ങള്‍ 1. ചൂടാകുന്ന പ്ലാസ്റ്റിക് പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കില്ലേ ശാസ്ത്രീയമായ രീതിയില്‍ ചൂട് ക്രമികരിക്കുന്നതിലൂടെ അതിന്റെ അളവ് ഗണ്യമായി കുറയ്ക്കാം 2. 89 വര്‍ഷത്തിനു ശേഷം.? ഈ റോഡ് തന്നെ ചെറുതായി നുറുക്കി (ക്രഷേര്‍ ഉപയോഗിച്ച് ) റോഡ് പുനര്‍നിര്‍മാനം നടത്തം. തമിഴ്‌നാട്ടില്‍ ചെയ്യുന്നതായി കണ്ടു വരുന്നത് ഗ്രാമീണ മേഖലയിലെ ചെറു റോഡ് നിര്‍മാണത്തിനുപയോഗിക്കുന്നതയാണ് (recycling + reuse ). 3. ഈ റോഡിലൂടെ ഊര്‍ന്നിറങ്ങുന്ന ജലം ഭൂഗര്‍ഭ ജലത്തെ മലിനപ്പെടുത്തുമോ സാധ്യത കമ്മിയാണ്. എന്നാലും ഈ വര്‍ഷം തന്നെ ഒരു സാങ്കേതിക സ്ഥാപനം വെള്ളം ശേഖരിച്ചു വിശകലനത്തിന് വിധേയമാക്കും. കേരളത്തില്‍ ഇത്തരത്തിലെ റോഡുകള്‍ക്കുള്ള സാധ്യതയെ വേണ്ടത്ര ഉപയോഗിച്ചാല്‍ അലട്ടുന്ന പാരിസ്ഥിതിക ശുചിത്വ പ്രശ്നങ്ങള്‍ക്ക് ആയില്ലേ ഒരു പരിഹാരം? (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവര്‍മെണ്ടില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് അനീഷ്യ ജയദേവ്) Read on deshabhimani.com