ഭരണഘടനയുടെ 75 വർഷം ; രാജ്യത്ത് പട്ടിക വിഭാഗക്കാർ അരക്ഷിതർ



  നമ്മുടെ രാജ്യം ഭരണഘടന അംഗീകരിച്ചതിന്റെ 75–-ാം വാർഷികം ആഘോഷിക്കുകയാണ്. ഭരണഘടനയുടെ ഭാഗമായി പരിഗണിക്കപ്പെട്ടിട്ടുള്ള ഒരേയൊരു വിഭാഗമാണ് ഇന്ത്യയിലെ പട്ടികജാതി–- പട്ടികവർഗ വിഭാഗങ്ങൾ. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പ്രധാനപ്പെട്ട നിയമങ്ങളിൽ പട്ടികജാതി–- പട്ടികവർഗ വിഭാഗത്തെ സംബന്ധിച്ചിടത്തോളം അവരുടെ ‘മാഗ്നാകാർട്ട'യെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് 1989ലെ പട്ടികജാതി–- പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം. പട്ടിക വിഭാഗങ്ങളുടെ നേരെയുള്ള അതിക്രമങ്ങൾ, നിയമലംഘനങ്ങൾ, വിവേചനങ്ങൾ എന്നിവ തടയുകയും അത്തരം അതിക്രമങ്ങൾക്ക് വിധേയരാകുന്നവർക്ക് മതിയായ സുരക്ഷിതത്വവും പുനരധിവാസവും നടപ്പാക്കി കുറ്റവാളികൾക്ക് നിയമപരമായ ശിക്ഷ ഉറപ്പാക്കുകയുമാണ് ഈ നിയമത്തിന്റെ ലക്ഷ്യം. നമ്മുടെ നിയമനിർമാണത്തിലെ ഒരു നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ഈ നിയമം പ്രാബല്യത്തിൽ വന്ന് മൂന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും പട്ടിക വിഭാഗങ്ങൾക്ക് നേർക്കുള്ള അതിക്രമങ്ങൾക്ക്‌ ഒട്ടും കുറവില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളം, ഗോവ, സിക്കിം, ത്രിപുര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ഇക്കാര്യത്തിൽ വേറിട്ടു നിൽക്കുന്നത്. 2018 മുതൽ 2022 വരെയുള്ള കാലയളവിലെ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് പട്ടികജാതി–- പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം രജിസ്റ്റർ ചെയ്‌തിട്ടുള്ള കേസുകളെ സംബന്ധിച്ച വിവരങ്ങൾ ഈയിടെ പാർലമെന്റിൽ സമർപ്പിക്കുകയുണ്ടായി. രാജ്യസഭയിലെ ചോദ്യത്തിന് ആഭ്യന്തരമന്ത്രാലയം നൽകിയ മറുപടി പ്രകാരം കേസുകളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനയുണ്ടാകുന്നുവെന്ന ആശങ്കാജനകമായ വസ്‌തുതയാണ് പുറത്തുവന്നിട്ടുള്ളത്. 24 സംസ്ഥാനങ്ങളിലെയും അഞ്ച്‌ കേന്ദ്രഭരണ പ്രദേശത്തെയും കണക്കുകളാണ് പാർലമെന്റിൽ സമർപ്പിക്കപ്പെട്ടത്. മണിപ്പുർ, മിസോറം, നാഗാലാൻഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളുടെയും ആൻഡമാൻ–- നിക്കോബാർ, ജമ്മു- കശ്‌മീർ, ലഡാക്, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും അഞ്ചുവർഷത്തെ കണക്കുകൾകൂടി വരുമ്പോൾ കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധനയുണ്ടാകും. 2018ൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 42,539 ആയിരുന്നെങ്കിൽ 2022ൽ അത് 57,420 ആയി വർധിച്ചു. 14,881 കേസുകളുടെ വർധന. അതായത് വാർഷിക ശരാശരി 2900 കേസുകൾ. എന്നാൽ, കേസുകൾ രജിസ്റ്റർ ചെയ്യുന്ന അതേ ശുഷ്‌കാന്തി കേസ് അന്വേഷണത്തിലും വിചാരണ കോടതികളിൽ സമയബന്ധിതമായി കുറ്റപത്രം നൽകുന്ന കാര്യത്തിലും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിലും ഉത്തരവാദിത്വപ്പെട്ടവർ കാണിക്കുന്നില്ല എന്നതാണ് വസ്‌തുത. 2018ൽ 42,539 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ കോടതിയിൽ ചാർജ് ഷീറ്റ് നൽകിയതാകട്ടെ 34,585 എണ്ണം മാത്രം. ശിക്ഷിക്കപ്പെട്ട കേസുകളുടെ എണ്ണം വെറും 3420 ആണ്. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്ത ആകെ കേസുകൾ 2,47,203 ഉം കോടതിയിൽ കുറ്റപത്രം നൽകിയത് 1,95,957 ഉം ശിക്ഷിക്കപ്പെട്ടത് 19,937ഉം ആണ്. അതായത് വെറും എട്ട്‌ ശതമാനംമാത്രം.   2022ലെ കണക്കുകൾ പരിശോധിച്ചാൽ ആകെയുള്ള കേസുകളുടെ 97.7 ശതമാനം കേസും റിപ്പോർട്ട് ചെയ്യപ്പെട്ടത് 13 സംസ്ഥാനങ്ങളിൽ നിന്നാണ്‌. അതിൽത്തന്നെ ഉത്തർപ്രദേശ് (23.7 ശതമാനം), രാജസ്ഥാൻ (16.75 ശതമാനം), മധ്യപ്രദേശ് (14.97 ശതമാനം), ബിഹാർ (13.16 ശതമാനം), ഒഡിഷ (6.93 ശതമാനം), മഹാരാഷ്ട്ര (5.24 ശതമാനം) എന്നീ ആറു സംസ്ഥാനങ്ങളാണ് 81 ശതമാനം കേസുകളുടെയും ഉറവിടം. പട്ടികവർഗ വിഭാഗത്തിന്റെ നേർക്കുള്ള അതിക്രമങ്ങളുടെമാത്രം കേസ്‌ പരിശോധിച്ചാൽ മധ്യപ്രദേശ് (30.61 ശതമാനം), രാജസ്ഥാൻ (25.66 ശതമാനം), ഒഡിഷ (7.94 ശതമാനം), മഹാരാഷ്ട്ര (7.10 ശതമാനം), ആന്ധ്രപ്രദേശ് (5.13 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് മുമ്പിൽ നിൽക്കുന്നത്. അതേസമയം, 2018നും 2022നും ഇടയിൽ കേരളത്തിൽ ആകെ രജിസ്റ്റർ ചെയ്ത കേസുകൾ 4589 ഉം കുറ്റപത്രം നൽകിയത് 3665 എണ്ണവുമാണ്. അതായത് രജിസ്റ്റർ ചെയ്യുന്ന ആകെ കേസുകളുടെ ദേശീയ ശരാശരിയുടെയും (9155) കുറ്റപത്രം നൽകിയ കേസുകളുടെ ദേശീയ ശരാശരിയുടെയും (7330) പകുതി മാത്രം. പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന് കണ്ടെത്തിയ രാജ്യത്തെ 498 ജില്ലകളിൽ 194 ഇടങ്ങളിൽ മാത്രമാണ് പ്രത്യേക കോടതികൾ സ്ഥാപിച്ചിട്ടുള്ളത്. കേസുകൾ കുന്നുകൂടുന്നതിനും വിചാരണ കാലയളവ് നീളുന്നതിനും ഇതും ഒരു കാരണമാണ്. കേരളമുൾപ്പെടെ അഞ്ച്‌ സംസ്ഥാനങ്ങളിൽ മാത്രമാണ് ഈ നിയമപ്രകാരമുള്ള പ്രത്യേക പൊലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്. കേരളത്തിൽ പാലക്കാട്, വയനാട്, കാസർകോട്‌ ജില്ലകളിൽ പ്രത്യേക പൊലീസ് സ്റ്റേഷനുകളും തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, മലപ്പുറം എന്നിവിടങ്ങളിൽ പ്രത്യേക കോടതികളും സ്ഥാപിച്ചിട്ടുണ്ട്. പട്ടികജാതി–- പട്ടികവർഗ വിഭാഗങ്ങളുടെ ജനസംഖ്യ കൂടിയ സംസ്ഥാനങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി കേരളത്തിൽ പട്ടിക വിഭാഗങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ തീരെയില്ലെന്നുതന്നെ പറയാം. നവോത്ഥാന ആശയങ്ങളുടെ പാത പിൻപറ്റി ജനാധിപത്യം, പൗരബോധം, വിദ്യാഭ്യാസം, തുല്യത, നീതി തുടങ്ങിയ കാര്യങ്ങളിൽ ഉറച്ച നിലപാടുകൾ സ്വീകരിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നിതാന്ത ജാഗ്രതയാണ് മലയാളികളുടെ മാതൃഭൂമിയെ വേറിട്ടൊരു ഭൂമികയായി നിലനിർത്തുന്നത്. (പികെഎസ് 
സംസ്ഥാന കമ്മിറ്റി 
അംഗമാണ് ലേഖകൻ) Read on deshabhimani.com

Related News