അതിജീവന നാളുകളിലേക്ക്‌ - അഭിമുഖം : എ കെ ബാലൻ / ജെയ്‌സൻ ഫ്രാൻസിസ്‌



ആത്മവിശ്വാസത്തിന്റെ തിളക്കമാണ്‌ സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങളുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും മിഴികളിൽ. കോവിഡ്‌ കാലത്ത്‌ സർക്കാർ നൽകിയ പിന്തുണയാണ്‌ ഈ ആത്മവിശ്വാസത്തിന്‌ പിന്നിൽ. ‘അയ്യപ്പനും കോശിയും’ സിനിമയിലെ ഗാനം ആലപിച്ച്‌ കേരളത്തിന്റെ മനം കീഴടക്കിയ നഞ്ചിയമ്മ മുതൽ കേന്ദ്ര ആദിവാസി ക്ഷേമ മന്ത്രി അർജുൻ മുണ്ട വരെ പറഞ്ഞ നല്ലവാക്കുകൾ കോവിഡ്‌ പ്രതിരോധത്തിനും ജനക്ഷേമത്തിനും എൽഡിഎഫ്‌ സർക്കാർ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന്‌ പിന്നോക്ക പട്ടികജാതിവർഗ വികസനമന്ത്രി എ കെ ബാലൻ ദേശാഭിമാനിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതിജീവനത്തിന്‌ കരുത്ത്‌ പകരുന്ന പദ്ധതികൾ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ്‌ സർക്കാർ. കോവിഡ്‌ കാലത്തെ ‘ആശ്വാസം’ ആദിവാസി ഊരുകളിലും പട്ടികജാതി സങ്കേതങ്ങളിലും കോവിഡ്‌ തടയാൻ സർക്കാരിനായി. ഊരുകളും സങ്കേതങ്ങളും കേന്ദ്രീകരിച്ച്‌ നടത്തിയ ശക്തമായ ബോധവൽക്കരണ, പ്രതിരോധ പ്രവർത്തനങ്ങളാണ്‌ ഇതിന്‌ സഹായിച്ചത്‌. പോഷകാഹാര കിറ്റ്‌ നൽകിയതടക്കമുള്ള നിരവധി നടപടികളുണ്ട്‌ പ്രത്യേക കരുതലിന്‌ ഉദാഹരണമായി. കലാകാരന്മാർക്കും ലഭിച്ചു സമാനതകളില്ലാത്ത കൈത്താങ്ങ്‌ . പട്ടികവർഗത്തിന്‌ 20.37 കോടിയുടെ പാക്കേജ്‌ പട്ടികവർഗ വിഭാഗങ്ങളുടെ പുനരധിവാസത്തിനും ഉന്നമനത്തിനും തയ്യാറാക്കിയ 20.37 കോടി രൂപയുടെ പ്രൊപ്പോസൽ കേന്ദ്രസർക്കാരിന്‌ സമർപ്പിച്ചു. പാരമ്പര്യ കൃഷി, സ്വയം തൊഴിൽ, പരമ്പരാഗത വനവിഭവങ്ങളുടെ മൂല്യവർധന എന്നിവയ്‌ക്ക്‌ ഊന്നൽ നൽകിയ പദ്ധതിയാണിത്‌. പട്ടികവർഗ വിഭാഗങ്ങളുടെ ഡിജിറ്റൽ ഡാറ്റാബേസ്‌ ഈ വർഷം പ്രസിദ്ധീകരിക്കും. ജിപിഎസ് സർവേ റിപ്പോർട്ടും പ്രകാശനം ചെയ്യും. ഗോത്ര ബന്ധു പദ്ധതിക്ക്‌ കീഴിലെ മെന്റർ ടീച്ചർമാരെ സ്ഥിരപ്പെടുത്താൻ നടപടി സ്വീകരിക്കും. 250 സാമൂഹ്യ പഠന മുറികളും ഈ വർഷം നിർമിക്കും.മുഴുവൻ പഞ്ചായത്തുകളിലും കോഴിവളർത്തൽ യൂണിറ്റുകൾ തുടങ്ങും. പട്ടികജാതി, വർഗവികസന കോർപറേഷനും പൗൾട്രി വികസന കോർപറേഷനും മീറ്റ് പ്രൊഡക്ട്‌സ്‌ ഓഫ് ഇന്ത്യയുമായി ചേർന്നാണ്‌ പദ്ധതി. കാർഷിക മേഖലയ്‌ക്കും വിദഗ്ധ തൊഴിൽ മേഖലയ്‌ക്കും വരാനിരിക്കുന്ന പ്രാധാന്യം കണക്കിലെടുത്ത് പട്ടികജാതിക്കാർക്കായി പ്രത്യേക തൊഴിൽ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്‌. 15000 തൊഴിലുകൾ സൃഷ്ടിക്കുകയാണ്‌ ലക്ഷ്യം. കൃഷി തുടങ്ങാൻ 25000 രൂപ പട്ടികജാതിക്കാർക്ക്‌ കൃഷി തുടങ്ങാൻ 25000 രൂപ. 25 സെന്റ് എങ്കിലുമുള്ള പട്ടികജാതിക്കാരാണ്‌ ഗുണഭോക്താക്കൾ. കൃഷിവകുപ്പിന്റെ ‘ആത്മ’ പദ്ധതിയുമായി സഹകരിച്ചാണിത്‌. ഐടിഐ, പ്ലസ്ടു കഴിഞ്ഞവർ, എൻജിനീയറിങ്‌ പഠനം ഉപേക്ഷിച്ചവർ എന്നിവരെ ചെറുകിട  സംരംഭങ്ങൾ ആരംഭിക്കാൻ സഹായിക്കും.  കേന്ദ്രസർക്കാർ സ്ഥാപനങ്ങളും വകുപ്പുകളും വാങ്ങുന്ന മൊത്തംസാധനങ്ങളിൽ 1.25 ശതമാനം പട്ടിക വിഭാഗക്കാരുടെ ചെറുകിട സംരംഭങ്ങളാകണമെന്ന്‌ നിബന്ധനയുണ്ട്. ഇത്‌ പ്രയോജനപ്പെടുത്തിയാകും സംരംഭം. കൃഷിയിൽ ഡിപ്ലോമ, വിഎച്ച്എസ്‌സി പാസായ 100 പേർക്ക് കാർഷിക മേഖലയിൽ സാങ്കേതിക സഹായം നൽകാൻ അപ്രന്റിസ്‌ഷിപ്‌ ആരംഭിക്കും. പട്ടികജാതി ഉപപദ്ധതിയ്‌ക്കുള്ള പ്രത്യേക കേന്ദ്ര സഹായം ഉപയോഗിച്ച് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. വിവിധ മേഖലകളിൽ 2000 തൊഴിൽ സൃഷ്ടിക്കുകയാണ്‌ ലക്ഷ്യം.സ്‌റ്റാർട്ടപുകൾക്കും സഹായം നൽകും. പട്ടിക വിഭാഗക്കാർ നടത്തുന്ന 100 മിനി അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കും. ഗ്രാമീണമേഖലയിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ പട്ടികജാതിക്കാരായ 1000 ഹെൽത്ത് കെയർ വർക്കേഴ്സിനെ നിയോഗിക്കും. തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾ ക്ക് സംരംഭങ്ങൾ ആരംഭിക്കാൻ 20 ലക്ഷം രൂപ വരെ വായ്പ നൽകും. മൂന്ന്‌ ലക്ഷം രൂപ സബ്സിഡി. ഹോസ്റ്റലുകളിലും മറ്റും താമസിച്ച് പഠിക്കുന്ന പട്ടികജാതി, വർഗവിദ്യാർഥികൾക്ക്‌ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ അവശേഷിക്കുന്നത്‌ വീടിനടുത്ത സ്‌കൂളിൽ എഴുതാൻ അവസരം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.   അവാർഡുകളും മേളകളും മാറ്റില്ല സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നൽകുന്നതും ചലച്ചിത്ര മേളകൾ ഉൾപ്പെടെ മാറ്റിവയ്‌ക്കുന്നതും ആലോചിച്ചിട്ടില്ല. വിദഗ്‌ധ സമിതി നിർദേശങ്ങളും അഭിപ്രായങ്ങളും കണക്കിലെടുത്ത്‌ ഉചിതമായ നടപടി സ്വീകരിക്കും. സീരിയിൽ ഷൂട്ടിങ്ങിന്‌ അനുമതി നൽകുന്നത്‌ പരിഗണിക്കുന്നുണ്ട്‌. പരമാവധി ആളുകളുടെ എണ്ണം കുറച്ചുള്ള ഷൂട്ടിങ്ങിനായിരിക്കും. അനുമതി. വജ്രജൂബിലി ഫെലോഷിപ് വാങ്ങുന്നവർ ഓൺലൈൻ വഴി കലാപരിശീലനം നൽകുന്ന പദ്ധതി തുടങ്ങും. സാമൂഹ്യ മാധ്യമങ്ങൾ വഴിയാകും പരിശീലനം. കൃഷി വകുപ്പിന്റെ സഹകരണത്തോടെ ഭാരത്‌ഭവൻ നേതൃത്വത്തിൽ ‘ഫാർമ തിയട്രം’ നടപ്പാക്കും. കൃഷി വികസിപ്പിക്കാൻ കലാരംഗത്തെ ഉപയോഗിക്കുന്ന പരിപാടിയാണിത്‌. ഗ്രാമീണ കലാകാരന്മാരുടെയും കലാകാരികളുടെയും കൈത്തൊഴിലുകാരുടെയും ജീവിതോപാധി വികസിപ്പിക്കാനുള്ള റൂറൽ ആർട്‌ ഹബ്‌ നടപ്പാക്കാൻ 13 ഗ്രാമങ്ങൾ കണ്ടെത്തി. വിനോദനികുതി; നഷ്ടം 35 കോടി സിനിമ തിയറ്ററുകൾ അടച്ചത്‌ കാരണം വിനോദ നികുതിയിനത്തിൽ ലഭിച്ചിരുന്ന വരുമാനം നിലച്ചു. മൂന്ന്‌ മാസത്തെ നഷ്ടം 35 കോടി. വിനോദ നികുതി കൂട്ടില്ല. ഉത്സവകാലത്തെ കലാപരിപാടികളെ കോവിഡ്‌ പ്രതികൂലമായി ബാധിച്ചു. കലാകാരന്മാരുടെ ജീവിതം വഴിമുട്ടി. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും സഹായിക്കാനുമുള്ള നടപടികൾ ആലോചിക്കും. Read on deshabhimani.com

Related News