കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കുന്ന കേരളം
സംസ്ഥാനം കൈവരിക്കുന്ന നിർണായക പുരോഗതികളിലെ ഒരു ഉദാഹരണമാണ് തൊഴിൽരംഗം രേഖപ്പെടുത്തുന്നത്. നിയമസഭയുടെ കഴിഞ്ഞ സമ്മേളനത്തിൽ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ടുനടന്ന ചർച്ചയുടെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. എട്ട് വർഷത്തിനിടയിൽ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് കാര്യമായി കുറച്ചുകൊണ്ടുവരാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചിട്ടുണ്ട്. അതുപോലെതന്നെ കേരളം ഔപചാരിക തൊഴിൽ (ഫോർമൽ എംപ്ലായ്‌മെന്റ് ) സൃഷ്ടിക്കുന്നതിൽ മുന്നിലാണെന്നു മാത്രമല്ല, ഔദ്യോഗിക തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിരിക്കുകയുമാണ്. ഔപചാരിക തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ പ്രധാന ഉദാഹരണമാണ് പിഎസ്‌സി മുഖേനയുള്ള നിയമനങ്ങൾ. കഴിഞ്ഞ 5 വർഷം പിഎസ്‌സി മുഖേന ആകെ 1,44,563 ഉദ്യോഗാർഥികൾക്ക് നിയമന ശുപാർശ നൽകിയിട്ടുണ്ട്. 2023ൽ മാത്രം 34,110 നിയമനങ്ങൾ നടത്തിയിട്ടുണ്ട്. മറ്റൊരർഥത്തിൽ ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 2.8 ശതമാനം മാത്രം ജനസംഖ്യയുള്ള കേരളത്തിലാണ് ഇന്ത്യയിലെ മൊത്തം സർക്കാർ ഔദ്യോഗിക നിയമനങ്ങളിൽ പകുതിയിൽ അധികവും നടക്കുന്നത്. തൊഴിൽ സൃഷ്ടിക്കുന്നതിലെ സമാന പ്രവണതയാണ് പീരിയോഡിക് ലേബർ ഫോഴ്സ് സർവേയും (പിഎൽഎഫ്‌എസ്) സൂചിപ്പിക്കുന്നത്. ഇതുപ്രകാരം 39.7 ശതമാനം തൊഴിലാളികൾ സ്വയം തൊഴിൽ ചെയ്യുന്നവരും 32.8 ശതമാനം ആളുകൾ സ്ഥിരം തൊഴിൽ ചെയ്യുന്നവരും ബാക്കിയുള്ളവർ താൽക്കാലിക തൊഴിൽ ചെയ്യുന്നവരും ആണ്. പിഎൽഎഫ്‌എസ് ഡാറ്റ പ്രകാരം, കോവിഡിനുശേഷം മൂന്നുവർഷത്തിനുള്ളിൽ കേരളത്തിൽ പ്രതിവർഷം ശരാശരി 7 ലക്ഷത്തോളം തൊഴിൽ അവസരങ്ങൾ പുതിയതായി സൃഷ്ടിച്ചിട്ടുണ്ട്. ഇതിൽ 52.8 ശതമാനം ജോലി സേവന മേഖലയിൽ സൃഷ്ടിച്ചവയാണ്, അവയിൽ ഭൂരിഭാഗവും സർക്കാർ ജോലികളാണ്. എന്നാൽ സൃഷ്ടിക്കപ്പെട്ട തൊഴിൽ അവസരങ്ങൾ ഇപ്പറഞ്ഞതിലും കൂടുതലാകാനാണ് സാധ്യത. ഈ പ്രവണതയ്ക്ക് പ്രധാനമായും രണ്ട് കാരണങ്ങൾ ആണുള്ളത്. ആദ്യത്തേത് മുമ്പ് സൂചിപ്പിച്ച ‘രണ്ടാം വഴിത്തിരിവി’ലെ ( സെക്കൻഡ് ടേൺ എറൗണ്ട് ) പശ്ചാത്തലവികസനത്തിൽ ഉണ്ടായ പുരോഗതിയും മറ്റൊന്ന് സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്‌എംഇ) എണ്ണത്തിലുണ്ടായ വർധനയുമാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലയിൽ 2 വർഷത്തിനിടയിൽ മൂന്ന് ലക്ഷം സംരംഭങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് 19,446.26 കോടി രൂപയുടെ നിക്ഷേപവും 6 ലക്ഷം തൊഴിൽ അവസരങ്ങളും പുതിയതായി സൃഷ്ടിച്ചിട്ടുണ്ട്. ഈ സംരംഭങ്ങളിൽ 93,000 സംരംഭങ്ങളും സ്ത്രീകളുടെ ഉടമസ്ഥതയിൽ ഉള്ളവയാണ്. ഇത് വ്യവസായ മേഖലയിലെ സ്ത്രീപങ്കാളിത്തത്തെയും സ്ത്രീശാക്തീകരണത്തെയും പ്രതിഫലിപ്പിക്കുന്നു. ഇവയെല്ലാം മൊത്തത്തിൽ പരിശോധിക്കുമ്പോൾ കഴിഞ്ഞ മൂന്നുവർഷങ്ങളിൽ പ്രതിവർഷം ശരാശരി പത്തുലക്ഷത്തിലധികം തൊഴിലുകൾ പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നുവേണം കരുതാൻ. 8 വർഷത്തെ ഇടതുപക്ഷ ഭരണകാലത്ത് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് പീരിയോഡിക് ലേബർ സർവേ പ്രകാരം 11.4 ശതമാനത്തിൽനിന്നും 7.2 ശതമാനത്തിലേക്ക് കുറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി വഴിയും തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രത്യേകം ശ്രദ്ധ നൽകുന്നുണ്ട്. അതുപോലെതന്നെ കെഎഎസ്ഇ , കെ ഡിസ്‌ക്, അസാപ് എന്നിവയിലൂടെ യുവജനങ്ങൾക്ക് സർക്കാർ നൈപുണി പരിശീലനം നൽകുകയും അവരെ തൊഴിലിന് പ്രാപ്തരാക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ പ്രകടനപത്രികയിൽ വാഗ്ദാനംചെയ്ത 20 ലക്ഷം തൊഴിലിനോടടുപ്പിച്ച തൊഴിൽ സൃഷ്ടിക്കാൻ ഇനിയുള്ള കാലയളവിൽ കഴിയും. അതുകൊണ്ടുതന്നെ കേരളം അതിന്റെ സാമൂഹ്യവും സാമ്പത്തികവുമായ രീതിയിൽ ഇന്ത്യയിലെ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുന്നു. സംസ്ഥാനത്തെ ഔദ്യോഗിക തൊഴിൽ സൃഷ്ടിയുടെ പ്രവണത വിശകലനം ചെയ്യാൻ മികച്ച സ്രോതസ്സായി ഇപിഎഫ്‌ഒ ഡാറ്റ ഉപയോഗിക്കാം. ഇപിഎഫ്‌ഒ 2024 ൽ പ്രസിദ്ധീകരിച്ച നെറ്റ് പേ റോൾ കണക്കുകൾ പ്രകാരം, 2019-20ൽ ഇപിഎഫ് വേതനപ്പട്ടികയിലെ കൂട്ടിച്ചേർക്കപ്പെട്ട കേരളത്തിലെ ആകെ തൊഴിൽ 81,140 ആയിരുന്നു, അത് 2018–--19ൽ നിന്ന് 50 ശതമാനം വർധന രേഖപ്പെടുത്തുന്നു. ഔദ്യോഗിക മേഖലയിലെ എല്ലാ പുതിയ തൊഴിലും മനസ്സിലാക്കുന്നതിൽ ഇപിഎഫ്‌ഒ ഡാറ്റ അപൂർണമാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, കണക്കുകളിൽ സൂചിപ്പിക്കുന്നതിനേക്കാൾ കൂടുതൽ തൊഴിലുകൾ പ്രതീക്ഷിക്കാവുന്നതാണ്. മറ്റൊരു വസ്തുത വേതനവും വരുമാനവുമായും ബന്ധപ്പെട്ടതാണ്. റിസർവ് ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം, രാജ്യത്തെ ഏറ്റവും ഉയർന്ന വേതനനിരക്കുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം, ഇത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ ഇവിടേക്ക് ആകർഷിക്കുന്നു. കേരളത്തിൽ ഏകദേശം 20 ലക്ഷം മുതൽ 30 ലക്ഷം വരെ അന്യസംസ്ഥാന തൊഴിലാളികളുണ്ട്, ഇവർ പ്രധാനമായും പ്രാഥമിക, ദ്വിതീയ മേഖലകളിൽ തൊഴിൽ ചെയ്യുന്നവരാണ്. ഇതിനർഥം കേരളത്തിലേത് യഥാർഥത്തിൽ തൊഴിലില്ലായ്മ അല്ല, മറിച്ച് അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയുമായി പൊരുത്തപ്പെടുന്ന തൊഴിൽ വേണ്ടത്ര ലഭിക്കാത്തതും മുഴുവൻ സമയ ജോലിയുടെ ലഭ്യതക്കുറവുമാണ് (under employment) തൊഴിൽ പ്രതിസന്ധിക്ക് കാരണമാകുന്നത് എന്നാണ്. ഇത് അഭിസംബോധന ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് തൊഴിൽ നയവും ഡിജിറ്റലി ശാക്തീകരണം നേടിയ സൂക്ഷ്മ, ചെറുകിട, ഇടത്തരം യൂണിറ്റുകളും വൻകിട പദ്ധതികൾക്കായുള്ള നിക്ഷേപവും ലക്ഷ്യമിടുന്നത്. തൊഴിൽരംഗത്ത് എൽഡിഎഫ് സർക്കാർ നടത്തിയ നിയമ നിർമാണങ്ങൾ എല്ലാ മേഖലകളിലെയും തൊഴിലാളികൾക്ക് സ്ഥിരതയുള്ള തൊഴിലും മാന്യമായ തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു. കേരളത്തിലെ തൊഴിൽ മേഖലയിലെ ഔപചാരികവൽക്കരണം വർധിച്ചുവരുന്നതും തൊഴിൽ മേഖലകളിൽ ട്രേഡ് യൂണിയനുകളുടെ ഫലപ്രദമായ സാന്നിധ്യവും സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യകരമായ മുന്നേറ്റമാണ് കാണിക്കുന്നത്. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സജീവമായ ശ്രമങ്ങൾ അഭ്യസ്തവിദ്യരായ യുവതലമുറയോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയും എല്ലാ മേഖലകളിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പ്രതിജ്ഞാബദ്ധതയുമാണ് കാണിക്കുന്നത്. (കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗമാണ് ലേഖകൻ) Read on deshabhimani.com