കൊലപാതക രാഷ്ട്രീയമുന്നണി - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു
കേരളത്തിൽ എൽഡിഎഫിനെതിരെ കൊലയാളി രാഷ്ട്രീയ മുന്നണി രൂപപ്പെട്ടിരിക്കുകയാണ്. അതിന്റെ പരസ്യവിളംബരമാണ് തൃശൂരിൽ പുതുശ്ശേരി സിപിഐ എം ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ അരുംകൊല. നാൽപ്പത് ദിവസത്തിനുള്ളിൽ നാല് ചെറുപ്പക്കാരെയാണ് മൂന്നിടത്തായി കമ്യൂണിസ്റ്റ് വിരുദ്ധ അക്രമിസംഘം കശാപ്പ് ചെയ്തത്. ഈ സംഭവങ്ങളിലെല്ലാം തെളിയുന്ന സമാനസ്വഭാവങ്ങളുണ്ട്. അതിനൊപ്പം ആർഎസ്എസ് –-ബിജെപിക്കാരും കോൺഗ്രസ് –- മുസ്ലിംലീഗുകാരും തമ്മിലുള്ള പരസ്പര ആശ്രയത്വവും കൊലയാളികളെ സംരക്ഷിക്കുന്നതിനുള്ള ഏകരൂപ വാദങ്ങളും. ഈ കൊലയാളിക്കൂട്ടുകെട്ടിന് ഒരു രാഷ്ട്രീയതലമുണ്ട്. എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ഇടതുപക്ഷവിരുദ്ധ മഹായുദ്ധത്തിന് പെരുമ്പറ മുഴങ്ങിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിനെ നയിക്കുന്ന ആർഎസ്എസും നരേന്ദ്ര മോഡിയും അമിത് ഷായും ഈ മഹാമുന്നണിയുടെ താക്കോൽനായകരാണ്. സാമ്രാജ്യത്വ–-മൂലധന ഭീമൻമാരും പിന്തിരിപ്പൻ രാഷ്ട്രീയ വർഗീയ ശക്തികളും ഈ സഖ്യത്തിലുണ്ട്. ഇക്കൂട്ടരുടെ ഗ്രാന്റ് ഡിസൈൻ പ്രകാരമാണ് പിണറായി വിജയൻ സർക്കാരിനെതിരെ കോവിഡ് കാലത്തും പുത്തൻരീതിയിൽ വിമോചനസമരം കെട്ടഴിച്ചുവിട്ടിരിക്കുന്നത്. ഇതിന് നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തിനെ തുടർന്നുള്ള കേന്ദ്ര ഏജൻസികളുടെ കേരളത്തിലെ വരവിനെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. കേന്ദ്ര ഏജൻസി കേന്ദ്രഭരണകക്ഷിയുടെ രാഷ്ട്രീയ ആയുധമായി മാറി എന്നതാണ് ലൈഫ് പദ്ധതിയിലെ സിബിഐയുടെ ഇടങ്കോലിടൽ വ്യക്തമാക്കുന്നത്. കേന്ദ്രഭരണത്തിന്റെ ഒത്താശയോടെ കെട്ടഴിച്ചുവിട്ടിരിക്കുന്ന പുത്തൻ വിമോചനസമരത്തിലെ സീനിയർ പാർട്ണർമാരായി ഒരുപങ്ക് മാധ്യമങ്ങൾ കൂട്ടുചേർന്നിട്ടുണ്ട്. കേരളത്തെ ചോരക്കളമാക്കാൻ ശ്രമം എൽഡിഎഫ് സർക്കാരിനെതിരെ ആക്ഷേപവും നുണകളും പടച്ചുവിടുന്നതിൽ മുനികന്യകയാണോ മാൻപേടയാണോ ആദ്യം എന്ന് അറിയാത്ത വിധമുള്ള മത്സരമാണ് യാഥാസ്ഥിതിക–-വലതുപക്ഷമാധ്യമങ്ങളും കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയശക്തികളും തമ്മിൽ നടത്തുന്നത്. ഇങ്ങനെ ഒരു വശത്ത് സർക്കാർവിരുദ്ധ അരാജകത്വസമരവും മറ്റൊരു ഭാഗത്ത് കമ്യൂണിസ്റ്റ് വിരുദ്ധ കൊലപാതകങ്ങളും ശത്രുചേരി നടപ്പാക്കുന്നു. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നുവെന്ന് വരുത്തണം, ചുറുചുറുക്കുള്ള ഇടതുപക്ഷപ്രവർത്തകരെ വകവരുത്തി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മനോവീര്യം ഇല്ലാതാക്കണം, അക്രമത്തിലൂടെ പ്രകോപനം സൃഷ്ടിച്ച് അതേനാണയത്തിൽ തിരിച്ചടിക്കാൻ നിർബന്ധിച്ച് കേരളത്തെ ചോരക്കളമാക്കണം. ഇതിനെല്ലാമുള്ള ആസൂത്രിതശ്രമമാണ് കൊലപാതകങ്ങൾക്കു പിന്നിൽ. നാൽപ്പത് ദിവസത്തിനുള്ളിൽ നാല് സിപിഐ എം–- ഡിവൈഎഫ്ഐ പ്രവർത്തകരെ ഒന്നുകിൽ ആർഎസ്എസ്–- ബിജെപി അക്രമികൾ അല്ലെങ്കിൽ കോൺഗ്രസ് ഗുണ്ടകൾ നിഷ്ഠുരമായി കൊന്നു. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ ഒറ്റക്കുത്തിനാണ് ആർഎസ്എസ് –- ബജ്റംഗ്‌ദൾ ക്രിമിനലുകൾ കശാപ്പ് ചെയ്തത്. ഒപ്പമുണ്ടായിരുന്നവരെ മൃഗീയമായി മർദിച്ചു. 26 വയസ്സുള്ള ചുറുചുറുക്കുള്ള സഖാവ് നാടിന് പ്രിയങ്കരനായിരുന്നു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നവർക്കും ബന്ധുക്കൾക്കും നൽകാനുള്ള ഡിവൈഎഫ്ഐ സ്വരൂപിക്കുന്ന പൊതിച്ചോറ് വീടുകയറി വാങ്ങുന്നതിനുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് മധ്യേയാണ് കൊന്നുതള്ളി തെരുവിലിട്ടത്. അച്ഛനും അമ്മയും ചെറുപ്പത്തിലേ നഷ്ടമായ സനൂപ് അനാഥനായിരുന്നില്ല. വലിയൊരു പ്രസ്ഥാനത്തിന്റെ സ്നേഹകുടുംബത്തിലെ അംഗമായിരുന്നു. വെഞ്ഞാറമൂട്ടിലെയും കായംകുളത്തെയും എന്നപോലെ തൃശൂരിലെ കൊലപാതകത്തിലും പ്രകടമാകുന്നത് സമാധാനം നിലനിന്നിരുന്ന സ്ഥലത്ത് ഒരു സംഘട്ടനംപോലുമില്ലാതെ കൊലപാതകം നടത്തിയെന്നതാണ്. കൊലക്കത്തിക്ക് ഇരയായ മൂന്നുപേർ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരും ഒരാൾ ദളിത് വിഭാഗത്തിൽപ്പെട്ടയാളുമാണ്. ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ ദളിത് പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ അതേ വർഗീയശക്തികളാണ് സനൂപിനെയും ഇല്ലാതാക്കിയത്. നാലുപേരെ കശാപ്പു ചെയ്തപ്പോഴും എതിരാളികൾ കൊലയാളികളെ ന്യായീകരിക്കാൻ ഒരേതരത്തിലെ വാദമുഖങ്ങളാണ് ഉയർത്തിയത്. ഇക്കാര്യത്തിൽ ബിജെപിക്കും കോൺഗ്രസിനും നാവ് ഒന്നായിരുന്നു. ഈ കൊലപാതകങ്ങളെ തള്ളിപ്പറയാനും കൊലയാളികളെ ഒറ്റപ്പെടുത്താനും ബന്ധപ്പെട്ട കക്ഷികൾ തയ്യാറായില്ല. ഇങ്ങനെ സമാനസ്വഭാവത്തിലുള്ള കൊലപാതകങ്ങളും തുടർ സംഭവങ്ങളുമാണ് ഉണ്ടായിരിക്കുന്നത്. സ്നേഹശീലനായ ഒരു ചെറുപ്പക്കാരനെ തൃശൂരിൽ രാത്രിയുടെ ഇരുളിൽ കൊലപ്പെടുത്തിയ ക്രിമിനലുകളെ തള്ളിപ്പറയാനുള്ള മര്യാദ സാധാരണനിലയിൽ ഏത് രാഷ്ട്രീയപ്രസ്ഥാനവും സ്വീകരിക്കും. എന്നാൽ, കൊലയാളികളെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ഹീനമായ പ്രതികരണമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനിൽ നിന്നുണ്ടായത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘട്ടനത്തിൽ നിന്നുള്ള കൊലപാതകം എന്ന കല്ലുവച്ച നുണയാണ് ബിജെപി നേതാവിൽ നിന്നുണ്ടായത്. അവിടെ സംഘട്ടനത്തിൽ ഒരു തുള്ളി ചോരപോലും വീണിട്ടില്ല. കാവിപ്പടയുടെ ആയുധങ്ങളിൽനിന്നാണ് ചോരവീണ് കുതിർന്നത്. രക്തസാക്ഷികളെ ഗുണ്ടകളെന്ന് പരോക്ഷമായി മുദ്രകുത്തി കൊലയാളികൾക്ക് സംരക്ഷണം കൊടുക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധസംഘത്തിന്റെ സ്ഥിരം ശൈലിയാണ്. ഇവിടെ ബിജെപി –-കോൺഗ്രസ് –- മുസ്ലിംലീഗ് എന്നിങ്ങനെയുള്ള കക്ഷികൾ ചേർന്ന കൊലയാളി രാഷ്ട്രീയ മുന്നണി പിന്തുടരുന്നത് ഒരേ നയമാണ്. ഈ അവിശുദ്ധ രാഷ്ട്രീയസഖ്യത്തിന് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നീ സംഘടനകളുടെ ഒത്താശയുമുണ്ട്. കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിനുനേരെ ഉയർന്നിരിക്കുന്ന വൻഭീഷണിയാണ് കൊലയാളി രാഷ്ട്രീയസഖ്യത്തിന്റെ ചോരപുരണ്ട ആയുധങ്ങൾ. കൊലക്കത്തി താഴെവയ്ക്കാനും കൊലയാളികളെ പോറ്റില്ലെന്ന് പ്രഖ്യാപിക്കാനും നാടിനോട് സ്നേഹമുള്ള ഏതൊരു പ്രസ്ഥാനവും തയ്യാറാകണം. എന്നാൽ, യുഡിഎഫും ബിജെപിയും മുഖംതിരിഞ്ഞ് നിൽക്കുകയാണ്. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നയുടനെതന്നെ ധർമടത്ത് സംഘപരിവാർ കൊലപാതകം തുടങ്ങി. എന്നാൽ, കൊലപാതക രാഷ്ട്രീയത്തോട് ശക്തമായ വിയോജിപ്പ് തൃശൂരിൽ ചേർന്ന സിപിഐ എം സംസ്ഥാന സമ്മേളനം പരസ്യമായി പ്രഖ്യാപിച്ചു. കമ്യൂണിസ്റ്റുകാരുടെ മുൻകൈയിൽ സംസ്ഥാനത്ത് ഒരിടത്തും അക്രമവും കൊലപാതകവും നടക്കാൻ പാടില്ല എന്ന നയം സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ മുൻകൈയിൽ ആർഎസ്എസ് –- ബിജെപിയുടെയും സിപിഐ എമ്മിന്റെയും പ്രതിനിധികളുമായി ഉഭയകക്ഷി ചർച്ചയും സർവകക്ഷിയോഗവും ചേർന്ന് സമാധാനപരിപാലനത്തിന് തീരുമാനമെടുത്തു. പ്രഖ്യാപിതനയത്തിന് വിരുദ്ധമായി ചില സ്ഥലങ്ങളിൽ ചില സംഭവങ്ങളുണ്ടായപ്പോൾ അതിൽ ഉൾപ്പെട്ടവർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചും സംഭവങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞും സിപിഐ എം നിലപാട് സ്വീകരിച്ചു. അക്രമവും തിരിച്ചടിയും പാടില്ല എന്ന നിലപാട് പാർടി സ്വീകരിച്ചത് പ്രതികരിക്കാനുള്ള ശക്തി സിപിഐ എമ്മിന് നഷ്ടപ്പെട്ടതുകൊണ്ടല്ല. ജനങ്ങളോട് പ്രതിബദ്ധതയും നാടിന്റെ സമാധാനത്തോട് താൽപ്പര്യവുമുള്ളതുകൊണ്ടാണ്. നാടിന്റെ സമാധാനം പരിപാലിക്കപ്പെടണം സിപിഐ എമ്മിന്റെ നയവും നിലപാടും സമാധാനകാംക്ഷികളിലും ജനാധിപത്യവിശ്വാസികളിലും വിവിധ സംഘടനകളിലെ നേതാക്കളിലും പ്രവർത്തകരിലും അനുകൂലമായ പ്രതികരണങ്ങൾ സൃഷ്ടിച്ചു. ഇതിന്റെ ഫലമായി വിവിധ പാർടികളിൽനിന്ന് ധാരാളം പേർ രാജിവച്ച് സിപിഐ എമ്മുമായി സഹകരിക്കാൻ തയ്യാറായി. ഇതിൽ വിറളിപൂണ്ടവരാണ് വടിവാളും ബോംബും കത്തിയും തോക്കുമായി സിപിഐ എമ്മിനെതിരെയും എൽഡിഎഫിനെതിരെയും ഇറങ്ങിയിരിക്കുന്നത്. അക്രമരാഷ്ട്രീയത്തിന്റെ കാര്യത്തിൽ സിപിഐ എമ്മും കോൺഗ്രസും ഇടതുപക്ഷവും സംഘപരിവാറും രണ്ടാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇക്കാര്യത്തിൽ വിശ്വാസവും ഉത്തരവാദിത്തവും ഇടതുപക്ഷം പുലർത്തുന്നുണ്ട്. ഇത് ജനങ്ങളെ ധരിപ്പിക്കാനുള്ള സാമാന്യമര്യാദപോലും ഇവിടത്തെ ബഹുഭൂരിപക്ഷം ചാനലുകളും പത്രങ്ങളും കാണിക്കുന്നില്ല. സിപിഐ എമ്മിന്റെ അരുമകളായ പ്രവർത്തകരെ ശത്രുക്കൾ കൊന്നുതള്ളുമ്പോഴും ഭൂമിയോളമുള്ള ക്ഷമയാണ് കമ്യൂണിസ്റ്റുകാർ കാണിക്കുന്നത്. അചഞ്ചലമായ പ്രത്യയശാസ്ത്ര ദാർഢ്യമുള്ളതുകൊണ്ടാണ് ഞങ്ങളുടെ പ്രവർത്തകർ സമാധാനം കാത്തുസൂക്ഷിക്കുന്നത്. പരീക്ഷിക്കപ്പെടുന്ന പ്രതിസന്ധികളെയും പ്രകോപനങ്ങളെയും അതിജീവിച്ച് നാടിന്റെ സമാധാനം പരിപാലിക്കാൻ യജ്ഞിക്കുകയാണ് ഇടതുപക്ഷപ്രവർത്തകർ. സംസ്ഥാനത്ത് രൂപപ്പെട്ട കൊലയാളി രാഷ്ട്രീയ മുന്നണിയുടെ പിന്നിലെ രാഷ്ട്രീയ ലക്ഷ്യത്തെപ്പറ്റി നേരത്തെ സൂചിപ്പിച്ചല്ലോ. ലോകത്ത് ഇടതുപക്ഷത്തിന്റെയും കമ്യൂണിസത്തിന്റെയും സ്വാധീനവും പ്രസക്തിയും ഇന്നും നിലനിൽക്കുകയാണ്. ലോകജനസംഖ്യയുടെ 30 ശതമാനത്തോളം ഇന്നും സോഷ്യലിസ്റ്റ് കൊടിക്കീഴിലാണ്. എങ്കിലും കഴിഞ്ഞ ഒരുപതിറ്റാണ്ടായി സോഷ്യലിസ്റ്റ് –- ഇടതുപക്ഷ ശക്തികൾക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പിന്നോട്ടടി ഉണ്ടായിട്ടുണ്ട്. മൂലധനശക്തികളുടെ പിന്തുണയോടെ യാഥാസ്ഥിതിക വിഭാഗങ്ങളും മതതീവ്രവാദശക്തികളും നേട്ടം ആർജിച്ചിട്ടുണ്ട്. ഇതെല്ലാം ഉള്ളപ്പോൾത്തന്നെ മുതലാളിത്തത്തിന്റെ മനുഷ്യവിരുദ്ധത കോവിഡ്കാലം കൂടുതൽ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. മഹാമാരിയെ നേരിടാൻ ആരോഗ്യരംഗത്തെ സജ്ജമാക്കാൻ മുതലാളിത്തത്തിന്റെ ലാഭക്കൊതി തടസ്സമാണെന്നും പൊതുമേഖലാ സംവിധാനങ്ങളാണ് പ്രാപ്തമെന്നും സർക്കാർ പിൻമാറി കോർപറേറ്റുകൾക്ക് ആരോഗ്യരംഗം വിട്ടുകൊടുക്കുകയല്ല, ഈ മേഖലയിൽ സർക്കാർ ഇടപെടലാണ് ആവശ്യമെന്നും തെളിഞ്ഞിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനം വന്നിരിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ സ്വപ്നങ്ങൾക്കിണങ്ങുന്ന ഭരണമാണ് കേരളത്തിലെ പിണറായി വിജയൻ സർക്കാരിന്റേത്. മുതലാളിത്ത ചട്ടക്കൂടിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ ലോകത്തിനുതന്നെ മാതൃകയായ ബദൽ സൃഷ്ടിച്ചിരിക്കുകയാണിവിടെ. കോവിഡ് വ്യാപനം ഇന്ന് രൂക്ഷമായിട്ടുണ്ടെങ്കിലും കോവിഡ് പ്രതിരോധത്തിൽ നമ്മൾ സൃഷ്ടിച്ച മാതൃക അപ്രസക്തമാകുന്നില്ല. കോവിഡ് മരണസംഖ്യ ഭീമമായി ഉയരാതിരിക്കുന്നതിന്റെ കാരണം സർക്കാരിന്റെയും ജനങ്ങളുടെയും ജാഗ്രത കൊണ്ടാണ്. ഓണത്തിരക്കും പ്രതിപക്ഷത്തിന്റെ അരാജകസമരവും കാരണമാണ് കോവിഡ് വ്യാപനം സംഭവിച്ചിരിക്കുന്നത്. ഈമാസം അവസാനത്തോടെ കോവിഡ് ഗ്രാഫ് താഴ്ത്തിക്കൊണ്ടുവരാമെന്നാണ് സർക്കാർ കരുതുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ പ്രശംസാർഹമാംവിധം പ്രവർത്തിക്കുന്ന സർക്കാർതന്നെ കോവിഡ് കാലത്തും ജനക്ഷേമത്തിനും വികസനത്തിനും അവധി കൊടുത്തിട്ടില്ല. ഇതുകാരണം എൽഡിഎഫ് സർക്കാരിനോടുള്ള ജനങ്ങളുടെ പ്രീതി വർധിച്ചിരിക്കുകയാണ്. ഇതിനെ കുറയ്‌ക്കാനും ഇല്ലാതാക്കാനും വേണ്ടിയാണ് മാധ്യമങ്ങളെക്കൂടി ഉപയോഗപ്പെടുത്തി സ്വർണക്കടത്ത്, ഖുർആൻ –- ഈന്തപ്പഴ വിവാദം തുടങ്ങിയവയുടെ മറവിലെ സർക്കാർവിരുദ്ധ–- സിപിഐ എം വിരുദ്ധ അധിക്ഷേപങ്ങൾ. എന്നാൽ, ഇതിനൊന്നും വലിയ ആയുസ്സുണ്ടാകില്ല. ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ സ്പന്ദിക്കുന്ന ഹൃദയമാണ് എൽഡിഎഫ് ഭരണമുള്ള കേരളം. ഇതിനെ നിശ്ചലമാക്കാനുള്ള മഹായുദ്ധം ദേശീയതലത്തിലുള്ള ഗൂഢാലോചനയുടെ ഫലമാണ്. ഈ പ്രക്രിയയുടെ ഭാഗമായിട്ടാണ് ഒരുവശത്ത് സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായ മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും മന്ത്രിമാരെയും നേതാക്കളെയും കുടുംബാംഗങ്ങളെയുമെല്ലാം ആക്ഷേപത്തിലേക്ക് വലിച്ചിഴയ്‌ക്കാൻ ശ്രമിക്കുന്നതും ഇടതുപക്ഷത്തിനെതിരെ കൊലപാതകരാഷ്ട്രീയം ശക്തിപ്പെടുത്തുന്നതും. വരുന്ന പ്രാദേശിക തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പ്രബുദ്ധരായ കേരളജനത എൽഡിഎഫിന് അനുകൂലമായി വോട്ടവകാശം വിനിയോഗിച്ച് ശത്രുപക്ഷത്തിന്റെ കൊലപാതക രാഷ്ട്രീയത്തിനും കരിതേയ്‌ക്കൽ രാഷ്‌ട്രീയത്തിനും ശക്തമായ പ്രഹരം നൽകുമെന്ന് ഉറപ്പാണ്. Read on deshabhimani.com