ശാസ്ത്ര പ്രചാരണത്തിന്റെ ആറ് പതിറ്റാണ്ട്‌



കേരളത്തിലെ ജനകീയശാസ്ത്രപ്രസ്ഥാനമായ ശാസ്ത്രസാഹിത്യപരിഷത്തിന് ഇന്ന് അറുപത് വയസ്സ് തികയുന്നു. 1962 സെപ്തംബർ 10ന്‌ കോഴിക്കോട് ദേവഗിരി കോളേജിൽ പ്രിൻസിപ്പൽ ഫാ. തിയോഡോഷ്യസാണ്‌ പരിഷത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്. ഡോ. കെ ഭാസ്കരൻനായർ ആയിരുന്നു ആദ്യ പ്രസിഡന്റ്. കെ ജി അടിയോടി കാര്യദർശിയും. മലയാളത്തിൽ ശാസ്ത്രമെഴുതുകയെന്ന ലളിതമായ ലക്ഷ്യമേ അന്നുണ്ടായിരുന്നുള്ളൂ. ആ ലക്ഷ്യം നിറവേറ്റുന്നതിന് വിവിധ കാലങ്ങളിലായി പരിഷത്ത് മൂന്ന് പ്രസിദ്ധീകരണം ആരംഭിച്ചു. യുറീക്ക ഇന്നും കേരളത്തിലെ വിദ്യാർഥികളുടെ പ്രിയപ്പെട്ട ശാസ്ത്രമാസികയാണ്. ഹൈസ്കൂൾ വിദ്യാർഥികൾക്കായി ശാസ്ത്രകേരളവും മുതിർന്നവർക്കായി ശാസ്ത്രഗതിയും വന്നു. ശാസ്ത്രവിഷയങ്ങളിലുള്ള അനേകം പുസ്തകങ്ങളും പരിഷത്ത് പ്രസിദ്ധീകരിച്ചു. പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യം, ലിംഗനീതി, ഊർജാസൂത്രണം, അധികാരവികേന്ദ്രീകരണം, വികസനം, ബാലവേദി തുടങ്ങിയ വ്യത്യസ്തമേഖലകളിൽ പരിഷത്തിന്റെ സജീവ സാന്നിധ്യമുണ്ട്‌. 1976ൽ പ്രകൃതി, ശാസ്ത്രം, സമൂഹം എന്ന വിഷയത്തെക്കുറിച്ച് 3000 ക്ലാസ്‌ നടത്താൻ പരിഷത്ത് പദ്ധതിയിട്ടു. എന്നാൽ, പന്തീരായിരം ക്ലാസാണ് നടന്നത്. അന്നത്തെ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ച അസ്വാതന്ത്ര്യത്തെ മറികടക്കാനുള്ള കേരളസമൂഹത്തിന്റെ തീവ്രമായ ആഗ്രഹത്തെയാണ് അത് പ്രതിഫലിപ്പിച്ചത്. 1980 ആയപ്പോൾ പരിഷത്ത് ശാസ്ത്രകലാജാഥകൾ ആരംഭിച്ചു. കേരളത്തിന്റെ പാരിസ്ഥിതികാവബോധം രൂപപ്പെടുത്തിയ സംഘടനയെന്നാകും പരിഷത്തിനെ വരുംകാലം അടയാളപ്പെടുത്തുന്നത്. അതിനായി ഒട്ടേറെ സമരങ്ങൾ പരിഷത്ത് നടത്തിയിട്ടുണ്ട്. എഴുപതുകളിൽ തുടങ്ങിയ വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങളിലൂടെയാണ് പരിഷത്ത്‌ ജനങ്ങളിലേക്ക് എത്തിയത്‌. സ്കൂളുകളിൽ സയൻസ് ക്ലബ്ബുകൾ, ശാസ്ത്രമേളകൾ, യുറീക്ക പരീക്ഷകൾ തുടങ്ങി വിജ്ഞാനോത്സവത്തിലും പാഠ്യപദ്ധതി പരിഷ്കരണത്തിലും ഇടപെടലുകളുണ്ടായി. അധികാരവികേന്ദ്രീകരണരംഗത്ത് കേരളത്തിന്റെ മുമ്പേ പറന്ന പക്ഷിയായിരുന്നു പരിഷത്ത്. പഞ്ചായത്ത് രാജ് സംബന്ധിച്ച്  കേരളത്തിന്റെ അധികാരവികേന്ദ്രീകരണരീതി എങ്ങനെയാകണം എന്നതിനെപ്പറ്റി വ്യക്തമായ നിർദേശങ്ങൾ ഉന്നയിക്കുകയും ചെയ്തു. 1996ൽ ആരംഭിച്ച ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ കേന്ദ്രത്തിലും പരിഷത്തുണ്ടായിരുന്നു. അതിന് മുമ്പുതന്നെ സമ്പൂർണ സാക്ഷരതാ പരിപാടിയിൽ ഇടപെട്ടു. ആരോഗ്യരംഗത്ത്‌ "നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, അവശ്യമരുന്നുകൾ' എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചുകൊണ്ട് പരിഷത്ത് ഒരു കൊടുങ്കാറ്റുതന്നെ അഴിച്ചുവിട്ടു. രാജ്യത്ത് ഒരു ജനകീയാരോഗ്യനയം വേണമെന്ന്‌ പരിഷത്ത് തുടർച്ചയായി ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിക്കാലത്ത് അതിന്റെ പ്രതിരോധമാർഗങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് പരിഷത്ത് മുൻനിരയിലുണ്ടായിരുന്നു. ഇതേകാലത്ത് കേരളത്തിലെ വിദ്യാർഥികളുടെ മാനസികാരോഗ്യം മുൻനിർത്തി സംഘടിപ്പിച്ച മക്കൾക്കൊപ്പം എന്ന പരിപാടിയിൽ 15 ലക്ഷം കുടുംബമാണ് പങ്കെടുത്തത്. ആശയവിനിമയത്തിന് പുതിയ ഉപാധികൾ കണ്ടെത്തിയെന്നത് പരിഷത്തിന്റെ ഒരു സവിശേഷതയാണ്. ബാലോത്സവങ്ങൾ, കലാജാഥകൾ എന്നിവയൊക്കെ അതിൽ പ്രധാനം. തെരുവോരങ്ങളിൽ ബോർഡ് സ്ഥാപിച്ച് അതിൽ തുടർച്ചയായി ആശയങ്ങൾ പ്രസിദ്ധീകരിക്കുകയെന്ന പ്രവർത്തനം ആദ്യമായി കേരളം കണ്ടത് പരിഷത്തിന്റെ ഗ്രാമപത്രം വഴിയാണ്. ഇന്ന് ഈ പ്രവർത്തനങ്ങൾക്കൊപ്പം  ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ എന്ന ഗവേഷണസ്ഥാപനവും ലൂക്ക  ഓൺലൈൻ സയൻസ് മാഗസിനുമുണ്ട്. ‘ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്നാണ് പരിഷത്തിന്റെ മുദ്രാവാക്യം.  രാജ്യത്തിന്റെയാകെത്തന്നെ ശാസ്ത്രബോധത്തെയും യുക്തിചിന്തയെയും തകർക്കുന്ന പ്രചാരണങ്ങളാണ്‌ രാജ്യത്ത്‌ നടക്കുന്നത്‌. ഒപ്പം ‘ധനികവൽക്കരണ ദരിദ്രവൽക്കരണപ്രക്രിയ'  അതിതീവ്രമായിത്തുടരുകയും ചെയ്യുന്നു. ശാസ്ത്രബോധമില്ലാത്ത സമൂഹത്തിന് ജനാധിപത്യസമൂഹമായി തുടരാൻ കഴിയില്ല. ജനാധിപത്യം ഇല്ലാത്ത സമൂഹത്തിൽ ശാസ്ത്രബോധത്തിനും വളരാൻ കഴിയില്ല. ശാസ്ത്രബോധവും ജനാധിപത്യവും തമ്മിൽ അത്രയധികം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ശാസ്ത്രബോധം പ്രചരിപ്പിക്കുകയെന്നത് ഫാസിസ്റ്റ് സ്വഭാവമുള്ള ഭരണകൂടത്തിന് എതിരായ സമരം തന്നെയാണ്. ഇതിനായുള്ള മുന്നണിത്തുരുത്താണ് കേരളം. പരിസ്ഥിതിസംരക്ഷണം, വിദ്യാ‍ർഥി സൗഹൃദപരവും പ്രവർത്തനാധിഷ്ഠിതവുമായ വിദ്യാഭ്യാസം, ലിംഗനീതിക്കായുള്ള പോരാട്ടം, ശാസ്ത്രാവബോധത്തിന്റെയും യുക്തിചിന്തയുടെയും പ്രചാരണം എന്നിവയിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചുകൊണ്ടുമാത്രമേ നമുക്ക് സ്വയം മുന്നോട്ടുപോകുന്നതിനും അഖിലേന്ത്യാതലത്തിലുള്ള ജനവിരുദ്ധനയങ്ങളെ പ്രതിരോധിക്കുന്നതിനും കഴിയൂ. ഈ ദിശയിലുള്ള പ്രവർത്തനമാണ് ഇക്കാലത്ത് പരിഷത്ത് മുന്നോട്ട് വയ്ക്കുന്നത്. (ശാസ്ത്രസാഹിത്യപരിഷത്തിന്റെ 
സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ) Read on deshabhimani.com

Related News