വൈവിധ്യങ്ങളോട് വെറുപ്പ്
ബൈഠക്കിന്റെ തീരുമാനങ്ങൾക്കിടയിൽ സ്വാഭാവികമെന്നതുപോലെ പറയുന്ന ഭാഷ, സംസ്‌കാരം, ജീവിത രീതി, ഭരണസംവിധാനം തുടങ്ങിയവ ദേശീയ താൽപ്പര്യത്തിനുവേണ്ടി ഏകീകരിക്കുകയെന്ന നിർദേശം കുറേക്കൂടി ഗൗരവതരമാണ്. ഏറ്റവും ഒടുവിൽ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന തത്വം മന്ത്രിസഭ അംഗീകരിച്ചതടക്കം കഴിഞ്ഞ പത്തുവർഷത്തിനിടെ ബിജെപി സർക്കാർ എടുത്ത തീരുമാനങ്ങളുടെയെല്ലാം ആണിക്കല്ല് ആർഎസ്‌എസിന്റെ ഈ ദേശരാഷ്‌ട്ര പദ്ധതികളിലുള്ളവയാണ്. കശ്‌മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയത്, പൗരത്വ ഭേദഗതി നിയമം, മുത്തലാഖ് നിരോധന നിയമം, മണിപ്പുരിലെ കലാപത്തിന് ആധാരമായ വർഗീയ അജൻഡ, ഹിന്ദി ഔദ്യോഗിക ഭാഷയാക്കിയത് തുടങ്ങി എല്ലാത്തിനുപിന്നിലും ഈ ധാരയുണ്ട്. വൈവിധ്യമാർന്ന പാരമ്പര്യത്തിന്റെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിലുള്ള വ്യത്യസ്‌ത ജീവിതരീതിയെയും സംസ്‌കാരത്തെയും ഭാഷയെയും ഏകീകരിക്കുകയെന്ന താൽപ്പര്യം തികച്ചും ജനാധിപത്യവിരുദ്ധവും അപ്രായോഗികവുമായ കാര്യമാണ്. അതിന് ആർഎസ്‌എസ് നിരത്തുന്ന ന്യായങ്ങളാകട്ടെ പരിപൂർണമായും ശാസ്‌ത്രവിരുദ്ധവും സാമാന്യ യുക്തിക്ക് നിരക്കാത്തതുമാണ്. ചരിത്രകാരിയും പ്രമുഖ ഭാഷാ ശാസ്‌ത്രജ്ഞയുമായ ഓഡ്രി ട്രഷ്‌കെ പറയുന്നതുപോലെ, ഇങ്ങനെയൊക്കെയാണെങ്കിലും അവരുടെ വർഗീയ അജൻഡയുടെ ഭാഗമായ മുദ്രാവാക്യങ്ങൾ ഇന്ത്യൻ ജനതയ്ക്കുമേൽ അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്. ‘‘ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാൻ എന്നത് ഇപ്പോൾ പൊട്ടിവീണ മുദ്രാവാക്യമല്ല. വളരെ മുമ്പേ തുടങ്ങി, അതത് അവസരങ്ങളിൽ ശക്തിപ്രാപിക്കുന്ന സംഗതിയാണ്. ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കിയതും അതിന്റെ തുടർച്ചയാണ്. ഉറുദുവിനെ ശത്രുപക്ഷത്തുനിർത്തുകയെന്ന അടിസ്ഥാനപരമായ വർഗീയതലം അതിനുപിന്നിലുണ്ട്. വാസ്‌തവത്തിൽ ഭാഷകൾ തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ നിരസിക്കുകയാണ് ഹിന്ദുത്വ വക്താക്കൾ. ഹിന്ദിക്കും സംസ്‌കൃതത്തിനും ലോകത്തെ മറ്റു ഭാഷകളുമായി ബന്ധമില്ലെന്നും ഇവിടെ പൊട്ടിമുളച്ചതാണെന്നുമാണ് പറയുന്നത്, ഭൂമി പരന്നതാണ് എന്ന് പണ്ടുചിലർ പറഞ്ഞതിന് സമാനമാണ്.’’ (ഹിന്ദി ഔദ്യോഗിക ഭാഷയാക്കിയപ്പോൾ പറഞ്ഞത്. ഫ്രണ്ട്‌ലൈൻ, ജൂൺ മൂന്ന്, 2022). ആർഎസ്‌എസ് സ്ഥാപകനായ ഗോൾവാൾക്കർ രാഷ്‌ട്രത്തെ നിർവചിക്കാൻ മുന്നോട്ടുവച്ച അഞ്ച് സവിശേഷതകൾ ഭൂമിശാസ്ത്രപരം (രാജ്യം), വംശീയം (വംശം), മതപരം (മതം), സാംസ്‌കാരികം (സംസ്‌കാരം), ഭാഷാപരം (ഭാഷ) എന്നിവയാണ്. നൂറുവർഷമാകുമ്പോഴും തിരിച്ചും മറിച്ചും മറ്റും പറഞ്ഞുകൊണ്ടിരിക്കുന്നതും ഇതേ കാര്യങ്ങളാണ്. ‘സൈന്യത്തെ ഹിന്ദുത്വവൽക്കരിക്കുക, ഹിന്ദുവിനെ സൈനികവൽക്കരിക്കുക’ എന്ന മുദ്രാവാക്യവും ആർഎസ്‌എസ് മുന്നോട്ടുവയ്ക്കുന്നതാണ്. പതിനേഴര വയസ്സായ കുട്ടികളെ നാലു വർഷത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്ന ‘അഗ്നിപഥ്’ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യവും മറ്റൊന്നല്ല. ആർഎസ്‌എസിന്റെ ഇത്തരം പദ്ധതികളെയെല്ലാം തുറന്ന് വിശകലനം ചെയ്യുന്നതും അതിലെ ജനാധിപത്യവിരുദ്ധതയെ തുറന്നുകാണിക്കുന്നതും സിപിഐ എമ്മും ഇടതുപക്ഷവുമാണ്. വൈവിധ്യങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ആർഎസ്‌എസിന്റെ പദ്ധതിയെ സിപിഐ എം വിലയിരുത്തിയത് ഇങ്ങനെയാണ്: ‘ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിന്റെ പാഠങ്ങളുടെ സ്ഥാനത്ത് ഹിന്ദു ഐതിഹ്യങ്ങളെയും ഇന്ത്യൻ തത്വചിന്തയുടെ വ്യത്യസ്ത ധാരകളുടെ സ്ഥാനത്ത് ഹിന്ദുമത ചിന്തയെയും പ്രതിഷ്ഠിക്കാനാണവർ ശ്രമിക്കുന്നത്’ (സിപിഐ എം, 23–ാം പാർടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയം). വർഗീയത ആളിക്കത്തിച്ച് മതന്യൂനപക്ഷങ്ങളെ വരുതിക്ക് നിർത്താൻ ഒരുഭാഗത്ത് ശ്രമിക്കുന്ന സംഘപരിവാർ തങ്ങളെ ആശയപരമായി നേരിടാൻ ശേഷിയുള്ള ഇടതുപ്രത്യയ ശാസ്‌ത്രത്തെ രൂക്ഷമായി കടന്നാക്രമിക്കുന്നതും അതുകൊണ്ടാണ്. ആർഎസ്‌എസ് നേതൃത്വത്തിൽ മുസ്ലിങ്ങൾക്കുനേരെ നടക്കുന്ന അക്രമപരമ്പരകൾക്ക് കൃത്യമായ കണക്കുതന്നെ രാജ്യത്തില്ല. സ്വതന്ത്ര ഇന്ത്യയിൽ 1948ലെ ഹൈദരാബാദ് വർഗീയ കലാപംതൊട്ട് 2020ലെ ഡൽഹി കലാപംവരെ എടുത്താൽ വൻകിട കൂട്ടക്കൊലകളിലൂടെമാത്രം മരിച്ചത് പതിനായിരങ്ങളാണ്. ചെറുകിട കലാപങ്ങൾ അനവധി വേറെ. ബീഫ് വിൽപ്പന നടത്തി, അല്ലെങ്കിൽ സൂക്ഷിച്ചെന്ന് പറഞ്ഞും കൃത്രിമമായി തെളിവുണ്ടാക്കിയുമടക്കം നടക്കുന്ന കൊലപാതകങ്ങൾ തുടരുകയാണ്. അത്തരം സംഭവങ്ങൾമാത്രം ഏഴായിരത്തോളം വരുമെന്നാണ് ചില മനുഷ്യാവകാശ സംഘടനകൾ നടത്തിയ കണക്കെടുപ്പിൽ ലഭിച്ച ഏകദേശ വിവരം. വർഗീയതയുടെ പേരിലുള്ള ഇത്തരം കൊലപാതകങ്ങളെ ആർഎസ്‌എസ് ന്യായീകരിക്കുന്നത് അവർ വിദേശികൾ ആണെന്നും തങ്ങൾ ഇന്ത്യയിൽ പൊട്ടിമുളച്ച വംശമാണെന്നും പറഞ്ഞാണ്. ശാസ്‌ത്രീയാടിസ്ഥാനത്തിൽ നടത്തിയ ചരിത്രപഠനങ്ങളോ വിവിധ രാജ്യങ്ങളിലെ നരവംശശാസ്‌ത്ര മേഖലകൾ നടത്തിയ കണ്ടെത്തലുകളോ ആർഎസ്‌എസ് വാദത്തെ ശരിവയ്ക്കുന്നില്ല. (അവസാനിക്കുന്നില്ല) Read on deshabhimani.com