പാര്‍ടിയെയും ഇടതുപക്ഷത്തെയും നവീകരിക്കാന്‍



ലോക്സഭ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന്റെയും പൊതുവില്‍ ഇടതുപക്ഷത്തിന്റെയും പ്രകടനം മോശമായി. 93 സീറ്റില്‍ മത്സരിച്ച പാര്‍ടിക്ക് ഒന്‍പത് സീറ്റില്‍ ജയിക്കാനും മൊത്തം പോള്‍ചെയ്ത വോട്ടിന്റെ 3.25 ശതമാനം നേടാനുംമാത്രമേ കഴിഞ്ഞുള്ളു. ഇതിനുപുറമെ കേരളത്തില്‍ പാര്‍ടിയും എല്‍ഡിഎഫും പിന്തുണച്ച രണ്ട് സ്വതന്ത്രരും ജയിച്ചു. സിപിഐ ജയിച്ച ഒരു സീറ്റും ചേര്‍ത്ത് ഇടതുപക്ഷത്തിന്റെ മൊത്തം അംഗബലം 12 മാത്രം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന്റെ മോശം പ്രകടനം ഗൗരവതരമായ പരിശോധനയുടെ ആവശ്യകത സൃഷ്ടിച്ചു. വിമര്‍ശനാത്മകമായ ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ശരിയായ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിയുടെ രാഷ്ട്രീയ നിലപാടുകളിലും സംഘടനയിലും വന്‍തോതില്‍ അഴിച്ചുപണി നടത്തേണ്ടതുണ്ട്. ജൂണ്‍ ഏഴിനും എട്ടിനും ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം പാര്‍ടിയുടെ പ്രകടനം ആഴത്തില്‍ പരിശോധിച്ചു. പാര്‍ടിയുടെ സ്വതന്ത്രമായ കരുത്തിലും ബഹുജനാടിത്തറയിലും ഇടിവുണ്ടായി. പശ്ചിമബംഗാളില്‍ നേരിട്ട തിരിച്ചടിയുടെമാത്രം ഫലമായി സംഭവിച്ച കാര്യമല്ലിത്. രാജ്യത്താകെ മുന്നേറ്റം കൈവരിക്കുന്നതില്‍ പാര്‍ടിക്കുണ്ടായ പരാജയത്തിന്റെ ഫലമാണ്. പാര്‍ടിക്കും അതിന്റെ രാഷ്ട്രീയ സ്വാധീനത്തിനും മുന്നേറ്റമുണ്ടാക്കുന്നതില്‍ സംഭവിച്ച പരാജയത്തിന്റെ ഉത്തരവാദിത്തം പൊളിറ്റ്ബ്യൂറോയ്ക്കും പാര്‍ടി കേന്ദ്രനേതൃത്വത്തിനുമാണ്. രാജ്യം തുടര്‍ച്ചയായി ഭരിച്ച കേന്ദ്രസര്‍ക്കാരുകള്‍-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളതായാലും ബിജെപി നേതൃത്വത്തിലുള്ളതായാലും-പിന്തുടര്‍ന്ന നവഉദാരവല്‍ക്കരണ നയങ്ങളെ സിപിഐ എമ്മും ഇടതുപക്ഷവും സുസ്ഥിരമായി എതിര്‍ത്തുവരികയാണ്. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഇത്തരം നയങ്ങളുടെ കടന്നാക്രമണങ്ങളെ ചെറുക്കാനും നടത്തുന്ന പോരാട്ടങ്ങളിലും പാര്‍ടിയും ഇടതുപക്ഷവും മുഴുകിയിരിക്കയാണ്. സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ ബദല്‍നയങ്ങള്‍ക്കുവേണ്ടി വാദിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുകയാണ് സിപിഐ എമ്മും ഇടതുപക്ഷവും. വര്‍ഗീയരാഷ്ട്രീയത്തെ എതിര്‍ത്ത് മതനിരപേക്ഷത സംരക്ഷിക്കാന്‍ സുസ്ഥിരമായി നിലകൊള്ളുന്ന ഇടതുപക്ഷം സാമൂഹിക അടിച്ചമര്‍ത്തല്‍ നേരിടുന്നവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയും പൊരുതുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളൊക്കെ നടത്തിയിട്ടും ജനങ്ങളുടെ, പ്രത്യേകിച്ച് യുവജനങ്ങളുടെ പിന്തുണ നേടുന്നതില്‍ പാര്‍ടിയും ഇടതുപക്ഷവും പരാജയപ്പെട്ടതായി തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. ഈ അപാകത മറികടക്കാനും ജനങ്ങളില്‍നിന്ന് പാര്‍ടി അകലുന്നത് അവസാനിപ്പിക്കാനും മുഖ്യമായ ചില നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് പാര്‍ടി കേന്ദ്രകമ്മിറ്റി അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇപ്പോഴത്തെ അവസ്ഥ മറികടക്കാനും പാര്‍ടിയുടെയും ഇടതുപക്ഷ ജനാധിപത്യശക്തികളുടെയും മുന്നേറ്റത്തിന് അടിത്തറ സൃഷ്ടിക്കാനും നാല് പ്രധാന നടപടികള്‍ എടുക്കാനാണ് കേന്ദ്രകമ്മിറ്റി തീരുമാനിച്ചത്. നാല് നടപടികള്‍ 1. തുടര്‍ച്ചയായ പാര്‍ടി കോണ്‍ഗ്രസുകള്‍ അംഗീകരിച്ച രാഷ്ടീയ-അടവുനയ നിലപാടില്‍ പാര്‍ടിയുടെ സ്വതന്ത്രമായ കരുത്ത് വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിയിട്ടുണ്ടെങ്കിലും അത് സാധ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ടി ശക്തമായ പശ്ചിമബംഗാള്‍, കേരളം, ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പുറത്ത് ഇക്കാര്യത്തില്‍ പുരോഗതി കൈവരിക്കാനായില്ല. പാര്‍ടിയുടെ സതന്ത്രമായ കരുത്ത് വളര്‍ത്തിയെടുക്കാതെ ശക്തമായ ഇടതുപക്ഷ, ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുകയും ഇടതുപക്ഷ, ജനാധിപത്യ ബദല്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുകയെന്ന ലക്ഷ്യം വിജയിക്കില്ല. പാര്‍ടി പിന്തുടരുന്ന രാഷ്ട്രീയ-അടവുനയ നിലപാട് പുനഃപരിശോധിക്കുകയെന്നതാണ് ആദ്യത്തെ പ്രധാന നടപടി. നാം സ്വീകരിച്ചുവരുന്ന ഐക്യമുന്നണി അടവുകളടക്കം പാര്‍ടിയുടെ എല്ലാവിധ രാഷ്ട്രീയനിലപാടുകളും വിമര്‍ശനാത്മകമായി പരിശോധിക്കപ്പെടണം. ശരിയായതും യോജിച്ചതുമായ രാഷ്ട്രീയ നിലപാടുകളും മുദ്രാവാക്യങ്ങളും രൂപപ്പെടുത്തുന്നതില്‍ അപാകതയോ കാലതാമസമോ സംഭവിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ ഈ പ്രക്രിയ വഴി മാത്രമേ കഴിയൂ. പാര്‍ടി സാധാരണയായി അതിന്റെ രാഷ്ട്രീയ-അടവുനയ നിലപാടുകള്‍ നടപ്പാക്കിയതിനെക്കുറിച്ച് പാര്‍ടി കോണ്‍ഗ്രസുകള്‍ ചേരുമ്പോള്‍ പരിശോധിക്കാറുണ്ട്. പക്ഷേ, ഇന്നത്തെ സാഹചര്യത്തില്‍ അതുകൊണ്ടുമാത്രം ഫലമില്ല. രാഷ്ട്രീയ-അടവുനയ നിലപാട് തന്നെ ആഴത്തിലുള്ള പരിശോധനയ്ക്ക് വിധേയമാക്കുകയും ശരിയായ നിഗമനങ്ങളില്‍ എത്തുകയുംചെയ്യണം. ഈ ലക്ഷ്യത്തോടെ പുനഃപരിശോധന നടത്താനും അടുത്ത വര്‍ഷം നടക്കേണ്ട പാര്‍ടി കോണ്‍ഗ്രസിന് മുമ്പുതന്നെ നിഗമനങ്ങളില്‍ എത്തിച്ചേരാനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയ-അടവുനയ നിലപാടിനെക്കുറിച്ചുള്ള ഈ പുനഃപരിശോധനയുടെ ഫലങ്ങള്‍ അടങ്ങുന്ന അവലോകന റിപ്പോര്‍ട്ട് പാര്‍ടി കോണ്‍ഗ്രസില്‍ അംഗീകരിക്കേണ്ട പുതിയ രാഷ്ട്രീയ-അടവുനയ നിലപാട് ഉള്‍ക്കൊള്ളുന്ന കരട് രാഷ്ട്രീയ പ്രമേയത്തോടൊപ്പം പാര്‍ടിയിലാകെ ചര്‍ച്ചയ്ക്കായി മുന്നോട്ടുവയ്ക്കും. ഇത്തരത്തില്‍, പാര്‍ടി കോണ്‍ഗ്രസില്‍ അംഗീകരിക്കേണ്ട പുതിയ രാഷ്ട്രീയ-അടവുനയ നിലപാടിനെക്കുറിച്ച് പൂര്‍ണമായ ഉള്‍പ്പാര്‍ടി ചര്‍ച്ചകള്‍ക്ക് സാധിക്കും. 2. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ സ്വാധീനഫലമായും ഉദാരവല്‍ക്കരണത്തിന്റെ കടന്നുവരവിനെത്തുടര്‍ന്നും നവഉദാര നയങ്ങള്‍ നടപ്പാക്കിയതിന്റെ ഫലമായും നമ്മുടെ രാജ്യത്ത് കഴിഞ്ഞ രണ്ടര പതിറ്റാണ്ടില്‍ സാമൂഹിക-സാമ്പത്തിക സ്ഥിതിഗതികളില്‍ വന്‍തോതില്‍ മാറ്റങ്ങള്‍ സംഭവിച്ചു. വര്‍ഗസാഹചര്യങ്ങളില്‍ മാറ്റങ്ങളുണ്ടായി, വര്‍ഗങ്ങള്‍ക്കുള്ളിലും വേര്‍തിരിക്കലുകളും വ്യതിയാനങ്ങളുമുണ്ടായി. അധ്വാനിക്കുന്ന ജനവിഭാഗങ്ങളിലും കര്‍ഷകജനതയിലും കര്‍ഷകത്തൊഴിലാളികളിലും ഇടത്തരക്കാരിലും ഇത്തരം മാറ്റങ്ങളുണ്ടായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ മാറ്റങ്ങള്‍ നമ്മുടെ രാഷ്ട്രീയവും സംഘടനാപരവുമായ പ്രവര്‍ത്തനങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന് നാം കണ്ടതാണ്. വന്‍കിട ബൂര്‍ഷ്വാസികളുടെയും ബൂര്‍ഷാസിയിലെ മറ്റ് വിഭാഗങ്ങളുടെയും സാഹചര്യങ്ങളിലും ആപേക്ഷികമായ കരുത്തിലും മാറ്റങ്ങള്‍ സംഭവിച്ചു. മുദ്രാവാക്യങ്ങള്‍ രൂപപ്പെടുത്തുമ്പോഴും നവ-ഉദാരക്രമത്തിന്റെ കെടുതികള്‍ ഏറ്റവും കൂടുതലായി അനുഭവിക്കുന്നവരുടെ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യുമ്പോഴും ഈ മാറ്റങ്ങളൊക്കെ കണക്കിലെടുക്കണം. ഭരണവര്‍ഗത്തിനെതിരെ ശക്തമായ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ മുദ്രാവാക്യങ്ങളിലും വിവിധ ജനവിഭാഗങ്ങളോടും വര്‍ഗങ്ങളോടുമുള്ള സമീപനത്തിലും മാറ്റം ആവശ്യമാണ്. ഇതിനായി, സമൂഹത്തില്‍ സംഭവിച്ച മാറ്റങ്ങളും വിവിധ വര്‍ഗങ്ങളുടെയും ജനവിഭാഗങ്ങളുടെയും പങ്കും സാഹചര്യങ്ങളും വ്യക്തമായി പഠിക്കണം. വിവിധ മേഖലകളില്‍ മൂര്‍ത്തമായ ഇത്തരം പഠനങ്ങള്‍ നടത്താനും ഈ മൂര്‍ത്തമായ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിയുടെ അടവുപരമായ ലക്ഷ്യങ്ങള്‍ മനസ്സില്‍വച്ച് നമുക്ക് മുദ്രാവാക്യങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയുകയും ചെയ്യണം. ശരിയായ രാഷ്ട്രീയ-അടവുനയ നിലപാട് രൂപപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ മൂര്‍ത്തമായ ഇത്തരം പഠനങ്ങള്‍ സംഘടിപ്പിക്കാനും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും പാര്‍ടി കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. 3. ഈ രാഷ്ട്രീയ പ്രക്രിയക്കൊപ്പം, പാര്‍ടി സംഘടനയും അതിന്റെ പ്രവര്‍ത്തനശൈലിയും ജനങ്ങള്‍ക്കിടയില്‍ നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ദിശയും പരിശോധിക്കപ്പെടണം. ബഹുജനപ്രക്ഷോഭങ്ങളെയും മുന്നേറ്റങ്ങളെയും പാര്‍ടിയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന രീതിയിലേക്ക് മാറ്റിയെടുക്കുന്നതില്‍ പാര്‍ടി സംഘടനാ സംവിധാനത്തിനുള്ള കഴിവുകേടാണ് ഒരു പ്രശ്നം. പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കുന്നതിലും മുന്നേറ്റങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലും സംഭവിക്കുന്ന പരാജയത്തിലേക്ക് നയിക്കുന്ന സംഘടനാപരമായ ശേഷിക്കുറവിന്റെ പ്രശ്നവുമുണ്ട്. സ്ഥിരം ശൈലിയിലുള്ള പ്രവര്‍ത്തനങ്ങളും ജനങ്ങളുമായി ബന്ധം സജീവമായി നിലനിര്‍ത്താന്‍ കഴിയാത്തതും പ്രശ്നങ്ങളാണ്. പ്രചാരണം സംഘടിപ്പിക്കാനും ജനങ്ങളുമായി ആശയവിനിമയം നടത്താനും പുതിയ രീതികളും നവീനസാങ്കേതിക വിദ്യയും ഉപയോഗിക്കണം. പാര്‍ടിസംഘടനയില്‍ അഴിച്ചുപണിയും തെറ്റായ പ്രവണതകളുടെ തിരുത്തലും നടത്തണം. 4. ബഹുജനസംഘടനകളുടെ വളര്‍ച്ച, സ്വതന്ത്രമായ പ്രവര്‍ത്തനം, അവയുടെ വിപുലമായ ബഹുജന മുന്നേറ്റം എന്നിവ ഭാവയില്‍ പാര്‍ടിയുടെ മുന്നേറ്റത്തിന് അത്യന്തം പ്രധാനപ്പെട്ടതാണ്. സംസ്ഥാന കമ്മിറ്റികള്‍ നടത്തിയ തെരഞ്ഞെടുപ്പ് അവലോകനങ്ങള്‍ വ്യക്തമാക്കുന്നത് ബഹുജനസംഘടനകളിലെ അംഗങ്ങളില്‍ ഗണ്യമായ വിഭാഗം പാര്‍ടിക്കോ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കോ വോട്ട് ചെയ്തിട്ടില്ലെന്നാണ്. വര്‍ഗ-ബഹുജനസംഘടനകളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിലും ഇത്തരം സംഘടനകളില്‍ അംഗങ്ങളായ ബഹുജനങ്ങള്‍ക്കിടയില്‍ പാര്‍ടി അംഗങ്ങള്‍ നടത്തേണ്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിലും അപാകതകള്‍ സംഭവിച്ചിട്ടുണ്ട്. തികഞ്ഞ ഗൗരവത്തോടെ ഇവ പരിഹരിക്കണം. ഈ നാല് നടപടികളും പരസ്പരം ബന്ധപ്പെട്ടതും ഒരേസമയം ഏറ്റെടുക്കേണ്ടവയുമാണ്. പാര്‍ടി അഭിമുഖീകരിക്കുന്ന സ്ഥിതിവിശേഷത്തിന്റെ ഗൗരവം തിരിച്ചറിയാനും ഈ നാല് നടപടികളും പ്രാവര്‍ത്തികമാക്കാന്‍ യോജിച്ച ശ്രമത്തിനും പാര്‍ടിയോടാകെ കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്തു. പുതിയ സാഹചര്യം തെരഞ്ഞെടുപ്പിനും നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബിജെപി മുന്നണി സര്‍ക്കാര്‍ രൂപീകരിച്ചതിനും ശേഷം പുതിയ രാഷ്ട്രീയ സാഹചര്യമാണ്. നവ ഉദാരനയങ്ങളുടെ കൂടുതല്‍ ശക്തമായ കടന്നാക്രമണത്തിന് ഇതോടെ തുടക്കംകുറിച്ചിരിക്കുന്നു. വന്‍കിട ബൂര്‍ഷ്വാകളുടെയും രാജ്യാന്തര ധനമൂലധനത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. മറുവശത്ത് ജനങ്ങളെ പിഴിയാനും അവരുടെ ജീവനോപാധികള്‍ തട്ടിപ്പറിക്കാനും നടപടികളായി. ഇന്ധന വിലവര്‍ധനയും പൊതുവിലക്കയറ്റവും സൃഷ്ടിക്കുന്ന നയങ്ങള്‍ തുടരുകയാണ്്. ഹിന്ദുത്വ അജന്‍ഡ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങളും ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ട് നടത്തുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ആര്‍എസ്എസ് നുഴഞ്ഞുകയറ്റത്തിന് സൗകര്യമൊരുക്കുന്നു. ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും മതനിരപേക്ഷമൂല്യങ്ങള്‍ക്കും നേരെ ഹിന്ദുത്വ തീവ്രവാദസംഘടനകളുടെ ആക്രമണം വര്‍ധിച്ച തോതിലായി. പുണെ സംഭവവികാസങ്ങളും ഗുജറാത്ത്, ഉത്തര്‍പ്രദേശ്, കര്‍ണാടകം, ഹരിയാന എന്നിവിടങ്ങളിലുണ്ടായ വര്‍ഗീയസംഘര്‍ഷങ്ങളും അപായസൂചനകളാണ്. ഇടതുപക്ഷത്തിന്റെ നവീകരണം സിപിഐ എമ്മും ഇടതുപക്ഷവും ഈ വലതുപക്ഷ കടന്നാക്രമണത്തെ ചെറുക്കുകയും തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനായി പോരാട്ടങ്ങള്‍ക്ക് തുടക്കംകുറിക്കുകയും സംഘടിപ്പിക്കുകയും ചെയ്യണം. വര്‍ഗീയ പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയത്തിനും എതിരായ ഏറ്റവും സുസ്ഥിരമായ ശക്തിയാണ് ഇടതുപക്ഷം. ഭൂരിപക്ഷ വര്‍ഗീയത ഉയര്‍ത്തുന്ന വിനാശകരമായ ഭീഷണിക്ക് എതിരായ പോരാട്ടത്തില്‍ എല്ലാ മതനിരപേക്ഷ-ജനാധിപത്യ ശക്തികളെയും അണിനിരത്തുകയും മുന്നോട്ടുനയിക്കുകയും ചെയ്യുന്നതില്‍ ഇടതുപക്ഷത്തിന് മുഖ്യമായ പങ്കാണ് വഹിക്കാനുള്ളത്. ഇടതുപക്ഷത്തിന്റെ നവീകരണവും ശക്തിപ്പെടുത്തലും അടിയന്തര ആവശ്യമാണ്. ഐക്യത്തോടെ എല്ലാ ഇടതുപക്ഷശക്തികളെയും അണിനിരത്താന്‍ സിപിഐ എം പ്രയത്നിക്കും. ഇടതുപക്ഷചിന്താഗതിക്കാരായ എല്ലാ ശക്തികളെയും സംഘടനകളെയും ബുദ്ധിജീവികളെയും ഒന്നിച്ചുനിര്‍ത്താന്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വലതുപക്ഷത്തേക്കുള്ള വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഐക്യത്തോടെ നില്‍ക്കുന്നതും പുനരുജ്ജീവനം നേടിയതുമായ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ. Read on deshabhimani.com

Related News