ഡോ. രാധാകൃഷ്ണനെ നമുക്ക് മറക്കാം



1962 മുതല്‍ സെപ്തംബര്‍ അഞ്ച് ഇന്ത്യയില്‍ അധ്യാപകദിനമായി ആചരിച്ചുവരികയാണ്. പത്തുവര്‍ഷക്കാലം ഇന്ത്യയുടെ വൈസ് പ്രസിഡന്റും തുടര്‍ന്ന് പ്രസിഡന്റുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനം, സമുചിതമായി ആചരിക്കുന്നതിന് അനുവാദം തേടിവന്ന തന്റെ സുഹൃത്തുക്കളോടും ശിഷ്യരോടും അധ്യാപകദിനമായി ആചരിക്കുന്നതാണ് തനിക്കഭികാമ്യമെന്ന് സൂചിപ്പിച്ചതിനെതുടര്‍ന്ന്, എല്ലാവര്‍ഷവും രാജ്യം ശ്രേഷ്ഠനായ അധ്യാപകനും തത്ത്വജ്ഞാനിയും ഭരണനിപുണനും സര്‍വോപരി മനുഷ്യസ്നേഹിയുമായിരുന്ന അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിച്ചുവരികയായിരുന്നു. ആ ദിവസം വിദ്യാര്‍ഥികളും രാഷ്ട്രവും ഒന്നടങ്കം അധ്യാപകരെ ആദരിക്കുന്നതിന് ബഹുമുഖമായ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാല്‍, ഇത്തവണ രാഷ്ട്രം ആ പതിവ് തെറ്റിച്ചു. അധ്യാപകര്‍ക്കുപകരം വിദ്യാര്‍ഥികള്‍ക്ക് പ്രാമുഖ്യം നല്‍കി അധ്യാപകദിനം ആചരിക്കപ്പെട്ടു. രാജ്യത്തെ ഒരുകോടിയില്‍പ്പരം വിദ്യാര്‍ഥികളുമായി സാങ്കേതികവിദ്യയുടെ സഹായത്തോടെ നേരിട്ട് സംവദിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ ദിവസം ഉപയോഗിച്ചത്. ശിശുദിനത്തിന് കാത്തുനില്‍ക്കാതെ അധ്യാപകദിനംതന്നെ ഇതിനായി തെരഞ്ഞെടുത്തത് യാദൃച്ഛികമല്ല; മറിച്ച് മുന്‍നിശ്ചയിച്ച അജന്‍ഡപ്രകാരമാണെന്നത് അവിതര്‍ക്കിതം.ഒരുദശാബ്ദം കഴിയുമ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള രാഷ്ട്രമായി ഇന്ത്യ മാറാന്‍പോവുകയാണ്. ഇന്നത്തെ സ്കൂള്‍വിദ്യാര്‍ഥികളാണ് ആ യുവതയെന്ന് ആര്‍ക്കാണ് അറിയാത്തത്. ഏതുവിധേനയും ഈ കുഞ്ഞുമനസ്സുകളില്‍ സ്ഥാനംപിടിക്കുകയെന്നത് സംഘപരിവാറിന്റെ താല്‍പ്പര്യമാണ്. അതിനുള്ള നിര്‍ദേശങ്ങളാണ് ഒരു വിദ്യാഭ്യാസരേഖയായിഭ"ശിക്ഷാ സംസ്കൃതി ഉദ്ധാന്‍ ന്യാസ്' എന്ന പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍കൂടിയായ ആര്‍എസ്എസ് നേതാവ് ദീനാനാഥ് ബത്ര കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. അതിന്റെ ഭാഗമായി ആദ്യംചെയ്തത് ചരിത്രഗവേഷണ കൗണ്‍സില്‍ അധ്യക്ഷനായി യല്ലപ്രഗത സുദര്‍ശനറാവുവിന്റെ നിയമനമാണ്. വിദ്യാഭ്യാസവും ചരിത്രവും സംസ്കാരവും സംഘപരിവാര്‍ വിഭാവനംചെയ്യുന്ന "ഭാരതീയ സംസ്കൃതി'ക്കനുസൃതമായി പുനര്‍നിര്‍മിക്കുക എന്ന ദൗത്യമാണ് റാവു- ബത്ര പ്രഭൃതികളില്‍ നിക്ഷിപ്തമായിട്ടുള്ളത്. ഇതിനകം വലിയ വാര്‍ത്താപ്രാധാന്യമൊന്നും നല്‍കാതെതന്നെ യുജിസിയുടെയും മറ്റും പ്രവര്‍ത്തനങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനുള്ള "സമിതികളെ' ചുമതലപ്പെടുത്തിക്കഴിഞ്ഞു. സമിതിയുടെ തലവന്‍, കഴിഞ്ഞ എന്‍ഡിഎ ഭരണകാലത്ത് യുജിസി ചെയര്‍മാനായിരുന്നുകൊണ്ട് കര്‍മകാണ്ഡവും ജ്യോതിഷവും കോളേജ്/സര്‍വകലാശാലകളില്‍ ആരംഭിക്കാന്‍ ഉത്തരവിട്ട മഹാനാണ്. 1986ലെ ദേശീയ വിദ്യാഭ്യാസനയത്തിനുശേഷം ഇന്ത്യക്കൊരു വിദ്യാഭ്യാസനയമില്ലെന്നത് മോഡിസര്‍ക്കാരിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. രാമായണവും മഹാഭാരതവുമൊക്കെ ചരിത്രപാഠപുസ്തകങ്ങളാക്കാന്‍ സംഘപരിവാര്‍ ആഗ്രഹിക്കുന്നു. വകുപ്പുമന്ത്രി സ്മൃതി ഇറാനിയും ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങും ഭാരതീയ സംസ്കാരത്തിലും മൂല്യങ്ങളിലും ഊന്നിയുള്ള "പുതിയ വിദ്യാഭ്യാസനയം'രൂപീകരിക്കുമെന്ന സൂചന പാര്‍ലിമെന്റിനകത്തും പുറത്തും പലവുരു പ്രസ്താവിച്ചു. വളര്‍ന്നുവരുന്ന യുവതലമുറയെ "ഭാരതവല്‍ക്കരിക്കുന്നതിനും ആത്മീയവല്‍ക്കരിക്കുന്നതിനും ദേശീയവല്‍ക്കരിക്കുന്നതിനും' വേണ്ടി ഭാരതകേന്ദ്രിത വിദ്യാഭ്യാസനയത്തിന് സംഘപരിവാര്‍ രൂപംനല്‍കിക്കഴിഞ്ഞു. രാജ്യത്താകെ വ്യാപിച്ചുകിടക്കുന്ന കാല്‍ലക്ഷത്തോളം ശിശുമന്ദിര്‍ വിദ്യാഭാരതി സ്ഥാപനങ്ങള്‍ ഈ നയം നടപ്പാക്കുന്നതില്‍ അനൗപചാരികനേതൃത്വം വഹിക്കും.മോഡിസര്‍ക്കാര്‍ അധികാരമേറ്റശേഷം യുജിസി, എന്‍സിഇആര്‍ടിപോലുള്ള സ്ഥാപനങ്ങളുടെ തലവന്മാരാരും വിദ്യാഭ്യാസമേഖലയെക്കുറിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. എല്ലാം "വികസന നായകനി'ലൂടെയാണ് ലോകം അറിയുന്നത്. ആഗസ്ത് 15ന്റെ ചെങ്കോട്ടയിലെ പ്രസംഗമായാലും സെപ്തംബര്‍ അഞ്ചിന്റെ വിദ്യാര്‍ഥിസംവാദമായാലും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം അനുസ്മരിച്ചുകൊണ്ട് 11ന് നടത്തിയ പ്രസ്താവനയായാലും ഏറ്റവും അവസാനം ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗമായാലും, അവയ്ക്കെല്ലാം പിന്നില്‍ ഒരു കുസൃതിച്ചിരി ഒളിഞ്ഞിരിക്കുന്നത് നമുക്ക് കാണാം. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്താകമാനം തദ്ദേശീയമായ രാഷ്ട്രീയസാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തി കൃത്യമായ അജന്‍ഡയുടെ അടിസ്ഥാനത്തില്‍ ചിട്ടയോടും അവധാനതയോടും ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള ധര്‍മജാഗരണ്‍ സമിതിയുടെയും മറ്റും നേതൃത്വത്തില്‍ ഘര്‍ വാപസീ, ശുദ്ധീകരണ്‍, ബേട്ടീ ബച്ചാവോ, ബഹിന്‍/ബഹൂ ബച്ചാവോ, കന്യാ ബച്ചാവോ, മാം ബച്ചാവോ, ഗാം ബച്ചാവോ തുടങ്ങി എത്രയെത്ര "ഹിന്ദുത്വവല്‍ക്കരണ'പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഒരുഭാഗത്ത് വിവേകാനന്ദന്റെ സാഹോദര്യത്തെ ഉദ്ഘോഷിക്കുകയും മറുഭാഗത്ത് ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും മതവൈരവും ഭീകരാന്തരീക്ഷവും സൃഷ്ടിച്ച് പ്രാമാണികഗ്രന്ഥമായ "വിചാരധാര'യിലെ അജന്‍ഡ കൃത്യമായി നടപ്പാക്കുകയുമാണ് ഇക്കൂട്ടര്‍.അധ്യാപകനെ മറന്ന അധ്യാപകദിനം ഡോ. രാധാകൃഷ്ണന്റെ ജന്മദിനത്തില്‍ പതിവുപോലെ അധ്യാപകരെ ആദരിക്കുകയും അവരുടെ സേവനങ്ങളെ അനുസ്മരിക്കുകയും ചെയ്യുന്നതിനുപകരം രാജ്യത്തെ വിദ്യാര്‍ഥികളുമായി നിര്‍ബന്ധിത വീഡിയോസംവാദത്തിന് ഉത്തരവിറക്കിയ സര്‍ക്കാരിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം അലയടിച്ചിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിതപങ്കാളിത്തം ഒഴിവാക്കി ഉത്തരവിറക്കിയെങ്കിലും വിനീതവിധേയരായ വിദ്യാലയാധികൃതര്‍ ആദ്യനിര്‍ദേശം ഭംഗിയായി നടപ്പാക്കി. തങ്ങളുദ്ദേശിച്ച ലക്ഷ്യം കൈവരിച്ചോയെന്ന് അറിയാന്‍ അതിന്റെ പ്രതിപ്രദാനം ശേഖരിക്കുകയാണ് സര്‍ക്കാര്‍. വരുംനാളുകളിലും ഇത്തരം പ്രോഗ്രാമുകള്‍ നടത്തണമെന്നാണ് സംഘപരിവാര്‍ നിര്‍ദേശം. കോടിയില്‍പ്പരം വിദ്യാര്‍ഥികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടാന്‍ രണ്ടുമണിക്കൂര്‍ നീണ്ട മോഡിയുടെ "പ്രകടന'ത്തിന്&ൃെൂൗീ;സാധിച്ചു എന്നവര്‍ വിലയിരുത്തുന്നു. താന്‍ "പ്രൈംമിനിസ്റ്റര്‍'&ൃെൂൗീ;അല്ലെന്നും "പ്രൈം സെര്‍വന്റ്' ആണെന്നും ഹെഡ്മാസ്റ്റര്‍ അല്ല "ടാസ്ക് മാസ്റ്റര്‍' ആണെന്നുമുള്ള മോഡിയുടെ ആമുഖം ആരിലും ആരാധന ജനിപ്പിക്കും. വെറുതെയാണോ മെട്രോസ്റ്റാര്‍മുതല്‍ സൂപ്പര്‍സ്റ്റാര്‍ വരെയുള്ളവര്‍ മോഡിയുടെ അപദാനങ്ങളെ വാഴ്ത്താന്‍ ഇറങ്ങിപ്പുറപ്പെട്ടത്!. കുട്ടികളുമായി സംസാരിക്കുമ്പോള്‍ തന്നിലെ ബാറ്ററി ചാര്‍ജ് ചെയ്യപ്പെടുകയും ഊര്‍ജം വര്‍ധിക്കുകയും ചെയ്യുന്നു എന്നുപറഞ്ഞ മോഡി, തമാശ പൊട്ടിച്ചും പഴമൊഴികള്‍ പറഞ്ഞും ഉപദേശങ്ങള്‍ നല്‍കിയും കുട്ടികളെയും അധ്യാപകരെയും ഒരുപോലെ കൈയിലെടുത്തു. ഇത്തരം വേദികളില്‍ സെന്‍സര്‍ ചെയ്യപ്പെട്ട ചോദ്യങ്ങളേ ചോദിക്കാന്‍ സാധിക്കൂ. എന്നിരുന്നാലും ഒന്നുരണ്ട് ചോദ്യങ്ങളെങ്കിലും ഉത്തരംമുട്ടിക്കുന്നതായിരുന്നു. പ്രധാനമന്ത്രിയാകാനുള്ള മാര്‍ഗമന്വേഷിച്ച കുട്ടിയോട്, 2024 വരെ കാത്തിരിക്കാനുള്ള മറുപടി പത്തുവര്‍ഷക്കാലത്തേക്ക് താന്‍തന്നെ ആയിരിക്കും പ്രധാനമന്ത്രിയെന്ന സൂചന നല്‍കുന്നു. രാഷ്ട്രീയം സേവനമാണെന്നും ഇന്ത്യയിലെ ജനങ്ങള്‍ തന്റെ കുടുംബാംഗങ്ങളാണെന്നും അവരുടെ സുഖദുഃഖങ്ങള്‍ തന്റെ സുഖദുഃഖങ്ങളാണെന്നുമുള്ള മറുപടി, ഗുജറാത്തിന്റെ ചരിത്രമറിയുന്ന ആരും വിശ്വസിക്കില്ല.അഭിനവ നരേന്ദ്രന്‍ മുമ്പ് ഭാരതത്തിന്റെ കിഴക്കുഭാഗത്ത് ജന്മംകൊണ്ട നരേന്ദ്രന്‍ (സ്വാമി വിവേകാനന്ദന്‍) ദരിദ്രരില്ലാത്ത സമ്പന്നഭാരതം സ്വപ്നംകണ്ടു; ആ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ പടിഞ്ഞാറുഭാഗത്ത് മറ്റൊരു നരേന്ദ്രന്‍ ജന്മംകൊണ്ടിരിക്കുന്നു എന്ന സംഘപരിവാര്‍ പ്രചാരണം കുറിക്കുതന്നെ കൊണ്ടു. 31 ശതമാനം വോട്ടേ ലഭിച്ചുള്ളൂവെങ്കിലും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടി. തൊണ്ണൂറുകളുടെ അവസാനംവരെ അദൈ്വതാചാര്യനായിരുന്ന ശങ്കരാചാര്യരെ ഉയര്‍ത്തിക്കാട്ടിയിരുന്ന സംഘപരിവാര്‍, വിവേകാനന്ദനിലേക്ക് ചുവടുമാറ്റിയത് ഹിന്ദുത്വ അജന്‍ഡ മുന്നില്‍ കണ്ടായിരുന്നു. വിവേകാനന്ദന്റെ "ഹിന്ദു'&ൃെൂൗീ;പദപ്രയോഗത്തെ ദുര്‍വ്യാഖ്യാനം ചെയ്താണ് അദ്ദേഹത്തെ ഹൈന്ദവനേതാവായി ഉയര്‍ത്തിക്കാട്ടിയത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 11ന് വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം അനുസ്മരിച്ചുകൊണ്ട്, വിവേകാനന്ദസന്ദേശം ലോകജനത ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ (9/11) പോലുള്ള ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്നു പറഞ്ഞ നരേന്ദ്രമോഡിയുടെ കാപട്യം ഏത് കൊച്ചുകുട്ടിക്കും മനസ്സിലാകും. ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിലൂടെ ലോകം മുഴുവന്‍ തന്റെ കുടുംബമാണെന്ന (വസുധൈവ കുടുംബകം) പ്രഖ്യാപനവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സത്യസന്ധതയോടെയല്ല. ബിജെപി അധികാരത്തില്‍ വന്നശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരായ നൂറുകണക്കിന് ഏകപക്ഷീയവും ആസൂത്രിതവുമായ അക്രമങ്ങള്‍ നടന്നിട്ടുണ്ട്. ബഹുമുഖകാരണങ്ങളാല്‍ ദശാബ്ദങ്ങള്‍ക്കുമുമ്പ് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരെ "നിര്‍ബന്ധിത ശുദ്ധികലശ'ത്തിലൂടെ തിരിച്ചുകൊണ്ടുവരികയും അവരുടെ പള്ളികള്‍ അമ്പലങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ത്രിശൂലം പ്രയോഗിച്ച ഇക്കൂട്ടര്‍ അവരെ സാമൂഹികമായി ബഹിഷ്കരിക്കാനുള്ള കല്‍പ്പന നല്‍കുന്നു.&ൃെൂൗീ;"ഭാരതം എന്റെ നാടാണ്, എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്'എന്ന ഭാരതത്തിന്റെ സന്ദേശംപോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഇവര്‍, അമേരിക്കയില്‍ പോയി നമ്മുടെ പൂര്‍വികരായ ഋഷിവര്യന്മാര്‍ പറഞ്ഞുവച്ച ഉപനിഷത് വാക്യങ്ങളും ശാന്തിമന്ത്രങ്ങളും ഉരുവിട്ട് "വസുധൈവ കുടുംബക'മെന്നും "സര്‍വേ ഭദ്രാണി പശ്യന്തു' എന്നുമൊക്കെ പ്രോത്ഘോഷിക്കുന്നത് ആ മഹര്‍ഷിവര്യന്മാരെ അപമാനിക്കുന്നതിനുതുല്യമാണ്. ആചാര്യന്മാരെ ആദരിച്ചില്ലെങ്കിലും അപമാനിക്കരുത് ഗുരുക്കന്മാരെ ആദരിക്കാന്‍ അധ്യാപകദിനം "ഗുരുത്സവ'മായി ആചരിക്കാന്‍ ആഹ്വാനംചെയ്ത മോഡിസര്‍ക്കാരിന്റെ അനുയായികള്‍ തൊട്ടടുത്ത ആഴ്ച "വിക്രം സര്‍വകലാശാല'യിലെ ഉപകുലപതിയെ "ആദരിച്ചത്'&ൃെൂൗീ;ആര്‍ക്കാണ് മറക്കാന്‍ കഴിയുക. വെള്ളപ്പൊക്കത്തില്‍ സര്‍വതും നഷ്ടപ്പെട്ട ജമ്മു കശ്മീര്‍ ജനതയെ സഹായിക്കാന്‍ വൈസ് ചാന്‍സലര്‍ ജവഹര്‍ലാല്‍ കൗള്‍ തന്റെ വിദ്യാര്‍ഥികളോട് നടത്തിയ അഭ്യര്‍ഥനയില്‍ പ്രകുപിതരായ വിശ്വഹിന്ദു/ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കടന്നാക്രമിക്കുകയും ഓഫീസ് ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. 2006ല്‍ ഇതേ സര്‍വകലാശാലയുടെ കീഴിലുള്ള ഉജ്ജയിന്‍ മാധവ് കോളേജിലെ പോളിറ്റിക്സ് പ്രൊഫ. എച്ച് എസ് സബര്‍വാളിനെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുവേളയില്‍ എബിവിപി പ്രവര്‍ത്തകര്‍ പേപ്പട്ടിയെ തല്ലിക്കൊല്ലുന്ന ലാഘവത്തോടെ തല്ലിക്കൊല്ലുന്ന കാഴ്ച നാം ടിവിയില്‍ക്കൂടി കണ്ടതാണ്. ദൃക്സാക്ഷികളാരും സാക്ഷിപറയാന്‍ പോകാതിരുന്നതിനാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയുണ്ടായില്ല. ഇങ്ങനെ എത്രയെത്ര "ഗുരുസേവ'യാണ് സംഘപരിവാറും കൂട്ടരും നടത്തിയത്. ഒരു ഭാഗത്ത് ആചാര്യന്‍ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ക്കുസമാനമാണെന്ന് പറയുക, മറുഭാഗത്ത് അവരെ സബര്‍വാള്‍മാരെ ക്രൂശിച്ചതുപോലെ ക്രൂശിക്കുക; ഇത് എത്രമാത്രം സംഗതമാണെന്ന് സംഘപരിവാറും കൂട്ടരും പര്യാലോചിക്കുന്നത് നന്നായിരിക്കും. ഹിന്ദു ആചാര്യനെ ആദരിക്കുകയും ഹൈന്ദവേതര ആചാര്യന്മാരെ അനാദരിക്കുകയും ചെയ്യുന്ന പ്രവണത ആശാസ്യമല്ല. നിഷ്കളങ്കരായ കുട്ടികളുടെ മനസ്സില്‍ ചേക്കേറാനുള്ള മോഡിയുടെ തന്ത്രം കൊള്ളാം; എന്നാല്‍, അച്ഛസ്ഫടികംപോലെ നിര്‍മലമായ അവരുടെ മനസ്സില്‍ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കാതിരിക്കുക. Read on deshabhimani.com

Related News