ഭരണവര്‍ഗത്തിന്റെ ഇരട്ടക്കുട്ടികള്‍
സീതയെ മോഹിപ്പിച്ച മാരീചനെപ്പോലെ ജനങ്ങളെ വ്യാമോഹത്തിലാഴ്ത്തിയ ഒറ്റവരി പരസ്യവാചകം-&ഹറൂൗീ;നല്ല ദിനങ്ങള്‍ വരാനിരിക്കുന്നു. കോണ്‍ഗ്രസ് വാഴ്ചയുടെ ദുര്‍ദിനങ്ങളില്‍ മനംമടുത്ത ജനങ്ങള്‍ക്കിടയില്‍ മോഡിയും ബിജെപിയും സമര്‍ഥമായി വിറ്റഴിച്ച ഈ ഒറ്റവരിയിലെ വാഗ്ദാനം വാചാലമായിരുന്നു. എന്നാല്‍, അധികാരമേറ്റയുടന്‍ മോഡി തിരുത്തി- കഠിന തീരുമാനങ്ങള്‍ വേണ്ടിവരും. അധികാരത്തിലേറുംമുമ്പ് മന്‍മോഹന്‍സിങ്ങും യുപിഎയും പറഞ്ഞത്&ഹറൂൗീ;കോണ്‍ഗ്രസിന്റെ കൈ ആം ആദ്മിക്കൊപ്പം, ഉള്‍ക്കൊള്ളുന്ന വളര്‍ച്ച എന്നൊക്കെയായിരുന്നു. തെരഞ്ഞെടുപ്പിനുശേഷം മന്‍മോഹന്‍സിങ്ങും മോഡിയെപ്പോലെ കഠിന തീരുമാനങ്ങളുടെ അനിവാര്യതയെക്കുറിച്ച് പറഞ്ഞു. മാത്രമല്ല, പണം മരത്തില്‍ കായ്ക്കില്ലെന്ന ബോധോദയവും അദ്ദേഹത്തിനുണ്ടായി. ഇരുവരുടെയും സ്വരത്തിലെയും സ്വരഭേദങ്ങളിലെയും സമാനത യഥാര്‍ഥത്തില്‍ നയത്തിലെ സമാനതയാണ്.ഇരുകൂട്ടരും നവ ഉദാരനയങ്ങളുടെ വക്താക്കളാണ്. ഇവര്‍ക്കിടയിലുള്ള തര്‍ക്കം, കൂടുതല്‍ കാര്യക്ഷമമായും വേഗത്തിലും ശക്തിയോടെയും ഇത് നടപ്പാക്കാന്‍ കഴിവുള്ളത് ആര്‍ക്കാണ് എന്നതില്‍ മാത്രം. യുപിഎ സര്‍ക്കാരിനെതിരായ ഇടതുപക്ഷ വിമര്‍ശം, നവഉദാരനയങ്ങള്‍ തിരുത്താന്‍ തയ്യാറാകുന്നില്ല എന്നായിരുന്നുവെങ്കില്‍ ഈ നയം വേണ്ടത്ര തീവ്രതയോടെ നടപ്പാക്കാന്‍ കഴിയാത്ത നയപരമായ തളര്‍ച്ച ബാധിച്ച സര്‍ക്കാര്‍ എന്നായിരുന്നു ബിജെപിയുടെ വിമര്‍ശം. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഈ നയപരമായ തളര്‍ച്ച പരിഹരിക്കുമെന്ന അവകാശവാദവും. അധികാരത്തില്‍ വന്നതുമുതല്‍ ഈ തളര്‍ച്ച പരിഹരിക്കാനുള്ള ഊര്‍ജിതശ്രമമാണ് മോഡിയും കൂട്ടരും നടത്തുന്നത്. ഇതിന്റെ ഫലമായി തീര്‍ച്ചയായും ഒരു കൂട്ടര്‍ക്ക് മന്‍മോഹന്‍ സമ്മാനിച്ചതിനേക്കാള്‍ നല്ല ദിനങ്ങള്‍ വന്നുകഴിഞ്ഞു; ഇന്ത്യനും വിദേശിയുമായ കോര്‍പറേറ്റുകളുടെ. മോഡിയുടെ കഠിന തീരുമാനങ്ങളുടെ ഇരകളാവട്ടെ മന്‍മോഹന്‍സിങ്ങിന്റെ കാലത്തെന്നപോലെ ഇപ്പോഴും സാധാരണ ജനങ്ങള്‍തന്നെ. സര്‍ക്കാരുകള്‍ മാറിയെങ്കിലും മൂലധനത്തിന് ഇളവുകളും ജനങ്ങള്‍ക്കുമേല്‍ അധികഭാരവും എന്ന യാഥാര്‍ഥ്യത്തിനുമാത്രം മാറ്റമേതുമില്ല. കാരണം, മാറിയത് സര്‍ക്കാര്‍മാത്രമാണ് നയങ്ങളല്ല എന്നതുതന്നെ. യുപിഎ സര്‍ക്കാരിന്റെ അവസാനകാലത്തെ തീരുമാനങ്ങളില്‍ പ്രധാനമായിരുന്നു ഇന്‍ഷുറന്‍സില്‍ വിദേശനിക്ഷേപ പരിധി ഉയര്‍ത്താനും പ്രതിരോധം, റെയില്‍വേ എന്നീ മേഖലകളില്‍ വിദേശ നിക്ഷേപം അനുവദിക്കാനുമുള്ളത്. എന്നാല്‍, തെരഞ്ഞെടുപ്പ് അടുത്തതോടെ തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ സാവകാശം ലഭിച്ചില്ല. യുപിഎയുടെ അവസാനതീരുമാനം ബിജെപി സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്നായി മാറി എന്നുമാത്രമല്ല പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ക്ക് അതിവേഗ തുടക്കവുമായി. ഇതില്‍ ഇന്‍ഷുറന്‍സില്‍ എഫ്ഡിഐ അനുവദിക്കുന്നതിനെ ബിജെപി അതിശക്തമായി എതിര്‍ത്തതായിരുന്നു. ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായശേഷം മോഡി ആദ്യം നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത് ഇന്‍ഷുറന്‍സ് വിദേശ നിക്ഷേപത്തിന്റെ പേരിലായിരുന്നു. രാജ്യത്തെ വിദേശികള്‍ക്ക് അടിയറവയ്ക്കുന്നതിന്റെ ഉദാഹരണമായാണ് മോഡി ഈ നടപടിയെ വിശേഷിപ്പിച്ചത്. പിന്നീട് മോഡിതന്നെ ഇത് നടപ്പാക്കുമ്പോള്‍, ഭിക്ഷയില്ലെന്ന് പറയാനുള്ള അധികാരം തനിക്ക് മാത്രമേയുള്ളൂ എന്നുപറഞ്ഞ പഴയ തറവാട്ടുകാരണവരെപ്പോലെ, രാജ്യത്തെ അടിയറ വയ്ക്കാനുള്ള അധികാരം തനിക്കുമാത്രമാണ് എന്നാണാവോ മോഡി വിചാരിക്കുന്നത്? പഴയ ധനമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത്സിന്‍ഹ അധ്യക്ഷനായ പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയാവട്ടെ ഇന്‍ഷുറന്‍സ് വിദേശനിക്ഷേപ പരിധി ഉയര്‍ത്തരുതെന്ന ഏകകണ്ഠമായ ശുപാര്‍ശയും നല്‍കിയിരുന്നു. അതെല്ലാം വിഴുങ്ങി ബിജെപി സര്‍ക്കാര്‍ ഇന്‍ഷുറന്‍സിലും ഇതര മേഖലകളിലും വിദേശനിക്ഷേപത്തിന് പരവതാനി വിരിക്കുമ്പോള്‍ തങ്ങള്‍ ചെയ്ത കാര്യമാണ് മോഡി തുടരുന്നതെന്ന് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് മേനി നടിക്കുന്നു. ഭരണ-പ്രതിപക്ഷ സഹകരണത്തിന്റെ എന്തൊരു നല്ല മാതൃക!യുപിഎ സര്‍ക്കാര്‍ നിര്‍ബാധം നടത്തിവന്ന പൊതുമേഖലാ ഓഹരി വില്‍പ്പന ഒരു പടികൂടി കടന്ന് ഒഎന്‍ജിസി, സെയില്‍ തുടങ്ങിയ മഹാനവരത്ന കമ്പനികളിലേക്കുകൂടി വ്യാപിപ്പിച്ച് ഇന്ത്യന്‍ പൊതുമേഖലയെ പൊളിച്ചടുക്കാനുള്ള കര്‍സേവയില്‍ മോഡിയും കൂട്ടരും വ്യാപൃതരാകുമ്പോള്‍ ഇതിന് ശിലാന്യാസം നടത്തിയവര്‍ തങ്ങളാണെന്ന് ലജ്ജയില്ലാതെ പുളകമണിയുകയാണ് കോണ്‍ഗ്രസ്. ഇന്ദിരാഗാന്ധിക്ക് ഇടതുപക്ഷത്തിന്റെപോലും പിന്തുണ നേടിക്കൊടുത്ത ബാങ്ക്ദേശസാല്‍ക്കരണത്തിന്റെ കഥ കഴിക്കാനായി മന്‍മോഹന്‍സിങ്ങും ചിദംബരവും ചേര്‍ന്ന് ചമച്ച തിരക്കഥയ്ക്കനുസരിച്ചുതന്നെ മോഡിയും ജെയ്റ്റ്ലിയും കരുനീക്കങ്ങള്‍ ആരംഭിച്ചു. സ്വകാര്യബാങ്കിങ് ലൈസന്‍സ് യഥേഷ്ടം നല്‍കാന്‍ ബിജെപി നിശ്ചയിക്കുമ്പോള്‍ ഇന്ദിരയുടെ മരുമകളും കൊച്ചുമകനും നയിക്കുന്ന കോണ്‍ഗ്രസ് പരാതിയേതുമില്ലാതെ അനുകൂലിക്കുന്നു.രാജ്യത്തെ കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും രണ്ട് യുപിഎ സര്‍ക്കാരുകളുടെ പത്തുവര്‍ഷ കാലയളവില്‍ ഔദ്യോഗിക കണക്കനുസരിച്ചുതന്നെ 36 ലക്ഷം കോടിയിലധികം രൂപയുടെ ഇളവുകളും ആനുകൂല്യങ്ങളും നല്‍കിയപ്പോള്‍, അവ നല്‍കുന്നതില്‍ തെറ്റില്ലെന്നും ആ കണക്കുകള്‍ ബജറ്റ് രേഖകള്‍ക്കൊപ്പം അച്ചടിച്ചു നല്‍കി ജനങ്ങളെ അറിയിക്കുന്നതാണ് തെറ്റെന്നുമാണ് മോഡിയുടെ ധനമന്ത്രിയും, കോടതിയിലും രാഷ്ട്രീയത്തിലും ചിദംബരത്തെപ്പോലെ എന്നും കോര്‍പറേറ്റുകളുടെ മാത്രം വക്കാലത്തെടുത്തിട്ടുള്ളയാളുമായ അരുണ്‍ ജെയ്റ്റ്ലി (വിവാദമായ രണ്ട് കേസുകളില്‍ ചിദംബരം കൊക്കകോളയുടെയും അരുണ്‍ ജെയ്റ്റ്ലി വോഡഫോണിന്റെയും അഭിഭാഷകരായിരുന്നു) യുടെ വിചിത്ര വാദം. തെരഞ്ഞെടുപ്പ് തിരിമറിയിലൂടെ കഷ്ടിച്ച് ജയിച്ചുകയറിയവര്‍ എന്ന ആരോപണം നേരിട്ട ചിദംബരത്തെ മന്‍മോഹന്‍ ധനമന്ത്രിയാക്കിയതും, അമൃത്സറില്‍ ജനം തെരഞ്ഞെടുക്കാന്‍ കൂട്ടാക്കാതിരുന്ന ജെയ്റ്റ്ലിയെത്തന്നെ മോഡി വാശിയോടെ ധനവകുപ്പിനായി തെരഞ്ഞെടുത്തതും യാദൃച്ഛികമല്ല. ജനവിരുദ്ധ സാമ്പത്തികനയം കണ്ണില്‍ ചോരയില്ലാതെ നടപ്പാക്കാന്‍ നല്ലത് ജനം തിരസ്കരിച്ചവരാണെന്ന തിരിച്ചറിവായിരിക്കണം അതിനുപിന്നിലെ ചേതോവികാരം! ജനങ്ങളെ മുഴുവന്‍ പെരുവഴിയാധാരമാക്കാന്‍ ലക്ഷ്യമിട്ട് യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ കാര്‍ഡിനും സബ്സിഡി പണമായി നല്‍കല്‍ പദ്ധതിക്കും എതിരായി ജനരോഷം ആളിക്കത്തിക്കാന്‍ എരിതീയില്‍ എണ്ണ പകര്‍ന്ന മോഡി ഇപ്പോള്‍ ജനങ്ങളോട് അടിയാധാരം ഹാജരാക്കാന്‍ കല്‍പ്പിക്കുന്ന അംശംഅധികാരിയെ ഓര്‍മിപ്പിക്കുന്നു. അന്ന് കയ്ച്ചിട്ടിറക്കാന്‍ വയ്യാത്തതെന്ന് കുറ്റപ്പെടുത്തിയ ആധാറും നേരിട്ട് പണംനല്‍കലും ഇന്ന് മോഡിക്ക് മധുരിച്ചിട്ട് തുപ്പാന്‍ വയ്യാത്തത്ര പ്രിയപ്പെട്ടതായി. അധികാരത്തിലേറി രണ്ടാഴ്ചയ്ക്കകം റെയില്‍വേ യാത്രാക്കൂലി 14 ശതമാനവും കടത്തുകൂലി 6.5 ശതമാനവും കൂട്ടി ജനത്തിനു നേരെ ചൂലെടുത്ത മോഡി സര്‍ക്കാരിന്റെ വാദം, യുപിഎ സര്‍ക്കാര്‍ എടുത്തുവച്ച തീരുമാനമാണ് തങ്ങള്‍ നടപ്പാക്കുന്നത് എന്നായിരുന്നു. സബ്സിഡി സിലിണ്ടര്‍ 12ല്‍ നിന്ന് 9 ആക്കി വെട്ടിക്കുറയ്ക്കാന്‍ യുപിഎ തീരുമാനിച്ചപ്പോള്‍ (ജനകീയ പ്രതിഷേധത്തെതുടര്‍ന്ന് വീണ്ടും 12 ആക്കി) ഉറഞ്ഞുതുള്ളിയ ബിജെപി വീണ്ടും അത് ഒന്‍പതിലേക്ക് ചുരുക്കാനും സബ്സിഡി തുക വെട്ടിക്കുറയ്ക്കാനും ഒരുങ്ങുമ്പോള്‍ എതിര്‍പ്പിന്റെ ഒരു മോങ്ങല്‍പോലും കോണ്‍ഗ്രസില്‍നിന്ന് ഉയരുന്നില്ല. ഇന്ധന വിലനിയന്ത്രണം നീക്കണമെന്ന കോര്‍പറേറ്റ് ആവശ്യത്തെക്കുറിച്ച് പഠിക്കാന്‍ കിരിത് പരേഖ് കമ്മിറ്റിയെ നിയോഗിച്ചതും അതിന്റെ ശുപാര്‍ശ അനുസരിച്ച് പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞതും മന്‍മോഹന്‍സിങ്ങായിരുന്നു. ഡീസലിന്റെ കൂടി വിലനിയന്ത്രണം എടുത്തുകളയാന്‍ കഴിയാത്തതിന്റെ നിരാശയും പെട്രോള്‍-ഡീസല്‍ വിലകളിലെ അസമത്വത്തിന്റെ അഭംഗിയും മന്‍മോഹന്‍സിങ്ങ് 2010ന് ശേഷം എപ്പോഴും ചൂണ്ടിക്കാണിച്ചത് ഓര്‍ക്കുമല്ലോ. മന്‍മോഹന്‍സിങ്ങിന്റെ നിരാശയ്ക്ക് മോഡി അറുതിവരുത്തിയിരിക്കുന്നു. പ്രധാനമന്ത്രിയായി അഞ്ചുമാസത്തിനുള്ളില്‍ മന്‍മോഹന്റെ നടക്കാതെ പോയ സ്വപ്നം പിന്‍ഗാമിയായ മോഡി ഡീസല്‍വില നിയന്ത്രണം നീക്കിയതിലൂടെ യാഥാര്‍ഥ്യമാകുമ്പോള്‍ കോണ്‍ഗ്രസുകാരേക്കാള്‍ കൂടുതല്‍ മറ്റാരാണ് സന്തോഷിക്കുക? ശശിതരൂരിന് ഇനി മോഡിയുടെ പ്രതിപക്ഷ ബഹുമാനത്തെ വാഴ്ത്തി ഒരു ട്വീറ്റ് ആവാം. പെട്രോള്‍, ഡീസല്‍ വിലനിയന്ത്രണങ്ങള്‍ കൊണ്ടുമാത്രം മോഡി തൃപ്തിപ്പെടുന്നില്ല. മന്‍മോഹന്‍സിങ്ങിനേക്കാള്‍ കാര്യപ്രാപ്തിയുള്ള മൂലധന കാര്യസ്ഥനാണ് താനെന്ന് മോഡിക്ക് തെളിയിക്കണമല്ലോ. രാജ്യത്തെ പാവപ്പെട്ട ജനകോടികളുടെ ജീവരക്ഷയ്ക്കാവശ്യമായ മരുന്നുകളുടെ വിലനിയന്ത്രണം നീക്കിയാണ് കുത്തകകളുടെ ഗുഡ്ബുക്കില്‍ മോഡി മന്‍മോഹനേക്കാള്‍ മുകളിലെത്തിയത്. അധികാരമേറി നൂറുദിനംകൊണ്ട് കള്ളപ്പണക്കാരുടെ പട്ടിക പുറത്തുവിടുമെന്നും കള്ളപ്പണം ഇന്ത്യയിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും 58 ഇഞ്ച് നെഞ്ചളവിന്റെ പേരില്‍ ആണയിട്ടതായിരുന്നല്ലോ മോഡി. കള്ളപ്പണക്കാരുടെ പട്ടികയില്‍ കാവിപ്പടയുടെ അഭ്യുദയകാംക്ഷികള്‍ ഒട്ടേറെയുണ്ടെന്ന് കണ്ടപ്പോള്‍ പെട്ടെന്ന് നെഞ്ചളവ് ചുരുങ്ങിപ്പോയ മോഡി യുപിഎ സര്‍ക്കാരിനെപ്പോലെ പേര് വെളിപ്പെടുത്താനാവില്ല എന്ന് മലക്കംമറിഞ്ഞപ്പോള്‍, ഞങ്ങള്‍ പറഞ്ഞതുതന്നെ ഇപ്പോള്‍ നിങ്ങളും പറയുന്നല്ലോ എന്ന അടക്കിപ്പിടിച്ച ആഹ്ലാദവും ആശ്വാസവും പങ്കുവയ്ക്കുകയാണ് കോണ്‍ഗ്രസ്. കുത്തകകള്‍ക്ക് അലോസരമുണ്ടാകരുതെന്നതില്‍, അവരുടെ ലാഭത്തിന് പോറലേല്‍ക്കരുത് എന്നതില്‍ ഇരുകൂട്ടര്‍ക്കും നിതാന്ത ജാഗ്രത. നിക്ഷേപ സൗഹൃദമെന്ന പേരില്‍ മൂലധന സേവയില്‍ ഇരുവരും ഒരേ തൂവല്‍പക്ഷികള്‍. ധനകമ്മി കുറയ്ക്കല്‍, ചെലവു ചുരുക്കല്‍ എന്നിവയുടെ എല്ലാം ഭാരം വഹിക്കേണ്ടവര്‍ ജനങ്ങള്‍ തന്നെ എന്നതിലും ഇവര്‍ക്കിടയില്‍ മറ്റെല്ലാ ഭിന്നതയും മറക്കുന്ന സമവായം. ഇതിന് പറയുക വര്‍ഗതാല്‍പ്പര്യം എന്നത്രേ. ഐഎംഎഫിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാക്കളായിരുന്ന രഘുറാംരാജന്‍ മന്‍മോഹന്‍സിങ്ങിന്റെയും അരവിന്ദ് സുബ്രഹ്മണ്യം ഇപ്പോള്‍ മോഡിയുടെയും ഉപദേഷ്ടാക്കളായതിന്റെ കാരണവും സമാനമായ ഈ വര്‍ഗതാല്‍പ്പര്യമാണ്. അരവിന്ദ് സുബ്രഹ്മണ്യത്തെ മോഡി ഉപദേഷ്ടാവാക്കിയത് ഏറ്റവും മികച്ച തീരുമാനമെന്ന് സാക്ഷ്യപ്പെടുത്തിയത് പി ചിദംബരമായിരുന്നു!. നവഉദാര സാമ്പത്തികനയങ്ങളെ കാല്‍നൂറ്റാണ്ടായി വിട്ടുവീഴ്ചയുടെ ലാഞ്ഛനയില്ലാതെ എതിര്‍ത്തുവരുന്ന, ഭരണവര്‍ഗ സമവായത്തോട് നിരന്തമായി കലഹിക്കുന്ന ഇടതുപക്ഷത്തിന്റെ വേറിട്ട ഏകസ്വരം കൂടുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന നാളുകളാണ് വരാനിരിക്കുന്നത്. ഭരണവര്‍ഗ വിജയഭേരിക്കിടയില്‍ ഒരുവേള ഇടതുപക്ഷത്തിന്റെ ഈ ഏകസ്വരം മുങ്ങിപ്പോയിട്ടുണ്ടാകാമെങ്കിലും ആരവങ്ങള്‍ അടങ്ങിക്കഴിയുമ്പോള്‍ ചൂഷിതജനത ആ സ്വരം കേള്‍ക്കാന്‍ കാതുകൂര്‍പ്പിക്കുമെന്നതില്‍ സംശയം വേണ്ട. അതിനാല്‍ ഇന്ത്യയിലെ ഒരേയൊരു യഥാര്‍ഥ പ്രതിപക്ഷമായ ഇടതുപക്ഷത്തിന് ഒരു നിമിഷംപോലും നിശബ്ദരായിരിക്കാനാവില്ല. Read on deshabhimani.com