ആതുര സേവനരംഗത്തെ മോഡി മാജിക്



മാഡിസണ്‍ സ്ക്വയറിലെ മോഡിമാജിക്കിനെ വാനോളം പാടിപ്പുകഴ്ത്തിയ വലതുപക്ഷമാധ്യമങ്ങള്‍ മോഡി- ഒബാമ കൂട്ടുകെട്ടിലെ ഒളിഅജന്‍ഡ അതിസമര്‍ഥമായി മറച്ചുവച്ചു. അദാനിയും അമൂലും സണ്‍ഫാര്‍മയും എസ്സാര്‍ ഗ്രൂപ്പും സ്പോണ്‍സര്‍ ചെയ്ത ഇവന്റ് മാനേജ്മെന്റ് പരിപാടി മോഡിഷോ ആയാണ് തയ്യാറാക്കപ്പെട്ടത്. അമേരിക്കന്‍ മാധ്യമങ്ങള്‍ അവഗണിച്ച ഈ പൊറാട്ട്നാടകം നമ്മുടെ മാധ്യമങ്ങളുടെ വിശിഷ്ടവിഭവമായി. വാഷിങ്ടണ്‍ പോസ്റ്റിലെ സംയുക്ത എഡിറ്റോറിയലിന്റെ യഥാര്‍ഥ വസ്തുതകളും അതുണ്ടാക്കാന്‍ പോകുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളും മോഡിസ്തുതിയുടെ പ്രചണ്ഡമായ പ്രചാരണത്തിനുപിന്നില്‍ ഇക്കൂട്ടര്‍ ഒളിപ്പിച്ചുവച്ചു. രാജ്യത്തെ പേറ്റന്റ് നിയമവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനികള്‍ക്കുള്ള ആശങ്കകള്‍ കണക്കിലെടുത്ത് ഇതിന്മേല്‍ തീരുമാനമെടുക്കാന്‍ അമേരിക്കന്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട യോജിച്ച കര്‍മസമിതി രൂപീകരിക്കുന്ന തീരുമാനം രാജ്യത്തിന്റെ സ്വയംനിര്‍ണയാവകാശത്തെ അപകടത്തിലാഴ്ത്തുന്നതാണ്. അമേരിക്കന്‍ ഭരണകൂടത്തിനുമുന്നില്‍ പരമാധികാരംപോലും പണയപ്പെടുത്തിയ നരേന്ദ്രമോഡിയെ പാടിപ്പുകഴ്ത്തുന്നതില്‍ അഭിരമിക്കുകയാണ് കോര്‍പറേറ്റ് മാധ്യമങ്ങള്‍.മരുന്നുകള്‍ക്ക് പേറ്റന്റ് തരപ്പെടുത്തിയും പേറ്റന്റ് കാലാവധി നീട്ടിക്കിട്ടാന്‍ ചികിത്സാപരമായി ഒരു പ്രാധാന്യവുമില്ലാത്ത നിസ്സാരമാറ്റങ്ങള്‍ വരുത്തി പുതിയ കണ്ടുപിടുത്തമെന്നവകാശപ്പെട്ട് പേറ്റന്റ് അധികാരം അനന്തമായി നിലനിര്‍ത്തിയും രാജ്യത്തെ ആതുര സേവനരംഗത്തെ കൊള്ളയടിക്കാനുള്ള ശ്രമമാണ് പാശ്ചാത്യ മരുന്നുഭീമന്മാര്‍ എക്കാലത്തും നടത്തുന്നത്. കൊള്ളലാഭം ലക്ഷ്യംവച്ചുള്ള ഔഷധക്കുത്തകകളുടെ നീക്കത്തിന് തടയിടാനുള്ള വ്യവസ്ഥകള്‍ ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ ഇപ്പോഴും അവശേഷിച്ചിട്ടുണ്ട്. രാജ്യതാല്‍പ്പര്യത്തെ മുന്‍നിര്‍ത്തിയുള്ള ഈ വ്യവസ്ഥകള്‍ അട്ടിമറിക്കാനുള്ള അമേരിക്കന്‍ മരുന്നുകമ്പനികളുടെ കുതന്ത്രങ്ങള്‍ക്കുമുന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വിനീതവിധേയനാവുന്ന അപമാനകരമായ അവസ്ഥയാണ്, ഈ വ്യവസ്ഥകള്‍ പുനഃപരിശോധിക്കുന്നതിനുള്ള സംയുക്തസമിതി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തോടെ വന്നുചേര്‍ന്നത്.ഒബാമ- മോഡി കൂടിക്കാഴ്ച സംബന്ധിച്ച വാര്‍ത്തകള്‍ വന്നതിന് തൊട്ടുപിന്നാലെ സെപ്തംബര്‍ 18ന് അമേരിക്കന്‍ മരുന്ന് ഉല്‍പ്പാദക ഗവേഷണസംഘടനയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് റോഡ്ഹണ്ടര്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ലേഖനം കേന്ദ്രസര്‍ക്കാരിനുള്ള കൃത്യമായ സന്ദേശമായിരുന്നു. നേരിട്ടുള്ള വിദേശനിക്ഷേപത്തിന് വഴിയൊരുക്കാനുള്ള ആഹ്വാനം നടത്തി പ്രധാനമന്ത്രി നടത്തിയ സ്വാതന്ത്ര്യദിനപ്രസംഗത്തെ ശ്ലാഘിച്ച്, ഇതിനായി രാജ്യത്തെ കൊള്ളയടിക്കാനുള്ള എല്ലാ സൗകര്യവും വിദേശനിക്ഷേപകര്‍ക്ക് ഒരുക്കിക്കൊടുക്കണമെന്ന പരോക്ഷമായ ആവശ്യമാണ് റോഡ്ഹണ്ടര്‍ തന്റെ ലേഖനത്തിലൂടെ ഉന്നയിച്ചത്. ഔഷധമേഖലയുള്‍പ്പെടെയുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായത്തില്‍ നിക്ഷേപിക്കുന്നതിനുള്ള പ്രധാനതടസ്സം ഇന്ത്യന്‍ ബൗദ്ധിക സ്വത്തവകാശനിയമമാണെന്ന് വ്യക്തമാക്കിയ ഹണ്ടര്‍, അന്താരാഷ്ട്ര മരുന്ന് കമ്പനികളുടെ നിരവധി ഔഷധങ്ങളുടെ പേറ്റന്റിന് നേരെ കടന്നാക്രമണം നടത്തുകയോ ഇല്ലാതാക്കുകയോ ആണ് ഇന്ത്യ ചെയ്യുന്നതെന്ന ആക്ഷേപവും ഉന്നയിച്ചു.നമ്മുടെ രാജ്യത്ത് 1970ല്‍ പേറ്റന്റ് നിയമം നിലവില്‍ വരികയും 1972ല്‍ നിയമം പ്രാബല്യത്തിലാവുകയും ചെയ്തു. അതോടെ ഉല്‍പ്പന്ന പേറ്റന്റിനുപകരം പ്രക്രിയാ പേറ്റന്റ് നിലവില്‍വന്നു. ഇതോടെ ഏതൊരു മരുന്നും വ്യത്യസ്ത ഉല്‍പ്പാദനരീതികളിലൂടെ നിര്‍മിക്കാന്‍ മരുന്നുകമ്പനികള്‍ക്ക് അവസരം ലഭിച്ചു. വിവിധ ഔഷധങ്ങളിന്മേല്‍ വന്‍കിട കമ്പനികള്‍ക്കുണ്ടായിരുന്ന കുത്തകാവകാശം ഇല്ലാതാവുകയും ഇന്ത്യന്‍കമ്പനികള്‍ തനതുമാര്‍ഗത്തിലൂടെ ഈ ഔഷധങ്ങള്‍ നിര്‍മിക്കുന്ന സ്ഥിതിവിശേഷം സംജാതമാവുകയും ചെയ്തു. പുതിയ നയത്തോടെ രാജ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍രംഗം വലിയ വളര്‍ച്ച കൈവരിക്കുകയും കര്‍ശനമായ വിലനിയന്ത്രണസംവിധാനത്തിലൂടെ മരുന്നുവില നിയന്ത്രിതമാവുകയും ചെയ്തു. പേറ്റന്റ് നിയമത്തിന്റെ പിന്‍ബലത്തില്‍, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ ബഹുരാഷ്ട്ര ഭീമന്മാര്‍ ഉല്‍പ്പാദിപ്പിക്കുന്ന ബ്രാന്‍ഡഡ് മരുന്നിനെ അപേക്ഷിച്ച് തുച്ഛമായ വിലയ്ക്ക് ജനറിക് മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ച് വിപണനം ചെയ്യാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ കമ്പനികള്‍ ആഗോളകുത്തകകള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തി.അന്താരാഷ്ട്രകമ്പോളത്തിലും വന്‍ സ്വാധീനം ചെലുത്താന്‍ ഇന്ത്യന്‍ മരുന്ന് കമ്പനികള്‍ക്ക് സാധിച്ചു. "ഡോക്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സ്' എന്ന അന്താരാഷ്ട്ര സംഘടന 2000ല്‍ തായ്ലന്‍ഡിലും ദക്ഷിണാഫ്രിക്കയിലും കാമറൂണിലും എയ്ഡ്സ് രോഗത്തിനുള്ള ചികിത്സ ആരംഭിച്ച ഘട്ടത്തില്‍ എയ്ഡ്സ് മരുന്നിന് ഒരുവര്‍ഷത്തേക്ക് 10,000 അമേരിക്കന്‍ ഡോളറായിരുന്നു വില. തൊട്ടടുത്ത വര്‍ഷമാണ് ഇന്ത്യന്‍ മരുന്നുകമ്പനികള്‍ എയ്ഡ്സ് ചികിത്സയ്ക്കുള്ള ജനറിക് മരുന്ന് ഉല്‍പ്പാദിപ്പിക്കാന്‍ ആരംഭിച്ചത്. അതോടെ മരുന്നുവില 96 ശതമാനമാണ് കുറഞ്ഞത്. ഈ മരുന്നിന്റെ ഇപ്പോഴത്തെ വില (ഒരുവര്‍ഷത്തേക്ക്) 140 അമേരിക്കന്‍ ഡോളറാണ്. ഇന്ത്യന്‍ നിര്‍മിത മരുന്ന് ഉപയോഗിച്ച്&ഹറൂൗീ;ഡോക്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സ് ഇന്നിപ്പോള്‍ 24 രാജ്യങ്ങളില്‍ സൗജന്യ എയ്ഡ്സ് ചികിത്സ നടത്തുന്നുണ്ട്. എയ്ഡ്സ് രോഗം നിയന്ത്രണവിധേയമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് ചെലവുകുറഞ്ഞ ഇന്ത്യന്‍ ഔഷധമാണെന്നത് സാര്‍വദേശീയമായി അംഗീകാരംനേടിയ വസ്തുതയാണ്. വികസ്വരരാജ്യങ്ങളുടെ ഫാര്‍മസി എന്ന് ഇന്ത്യന്‍ ഔഷധമേഖല വിശേഷിപ്പിക്കപ്പെട്ടത് ഇക്കാരണത്താലാണ്. അമേരിക്കയില്‍പ്പോലും ഇന്ത്യന്‍ കമ്പനികള്‍ക്ക് വന്‍സ്വാധീനമുണ്ടാക്കാന്‍ ഈ നയത്തിലൂടെ സാധിച്ചു.അമേരിക്കന്‍ ആഭ്യന്തര ഔഷധവിപണിയില്‍ 40 ശതമാനത്തോളം ഇന്ത്യന്‍ കമ്പനികളുടെ ജനറിക് മരുന്നുകളാണ് വിറ്റഴിക്കുന്നത്. സാമ്രാജ്യത്വസമ്മര്‍ദത്തിന് വഴങ്ങി ഡബ്ല്യുടിഒ കരാറില്‍ ഒപ്പുവച്ചതോടെ സ്ഥിതിഗതികളാകെ തകിടംമറിഞ്ഞു. ലോകവ്യാപാരസംഘടനയുടെ ഉറുഗ്വേവട്ട ചര്‍ച്ചകളെത്തുടര്‍ന്ന് അംഗീകരിക്കപ്പെട്ട വ്യാപാരസംബന്ധിയായ ബൗദ്ധിക സ്വത്തവകാശ കരാര്‍ (ട്രിപ്സ്- എഗ്രിമെന്റ് ഓണ്‍ ട്രേഡ് റിലേറ്റഡ് ആസ്പെക്ട്സ് ഓഫ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ്) നിലവില്‍ വന്നതോടെയാണ് പേറ്റന്റ് നിയമം ഭേദഗതി ചെയ്യുന്നതിനുള്ള സമ്മര്‍ദം ശക്തിപ്പെട്ടത്. ഇതേതുടര്‍ന്ന് 1970ലെ പേറ്റന്റ് നിയമം തുടര്‍ച്ചയായി ഭേദഗതിചെയ്തു. 2005ലെ ഭേദഗതിയോടെ ട്രിപ്സ് ഉടമ്പടിക്കനുസൃതമായി ഉല്‍പ്പന്ന പേറ്റന്റ് സമ്പ്രദായം പുനഃസ്ഥാപിച്ചു. ഔഷധരംഗത്തെ വന്‍കിട ഭീമന്മാര്‍ക്ക് കുത്തകാധിപത്യം സ്ഥാപിക്കുന്നതിന് ഇത് വഴിയൊരുക്കി. അവശ്യമരുന്നുകളുടെ അനിയന്ത്രിതമായ വിലക്കയറ്റമായിരുന്നു ഇതിന്റെ ഫലം. പ്രക്രിയാ പേറ്റന്റ് വ്യവസ്ഥ ഉപേക്ഷിച്ച് ഉല്‍പ്പന്ന പേറ്റന്റ് നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭേദഗതി എന്‍ഡിഎ സര്‍ക്കാരാണ് തയ്യാറാക്കിയത്. ഈ പേറ്റന്റ് നിയമഭേദഗതി ബില്‍ അതേപടി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന സമീപനമാണ് തുടര്‍ന്നുവന്ന ഒന്നാം യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചത്.എന്‍ഡിഎ സര്‍ക്കാര്‍ തയ്യാറാക്കിയ ബില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ നിയമമാക്കാന്‍ ശ്രമിച്ചപ്പോള്‍ ഇടതുപക്ഷം ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. ഇടതുപക്ഷ എതിര്‍പ്പിനെ അവഗണിച്ച് പ്രക്രിയാ പേറ്റന്റ് സമ്പ്രദായം ഉപേക്ഷിച്ച് ഉല്‍പ്പന്ന പേറ്റന്റ് രീതി ഇന്ത്യന്‍ പേറ്റന്റ് നിയമത്തിന്റെ ഭാഗമാക്കാന്‍ രാജ്യത്തെ വലതുപക്ഷത്തിന് സാധിച്ചു. എന്നാല്‍, ഇടതുസമ്മര്‍ദത്തെ തുടര്‍ന്ന് 13 ഭേദഗതികള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി. നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥ, 3ഡി വകുപ്പ്, പേറ്റന്റ് അനുവദിക്കുമ്പോള്‍ മൂന്നാംകക്ഷിക്ക് എതിര്‍തടസ്സവാദമുന്നയിക്കാനുള്ള അവകാശം ഉള്‍പ്പെടെയുള്ള സുപ്രധാന വ്യവസ്ഥകളാണ് ഇടതുസമ്മര്‍ദത്തിന്റെ ഫലമായി ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടത്.ഉല്‍പ്പന്ന പേറ്റന്റ് ലഭിച്ച ഒരു കമ്പനി മരുന്നിന്റെ കുത്തകാവകാശം ഉപയോഗിച്ച് വന്‍തോതില്‍ വിലവര്‍ധിപ്പിച്ചും മറ്റും പേറ്റന്റ് അധികാരം ദുരുപയോഗംചെയ്യുന്ന സ്ഥിതി ഉണ്ടാകുമ്പോള്‍ സര്‍ക്കാരിന് ഇടപെടാനുള്ള അധികാരംനല്‍കുന്ന വ്യവസ്ഥയാണ് നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥ. പേറ്റന്റ് അധികാരമുള്ള കമ്പനിയുടെ അനുമതിയില്ലാതെ അടിയന്തര സാഹചര്യങ്ങളില്‍ പ്രസ്തുത മരുന്ന് നിര്‍മിക്കുന്നതിന് ആഭ്യന്തര മരുന്നുകമ്പനികള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള അധികാരമാണ് ഇതുവഴി സര്‍ക്കാരിന് ലഭിക്കുക. ഇത്തരത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്ന അടിയന്തര സാഹചര്യമേതെന്ന് നിശ്ചയിക്കാനുള്ള അധികാരവും അതാത് രാജ്യങ്ങള്‍ക്കുണ്ടെന്ന് ലോകവ്യാപാര സംഘടനയുടെ ദോഹവട്ട സമ്മേളനത്തില്‍ വ്യക്തത വരുത്തിയതാണ്. പേറ്റന്റ് അധികാരം അനന്തമായി നിലനിര്‍ത്തുന്നതിന് മരുന്നുകമ്പനികള്‍ നടത്തുന്ന സൂത്രപ്പണികളെ തടയുന്നതിന് പര്യാപ്തമായ വ്യവസ്ഥയാണ് 3ഡി വകുപ്പ്. മരുന്നിന്റെ രാസഘടനയില്‍ ചികിത്സാപരമായി ഒരു പ്രാധാന്യവുമില്ലാത്ത (മോളിക്യൂള്‍ മാറ്റം) നിസ്സാരമായ മാറ്റങ്ങള്‍ വരുത്തി പുതിയ കണ്ടുപിടുത്തമെന്നവകാശപ്പെട്ട് പേറ്റന്റ് അധികാരം എക്കാലത്തും നിലനിര്‍ത്തുന്ന മരുന്നുകമ്പനികളുടെ കുതന്ത്രം 3ഡി വ്യവസ്ഥ കാരണം ഇന്ത്യയില്‍ നടക്കാതായി. രാസമാറ്റം വരുത്തിയ ഇത്തരം മരുന്നുകള്‍ക്ക് പേറ്റന്റ് തരപ്പെടുത്താന്‍ ഇതോടെ ഔഷധഭീമന്മാര്‍ക്ക് സാധിക്കാതെ വന്നു.ഇടതുസമ്മര്‍ദത്തെ തുടര്‍ന്ന് നിലനിര്‍ത്തിയ 3ഡി വ്യവസ്ഥയനുസരിച്ചാണ് 2012ല്‍ അമേരിക്കന്‍ ഔഷധഭീമനായ പി-ഫൈസര്‍ കമ്പനിയുടെ ക്യാന്‍സര്‍ മരുന്നായ സുറ്റെന്റിന് പേറ്റന്റ് നല്‍കണമെന്ന അപേക്ഷ ഇന്ത്യ നിരസിച്ചത്. ഇതേവര്‍ഷംതന്നെ ജര്‍മന്‍ ഔഷധകുത്തകയായ ബെയറിന്റെ ലിവര്‍ ക്യാന്‍സറിന് ഉപയോഗിക്കുന്ന നെക്സാവര്‍ മരുന്നിന്റെ ജനറിക് പതിപ്പ് ഉല്‍പ്പാദിപ്പിക്കാന്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാറ്റ്കോക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.ബെയര്‍ കമ്പനിയുടെ ഒരു മാസത്തേക്കുള്ള നെക്സാവര്‍ മരുന്നിന് 2,80,000 രൂപ ഈടാക്കിയ സാഹചര്യത്തിലാണ് പേറ്റന്റ് നിയമത്തിലെ നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥ ഉപയോഗിച്ച് ലിവര്‍ക്യാന്‍സര്‍ മരുന്ന് നിര്‍മിക്കാന്‍ നാറ്റ്കോയെ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ലിവര്‍ ക്യാന്‍സര്‍ മരുന്ന് 8,800 രൂപയ്ക്കാണ് (ഒരുമാസത്തേക്ക്) നാറ്റ്കോ വിതരണം ചെയ്യുന്നത്. ഇതേ ഘട്ടത്തിലാണ് സ്വിസ് കമ്പനി നോവാര്‍ടിസിന്റെ ക്യാന്‍സര്‍ മരുന്നായ ഗ്ലൈവെകിന്റെ പേറ്റന്റ് അപേക്ഷ നിരസിക്കപ്പെട്ടതും നോവാര്‍ടീസ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കേസ് തള്ളപ്പെട്ടതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നതും.ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ ഇത്തരം വ്യവസ്ഥകള്‍ ഉപയോഗിച്ച് ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തു നടന്ന ഇടപെടലുകള്‍ പാശ്ചാത്യ- അമേരിക്കന്‍ ഔഷധഭീമന്മാരെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. അമേരിക്കന്‍ ഭരണകൂടവും വിവിധ ചേംബറുകളും ഭീഷണികളുള്‍പ്പെടെയുള്ള സമ്മര്‍ദതന്ത്രങ്ങളുമായി രംഗത്തുവന്നു. അമേരിക്കന്‍ മരുന്നുകമ്പനികള്‍ നിര്‍ബന്ധിത ലൈസന്‍സിങ് രീതിക്കെതിരായും ഇന്ത്യന്‍ നിര്‍മിത മരുന്നുകള്‍ നിലവാരമില്ലാത്തതാണെന്നും മറ്റും ആക്ഷേപിച്ച് തുടര്‍ച്ചയായ കുപ്രചാരണം നടത്തുകയാണ്.അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ആഗോള ബൗദ്ധിക സ്വത്തവകാശ കേന്ദ്രം (ഗ്ലോബല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി സെന്റര്‍) ഇന്ത്യക്കെതിരെ കടുത്ത ആക്ഷേപങ്ങളുമായാണ് രംഗത്തെത്തിയത്. ലോകത്തില്‍ ഏറ്റവും ദുര്‍ബലമായ ബൗദ്ധിക സ്വത്തവകാശ സംരക്ഷണം ലഭിക്കുന്ന രാജ്യം ഇന്ത്യയാണത്രെ. അമേരിക്കന്‍ വ്യാപാരികളുടെ സംഘടനയായ യുഎസ്ടിആര്‍ (യുണൈറ്റഡ് സ്റ്റേറ്റ് ട്രേഡ് റെപ്രസന്ററ്റീവ്സ്) ഇന്ത്യക്കെതിരെ തുടര്‍ച്ചയായ ഭീഷണി മുഴക്കുകയാണ്. ഇന്ത്യക്കെതിരെ വ്യാപാര ഉപരോധം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പാണ് യുഎസ്ടിആര്‍ നല്‍കിയത്. അമേരിക്കയിലെ അന്താരാഷ്ട്ര വ്യാപാര കമീഷന്‍ (യുഎസ്ഐടിസി) ഇന്ത്യന്‍ പേറ്റന്റ് നിയമത്തിനെതിരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ അന്വേഷിക്കുന്നതിന് തീരുമാനിച്ചു."ഇന്ത്യന്‍ വ്യാപാര, വ്യവസായ, നിക്ഷേപ നയങ്ങളും അത് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയിലുണ്ടാക്കുന്ന പ്രത്യാഘാതവും' എന്ന പേരില്‍ യുഎസ്ഐടിസി നടത്തിയ അന്വേഷണങ്ങളോട് സഹകരിക്കേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥ അന്താരാഷ്ട്ര കരാറിന് (ട്രിപ്സ്) അനുസൃതമാണെന്നും ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ ആക്ഷേപങ്ങള്‍ അടഞ്ഞ അധ്യായമാണെന്നുമുള്ള നിലപാടാണ് ഈ ഘട്ടത്തിലെല്ലാം ഇന്ത്യ സ്വീകരിച്ചുപോന്നത്. ഈ നിലപാടിന് കടകവിരുദ്ധമായി അമേരിക്കന്‍ സമ്മര്‍ദത്തിന് മുന്നില്‍ അടച്ച അധ്യായം വീണ്ടും തുറക്കുന്നതിനാണ് നരേന്ദ്രമോഡി തയ്യാറായത്. ഇന്ത്യന്‍ ബൗദ്ധിക സ്വത്തവകാശനിയമത്തെ സംബന്ധിച്ച പ്രശ്നത്തില്‍ അമേരിക്കന്‍ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തിയുള്ള യോജിച്ച സമിതി പ്രഖ്യാപനം അമേരിക്കന്‍ ഭരണകൂടത്തിന് ഇന്ത്യന്‍ നയരൂപീകരണത്തില്‍ ഇടപെടാന്‍ അവസരമൊരുക്കലാണ്. രാജ്യത്തിന്റെ ആഭ്യന്തരനയരൂപീകരണത്തില്‍ ഇടപെടാന്‍ അമേരിക്കപോലൊരു വിദേശരാജ്യത്തിന് ലഭിക്കുന്ന അവസരം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ബൗദ്ധിക സ്വത്തവകാശനയത്തില്‍ ഇടപെടാന്‍ അനുവദിക്കുകവഴി രാജ്യത്തിന്റെ പരമാധികാരമാണ് അപകടത്തിലാവുന്നത്.(അവസാനിക്കുന്നില്ല) Read on deshabhimani.com

Related News