ബദലിനായുള്ള പോരാട്ടം ശക്തിപ്പെടുത്തും



ജനാധിപത്യവും ജനാധിപത്യാവകാശങ്ങളും ഭരണഘടന പ്രദാനംചെയ്യുന്ന പരിമിതമായ അവകാശങ്ങള്‍പോലും രാജ്യത്തെ ഭരണവര്‍ഗങ്ങളുടെ കൈയില്‍ സുരക്ഷിതമല്ല; കാരണം സ്വന്തം താല്‍പ്പര്യസംരക്ഷണത്തിന് ആവശ്യമായി വരുമ്പോഴെല്ലാം ഭരണവര്‍ഗങ്ങള്‍ ജനാധിപത്യത്തെ കടന്നാക്രമിക്കാനും ജനാധിപത്യലംഘനങ്ങള്‍ നടത്താനും തയ്യാറാകുന്ന പ്രവണതയുണ്ട്. 1972ല്‍ പാര്‍ടിയുടെ ഒമ്പതാം കോണ്‍ഗ്രസില്‍, ആസന്നമായ ഏകകക്ഷി സ്വേച്ഛാധിപത്യത്തിന്റെ വിപത്തിനെതിരെ താക്കീത് നല്‍കിയ ആദ്യത്തെ പാര്‍ടി ആയിരുന്നു സിപിഐ എം. 1971 മുതല്‍ പശ്ചിമബംഗാളില്‍ നടമാടിയ അര്‍ധഫാസിസ്റ്റ് ഭീകരതയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ടി അത് പറഞ്ഞത്. ഇന്ദിരാഗാന്ധി ഗവണ്‍മെന്റിന്റെയും സംസ്ഥാന ഭരണയന്ത്രത്തിന്റെയും പിന്തുണ ആ ഭീകരതയ്ക്കുണ്ടായിരുന്നു. 1975 ജൂണില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ച ആ കാലഘട്ടത്തില്‍ ജനാധിപത്യവും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തില്‍ സിപിഐ എം മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. അടിയന്തരാവസ്ഥ വാഴ്ചക്കെതിരെ പാര്‍ടി പൊരുതി, ഈ കാലത്ത് പാര്‍ടിയുടെ നൂറുകണക്കിന് നേതാക്കളും കേഡര്‍മാരും ജയിലിലടയ്ക്കപ്പെട്ടു. എന്നാല്‍, ജനാധിപത്യത്തിനുമേലുള്ള കടന്നാക്രമണത്തെ എതിര്‍ക്കുന്നതിന് മറ്റ് ജനാധിപത്യശക്തികളുമായി പാര്‍ടി അണിചേര്‍ന്നു. അതുകൊണ്ടാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ പാര്‍ടി വര്‍ധിതമായ അന്തസ്സോടെയും അംഗീകാരത്തോടെയും ഉയര്‍ന്നുവന്നത്. അഖിലേന്ത്യാ തലത്തില്‍ അടിയന്തരാവസ്ഥയ്ക്കെതിരെയും അര്‍ധഫാസിസ്റ്റ് ഭീകരതയ്ക്കെതിരെയും പൊരുതിയതിന്റെ പശ്ചാത്തലത്തിലായിരുന്നു സിപിഐ എമ്മും ഇടതുമുന്നണിയും 1977ല്‍ ആദ്യമായി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.ജനാധിപത്യത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ പലപ്പോഴും സിപിഐ എമ്മിനും ഇടതുപക്ഷത്തിനും എതിരെ കേന്ദ്രീകരിക്കുകയാണുണ്ടായത്. പശ്ചിമബംഗാളിലെ അര്‍ധഫാസിസ്റ്റ് ഭീകരതയ്ക്കു ശേഷം, 1988നും 1993നും ഇടയ്ക്ക് ത്രിപുരയില്‍ ഭീകരതയുടേതായ ഒരു കാലഘട്ടമായിരുന്നു. 2011 മുതല്‍ പശ്ചിമബംഗാള്‍ വീണ്ടും വ്യാപകമായ ഭീകരതയും ജനാധിപത്യാവകാശങ്ങളുടെ ലംഘനവും നേരിടുകയാണ്. ജനാധിപത്യാവകാശങ്ങളെയും ചെങ്കൊടിയെയും സംരക്ഷിക്കുന്നതിനായി നൂറുകണക്കിന് സഖാക്കള്‍ ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ട്.ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിച്ചതിന്റെ സമ്പന്നമായ അനുഭവമുണ്ട്. ഈ രംഗത്ത് സിപിഐ എം ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. സിപിഐ എം രൂപീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന്, പാര്‍ലമെന്ററി വേദികളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നത് സംബന്ധിച്ചും സംസ്ഥാന ഗവണ്‍മെന്റുകളിലെ പങ്കാളിത്തം സംബന്ധിച്ചും സൃഷ്ടിപരമായ ഒരു സമീപനത്തിന് പാര്‍ടി രൂപം നല്‍കുകയുണ്ടായി. ഇതു സംബന്ധിച്ച അടവുപരമായ മാര്‍ഗനിര്‍ദേശം പാര്‍ടി പരിപാടിയില്‍തന്നെ നല്‍കിയിട്ടുണ്ട്. 1957ലെ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ അനുഭവത്തെയാണ് അത് ആധാരമാക്കിയത്. നിയമസഭയില്‍ ഇടതുപക്ഷ ജനാധിപത്യശക്തികള്‍ ശക്തമായ സാന്നിധ്യമായിരിക്കുന്നിടത്തുമാത്രമേ സിപിഐ എം സംസ്ഥാന ഗവണ്‍മെന്റുകളില്‍ ചേരുകയുള്ളൂ. ബൂര്‍ഷ്വ-ഭൂപ്രഭു സംവിധാനത്തിനുള്ളില്‍ നിന്നുകൊണ്ട് ജനങ്ങള്‍ക്ക് സാധ്യമായ എല്ലാ ആശ്വാസങ്ങളും നല്‍കുമ്പോള്‍തന്നെ ബഹുജനസമരങ്ങളും ജനാധിപത്യപ്രസ്ഥാനവും വികസിപ്പിക്കുന്നതിനുള്ള സഹായം എന്ന നിലയിലാണ് സംസ്ഥാന ഗവണ്‍മെന്റുകളിലെ പങ്കാളിത്തത്തെ പാര്‍ടി കാണുന്നത്.1967-70ല്‍ പശ്ചിമബംഗാളിലും കേരളത്തിലും ഐക്യമുന്നണി ഗവണ്‍മെന്റുകള്‍ രൂപീകരിച്ചപ്പോള്‍ സിപിഐ എം ഇത് പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിച്ചു.1977 ല്‍ പശ്ചിമബംഗാളിലും തുടര്‍ന്ന് കേരളത്തിലും ത്രിപുരയിലും സിപിഐ എം നേതൃത്വത്തില്‍ ഇടതുമുന്നണി ഗവണ്‍മെന്റുകള്‍ രൂപീകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തത്, ബൂര്‍ഷ്വാ ഭൂപ്രഭുനയങ്ങള്‍ക്കെതിരായ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായി (സംസ്ഥാന ഗവണ്‍മെന്റുകളുടെ പരിമിതിക്കുള്ളില്‍നിന്ന്) ഇടതുപക്ഷ-ജനാധിപത്യപ്രസ്ഥാനത്തെ വളര്‍ത്തിക്കൊണ്ടു വരിക എന്ന സുപ്രധാന കടമയുടെ ഭാഗമായിട്ടായിരുന്നു.ഭൂപരിഷ്കരണം, അധികാരവികേന്ദ്രീകരണം, കൂട്ടായ പ്രക്ഷോഭങ്ങള്‍ക്ക് അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍, മതനിരപേക്ഷതയുടെ സംരക്ഷണം എന്നീ രംഗങ്ങളില്‍ ഈ ഗവണ്‍മെന്റുകള്‍ കൈവരിച്ച നേട്ടങ്ങള്‍ ഇടതുപക്ഷ-ജനാധിപത്യ അജന്‍ഡയുടെ മുന്നോട്ടുപോക്കിന് വലിയ സംഭാവന നല്‍കുകയുണ്ടായി.സിപിഐ എം ഏറ്റെടുത്തിട്ടുള്ള ഒരു അനുബന്ധ രാഷ്ട്രീയ പരിപാടി ഫെഡറലിസത്തിന്റേതാണ്. ദേശീയപ്രശ്നം സംബന്ധിച്ച പാര്‍ടിയുടെ ധാരണപ്രകാരം ഇന്ത്യ ബഹുദേശീയ രാജ്യമാണ്. ഇന്ത്യന്‍ യൂണിയന്റെ ഐക്യം ഫെഡറല്‍ സംവിധാനത്തില്‍ മാത്രമേ ശക്തിപ്പെടുത്താനാകൂ. സാമ്പത്തിക-സാമൂഹികവികാസത്തില്‍ വിവിധ ഭാഷാദേശീയതകളെ താന്താങ്ങളുടെ അര്‍ഹമായ വിഹിതം നേടിയെടുക്കാന്‍ അനുവദിക്കുന്നതാണ് ഫെഡറല്‍ സംവിധാനം. ഫെഡറല്‍ രാഷ്ട്രീയഘടന ഉണ്ടാകേണ്ടത് ആവശ്യമാണ്.പ്രാദേശിക-ഭാഷാ-വംശീയ സങ്കുചിതവാദശക്തികളെ ചെറുത്തുകൊണ്ട് ജനങ്ങളുടെ ഐക്യത്തിനായും ഫെഡറലിസത്തിനായും വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന ശക്തിയാണ് സിപിഐ എം. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ ശിഥിലീകരണശക്തികള്‍ സജീവമായിരുന്നപ്പോള്‍, സിപിഐ എം ദേശീയഐക്യത്തിനായി ഉറച്ചുനിന്നു. ശിഥിലീകരണശക്തികള്‍ക്കെതിരായ പോരാട്ടങ്ങളില്‍ സിപിഐ എമ്മിന്റെ നൂറുകണക്കിന് സഖാക്കളാണ് പഞ്ചാബിലും അസമിലും ത്രിപുരയിലും ജമ്മു കശ്മീരിലും ജീവന്‍ ബലിയര്‍പ്പിച്ചത്. കേന്ദ്ര സംസ്ഥാന ബന്ധങ്ങളില്‍ പൊളിച്ചെഴുത്ത് നടത്തണമെന്ന വിഷയത്തിലും പാര്‍ടി നിര്‍ണായകമായ പങ്ക് വഹിച്ചു. ഇടതുപക്ഷ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകളാണ് ഈ വിഷയത്തില്‍ നടന്ന നീക്കങ്ങളെ കൂട്ടിയോജിപ്പിച്ചത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച് ഒരു പൊതുനിലപാടിന് രൂപം നല്‍കുന്നതില്‍ പാര്‍ടി സുപ്രധാന പങ്കുവഹിച്ചു. 1983ല്‍ 15 പാര്‍ടികള്‍ പങ്കെടുത്ത ശ്രീനഗര്‍ സമ്മേളനത്തിലെ പ്രസംഗങ്ങളില്‍ ഇത് കാണാനാവും.വര്‍ഗീയതയ്ക്കെതിരായി അല്‍പ്പവും വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് നിരന്തരം കൈക്കൊള്ളുന്ന ശക്തിയാണ് സിപിഐ എം. ചരിത്രപരമായി ബ്രിട്ടീഷ് വാഴ്ചക്കെതിരായ പോരാട്ടത്തിന്റെ നാളുകളില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുള്ള ആയുധം എന്ന നിലയിലാണ് സാമ്രാജ്യത്വശക്തികള്‍ മതവര്‍ഗീയതയെ ഉപയോഗിച്ചത്. വിഭജനത്തിന്റെ നാളുകള്‍ വര്‍ഗീയഭ്രാന്തിനെ നേരിടുന്നതില്‍ ഉറച്ച നിലപാടെടുത്ത മഹനീയ പാരമ്പര്യമാണ് കമ്യൂണിസ്റ്റുകാര്‍ക്കുള്ളത്. എണ്ണത്തില്‍ കുറവായിരുന്നെങ്കിലും കമ്യൂണിസ്റ്റുകാര്‍ അക്രമങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുകയും അക്രമാസക്തരായ ജനക്കൂട്ടങ്ങളില്‍നിന്നുള്ള ആക്രമണങ്ങള്‍ക്ക് വിധേയരായവരെ രക്ഷപ്പെടുത്തുന്നതിന് രംഗത്തിറങ്ങുകയും ചെയ്തു. പില്‍ക്കാലത്ത്, സ്വതന്ത്ര ഇന്ത്യയില്‍ വര്‍ഗീയ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടപ്പോഴെല്ലാം ആക്രമണവിധേയരായവരെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്. ആ പാരമ്പര്യമാണ്, 1970ല്‍ തലശേരിയില്‍ വര്‍ഗീയ അക്രമത്തിനിടയില്‍, ആക്രമിക്കപ്പെട്ട മുസ്ലിം പള്ളി രക്ഷിക്കുന്നതിനിടയില്‍ കേരളത്തിലെ യു കെ കുഞ്ഞിരാമന്‍ എന്ന സിപിഐ എം നേതാവ് കൊല്ലപ്പെട്ടതില്‍ കാണാനാവുന്നത്. മതനിരപേക്ഷതയുടെ തത്വത്തോട് സിപിഐ എമ്മിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളത്. മതത്തെയും ഭരണകൂടത്തെയും രാഷ്ട്രീയത്തെയും വേറിട്ടുനിര്‍ത്തുക എന്നാണ് മതനിരപേക്ഷത എന്നതുകൊണ്ടര്‍ഥമാക്കുന്നത്. നാനാവിധത്തിലുള്ള ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന ബൂര്‍ഷ്വാ പാര്‍ടികളില്‍നിന്ന് വ്യത്യസ്തമായി വര്‍ഗീയശക്തികള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ സിപിഐ എം പൂര്‍ണമായും എതിര്‍ക്കുകയാണ്.1980കളുടെ ഒടുവില്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ ഭീഷണി ഉയര്‍ന്നുവന്നപ്പോള്‍ സിപിഐ എം ആയിരുന്നു ആര്‍എസ്എസ്-ബിജെപി കൂട്ടുകെട്ടാണ് ഈ ഭീഷണിയെ പ്രതിനിധാനംചെയ്യുന്നത് എന്ന് ചൂണ്ടിക്കാണിച്ചത്. ഹിന്ദുത്വ ശക്തികളെ ചെറുക്കുന്നതിനും അവയെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുന്നതിനും പാര്‍ടി അവിശ്രമം പ്രവര്‍ത്തിച്ചിട്ടുണ്ട്. നവലിബറല്‍ അജന്‍ഡയുമായി മുന്നോട്ടുപോകാന്‍ പ്രതിബദ്ധതയുള്ള ഒരു പാര്‍ടി എന്ന നിലയില്‍ ബിജെപിയെ വീക്ഷിക്കുന്ന വന്‍കിട ബൂര്‍ഷ്വാസിയുടെയും കോര്‍പറേറ്റുകളുടെയും താല്‍പ്പര്യങ്ങളോട് ഉദ്ഗ്രഥിക്കപ്പെടുന്നതെന്ന നിലയിലാണ് ബിജെപിയുടെ വളര്‍ച്ചയെയും അധികാരാരോഹണത്തെയും പാര്‍ടി കാണുന്നത്. അതുകൊണ്ടാണ് നവലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടത്തെയും ഭൂരിപക്ഷവര്‍ഗീയതക്കെതിരായ പോരാട്ടത്തെയും പരസ്പരബന്ധമുള്ളതായി സിപിഐ എം വീക്ഷിക്കുന്നത്. രാഷ്ട്രീയ നഭോമണ്ഡലത്തിലാകെ നോക്കിയാല്‍, സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും മാത്രമാണ്, ബിജെപിയുമായും വര്‍ഗീയശക്തികളുമായും തെരഞ്ഞെടുപ്പ് നേട്ടത്തിനായോ രാഷ്ട്രീയനേട്ടത്തിനായോ ഇതേവരെ സന്ധി ചെയ്തിട്ടില്ലാത്തത്.കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളില്‍ സിപിഐ എം ആണ് ഇന്ത്യയ്ക്ക് രാഷ്ട്രീയാടിസ്ഥാനത്തില്‍ ഒരു ബദല്‍ വികസനപാത ഉയര്‍ത്തിപ്പിടിച്ച ഗണനീയമായ ഏകശക്തി-സാമൂഹികമായും സാമ്പത്തികമായും നീതിയുക്തവും രാഷ്ട്രീയമായി ജനാധിപത്യപരവുമായതാണ് ഈ ബദല്‍. ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് ഉയര്‍ന്നുവന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം, തുല്യതയും നീതിയും എന്നിങ്ങനെയുള്ള എല്ലാ മുഖ്യവിഷയങ്ങളിലും സിപിഐ എം തനതായ വേറിട്ട സംഭാവന നല്‍കിയിട്ടുണ്ട്.അടുത്തകാലത്ത് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും ഗുരുതരമായ തിരിച്ചടി ഏല്‍ക്കേണ്ടതായിവന്നു. വലതുപക്ഷ മുന്നേറ്റം ബിജെപി ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നതിനിടയാക്കി. കോര്‍പറേറ്റ് വാഴ്ചയുടെയും ഹിന്ദുത്വത്തിന്റെയും ഇരട്ടശക്തികളെയാണ് ഈ ഗവണ്‍മെന്റ് പ്രതിനിധാനംചെയ്യുന്നത്. മതനിരപേക്ഷ ജനാധിപത്യത്തിനും അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ക്കും ബദല്‍ നയങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തിന് ശക്തമായ സിപിഐ എമ്മും ഇടതുപക്ഷവും അനുപേക്ഷണീയമാണ്. ഈ വെല്ലുവിളി തികഞ്ഞ ആത്മവിശ്വാസത്തോടെ പാര്‍ടി ഏറ്റെടുക്കുകയാണ്. 2015 ഏപ്രിലില്‍ ചേരുന്ന പാര്‍ടിയുടെ 21-ാം കോണ്‍ഗ്രസിന് മുന്നോടിയായി, ഈ പുതിയ രാഷ്ട്രീയ സാഹചര്യത്തെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി പുതിയൊരു രാഷ്ട്രീയ അടവുനയത്തിന് കേന്ദ്രകമ്മിറ്റി രൂപം നല്‍കുകയാണ്. നവലിബറല്‍ മുതലാളിത്തത്തിന്റേതായ രണ്ട് ദശകത്തിലേറെക്കാലം ഇന്ത്യന്‍ സമൂഹത്തിലും വര്‍ഗങ്ങളിലും സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് മൂര്‍ത്തമായ പഠനം അതില്‍ നടത്തിയിരിക്കുന്നു. സംഘടനയ്ക്കും ജനങ്ങള്‍ക്കിടയിലെ അതിന്റെ പ്രവര്‍ത്തനത്തിനും പാര്‍ടി കോണ്‍ഗ്രസ് ഒരു പുതിയ ദിശാബോധം പ്രദാനംചെയ്യും.നമ്മുടെ ഭരണവര്‍ഗങ്ങള്‍ അംഗീകരിച്ചിരിക്കുന്ന നവലിബറല്‍ മാതൃകയിലൂടെ കൂടുതല്‍ കൊള്ളയടിക്കല്‍ സ്വഭാവത്തോടുകൂടിയ മുതലാളിത്തപ്രക്രിയ നടപ്പാക്കുന്നതിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ അസമത്വങ്ങള്‍ കുത്തനെ വര്‍ധിപ്പിക്കുകയാണ്. ലോകത്തിലെ അതിസമ്പന്നരായ ചില ആളുകള്‍ ഇന്ത്യയില്‍ ഉണ്ടെന്നതിനൊപ്പംതന്നെ ലോകത്തില്‍ ഏറ്റവും അധികം ദരിദ്രരുള്ള നാടുമാണ് ഇന്ത്യ. സോഷ്യലിസത്തിലേക്ക് നയിക്കുന്ന ബദല്‍ പാതയ്ക്കുവേണ്ടിയുള്ള പോരാട്ടം അതീവദുഷ്കരവും പ്രയാസങ്ങള്‍ നിറഞ്ഞതുമായ സമരമായിരിക്കും.സിപിഐ എം നിലവില്‍ വന്നതിന്റെ 50-ാംവാര്‍ഷികം അടയാളപ്പെടുത്തുന്ന ഈ വേളയില്‍ ആത്മവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും ഈ ലക്ഷ്യം കൈവരിക്കുന്നതിന് നാം സ്വയം പുനരര്‍പ്പിക്കുകയാണ്.(അവസാനിച്ചു) Read on deshabhimani.com

Related News