പോരാട്ടത്തിന്റെ അമ്പതുവര്‍ഷം
നവംബര്‍ അഞ്ചിന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കേരള കൗമുദിയില്‍ എഴുതിയ ലേഖനത്തിന് മറുപടിയെന്ന നിലയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ എഴുതിയ മറുപടി വായിച്ചു. ഭിന്നിപ്പ് ദുരന്തമായിരുന്നുവെന്ന തന്റെ വാദം ആവര്‍ത്തിച്ച് സ്ഥാപിക്കാനാണ് രവീന്ദ്രന്‍ ശ്രമിക്കുന്നത്. പോരാട്ടത്തിന്റെയും വളര്‍ച്ചയുടെയും അമ്പതാംവാര്‍ഷികം ദുരന്തത്തിന്റെ അമ്പതാംവാര്‍ഷികമായി വിലകുറച്ചുകാണിക്കാനുള്ള ഒരു സഹോദരപാര്‍ടിയുടെ വൃഥാശ്രമം കണ്ടില്ലെന്ന് കരുതി വഴിമാറിപ്പോകാന്‍ സാധ്യമല്ല. 1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ടിയിലുണ്ടായ ഭിന്നിപ്പ് ദുരന്തമായിരുന്നു എന്നു സ്ഥാപിക്കാന്‍ സന്ദര്‍ഭത്തില്‍നിന്നടര്‍ത്തിയെടുത്ത കേവലം ദുരന്തം എന്ന വാക്കുകൊണ്ടുള്ള അഭ്യാസം ഫലശൂന്യമാണെന്നു ചൂണ്ടിക്കാണിക്കാതിരിക്കാന്‍ വയ്യ. ഭിന്നിപ്പ് എന്ന പദം സന്ദര്‍ഭത്തില്‍നിന്നടര്‍ത്തിയെടുത്താല്‍ ഗുണമാണെന്നാരും പറയില്ല. ഭിന്നിപ്പാണോ ഗുണം ഒന്നിക്കുന്നതാണോ ഗുണം എന്ന ചോദ്യം മാത്രമുന്നയിച്ചാല്‍ ഒന്നിക്കുന്നതാണ് നല്ലതെന്ന കേവലസത്യം ആരും നിഷേധിക്കാനിടയില്ല. ഭിന്നിച്ചാല്‍ തകരും, ഒന്നിച്ചാല്‍ നില്‍ക്കും എന്ന് കുട്ടികളെ പഠിപ്പിക്കാന്‍ ഒരധ്യാപകന്‍ ഒരു ദിവസം ക്ലാസ്മുറിയില്‍ പ്രവേശിച്ചത് ഒരുകെട്ട് ഈര്‍ക്കിലുമായാണ്. ക്ലാസില്‍ ഒരു കുട്ടിയെ വിളിച്ചടുത്തുനിര്‍ത്തി കെട്ടില്‍നിന്ന് ഒരീര്‍ക്കില്‍ വലിച്ചെടുത്ത് കൈയില്‍ കൊടുത്തു. കുട്ടിയോട് അതൊടിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ ക്ഷണനേരംകൊണ്ട് ഒടിച്ചുകാണിച്ചു. അടുത്തനിമിഷം ഈര്‍ക്കില്‍ക്കെട്ടപ്പാടെ കൈയില്‍കൊടുത്ത് ഒടിക്കാന്‍ നിര്‍ദേശിച്ചു. കുട്ടി എത്ര ശ്രമിച്ചിട്ടും ഒടിക്കാനോ പൊട്ടിക്കാനോ കഴിഞ്ഞില്ല. ഇങ്ങനെയാണ് ഒന്നിക്കുന്നതാണ് നല്ലതെന്നും ഭിന്നിപ്പിക്കുന്നത് ദോഷമാണെന്നും ഗുരുനാഥന്‍ കുട്ടികളെ ബോധ്യപ്പെടുത്തിയത്്. ഈ അര്‍ഥത്തില്‍ ചോദിച്ചാല്‍ ഭിന്നിപ്പ് ദോഷമാണെന്ന് ആരും പറയും. അങ്ങനെ കേവലമായ അര്‍ഥത്തില്‍ കാര്യങ്ങളെ കണ്ട് തീര്‍പ്പുപ്രഖ്യാപിക്കുന്നതല്ല മാര്‍ക്സിസത്തിന്റെ രീതി.മാര്‍ക്സിസം- ലെനിനിസമാണല്ലോ വിപ്ലവത്തിന് വഴികാട്ടി. മാര്‍ക്സിസത്തിന്റെ അന്തസ്സത്ത വര്‍ഗസമരസിദ്ധാന്തമാണ്. വര്‍ഗസഹകരണസിദ്ധാന്തത്തില്‍നിന്ന് തികച്ചും ഭിന്നമാണ് വര്‍ഗസമരസിദ്ധാന്തം. മാര്‍ക്സിന്റെ ദര്‍ശനം നമ്മെ പഠിപ്പിക്കുന്നത് കാര്യത്തിന് കാരണമുണ്ടെന്നാണ്. കാരണവും കാര്യവും പരസ്പരബന്ധിതമാണ്. തീയുണ്ടെങ്കിലേ പുകയുണ്ടാകൂ എന്ന് പറയാറുണ്ട്. ഭിന്നിപ്പ് കേവലമായ ഒന്നല്ല. ഭിന്നിപ്പിനു കാരണമുണ്ടാകണം. അതുകൊണ്ടുതന്നെ 1964ലെ ഭിന്നിപ്പിനു മതിയായ കാരണമുണ്ടായിരുന്നോ, ഉണ്ടെങ്കില്‍ ഭിന്നിക്കാന്‍ കാരണമെന്താണ്, ഭിന്നിപ്പ് അനിവാര്യമായിരുന്നോ? എങ്കില്‍ ഭിന്നിപ്പിന് കാരണക്കാരാരാണ്? ഇങ്ങനെ ഓരോന്നും കാര്യകാരണസഹിതം പരിശോധിക്കുന്നതും കണ്ടെത്തുന്നതുമാണ് മാര്‍ക്സിസ്റ്റ് രീതി. അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ടിയില്‍ 1964ല്‍ ഭിന്നിപ്പുണ്ടായത് ഒരു ദശാബ്ദകാലത്തെ ഉള്‍പ്പാര്‍ടി സമരത്തിന്റെ ഫലമായാണ്. 10 വര്‍ഷവും ഭിന്നിക്കാതെ ഒന്നിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഭിന്നിപ്പിന്റെ തുടക്കം 1953ലെ മൂന്നാംപാര്‍ടി കോണ്‍ഗ്രസിലാണ്. 1956ല്‍ പാലക്കാട്ട് ചേര്‍ന്ന നാലാം പാര്‍ടി കോണ്‍ഗ്രസില്‍ ഭിന്നിപ്പ് ശക്തിപ്പെട്ടു. പാര്‍ടി ജനറല്‍സെക്രട്ടറി അജയഘോഷ് ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചു. പി സി ജോഷിയുടെ നേതൃത്വത്തില്‍ ഏതാനും സഖാക്കള്‍ ബദല്‍നയം അവതരിപ്പിച്ചു. ബദല്‍നയം അവതരിപ്പിച്ചവര്‍ കോണ്‍ഗ്രസുമായി ഐക്യമുന്നണി രൂപീകരിക്കണമെന്നും കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരണം നടത്തണമെന്നും വാദിച്ചു. കോണ്‍ഗ്രസ് ബൂര്‍ഷ്വാപാര്‍ടിയാണെങ്കിലും ആവടി സോഷ്യലിസം അംഗീകരിച്ച പാര്‍ടിയാണ്. സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചത്. സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്‍ അംഗീകരിച്ച് നടപ്പാക്കിയ സാമ്പത്തികാസൂത്രണം, അതായത് പഞ്ചവത്സരപദ്ധതി 1951ല്‍ നെഹ്റുസര്‍ക്കാര്‍ അംഗീകരിച്ച് ഇന്ത്യയിലും നടപ്പാക്കിത്തുടങ്ങിയിരുന്നു. നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ദേശീയ ബൂര്‍ഷ്വാസിയുടെ പാര്‍ടിയാണ്. ദേശീയ ബൂര്‍ഷ്വാസിക്ക് സാമ്രാജ്യവിരുദ്ധവും കുത്തക വിരുദ്ധവും ഫ്യൂഡല്‍ വിരുദ്ധവുമായ താല്‍പ്പര്യമുണ്ട്. പിന്തിരിപ്പന്‍ ശക്തികളുടെ പാര്‍ടി സ്വതന്ത്രപാര്‍ടിയും ജനസംഘവുമാണ്. അതുകൊണ്ട് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി സോഷ്യലിസ്റ്റ് ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ കഴിയും എന്നതായിരുന്നു പി സി ജോഷിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ റിവിഷനിസ്റ്റ്വാദം. ഈ വാദം നാലാംപാര്‍ടി കോണ്‍ഗ്രസ് വോട്ടിനിട്ട് തള്ളി. പി സി ജോഷി, കെ ദാമോദരന്‍, ഭവാനിസെന്‍ തുടങ്ങിയവരുടെ ബദല്‍പ്രമേയത്തിന് മൂന്നിലൊന്ന് പ്രതിനിധികളുടെ പിന്‍തുണ ലഭിച്ചു. പ്രമേയം തള്ളപ്പെട്ടുവെങ്കിലും വലതുപക്ഷ അവസരവാദികള്‍ സ്വന്തം നിലപാടില്‍ ഉറച്ചുനിന്നു. 1961ല്‍ വിജയവാഡയില്‍ ചേര്‍ന്ന ആറാംപാര്‍ടി കോണ്‍ഗ്രസില്‍ ഇതേ അഭിപ്രായവ്യത്യാസം രൂക്ഷമായി. വര്‍ഗസഹകരണസിദ്ധാന്തവും വര്‍ഗസമരസിദ്ധാന്തവും പരസ്പരം ഏറ്റുമുട്ടി. ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല. ഒടുവില്‍ സോവിയറ്റ് കമ്യൂണിസ്റ്റ്പാര്‍ടിയുടെ പ്രതിനിധികള്‍ ഇടപെട്ടാണ് പിളര്‍പ്പൊഴിവാക്കി ഒത്തുതീര്‍പ്പുണ്ടാക്കിയത്. അജയഘോഷിന്റെ ഉദ്ഘാടനപ്രസംഗത്തില്‍ ചില്ലറ ഭേദഗതി വരുത്തി അത് ആറാം പാര്‍ടികോണ്‍ഗ്രസിന്റെ പ്രമേയമായി അംഗീകരിച്ചു. മറ്റെല്ലാം പിന്‍വലിച്ചു. യഥാര്‍ഥത്തില്‍ ഏച്ചുകൂട്ടിയ യോജിപ്പാണ് വിജയവാഡാ കോണ്‍ഗ്രസില്‍ രൂപപ്പെടുത്തിയത്. ഇതേ കാലഘട്ടത്തിലാണ് സാര്‍വദേശീയ കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിലും ഭിന്നിപ്പുണ്ടായത്. സാര്‍വദേശീയ രംഗത്തുള്ള ഭിന്നിപ്പല്ല ഇന്ത്യയിലെ അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ടിയിലെ പിളര്‍പ്പിന് വഴിവച്ചത് എന്ന സത്യം തറപ്പിച്ചുതന്നെ പറയാന്‍കഴിയും.രവീന്ദ്രന്‍ പറയുന്നത് 1964ല്‍ നടന്ന പാര്‍ടി രൂപീകരണത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ ഭിന്നിപ്പിനെ ന്യായീകരിച്ചുകൊണ്ട് വസ്തുതാവിരുദ്ധമായ കണ്ടെത്തലുകളാണ് പിണറായി വിജയന്‍ നടത്തിയിരിക്കുന്നത് എന്നാണ്. വസ്തുതാവിരുദ്ധമായ കാര്യമായി രവീന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യ-ചൈന തര്‍ക്കത്തില്‍ ഒരുവിഭാഗം സഖാക്കളെ ചൈനാചാരന്മാരായി മുദ്രകുത്തി ജയിലിലടയ്ക്കാന്‍ എസ് എ ഡാങ്കെ സഹായിച്ചുവെന്നത് നേരല്ല എന്നാണ്. രവീന്ദ്രന്റെ വാദം വസ്തുതാവിരുദ്ധമാണെന്ന് സ്ഥാപിക്കാന്‍ ഒരൊറ്റ ഉദാഹരണം മതി. രവീന്ദ്രന്‍ പറയുന്നത് അച്യുതമേനോന്‍, ടി വി തോമസ് എന്നിവരടക്കം ഡാങ്കെയെ അനുകൂലിക്കുന്ന ഏതാനും ചിലര്‍കൂടി ജയിലിലടയ്ക്കപ്പെട്ടുവെന്നാണ്. അച്യുതമേനോനെ തെറ്റായി അറസ്റ്റുചെയതുവെന്നത് വസ്തുതയാണ്. എന്നാല്‍, ഓര്‍ക്കേണ്ടതായ ഒരു കാര്യമുണ്ട്. 1962ല്‍ പാര്‍ടി ജനറല്‍സെക്രട്ടറി അജയഘോഷ് അന്തരിച്ചു. പകരം ഒരു ജനറല്‍സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിനായി നാഷണല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. പാര്‍ടി ജനറല്‍സെക്രട്ടറിയായി ഇ എം എസിന്റെ പേര് ഏകകണ്ഠമായി നിര്‍ദേശിക്കപ്പെട്ടു. അപ്പോഴാണ് എസ് എ ഡാങ്കെ രംഗത്തുവന്നത്. ഇ എം എസിനെ ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുക്കണമെങ്കില്‍ പാര്‍ടി ഭരണഘടനയിലില്ലാത്ത ചെയര്‍മാന്‍പദവി പുതുതായി സൃഷ്ടിക്കണമെന്ന് ഡാങ്കെയും കൂട്ടരും ശാഠ്യംപിടിച്ചു. യോജിപ്പിനുവേണ്ടി ഇ എം എസ് ഈ നിര്‍ദേശത്തെ അനുകൂലിച്ചു. അങ്ങനെ ഡാങ്കെ പാര്‍ടി ചെയര്‍മാനായി. ചെയര്‍മാനായി തെരഞ്ഞെടുക്കുമ്പോള്‍ താന്‍ അധ്യക്ഷപദവി അലങ്കരിക്കുകമാത്രമേ ചെയ്യൂ, പാര്‍ടി സെക്രട്ടറിക്കായിരിക്കും പൂര്‍ണാധികാരമെന്ന് ഡാങ്കെ സമ്മതിച്ചിരുന്നു. ഇന്ത്യ-ചൈന തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ പാര്‍ടിയില്‍ ചൈനാചാരന്മാരെന്ന് മുദ്രകുത്തി ഒരുവിഭാഗത്തെ തികച്ചും അന്യായമായി ജയിലിലടച്ചു. ഇ എം എസ് പാര്‍ടി സെക്രട്ടറി എന്ന നിലയിലും "ന്യൂ ഏജി'ന്റെ പത്രാധിപരെന്ന നിലയിലും ഒരു മുഖപ്രസംഗം തയ്യാറാക്കി പാര്‍ടി ഓഫീസില്‍ ഏല്‍പ്പിച്ചു. സഖാക്കളെ അന്യായമായി അറസ്റ്റുചെയ്ത് തടങ്കലില്‍ വച്ചതില്‍ പ്രതിഷേധിച്ചും സഖാക്കളെ ജയില്‍മോചിതരാക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള മുഖപ്രസംഗമായിരുന്നു എഴുതിക്കൊടുത്തത്. ന്യൂ ഏജ് അച്ചടിച്ച് പുറത്തുവന്നപ്പോള്‍ മുഖ്യപത്രാധിപരായ ഇ എം എസ് എഴുതിനല്‍കിയ മുഖപ്രസംഗം വെളിച്ചംകണ്ടില്ല. ഡാങ്കെ അധികാരം ദുര്‍വിനിയോഗം നടത്തിയാണ് മുഖപ്രസംഗം തടഞ്ഞുവച്ചത്. പാര്‍ടിനേതാക്കളെയും സഖാക്കളെയും അറസ്റ്റുചെയ്ത് തടങ്കലില്‍ വച്ചാല്‍ അവരെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിക്കേണ്ടതും വിട്ടയക്കണമെന്ന് ആവശ്യപ്പെടേണ്ടതും സാമാന്യമര്യാദയല്ലേ? അവര്‍ ജയിലില്‍ കിടന്നാല്‍ ആകാശം ഇടിഞ്ഞുവീഴില്ല എന്നാണ് ഡാങ്കെ പ്രതികരിച്ചത്. ഇതേ ഡാങ്കെയാണ് 1924ല്‍ കാണ്‍പൂര്‍ ഗൂഢാലോചനക്കേസില്‍ ജയിലില്‍ കഴിയുമ്പോള്‍ മാപ്പപേക്ഷിച്ച് ബ്രിട്ടീഷ് ഗവണ്‍മെന്റിന് കത്തയച്ചത്. കത്ത് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. രേഖാശേഖരത്തില്‍നിന്ന് കത്ത് കണ്ടെടുത്തു. പാര്‍ടി ചെയര്‍മാന്‍ ഡാങ്കെ കത്തെഴുതിയോ എന്ന് അന്വേഷിക്കണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്. അത് ചര്‍ച്ചചെയ്യാന്‍പോലും ഡാങ്കെ അനുവദിച്ചില്ല.ഡാങ്കെ മാപ്പെഴുതിക്കൊടുത്തുവെന്നത് ആഭ്യന്തരമന്ത്രി ഗുല്‍സാരിലാല്‍നന്ദ പാര്‍ടിയെ ഭിന്നിപ്പിക്കാന്‍ കള്ളക്കഥയുണ്ടാക്കിയതാണെന്നാണ് രവീന്ദ്രന്‍ പറയുന്നത്. ഡാങ്കെ പിന്നീട് സിപിഐയെ വഞ്ചിച്ച് പുറത്തുപോയി മകള്‍ റോസാ ദേശ്പാണ്ഡെയോടൊപ്പം കോണ്‍ഗ്രസിന്റെ അനുബന്ധമായി ഒരു കമ്യൂണിസ്റ്റ് പാര്‍ടി ഉണ്ടാക്കിയല്ലോ. അവസാനം ഡാങ്കെ എവിടെയാണെത്തിപ്പെട്ടത്? ഇതേ ഡാങ്കെയാണ് അടിയന്തരാവസ്ഥക്കാലത്ത് തൊഴിലാളികളുടെ മിനിമം ബോണസ് നാലുശതമാനമാക്കി വെട്ടിക്കുറച്ചപ്പോള്‍ അതിനെ അനുകൂലിച്ചതും ന്യായീകരിച്ചതും. അടിയന്തരാവസ്ഥ ഫാസിസ്റ്റുകള്‍ക്കെതിരെയാണെന്നായിരുന്നു സിപിഐ വാദിച്ചത്. ബിഹാറില്‍ ഫാസിസ്റ്റ്വിരുദ്ധ റാലിവരെ നടത്തി. സിപിഐ എം നേതാക്കളെ അടിയന്തരാവസ്ഥക്കാലത്ത് അച്യുതമേനോന്‍ മുഖ്യമന്ത്രിയായപ്പോള്‍ ജയിലിലടച്ചത് ശരിയാണെന്ന് വാദിക്കുമോ?1964ല്‍ പാര്‍ടി ഭിന്നിച്ചശേഷം 1965ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഐക്ക് മൂന്ന് സീറ്റും സിപിഐ എമ്മിന് 40 സീറ്റും കിട്ടിയത് ചൂണ്ടിക്കാണിച്ചപ്പോള്‍ ലീഗിന്റെയും മറ്റും പിന്തുണയോടെയാണ് മത്സരിച്ചതെന്ന് ഓര്‍മിപ്പിക്കുകയുണ്ടായി. ശരിയാണ്. ലീഗുമായി ചില നിയോജകമണ്ഡലങ്ങളില്‍ ധാരണയുണ്ടായിരുന്നു. സഖാക്കള്‍ ജയിലില്‍ കിടന്നപ്പോള്‍ അവരെ വിട്ടയക്കാന്‍ മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള പാര്‍ടികളാണ് ആവശ്യപ്പെട്ടത്. സ്വാഭാവികമായും "സങ്കടേ രക്ഷിക്കുന്ന മാനുഷനല്ലോ ബന്ധു' എന്ന ചൊല്ലനുസരിച്ച് സഖാക്കള്‍ ജയിലിലടയ്ക്കപ്പെട്ടപ്പോള്‍ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചവരുമായി യോജിച്ചതില്‍ തെറ്റൊന്നുമില്ല. ശരിയായിരുന്നു. അന്ന് ലീഗുമായി കൊടില്‍കൊണ്ടുപോലും തൊടാന്‍ പാടില്ലെന്ന് വാദിച്ച സിപിഐ രണ്ടുവര്‍ഷം കഴിയുന്നതിനുമുമ്പ് മുസ്ലിംലീഗുമായി ഐക്യമുന്നണിയില്‍ അണിനിരക്കാന്‍ തയ്യാറായി. സപ്തമുന്നണി ഒന്നിച്ചു മത്സരിച്ച് വമ്പിച്ച ഭൂരിപക്ഷം നേടി. കോണ്‍ഗ്രസിന്റെ സീറ്റ് കേവലം ഒമ്പതായി ചുരുങ്ങി. ഇതെല്ലാം അമ്പതുവര്‍ഷത്തിനകം നടന്നതാണ്. അമ്പത് വര്‍ഷത്തിനകം വര്‍ഗബഹുജനസംഘടനകള്‍ ശക്തിപ്പെട്ടു. സിപിഐ എം ശക്തിപ്പെട്ടതുകൊണ്ടാണ് കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ പാര്‍ടികളെ ഒന്നിപ്പിക്കാന്‍ കഴിഞ്ഞത്. 1964ല്‍ ഭിന്നിച്ചില്ലായിരുന്നെങ്കില്‍ ഞങ്ങളും അടിയന്തരാവസ്ഥയെ പിന്താങ്ങാന്‍ അച്ചടക്കത്തിന്റെപേരില്‍ നിര്‍ബന്ധിതരാകുമായിരുന്നില്ലേ എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. ആ ഗതികേടില്‍നിന്ന് രക്ഷപ്പെട്ടതും ഭിന്നിച്ചതുകൊണ്ടാണല്ലോ. ചുരുക്കത്തില്‍ മാര്‍ക്സിസം ലെനിനിസവും അതിന്റെ ജീവനായ വര്‍ഗസമരസിദ്ധാന്തവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു യഥാര്‍ഥ കമ്യൂണിസ്റ്റ് പാര്‍ടി ഇവിടെ നിലനിന്നത് പിളര്‍ന്നതുകൊണ്ടാണ്. ഭിന്നിപ്പിനെത്തുടര്‍ന്ന് പാര്‍ടിക്കുള്ള ബഹുജനപിന്തുണ വല്ലാതെ ഇടിഞ്ഞുപോയോ എന്ന കാര്യവും ഞങ്ങള്‍ പരിശോധിച്ചു. വസ്തുതാപരമായി പരിശോധിക്കുമ്പോള്‍ പിളര്‍പ്പിനുശേഷം 2004ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിനും സിപിഐയ്ക്കുംകൂടി 53 സീറ്റുകള്‍ ലഭിച്ചതായി കാണാം. ഭിന്നിപ്പിനുമുമ്പ് സിപിഐക്ക് 29 സീറ്റാണ് ലഭിച്ചത്. 1967ല്‍ സിപിഐക്ക് ലോക്സഭയില്‍ 23 സീറ്റ് ലഭിച്ചു. സിപിഐ എമ്മിന് ലഭിച്ചത് 19 സീറ്റാണ്. വോട്ട് 5.11ഉം 4.28 ശതമാനവും.2009ലും 2014ലും ഇടതുപക്ഷത്തിന് വലിയ തിരിച്ചടി നേരിടേണ്ടിവന്നു. അത് ഭിന്നിപ്പുകൊണ്ടല്ല. പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടിയാണ് അടിസ്ഥാന കാരണം. മറ്റു സംസ്ഥാനങ്ങളിലും ക്ഷീണമുണ്ടായെന്നത് വസ്തുതയാണ്. തിരിച്ചടിക്കുള്ള യഥാര്‍ഥ കാരണം കണ്ടെത്താനും തിരുത്താനും പാര്‍ടിയെ പൂര്‍വാധികം ശക്തിപ്പെടുത്താനുമാണ് പാര്‍ടി ശ്രമിക്കുന്നത്. അതോടൊപ്പം യോജിപ്പിന്റെ മേഖല കണ്ടെത്തി ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താനും വിപുലപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. ഒരുകാര്യംകൂടി സൂചിപ്പിക്കട്ടെ. പാര്‍ടിയുടെ വിപ്ലവതന്ത്രവും അടവും തമ്മിലുള്ള വേര്‍തിരിവുപോലും ഓര്‍ക്കാതെയുള്ള സംവാദമല്ലേ സുഹൃത്തുക്കള്‍ നടത്തുന്നതെന്ന സംശയവും തോന്നുന്നു. അടിയന്തരാവസ്ഥയെത്തുടര്‍ന്ന് ജനസംഘം ഉള്‍പ്പെടെ ലയിച്ച ജനതാപാര്‍ടി രൂപംകൊണ്ടു. 1977ലെ തെരഞ്ഞെടുപ്പില്‍ കെ ജി മാരാര്‍ക്ക് പിന്തുണ നല്‍കിയത് ജനതാപാര്‍ടിയുടെ സ്ഥാനാര്‍ഥിയെന്ന നിലയ്ക്കാണെന്നതുപോലും ഓര്‍ക്കാതെ അതും തിരുത്തണമെന്നു പറയുന്നത് ദുരൂഹമാണ്. സിപിഐ എം കോണ്‍ഗ്രസുമായോ ബിജെപിയുമായോ കൂട്ടുകൂടി ഭരണത്തില്‍ പങ്കെടുത്തിട്ടില്ല. 2004ല്‍ ബിജെപി അധികാരത്തില്‍വരുന്നത് തടയാന്‍ യുപിഎയ്ക്ക് പുറത്തുനിന്ന് നാലുവര്‍ഷം പിന്തുണ നല്‍കുകമാത്രമാണ് ചെയ്തത്. സിപിഐയാകട്ടെ കോണ്‍ഗ്രസുമായി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണം പങ്കിട്ടു. ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ജനസംഘത്തോടൊപ്പവും ഭരണം പങ്കുവച്ചു. ഇവിടെയാണ് വര്‍ഗസഹകരണത്തിന്റെ ആശയം പ്രാവര്‍ത്തികമാകുന്നത് എന്നതും ഓര്‍ക്കേണ്ടതാണ്. Read on deshabhimani.com