റാഫേല്‍ കരാറും മോഡിയുടെ മേക് ഇന്‍ ഇന്ത്യയും



കാലവും കഥാപാത്രങ്ങളും മാറിയിട്ടും കഥ മാറുന്നില്ല. ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ ഇടപാടുകള്‍ ഭരണരാഷ്ട്രീയ നേതാക്കള്‍ക്കും ആയുധവ്യാപാര ഇടനിലക്കാര്‍ക്കും അഴിമതിയുടെ ചാകരയായിരുന്നു. കാര്‍ഗില്‍ ശവപ്പെട്ടി കുംഭകോണം, ഇസ്രയേലി മിസൈല്‍ഇടപാട് അഴിമതി എന്നിവ മറക്കാറായിട്ടില്ല. ആയുധ ഇടപാടുകള്‍ക്ക് അനുമതി നല്‍കാന്‍ അന്നത്തെ ബിജെപി അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ നേരിട്ട് കോഴ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖം രക്ഷിക്കാന്‍ ബംഗാരു ലക്ഷ്മണിനെ അധ്യക്ഷപദവിയില്‍നിന്ന് നീക്കി. എന്നാല്‍, കാര്‍ഗില്‍യുദ്ധത്തിനിടെ കോടിക്കണക്കിന് രൂപയുടെ അനാവശ്യ ഇടപാടുകള്‍ നടന്നുവെന്ന വെളിപ്പെടുത്തലില്‍ ആരും ശിക്ഷിക്കപ്പെട്ടില്ല. രണ്ടായിരത്തില്‍പ്പരം കോടി രൂപയുടെ ശവപ്പെട്ടി കുംഭകോണക്കേസ് കോടതിയില്‍ എത്തിയെങ്കിലും അന്വേഷണത്തിലെ പാളിച്ചകള്‍ കാരണം പ്രതികള്‍ രക്ഷപ്പെട്ടു. തെളിവുകളുടെ അഭാവത്തില്‍ കോടതി പ്രതികളെ വെറുതെവിടുകയായിരുന്നു.യുപിഎ സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരായ ജനരോഷത്തിന്റെകൂടി പിന്‍ബലത്തിലാണ് മോഡി ഭരണത്തിലേറിയത്. എന്നാല്‍, മോഡിസര്‍ക്കാര്‍ ഒപ്പിട്ട ആദ്യ പ്രതിരോധ ഇടപാടുതന്നെ വിവാദമാവുകയാണ്. ഫ്രാന്‍സില്‍നിന്ന് 24,000 കോടി രൂപ ചെലവിട്ട് 36 റാഫേല്‍ യുദ്ധവിമാനം വാങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ആ രാജ്യം സന്ദര്‍ശിക്കവെ കരാറായി. ഇന്ത്യന്‍ വ്യോമസേന മതിയായ യുദ്ധോപകരണങ്ങളില്ലാതെ പരിതാപകരമായ അവസ്ഥയിലാണെന്നും ഇത്രയും വിമാനങ്ങളെങ്കിലും ഉടന്‍ വാങ്ങിയില്ലെങ്കില്‍ രാജ്യരക്ഷ അപകടത്തിലാകുമെന്നുമാണ് കരാറിന്റെ വക്താക്കള്‍ വാദിക്കുന്നത്. എന്നാല്‍, രാജ്യത്തിന്റെ പ്രതിരോധതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ കരാറില്‍ എത്തിയതെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. പ്രതിരോധവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് ഇന്ത്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ റാഫേല്‍ വിമാനങ്ങള്‍ക്ക് കഴിയില്ലെന്നാണ്. റാഫേലുമായി ഒപ്പിട്ട കരാറിനെ ദുരന്തമായാണ് പ്രതിരോധതന്ത്രജ്ഞനായ പ്രൊഫ. ഭരത് കര്‍ണാട് വിശേഷിപ്പിക്കുന്നത്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍പോലും താല്‍പ്പര്യം പ്രകടിപ്പിച്ചത് റഷ്യയുടെ എസ്യു- 30 എംകെഐ പോര്‍വിമാനങ്ങള്‍ വാങ്ങാനാണ്. റാഫേലിന്റെ നാലിലൊന്ന് വില മാത്രമാണ് ഇവയ്ക്കുള്ളത്. ഇന്ധനക്ഷമതയും പ്രവര്‍ത്തനമികവും പരിഗണിച്ചാലും എസ്യു ശ്രേണീ വിമാനങ്ങളാണ് മുന്നില്‍.ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം തിരസ്കരിച്ച വിമാനമാണ് റാഫേല്‍. ഫ്രാന്‍സ്പോലും ജര്‍മന്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ ഊര്‍ധ്വശ്വാസം വലിക്കുന്ന ഫ്രഞ്ച് വ്യോമയാനിര്‍മാണ വ്യവസായത്തിന് ജീവവായുവാണ് ഇന്ത്യയുമായുള്ള കരാറെന്ന് പ്രൊഫ. ഭരത് പറയുന്നു. ദസ്സാദ് കമ്പനിയാണ് റാഫേലിന്റെ നിര്‍മാതാക്കള്‍. അവര്‍ പ്രതിവര്‍ഷം 11 വിമാനംവീതമാണ് നിര്‍മിക്കുന്നത്. നിര്‍മാണവേഗം എത്ര കൂട്ടിയാലും 36 വിമാനം ലഭിക്കാന്‍ മൂന്നുവര്‍ഷം കാത്തിരിക്കണം. അടിയന്തരാവശ്യമെന്ന പേരില്‍ ഈ വിമാനം വാങ്ങുന്നതിന്റെ പൊള്ളത്തരം ഇതില്‍നിന്ന് വ്യക്തം. മേക് ഇന്‍ ഇന്ത്യ എന്ന പദ്ധതി കൊട്ടിഘോഷിക്കുന്ന മോഡി പറയുന്നത് പ്രതിരോധ ഉപകരണങ്ങളും ആഭ്യന്തരമായി നിര്‍മിക്കണമെന്നാണ്. എന്നാല്‍, ദസ്സാദ് ഇന്ത്യക്ക് റാഫേലിന്റെ സാങ്കേതികവിദ്യ കൈമാറാന്‍ തയ്യാറായിട്ടില്ല. നിര്‍മാണം പൂര്‍ണമായി ഫ്രാന്‍സില്‍ത്തന്നെ നടക്കും. മേക് ഇന്‍ ഇന്ത്യയുടെ പേരിലുള്ള മേനി നടിക്കല്‍ ഇവിടെ പൊളിയുന്നു. മൊത്തം 126 വിമാനം 1,20,000 കോടി രൂപയ്ക്ക് വാങ്ങാനുള്ള വിപുലീകൃത പദ്ധതിയും നിലവിലുണ്ട്. അപ്പോള്‍ നിര്‍മാണസാങ്കേതികവിദ്യയും കൈമാറുമെന്നാണ് വാദം. ഇന്ത്യന്‍ വ്യോമസേനയുടെ കൈവശം 27 ഇനം വിമാനങ്ങളുണ്ട്. ഇവയില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് റാഫേല്‍. ഇവ കൈകാര്യം ചെയ്യാനും പരിപാലിക്കാനുമുള്ള പരിശീലനത്തിനായി ഒട്ടേറെ സൈനികരെ ഫ്രാന്‍സിലേക്ക് അയക്കേണ്ടിവരും. ഇതിന്റെ ചെലവ് വേറെ. മറുവശത്ത് ഇതിന്റെയെല്ലാം ആശ്വാസം കിട്ടുന്നത് ഫ്രാന്‍സിനാണ്. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ദസ്സാദിന്റെ ഉയിര്‍പ്പിനുമാത്രമല്ല കളമൊരുങ്ങിയിരിക്കുന്നത്. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഫ്രാന്‍സിന് അടിച്ച ഭാഗ്യക്കുറിയാണ് ഈ ഇടപാട്. ബ്രസീല്‍, ദക്ഷിണകൊറിയ, സിംഗപ്പുര്‍ എന്നിവയടക്കമുള്ള രാജ്യങ്ങള്‍ റാഫേല്‍ വാങ്ങാനുള്ള ചര്‍ച്ചകളില്‍നിന്ന് പിന്‍വാങ്ങിയത് ഫ്രാന്‍സിനെ വല്ലാത്ത നിരാശയില്‍ തള്ളിയിരുന്നു. ഇനിയിപ്പോള്‍ ഇന്ത്യ വാങ്ങുന്നതിന്റെ പേരില്‍ ആയുധവ്യാപാര ഇടനിലക്കാര്‍ക്ക് മറ്റ് രാജ്യങ്ങളിലും സമ്മര്‍ദം ചെലുത്താം. ഇന്ത്യയുമായുള്ള ഇടപാടിന്റെ അടിസ്ഥാനത്തില്‍ത്തന്നെ ദസ്സാദിന് 8- 10 വര്‍ഷം ആയുസ്സ് നീട്ടിക്കിട്ടും. കാലം തെളിയിച്ച സൗഹൃദമാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ളത്. അത് മറികടന്നാണ് അമേരിക്കയുടെ ശിങ്കിടിരാജ്യമായ ഫ്രാന്‍സുമായി പ്രതിരോധകരാറില്‍ ഏര്‍പ്പെടുന്നത്. ഇന്ത്യയിലെ ഏക പൊതുമേഖലാ വിമാനിര്‍മാണ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്എഎല്‍) മികച്ച പോര്‍വിമാനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയില്ലെന്ന് ആരോപിച്ചാണ് ഫ്രഞ്ച്വിമാനങ്ങള്‍ വാങ്ങുന്നത്. അപ്പോള്‍ റാഫേല്‍ഇടപാടിന്റെ രണ്ടാംഘട്ടത്തില്‍ നിര്‍മാണസാങ്കേതികവിദ്യ കൈമാറുമ്പോള്‍ വീണ്ടും പ്രശ്നമാകും. അഞ്ചു വര്‍ഷമെങ്കിലും കഴിഞ്ഞാണ് റാഫേല്‍ നിര്‍മാണസാങ്കേതികവിദ്യ ഇന്ത്യക്ക് ലഭിക്കുക. അപ്പോഴേക്കും ഇത് പഴഞ്ചനാകും. ഇതില്‍നിന്ന് പുതിയ വിദ്യ വികസിപ്പിക്കാന്‍ എച്ച്എഎല്ലിന് ബുദ്ധിമുട്ടേണ്ടിവരും. സ്വകാര്യമേഖലയില്‍ ഇത്രയും പണംമുടക്കി വിമാനിര്‍മാണ കമ്പനി ആരെങ്കിലും തുടങ്ങുമെന്ന് കരുതാന്‍ കഴിയില്ല. വീണ്ടും വിദേശത്തേക്ക് നോക്കേണ്ടിവരും. മേക് ഇന്‍ ഇന്ത്യ സ്വപ്നം മാത്രമായി തുടരും. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും കരാറിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കരാറുമായി മോഡിസര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ കോടതിയെ സമീപിക്കുമെന്നാണ് സ്വാമി പറയുന്നത്. സ്വാമിയുടെ ഉദ്ദേശ്യം എന്തുതന്നെയായാലും റാഫേല്‍ വിമാനങ്ങളുടെ വില, ഇന്ധനക്ഷമത, സാങ്കേതികവിദ്യ എന്നിവയെക്കുറിച്ച് അദ്ദേഹം പറയുന്നത് അവഗണിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ്സിങ് റാഫേല്‍ ഇടപാടിനെ പരിഹസിച്ചുവെങ്കിലും പാര്‍ടി ഔദ്യോഗികമായി കരാറിനെ പുകഴ്ത്തി. കാരണം, യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇതുസംബന്ധിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, അഴിമതികളില്‍ കൈപൊള്ളിയ യുപിഎ സര്‍ക്കാര്‍ തീരുമാനം എടുക്കാന്‍ മടിച്ചു. രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ ഈ അവസരം മുതലെടുക്കുകയാണ് $ Read on deshabhimani.com

Related News