പാർടിയെ തകർക്കാമെന്നത് വ്യാമോഹം - അഡ്വ. എ എം ആരിഫ് എഴുതുന്നു
‘ശത്രുവിനെ കൊല്ലണമെങ്കിൽ തലയ്ക്ക് അടിച്ചുകൊല്ലണം’ എന്നത് ഒരു പ്രയോഗമാണ്. ബംഗാളിൽ കമ്യൂണിസ്‌റ്റ് പാർടിക്കെതിരെ തീവ്രഇടതുപക്ഷംമുതൽ തീവ്രവലതുപക്ഷംവരെ ഒരു ചരടിൽ കോർത്ത സഖ്യമായി മാറിയിരുന്നു. യൂറോപ്പിൽ കമ്യൂണിസം പടരുന്നത് തടയാൻ മാർപാപ്പയും സാർ ചക്രവർത്തിയും മെറ്റർനിഹും ഗിസോവും ഫ്രഞ്ച് റാഡിക്കൽ കക്ഷിക്കാരും ജർമൻ പൊലീസ് ചാരൻമാരുമെല്ലാം സഖ്യത്തിൽ ഏർപ്പെട്ടിരുന്നു. ഒന്നാം യുപിഎ ഭരണകാലത്ത് ഇടതുപക്ഷ കക്ഷികൾ കൈവരിച്ച ശക്തി ദുർബലപ്പെടുത്തിയാലേ കോർപറേറ്റുകൾക്ക് ഭരണകൂടങ്ങളെ യഥേഷ്ടം നിയന്ത്രിക്കാനാകൂ എന്ന് മനസ്സിലാക്കിയാണ് ബംഗാളിൽ വിശാല കമ്യൂണിസ്റ്റ് വിരുദ്ധസഖ്യം രൂപപ്പെടുത്തിയത്. ദേശീയ, അന്തർദേശീയ മാധ്യമങ്ങൾ വഴി വലിയ പ്രചാരവേലയായിരുന്നു ബുദ്ധദേവ് ഗവൺമെന്റിന് എതിരായി അഴിച്ചുവിട്ടത്. ഒടുവിൽ ഇടതുപക്ഷത്തെ ദുർബലമാക്കി കോർപറേറ്റുകളും വർഗീയശക്തികളും ലക്ഷ്യം കണ്ടു. ത്രിപുരയിലും എല്ലാ വിധ്വംസകശക്തികളെയും കൂട്ടുപിടിച്ചാണ് ഇടതുപക്ഷത്തെ അധികാരത്തിൽനിന്നും നീക്കിയത്. വിചാരധാരയിലൂടെ ഗോൾവാൾക്കറും ആർഎസ്എസ് ജന്മദിന സന്ദേശത്തിലൂടെ സർ സംഘചാലക് മോഹൻ ഭാഗവതും പറഞ്ഞത് വൈദേശിക ആശയങ്ങളെ പ്രത്യേകിച്ച് മാർക്സിസത്തെ ഇല്ലാതാക്കിയാലേ അവർ ഉദ്ദേശിക്കുന്ന സംസ്കാരം ഇന്ത്യയിൽ പടർത്താൻ കഴിയൂ എന്നാണ്. ഇതു മുൻനിർത്തി അവരുടെ അടുത്തലക്ഷ്യം കേരളമാണ് എന്ന് സുവ്യക്തമായി പ്രഖ്യാപിച്ചു. ഉത്തരേന്ത്യയിലെപോലെ ക്രൈസ്‌തവരെയും മുസ്ലിങ്ങളെയും ആക്രമിച്ചു കീഴടക്കാൻ കേരളത്തിൽ തടസ്സമായി നിൽക്കുന്നത് മാർക്സിസ്റ്റുകാരാണെന്ന് അവർക്കറിയാം. അതുകൊണ്ട് മാർക്സിസ്‌റ്റുകാരെ ഇല്ലാതാക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദി‘മാർക്സിസ്റ്റ് രഹിത ഇന്ത്യ’യാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ പ്രതിപക്ഷത്തെ കൂട്ടിയോജിപ്പിക്കുന്നതിൽ കമ്യൂണിസ്റ്റുകാർ നിർണയകമായ പങ്കുവഹിക്കുന്നത് കൊണ്ടുതന്നെയാണ് ഇത് മോദിയുടെ അടിയന്തരലക്ഷ്യമായത്. കേന്ദ്രസർക്കാരിന്റെ നിതി ആയോഗ് വികസന സൂചികകളിലെല്ലാം തുടർച്ചയായ ഒന്നാംസ്ഥാനം നേടുന്ന സംസ്ഥാനമായി കേരളം മാറി. അസാധ്യമെന്ന് പ്രചരിപ്പിച്ചിരുന്ന ദേശീയപാത വികസനം, ഗ്യാസ് പൈപ്പ് ലൈൻ, വിഴിഞ്ഞം തുറമുഖം എന്നിങ്ങനെ വൻകിടപദ്ധതികൾ സാധ്യമായി. ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, സാമൂഹ്യക്ഷേമം, പശ്ചാത്തല വികസനം, കുടിവെള്ളം, വൈദ്യുതി, കാർഷിക വളർച്ച എന്നീ രംഗങ്ങളിൽ ഉൾപ്പെടെ വലിയ നേട്ടം കൈവരിച്ചു. ഈ നേട്ടങ്ങൾ കാരണം ഇനി ഇതെല്ലാം എത്താത്ത സംസ്ഥാനങ്ങൾക്ക് നൽകിയതിനുശേഷം കേരളത്തെ പരിഗണിച്ചാൽ മതിയെന്ന കേന്ദ്ര മാനദണ്ഡം വികസനത്തുടർച്ചയ്ക്കുള്ള സഹായങ്ങൾക്ക് കുറവ് വരുത്തുന്നതിന് ആയുധമാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. കേരള ജനതയുടെ പ്രയാസങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിച്ചുവരുന്ന സർക്കാരിനെ ഏതുവിധേനയും തകർത്തില്ലെങ്കിൽ മൂന്നാമൂഴവും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നാണ് കോൺഗ്രസ് ചിന്തിക്കുന്നത്. ‘ഒരു രാജ്യം ഒരു നികുതി സമ്പ്രദായം’ നടപ്പാക്കിയതിനെ തുടർന്ന്, സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരുന്ന നികുതി വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായി. പൂർണമായും കേന്ദ്രസർക്കാർ ചെലവഴിക്കേണ്ട ദേശീയപാത വികസനത്തിനായി സംസ്ഥാനം കടമെടുത്തു നൽകിയ പണം പോലും വായ്പ പരിധിയിൽ ഉൾപ്പെടുത്തി മുൻകാല പ്രാബല്യത്തോടെ പഴയ കടങ്ങൾ ഉൾക്കൊള്ളിച്ച് കേരളത്തെ ശ്വാസംമുട്ടിച്ച് പെൻഷൻ പദ്ധതികൾപോലും അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. വയനാട് ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളിൽപ്പോലും കേരളത്തെ സഹായിക്കാതെ ശത്രുരാജ്യത്തെപോലെ പെരുമാറുകയാണ്. ഈ ഘട്ടത്തിലും കേരള ജനതയുടെ പ്രയാസങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിച്ചുവരുന്ന സർക്കാരിനെ ഏതുവിധേനയും തകർത്തില്ലെങ്കിൽ മൂന്നാമൂഴവും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നാണ് കോൺഗ്രസ് ചിന്തിക്കുന്നത്. പ്രതിപക്ഷനിരയിലെ ഭിന്നത മുതലെടുത്തും കേന്ദ്രഅന്വേഷണ ഏജൻസികളെ ഉപയോഗിച്ചും സമുദായ സംഘടനകളെയും മാധ്യമങ്ങളെയും ഉപയോഗിച്ചും കേരളം പിടിക്കാനുള്ള ഭഗീരഥ യജ്ഞത്തിലാണ് ബിജെപി. അതിനായി നെഹ്റു കുടുംബത്തിൽനിന്നും മേനകഗാന്ധിയെയും ചില സിനിമാതാരങ്ങളെയും അണിനിരത്തി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതുപോലെ ആന്റണി–- കരുണാകര കുടുംബാംഗങ്ങളിലെയും സിനിമാരംഗത്തുള്ളവരെയും പ്രമുഖ ഉദ്യോഗസ്ഥരെയും മുൻനിർത്തി അധികാരത്തിൽ വരാനാകും എന്ന പ്രതീക്ഷയാണ് അവർക്കുള്ളത്. എല്ലാ വാർത്താ മാധ്യമങ്ങളും ഒന്നിച്ച് അണിനിരന്ന് എതിർത്തിട്ടും എൽഡിഎഫ് 90ൽ നിന്നും 99 സീറ്റായി വർധിപ്പിച്ചത് എൽഡിഎഫിനെ നയിച്ച പിണറായി വിജയന്റെ നേതൃഗുണം കൊണ്ടാണ് എന്ന് എല്ലാ കമ്യൂണിസ്റ്റ് വിരുദ്ധ കൂട്ടായ്മകൾക്കും മനസ്സിലായി. അതുകൊണ്ടുതന്നെ പിണറായിയെ തകർക്കാനുള്ള കൂട്ടായ്മ രൂപംകൊണ്ടു. കേന്ദ്രമന്ത്രിയായിരിക്കെ അനുരാഗ് സിങ് ഠാക്കൂർ വന്ന് ചില മാധ്യമങ്ങളെ ദൗത്യം ഏൽപ്പിച്ചു. അനുസരിക്കാത്തവരുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയും കോർപറേറ്റുകളുടെ പരസ്യം വാരിക്കോരി നൽകിയും സമൂഹമാധ്യമങ്ങളെയും ഓൺലൈൻ ചാനലുകളെയും ഒരേ ലക്ഷ്യത്തിൽ കോർത്തിണക്കി പിണറായി വിരുദ്ധയുദ്ധം അരങ്ങേറുകയാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ പരാജയം ഈ ആക്രമണത്തിന് മൂർച്ച കൂട്ടാനായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ആർഎസ്എസ് ഒളിഞ്ഞും തെളിഞ്ഞും എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന സംഘടനയാണ്. ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കി മാറ്റുന്നതോടൊപ്പം എല്ലാ മേഖലകളിലും ഹിന്ദുത്വം വളർത്താനും ശ്രമിക്കുകയാണ്. കേരളത്തിലും എല്ലാരംഗത്തും അവരുണ്ട്. സർവീസ് മേഖലയിൽ താലൂക്ക് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും പൊലീസ് സേനയിലും എല്ലാം ഇവർ ഉണ്ട്. അവരുടെ അടിസ്ഥാന ലക്ഷ്യം മുൻനിർത്തി അവർ എവിടെയും പ്രവർത്തിക്കും. പൊലീസ് സേനയിലെ റിക്രൂട്ട്മെന്റിന് അവർക്ക് വിലക്ക് ഏർപ്പെടുത്തുവാൻ ആകില്ലല്ലോ. ഉന്നത ഉദ്യോഗസ്ഥർക്ക് സ്വകാര്യതാൽപ്പര്യങ്ങൾ കാണും. അത്തരക്കാർ എല്ലാരംഗത്തും ഉണ്ട്. ചില ഘട്ടങ്ങളിൽ തിരിച്ച് ഉപകാരങ്ങൾ ചെയ്തുകൊടുക്കുന്നുണ്ടാകാം. അതൊക്കെ ഭരണനിർവഹണത്തെ ബാധിക്കുംവിധമായാൽ നടപടി സ്വീകരിക്കുകയേ വഴിയുള്ളൂ. അപ്രകാരമാണ് മുൻകാലത്ത് ചില പ്രമുഖഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്തിയത്. നിലവിൽ അപ്രകാരം ആരെങ്കിലുമുണ്ടെങ്കിൽ നടപടി ഉണ്ടാകും എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും തുടർ നടപടി സ്വീകരിച്ചിട്ടും മാധ്യമങ്ങൾ അടങ്ങുന്നില്ല. പി വി അൻവർ ഉന്നയിച്ച വിഷയങ്ങളിൽ അന്വേഷണം നടന്നു വരികയാണ്. നിഷ്കർഷിക്കുന്ന നടപടി ഉടനെ വേണമെന്ന പിടിവാശി നല്ലതല്ല. ഊഹാപോഹംവച്ച് നടപടി സാധ്യമല്ല. പാവപ്പെട്ടവന്റെയും സാധാരണക്കാരുടെയും പ്രസ്ഥാനത്തെ, വർഗീയതയ്ക്കെതിരായി ധീരമായ നിലപാട് എടുക്കുന്ന പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്ന കൈക്കോടാലിയായി അൻവർ മാറുന്നുവെന്നാണ് യാഥാർഥ്യം. Read on deshabhimani.com