1000 വോട്ടിന്... പിന്നിലാണ്...മലയാളി മറക്കാത്ത ശബ്ദം
തിരുവനന്തപുരം വാർത്തകളറിയാൻ റേഡിയോയെ ആശ്രയിച്ചിരുന്ന ലക്ഷക്കണക്കിന് മലയാളികൾക്കിടയിൽ എം രാമചന്ദ്രൻ മായാത്ത ശബ്ദമായി. ലോകം ഞെട്ടിയ ഒട്ടനവധി വാർത്തകൾ നാട് ഓർത്തിരിക്കുന്നത് രാമചന്ദ്രന്റെ ശബ്ദത്തിലായിരിക്കും. ‘ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചു’, ‘പെരുമണിൽ ട്രെയിൻ ദുരന്തം’ തുടങ്ങി എത്രയെത്ര വാർത്തകൾ. തെരഞ്ഞെടുപ്പുഫലം കേൾക്കാൻ റേഡിയോയുടെ മുന്നിൽ അണിനിരക്കുന്ന ലക്ഷങ്ങളെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന തന്ത്രവും രാമചന്ദ്രന്റെ ശൈലിയായിരുന്നു; ‘ .......- മണ്ഡലത്തിൽ .....- മുന്നണി സ്ഥാനാർഥി 1000 വോട്ടിന്...’ എന്ന് വായിച്ച് നിർത്തിയശേഷം ഏതാനും നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷമാണ് ‘പിന്നിലാണ് അല്ലെങ്കിൽ മുന്നിലാണ്, അതുമല്ലെങ്കിൽ ജയിച്ചു, പരാജയപ്പെട്ടു’ എന്ന് പറയുക. പിന്നീട് വാർത്താചാനലുകളും അദ്ദേഹത്തിന്റെ ഈ ശൈലി അനുകരിച്ചു."വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ' എന്ന ആമുഖം തന്നെ ഏറെ ആകർഷിച്ചിരുന്നു. അവതരണത്തിലെ പുത്തൻ മാതൃകയും ഊന്നലും ശബ്ദവ്യതിയാനവും പ്രസിദ്ധമാണ്. ഡൽഹി ആകാശവാണി ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറി വിഭാഗം തുടങ്ങിയപ്പോൾ മലയാളത്തിൽ അതവതരിപ്പിക്കാൻ രാമചന്ദ്രനെ തന്നെ തെരഞ്ഞെടുത്തതും അതുകൊണ്ടാണ്. അതാണ് മലയാളി മറക്കാത്ത ‘കൗതുക വാർത്തകൾ’. അതിന്റെ വേറിട്ട ശൈലി ആകാശവാണി വാർത്തയെ തന്നെ ജനപ്രിയമാക്കി. നിരവധി റേഡിയോ നാടകങ്ങളിൽ ശബ്ദം കൊടുത്തിട്ടുണ്ട്. ഏറെക്കാലം ശബരിമല മകരവിളക്ക് തത്സമയ റേഡിയോ കമന്ററി നടത്തിയിരുന്നു. ടെലിവിഷൻ കാലത്തും ശബ്ദവും ശൈലിയും മറ്റൊരുവിധത്തിൽ പ്രേക്ഷകർക്കുമുന്നിലെത്തി. കൈരളി ടിവിയിലെ ‘സാക്ഷി’ പരിപാടിക്ക് ശബ്ദം നൽകിയത് രാമചന്ദ്രൻ ആയിരുന്നു. "സാക്ഷിക്ക് എന്താ കൊമ്പുണ്ടോ' എന്ന ഒറ്റ വാക്യം മതി രാമചന്ദ്രനെ ടെലിവിഷൻ ആരാധകർക്ക് ഓർക്കാൻ. റേഡിയോയിൽ തുടങ്ങിയ ആ ശബ്ദജീവിതം ടെലിവിഷന്റെയും എഫ്‌എം സ്റ്റേഷനുകളുടെയും ആധുനികത അറിഞ്ഞിരുന്നു. 1993ൽ ആകാശവാണിയിൽനിന്ന് വിരമിച്ചശേഷം അങ്ങനെ എഫ്‌എം റേഡിയോയുടെ ഭാഗമാകാൻ റാസൽഖൈമയിലെത്തി. 1996ൽ തിരികെ കേരളത്തിലേക്ക് മടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ റേഡിയോജീവിതം അവസാനിച്ചില്ല. ഫാക്സ് വഴി കേരള വാർത്തകൾ യുഎഇയിലേക്ക് അയച്ചും ടെലിഫോൺ വഴി വാർത്ത വായിച്ചും മുന്നോട്ടുപോയി. എം രാമചന്ദ്രൻ വീണ്ടും ഗൾഫിലെത്തിയെന്ന് കേൾവിക്കാർ തെറ്റിദ്ധരിച്ചതും അങ്ങനെയാണ്. റേഡിയോയും ആകാശവാണി വാർത്തകളും മുഖ്യധാരയിൽനിന്ന് പടിയിറങ്ങിയെങ്കിലും രാമചന്ദ്രന്റെ ശബ്ദത്തിന് മലയാളിയുടെ മനസ്സിൽനിന്ന് പടിയിറക്കമില്ല. Read on deshabhimani.com