ഹരിതവിപ്ലവത്തിലേക്കുള്ള യാത്ര
രണ്ടാം ലോകയുദ്ധകാലത്ത്, കൃത്യമായി പറഞ്ഞാൽ 1943ൽ രാജ്യത്തുണ്ടായ ഏറ്റവും വലിയ സാമൂഹ്യ പ്രശ്‌നമായി ബംഗാൾ ക്ഷാമത്തെ വിലയിരുത്താം. അതിന്റെ കയ്‌പേറിയ അനുഭവങ്ങൾ നേരിട്ടുകണ്ട ഒരു പതിനെട്ടുകാരൻ തന്റെ കർമരംഗം വൈദ്യമല്ല, പകരം പട്ടിണി ചെറുക്കാൻ കാർഷികരംഗത്ത് ഇടപെടുകയാണ് വേണ്ടതെന്ന തിരിച്ചറിവിൽ കൃഷി പഠനഗവേഷണങ്ങളിലേക്ക് തിരിഞ്ഞു. അത് പിൽക്കാലത്ത് ലോകഭക്ഷ്യ വിപ്ലവത്തിനുതന്നെ നിദാനമാകുന്നതും ലോകംകണ്ടു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോകത്തിനു മുന്നിൽ അഭിമാനത്തോടെ എടുത്തുപറയുവാൻ കഴിയുന്ന ഒരു പേരായി ഡോ. എം എസ് സ്വാമിനാഥൻ മാറി. സ്വാതന്ത്ര്യാനന്തരം നമ്മുടെ കാർഷിക ഭക്ഷ്യരംഗത്തെ ഒട്ടുമിക്ക ഗവേഷണമികവുകൾക്കൊപ്പം ചേർത്തുവച്ച നാമം കൂടിയായിരുന്നു അത്. അസാധ്യം എന്നത് മനുഷ്യന്റെ മനസ്സിൽ എപ്പോഴും ഉണ്ടാകാം എന്നും അതിനെ നമ്മുടെ പരിശ്രമം കൊണ്ട്മറികടക്കാൻ ശ്രമിച്ചാൽ എന്തും നേടാം എന്നും പിതാവ് എം കെ സാംബശിവൻ സ്വാമിനാഥനെ ഉപദേശിച്ചിരുന്നു. പിതാവ് മരിച്ചപ്പോൾ റേഡിയോളജിസ്റ്റായ അമ്മാവൻ വൈദ്യരംഗത്തേക്ക് ശ്രദ്ധതിരിച്ചെങ്കിലും ബംഗാൾ ക്ഷാമം അദ്ദേഹത്തെ കാർഷികപഠനരംഗത്തേക്ക് നയിച്ചു. ബിരുദാനന്തര ബിരുദത്തിനായി ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നപ്പോഴും അവിടെനിന്ന് അമേരിക്കയിലെ വിസ്‌കോസിനിൽ ഫാക്കൽറ്റിയായി അവസരം ലഭിച്ചപ്പോഴും ഇന്ത്യയിലെ പട്ടിണി മാറ്റുവാൻ എന്തുചെയ്യാൻ കഴിയും എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. പിന്നീട് അദ്ദേഹത്തിന്റെ പ്രവർത്തനമണ്ഡലം ഇന്ത്യ ആയി. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായി അദ്ദേഹം അറിയപ്പെട്ടത് എന്തെങ്കിലും കുറച്ചു കണ്ടുപിടിത്തങ്ങൾ നടത്തിയതിന്റെ ഭാഗമായിട്ടായിരുന്നില്ല. ഇന്ത്യയുടെ കാലാവസ്ഥയ്ക്ക് തികച്ചും യോജിച്ചതും ഉൽപ്പാദനക്ഷമതകൂടിയതുമായ ഇനം നെൽച്ചെടികൾ വികസിപ്പിച്ചു. അത് രാജ്യത്തെ കർഷകർക്കാകമാനം ലഭ്യമാക്കി. ഒരർഥത്തിൽ അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ കാലത്തിനും മുമ്പേ സഞ്ചരിച്ചു. കാർഷിക ഗവേഷണങ്ങൾ ഇഴയുന്ന ഘട്ടത്തിലാണ് ഡോ. എം എസ് സ്വാമിനാഥൻ മറ്റു വികസിതരാജ്യങ്ങളിലെ വിദഗ്‌ധരുമായി ചേർന്നുകൊണ്ട് മുന്തിയ ഇനം ഭക്ഷ്യധാന്യങ്ങൾ വികസിപ്പിച്ചെടുത്തത്. അമേരിക്കൻ അഗ്രോണമിസ്റ്റായ നോർമാൻ ബോർലോഗുമായി ചേർന്ന് മെക്‌സിക്കൻ കുള്ളൻ ഗോതമ്പും ജാപ്പനീസ് ഇനവും ചേർന്ന് ഹൈബ്രിഡ് വെറൈറ്റി വികസിപ്പിച്ചു. കാർഷിക രംഗത്തെ യന്ത്രവൽക്കരണത്തിനും അദ്ദേഹത്തിന്റെ ഇടപെടലുകൾ സഹായകമായി. സുസ്ഥിരമായ ഒരു കാർഷിക സംസ്‌കാരം രൂപപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ തലമുറയ്ക്കപ്പുറം, വരും തലമുറയ്ക്കും ഭക്ഷ്യസുരക്ഷ നൽകുവാൻ കഴിയണമെന്ന ആശയം അവസാനത്തെ അഭിമുഖത്തിലും ഡോ. എം എസ് സ്വാമിനാഥൻ ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനത്തിന്റെയും കൃഷിനാശത്തിന്റെയും ഈ കാലത്ത് മറ്റൊരു പട്ടിണിക്കാലമുണ്ടാകാതിരിക്കാൻ അദ്ദേഹം നൽകിയ ആ മുന്നറിയിപ്പ് യുവശാസ്ത്രജ്ഞർ ഏറ്റെടുക്കണം. (കൊച്ചി സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസി. പ്രൊഫസറാണ് ലേഖകൻ ) Read on deshabhimani.com