മാധ്യമ വിശ്വാസ്യത ‘വെന്റിലേറ്ററി’ൽ



ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് ചില വാർത്താമാധ്യമങ്ങൾ ചെയ്യുന്നത്. വിശ്വാസ്യത കാക്കാനാകുന്നില്ലെങ്കിൽ പിന്നെ വൃത്താന്തങ്ങൾക്ക് എന്ത് പ്രസക്തി. എത്ര കൊണ്ടാലും എത്ര നാണം കെട്ടാലും അത് ഭൂഷണമായി കരുതുന്നവരോട് എന്ത് പറയാനാണ്. വീണ്ടുവിചാരം തരിമ്പെങ്കിലുമുള്ളവർ പച്ചക്കള്ളങ്ങൾ "സ്കൂപ്പാ’ യി അവതരിപ്പിക്കുമോ. എല്ലാം മറന്ന് ഒരുമിച്ചുനിൽക്കേണ്ട ദുരന്തവേളകൾവരെ രാഷ്ട്രീയവിളവെടുപ്പിന് ഉപയോഗിക്കുന്നവരെ എന്ത് പേരിട്ട് വിളിക്കണം. വയനാട്ടിലെ ദുരന്തബാധിതർക്ക് സാധ്യമായ എല്ലാ സഹായവുമെത്തിക്കാൻ  കൈമെയ് മറന്ന് ഉത്സാഹിക്കുന്നവർക്കു മുമ്പിൽ കൊഞ്ഞനംകുത്തുന്നതോ മാധ്യമപ്രവർത്തനം.  ഈ നികൃഷ്ടതയോ മാധ്യമധർമം. "നോസ് ഫോർ ന്യൂസ് ’ വേണ്ട, കഷ്ടം വയ്‌ക്കാനെങ്കിലും ഒരു മൂക്ക് വേണ്ടേ. ഉളുപ്പ് വേണ്ടേ അൽപ്പമെങ്കിലും. ഒരേ നുണ നൂറുപ്രാവശ്യം ആവർത്തിച്ചാൽ സത്യമായി ജനങ്ങൾ ധരിച്ചോളുമെന്ന സിദ്ധാന്തത്തിൽ അഭിരമിക്കുന്നവരോട് സഹതപിക്കുകയല്ലാതെ എന്ത് ചെയ്യും. മാധ്യമങ്ങൾ വിശ്വാസ്യത സ്വയം കളഞ്ഞുകുളിക്കുന്നത് ആശങ്കയുളവാക്കുന്ന പ്രവണതയാണ്. വാർത്താശേഖരണത്തിൽ, വെളിപ്പെടുത്തലിൽ യാദൃച്ഛികമായി പറ്റിപ്പോകുന്ന പിശകുകൾ പൊറുക്കാം. പക്ഷേ, അറിഞ്ഞുകൊണ്ട് ചെയ്യുന്നതോ. വസ്തുതകൾ ഉത്തരവാദപ്പെട്ടവർ ബോധ്യപ്പെടുത്തിയാലും തിരുത്തില്ലെന്ന് ശഠിച്ചാലോ. വ്യൂവർ ഷിപ്പ് റേറ്റിങ്ങോ വരിക്കാരുടെ എണ്ണമോ എത്ര ഉയർന്നാലും സത്യം തിരിച്ചറിയാൻ ജനങ്ങൾ വേറെ വഴി തേടും. അന്ധമായ എതിർപ്പിനും കലി തീർക്കലിനും പിറകെ അധികനാൾ ആളുകളെ കിട്ടില്ല. കമ്യൂണിസ്റ്റ് വിരുദ്ധജ്വരത്തിന്റെ മാരകമായ പിടിയിലമർന്നവരാണ് മലയാളത്തിലെ ബഹുഭൂരിഭാഗം മാധ്യമങ്ങളും മാധ്യമപ്രവർത്തകരും. ഈ യാഥാർഥ്യം വെളിവാക്കുന്ന നിരവധി തെളിവുകൾ നിത്യേനയെന്നോണം ചൂണ്ടിക്കാട്ടാനാകും. തരംനോക്കിയുള്ള കണ്ണുചിമ്മലും കൊച്ചാക്കലും പുകഴ്‌ത്തലും പർവതീകരണവുമെല്ലാം സഹിക്കാം. അത് ഓരോ മാധ്യമസ്ഥാപനത്തിന്റെയും താൽപ്പര്യമനുസരിച്ച് ചെയ്യുന്നതാണല്ലോ. ചെറിയ വളച്ചൊടിക്കലും വിട്ടുകളയലും ചെയ്യുന്നതും മനസ്സിലാക്കാം. എന്നാൽ, നട്ടാൽ മുളയ്ക്കാത്ത പെരുംനുണകൾ ആവേശപൂർവം ഏറ്റെടുത്ത് അതിൽ തൂങ്ങിനിൽക്കുന്നതോ. അത് ക്വട്ടേഷൻ സംഘ പ്രചാരവേലയായേ കാണാനാകൂ. മുഖ്യമന്ത്രിയുടെ ഓഫീസിനെ വട്ടമിട്ട് പറന്ന കേന്ദ്ര ഏജൻസികളെ നിരന്തരം വാഴ്‌ത്തിയവർ, ബിരിയാണിച്ചെമ്പിലും ഖുർആനിലും ഈത്തപ്പഴപ്പൊതിയിലും സ്വർണക്കട്ടി തെരഞ്ഞ് വിയർത്തവർ, സ്വപ്നയുടെ മധുമൊഴികൾ ഒപ്പിയെടുക്കാൻ അനവധി ദിവസങ്ങൾ അകമ്പടിപോയി തളർന്നവർ–-- ഇവരെല്ലാം  നടത്തുന്നത്‌ ‘മാന്യ’മായ മാധ്യമപ്രവർത്തനമാണത്രേ.  ഇവർ തന്നെ" മാപ്ര’കൾ. പക്ഷേ, ആയിരക്കണക്കിന് നാവുള്ള അനന്തന്മാർ എത്രവട്ടം ആവർത്തിച്ചാലും നുണകൾക്ക് പുതിയ കാലത്ത് ആയുസ്സ് കുറവാണ്. പെരുംകള്ളങ്ങളുടെ പേമാരി പരത്തുന്ന ഇരുട്ടിനെ വകഞ്ഞുമാറ്റി മുന്നേറാൻ നേരിന്റ നുറുങ്ങുവെട്ടത്തിന് കഴിയും. എന്നിട്ടും കരുതിക്കൂട്ടിയുള്ള ദുഷ്‌പ്രചാരവേലകൾ ശക്തിപ്പെടുത്തുകയാണ് മുഖ്യധാരാ വാർത്താമാധ്യമങ്ങൾ ഏറെയും. കാഴ്ചാനിരക്കും (വ്യൂവർഷിപ്പ് റേറ്റ്) ദിനപത്രങ്ങളുടെ പ്രചാരമികവും കൂടുന്നതനുസരിച്ച് ഏത് കാര്യത്തിലും പൊതുസമ്മതി ഉൽപ്പാദിപ്പിക്കാമെന്ന ധാരണ അവയുടെ തലപ്പത്തുള്ളവർ വച്ചുപുലർത്തുന്നു. നാടിന്റെ വളർച്ചയിലെ, എത്ര മറച്ചുവച്ചാലും തിളങ്ങുന്ന ചില ചരിത്രസത്യങ്ങൾ നിഷേധിക്കാനാകാതെ വരുമ്പോൾ അവർ പ്രയോഗിക്കുന്ന സൂത്രങ്ങൾ പലതും നമുക്കറിയാം. ആര് ഭരിച്ചാലും ഒരുപോലെ... എല്ലാ രാഷ്ട്രീയപാർടികളും കണക്കാ... നേതാക്കന്മാർ മിക്കവരും അഴിമതിക്കാരാണ് ... - എന്നൊക്കെ അവർ വാദിക്കും. അതിനൊക്കെ "ചുട്ട കോഴിയെ പറപ്പിക്കുന്ന’  എഴുത്തുകാരും അന്തിച്ചർച്ചക്കാരും അവർക്കുണ്ട്. എല്ലാവരേക്കാളും മേലെയാണ് തങ്ങളെന്ന ധാർഷ്ട്യം അഭിമാനമായി കരുതുന്ന അക്കൂട്ടരാകട്ടെ എന്ത് നെറികേടിനൊപ്പവും നിൽക്കാൻ സന്നദ്ധരുമാണ്. എന്നാൽ, പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ലെന്ന കവിവാക്യം കൂടുതൽ സാർഥകമായിവരികയാണിപ്പോൾ. മൂലധനതാൽപ്പര്യങ്ങൾക്ക് മേൽക്കൈ കുറഞ്ഞ നവമാധ്യമങ്ങളിലെ സാധാരണക്കാർവരെ നുണക്കോട്ടകളെ എയ്തുമറിക്കുന്നതിൽ മിടുക്കരാണ്. അവാസ്തവങ്ങളുടെ പ്രളയത്തിലും സത്യം മുങ്ങിപ്പോകാത്തത് ആ കൈത്താങ്ങു കൊണ്ടുകൂടിയാണല്ലോ. നമ്മുടെ നാട്-, കൊച്ചുകേരളം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് ഒട്ടേറെ കാര്യങ്ങളിൽ വ്യത്യസ്തമാണ്. സാമൂഹ്യ,- സാമ്പത്തിക പുരോഗതിയിൽ മാത്രമല്ല ഇത്. ആളുകളുടെ തന്റേടംമുതൽ ചിന്താശേഷിയിലും വിവേകത്തിലുംവരെ ഇത് പ്രകടമാണ്. ബ്രിട്ടീഷ് വാഴ്ചയ്‌ക്കെതിരെ പൊരുതി ധീര രക്തസാക്ഷിത്വം വരിച്ച കയ്യൂർ സഖാക്കൾമുതൽ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് പണ്ടേ പേരുകേട്ട മണ്ണാണിത്. എന്നാലും കഴിയുന്നത്ര ആളുകളെ കുറച്ചു നാളുകളെങ്കിലും തെറ്റിദ്ധാരണയിൽ ആഴ്ത്താമെന്നാണ് വലതുപക്ഷ മാധ്യമങ്ങൾ വ്യാമോഹിക്കുന്നത്.  അത് അത്ര എളുപ്പത്തിൽ ഇവിടെ ഏശില്ല. ആരെന്ത് വിവാദ വ്യവസായത്തിന് ഒരുമ്പെട്ടിറങ്ങിയാലും ജനങ്ങൾ ശരിയുടെ ദിശയിൽ നീങ്ങുകതന്നെ ചെയ്യും. (മുതിർന്ന മാധ്യമപ്രവർത്തകനാണ്‌ ലേഖകൻ) Read on deshabhimani.com

Related News