ചിതലരിക്കുന്ന ‘നാലാം തൂണ്‌ ’ - ഐ ബി സതീഷ്‌ എംഎൽഎ എഴുതുന്നു



  ‘‘സത്യം, ന്യായം, നീതി മുതലായ ധർമതത്വങ്ങളെ വിവേകത്തോടെ അനുവർത്തിക്കുന്ന പത്രക്കാരന് തന്റെ ഉദ്ദേശ്യങ്ങൾക്ക് തക്കതായ പ്രതിഫലം പണമായി കിട്ടിയില്ലെങ്കിൽ കൂടെ താൻ തന്റെ ധർമത്തെ ആചരിച്ചെന്നും അതുവഴിയായി ലോക ക്ഷേമത്തിന്റെ അഭിവൃദ്ധിക്ക്‌ താൻകൂടെ യഥാശക്തി പണിയെടുത്തുവെന്നുമുള്ള ചാരിതാർഥ്യം പണത്തേക്കാൾ വിലയേറിയ പ്രതിഫലമായിരിക്കും’’–- സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വാക്കുകളാണ്‌ ഇത്‌. രാജവാഴ്ചയ്ക്കും ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തിനും എതിരായി പുതിയ മാധ്യമപന്ഥാവ് തെളിക്കുകയായിരുന്ന സ്വദേശാഭിമാനിയെ 1910 സെപ്തംബർ 26ന്‌ രാജാവിന്റെ വിളംബരപ്രകാരം തിരുവിതാംകൂറിൽനിന്നും നാടുകടത്തി. ഒരു പത്രമുടമ പത്രാധിപർക്കു നൽകേണ്ട സ്വാതന്ത്ര്യം എന്താണെന്നതിന് മാതൃകയായിരുന്നു വക്കം അബ്ദുൾ ഖാദർ മൗലവി. ആ നിർഭയത്വമായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്ന മാധ്യമപ്രവർത്തകന്റെ മൂലധനം. എന്നാൽ, പതിറ്റാണ്ടുകൾക്കിപ്പുറം മാധ്യമരംഗം ഏറെ മാറി. ചില കേന്ദ്രങ്ങളോട് വിധേയപ്പെട്ട് അവർക്കുവേണ്ടി വാർത്തകൾ സൃഷ്ടിക്കുന്നവരായി മാറി മുഖ്യധാരാ മാധ്യമങ്ങൾ. അതിന്‌ സാമ്പത്തികവും സാമൂഹ്യവും രാഷ്‌ട്രീയവുമായ നിരവധി മാനങ്ങളുണ്ട്‌. മാധ്യമങ്ങളുടെ ഇടതുപക്ഷ വിരുദ്ധത എല്ലാ സീമകളും ലംഘിക്കുന്ന സാഹചര്യത്തിൽ മാധ്യമങ്ങളുടെ  കോർപറേറ്റുവൽക്കരണത്തെക്കുറിച്ച്‌ വിശദമായ ചർച്ച തന്നെ ഉയർന്നുവരണം. അച്ചുകൂടത്തിൽനിന്ന്‌ ആരംഭിച്ച മാധ്യമങ്ങളുടെ യാത്ര ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അങ്ങേയറ്റമായ നിർമിതബുദ്ധിയുടെ നൂതന മേച്ചിൽപ്പുറങ്ങളിലെത്തി. മാധ്യമം സമൂഹത്തോട്‌ കൂടുതൽ ഒട്ടിച്ചേർന്ന്‌ സമൂഹമാധ്യമമായ കാലമാണ്‌ ഇത്‌. സത്യവും അസത്യവും തമ്മിലുള്ള വിടവ്‌ വേർതിരിക്കാനാകാത്തവിധം നേർത്തിരിക്കുന്നു. ആവർത്തിക്കുന്ന നുണക്കാഴ്‌ചകൾക്ക്‌ മാധ്യമപരിവേഷമിട്ടുള്ള ആടിത്തിമിർക്കലുകൾ. ഇടതുപക്ഷ വിരുദ്ധത സമാനതകളില്ലാത്തവിധം സമകാല അജൻഡയാക്കപ്പെട്ടിരിക്കുന്നു. ഏതു വാർത്തയും റിപ്പോർട്ടും  ഇടതുപക്ഷത്തിനെതിരാക്കാനും അതിന്‌ പൊതുസ്വീകാര്യത ഉണ്ടാക്കിയെടുക്കാനും നിർമിത കഥകളുടെ അകമ്പടിയുണ്ടാകും. സമർഥനങ്ങളും ആഖ്യാനങ്ങളും മുൻകാല പ്രാബല്യത്തോടെ വരും. അന്തിച്ചർച്ചകളും അതിന്‌ മേമ്പൊടി കൂട്ടാൻ റീൽസും സ്‌റ്റോറികളും ചമയ്‌ക്കപ്പെടും. തലക്കെട്ടുകളിലും ചിത്രങ്ങളിലുംപോലും ഇടതുപക്ഷ വിരുദ്ധത നിറയും. ‘അഭിനന്ദിച്ച്‌ മന്ത്രി’ എന്ന ഓൺലൈൻ തലക്കെട്ട്‌ ഏതാനും നിമിഷത്തിനുള്ളിൽ ‘ക്ഷുഭിതനായി മന്ത്രി’ എന്ന്‌ തിരുത്തപ്പെടും. തിരുത്തലുകൾ ആവശ്യമുള്ള ഇടങ്ങളിൽ അത്‌ മനഃപൂർവം മറക്കും. മറച്ചുവയ്ക്കപ്പെട്ട സത്യം ഒരു വാർത്തപോലുമാകാതെ അവശേഷിക്കും. സത്യാനന്തരകാലത്ത്‌ നുണകൾ വായുവിൽ നിറയും, തെളിവുകൾ ഇഷ്ടാനുസരണം നിർമിക്കപ്പെടും.   നേരോടെ നിർഭയം എന്ന്‌ നിരന്തരം പറയുന്ന മാധ്യമമാണ്‌ പ്രളയകാലത്ത്‌ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ്‌ നടത്തിയെന്ന്‌ വ്യാജവാർത്ത നൽകി സിപിഐ എം പ്രവർത്തകനായ ഓമനക്കുട്ടനെ വേട്ടയാടിയത്‌. ക്യാമ്പിലുള്ളവർ തന്നെ  സത്യം പറഞ്ഞിട്ടും മാധ്യമങ്ങൾ തിരുത്തിയില്ല. കടുത്ത പ്രമേഹരോഗിയായിരുന്ന കോടിയേരിയെ ആക്രമിച്ചത് ശരീരത്തിൽ ഘടിപ്പിച്ച ഗ്ലൂക്കോ മീറ്ററിനെ ഏലസാക്കി മാറ്റിയായിരുന്നു. അവസാനം വാർത്താസമ്മേളനത്തിൽ കുപ്പായത്തിന്റെ കൈ നീക്കി ഗ്ലൂക്കോ മീറ്ററാണെന്ന്‌ കാണിക്കേണ്ടിവന്നു അദ്ദേഹത്തിന്‌. ഫാക്ട് ചെക്ക്‌ എന്ന അടിസ്ഥാന മാധ്യമ ധർമംപോലും പാലിക്കാതെ, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി എഴുതാത്ത പരീക്ഷ വിജയിച്ചെന്നും ന്യൂയോർക്കിലെ ലോകകേരള സഭാ സമ്മേളന നടത്തിപ്പിന് സ്പോൺസർഷിപ്പിന്റെ വഴി സംഘാടകർ തേടിയപ്പോൾ, മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ പണം പിരിക്കുന്നുവെന്നും കള്ളപ്രചാരണം നടത്തി അന്തിച്ചർച്ച നടത്തുകയും ഫീച്ചറുകളെഴുതുകയും ചെയ്തു. ഇങ്ങനെ ആക്രമിക്കപ്പെടുന്നതിനു പിന്നിൽ പതിറ്റാണ്ടുകളുടെ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ട്‌. അതിന്‌ നിരവധി ഉദാഹരണം ചൂണ്ടിക്കാട്ടാനുണ്ട്‌. ഏറ്റവുമൊടുവിൽ, ഇലക്ടറൽ ബോണ്ടിന്റെ കാര്യത്തിൽത്തന്ന നോക്കിയാൽ കോർപറേറ്റുകളുടെ താൽപ്പര്യത്തിനെതിരെ  സുപ്രീംകോടതി വരെ പോയത്‌ സിപിഐ എമ്മാണ്‌. ആ നിലയ്‌ക്ക്‌ കോർപറേറ്റുകൾ നിയന്ത്രിക്കുന്ന മാധ്യമവ്യവസായികളുടെ ഭാഗത്തുനിന്നും ഇടതുപക്ഷം സമാന്യനീതിയോ മാധ്യമ നൈതികതയോ പ്രതീക്ഷിക്കേണ്ടതില്ല. വീണാ ജോർജിനെതിരെയും കെ കെ ശെെലജയ്‌ക്കെതിരെയും മുഖ്യമന്ത്രിയുടെ മകൾക്കെതിരെയും വലതുപക്ഷം നടത്തിയ കള്ളപ്രചാരണങ്ങൾക്കൊപ്പം ഒരു വീണ്ടുവിചാരവും കൂടാതെ മാധ്യമങ്ങളും നിന്നു. തെരഞ്ഞെടുപ്പുകാലത്ത്‌ വലതുപക്ഷവും ബിജെപിയും ഉയർത്തിയ എത്രയോ കള്ളപ്രചാരണങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റുപിടിച്ചു. എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കാൻ, മുൻ എസ്എഫ്ഐ പ്രവർത്തകയായിരുന്ന കെ വിദ്യക്കുനേരെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നടത്തിയ നീചമായ മാധ്യമവിചാരണ മുമ്പെങ്ങും കാണാത്തവിധമായിരുന്നു. ആൾക്കൂട്ടത്തിന് ആക്രമിക്കാൻ ഒരു ഇരയെ ഇട്ടുകൊടുക്കുന്ന ആവേശമായിരുന്നു മാധ്യമങ്ങൾക്ക്. എസ്‍എഫ്ഐക്കെതിരെയുള്ള മാധ്യമ വേട്ടയാടൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 24 വർഷംമുമ്പ്‌ എസ്‌എഫ്‌ഐക്കുനേരെ ഉയർന്ന ചാപ്പകുത്തൽ ആരോപണത്തിനും ഇന്നത്തെ ഇടിമുറി ആരോപണങ്ങൾക്കും പിൻബലം ഒരുകൂട്ടം നുണകളായിരുന്നു. എ കെ ജി സെന്റർ ആക്രമണത്തിൽ മാധ്യമങ്ങൾ പറഞ്ഞതെന്ത് പിന്നീട് നടന്നെതെന്ത്. സർക്കാരിനെതിരെ ജനവികാരം സൃഷ്ടിക്കാൻ മനഃപൂർവമായുള്ള ശ്രമമാണ്‌,  വർഷങ്ങളായി കൂട്ടാത്ത കെട്ടിടനികുതിയിൽ വരുത്തിയ വർധനയെ മുൻനിർത്തി മാധ്യമങ്ങൾ നടത്തിയത്‌. വ്യവസായം ടൂറിസം മേഖലയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് കേരളം മുൻനിരയിലാണ്. അത് മറച്ചുവയ്‌ക്കുന്ന കൗശലം കൗതുകകരമാണ്. എന്നാൽ, കേരളത്തിൽ ഉണ്ടാകുന്ന ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങളിൽ പക്ഷംചേർന്ന് പർവതീകരിച്ച് പൊതുവൽക്കരിക്കാൻ നടത്തുന്ന രചനകൾ നാടിന്റെ പുരോഗതിക്ക് എത്രമാത്രം പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിതി ആയോഗിന്റെ സുസ്ഥിരവികസന പട്ടികയിൽ കേരളം വീണ്ടും ഒന്നാംസ്ഥാനത്ത്‌ എത്തിയത്‌ പ്രധാന മാധ്യമങ്ങൾ അവഗണിച്ചു. അത്‌ വാർത്തയായി പരിഗണിക്കപ്പെടേണ്ട കണക്കിലേ വരുന്നില്ല. സമൂഹത്തിന്റെ പുരോഗതിയുടെ അംബാസഡർമാരാക്കുക എന്നത് മാധ്യമധർമത്തിന്റെ നിർവചനത്തിൽ വരുന്നില്ലായിരിക്കാം. പക്ഷേ, നാടിന്റെ യശസ്സ്‌ തകർക്കുന്ന അവാസ്തവ കഥനങ്ങളിൽനിന്നും പിന്തിരിയുകയെന്നത് കാലം ആവശ്യപ്പെടുന്നതാണ്. ആ ചുവരെഴുത്ത്‌ വായിക്കാൻ കഴിയാത്ത മാധ്യമപ്രവർത്തകന്‌ നാളെയുടെ വക്താവാകാൻ കഴിയില്ല. ദൃശ്യങ്ങളിലെ എഡിറ്റിങ് വഴി തോന്നലുകളെ സൃഷ്ടിക്കാനും നുണകളെ മനസ്സുകളിലേക്ക് വാർത്തകളായി കടത്തിവിടാനും ശ്രമം നടക്കുന്നു. ഇതിന്റെ ഭാഗമാണ് അന്യസ്ഥലങ്ങളിൽ നടക്കുന്ന അപകടങ്ങളെയും മറ്റും പേരോ സ്ഥലമോ കൂടാതെ ഇവിടെ നടന്നതാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. ഔചിത്യമില്ലാതെ എവിടെയും കയറിച്ചെല്ലാനും ആരുടെ മുമ്പിലും മെെക്ക് നീട്ടാനും ഒരു മണിക്കൂറിനുള്ളിൽ വിചാരണയും വിധിപ്രസ്താവവും നടത്താനും ‘നാലാം തൂണ്’ എന്ന മേലങ്കിയണിഞ്ഞവർക്ക് ആരാണ് അധികാരം നൽകിയത്. വർത്തമാനത്തിൽമാത്രം ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരായി മാധ്യമപ്രവർത്തകർ മാറിയതിന്റെ മനഃശാസ്ത്രം ഗവേഷണ വിഷയമാകേണ്ടതാണ്. പൊതുബോധം സൃഷ്ടിക്കുന്നതിന്റെ അടിസ്ഥാനമൊരുക്കി കഴിഞ്ഞാൽ പെരുംനുണകളുടെ ഏതു വലിയ സൗധങ്ങളും സാധ്യമാകുമെന്ന അവസ്ഥ വന്നിരിക്കുന്നു. ഉച്ചരിക്കുന്ന വാക്കുകളേക്കാൾ അച്ചടിക്കുന്ന വാക്കുകൾക്ക് ആധികാരികതയും വ്യാപനശേഷിയുമുണ്ടെന്ന വസ്തുതയുടെ പിൻബലത്തിലാണ് അച്ചടിമാധ്യമങ്ങൾ സ്വാധീനമുറപ്പിച്ചത്. എന്നാൽ, അച്ചടിക്കുന്നതിനേക്കാൾ വിശ്വാസ്യത ദൃശ്യങ്ങൾക്കല്ലേ, നമ്മൾ കാണുകയല്ലേ എന്നത് പലതും വിശ്വസിക്കാനുള്ള മനഃസാക്ഷി പ്രേരണയാകുന്നു. അതിനാൽത്തന്നെ ദൃശ്യങ്ങളിലെ എഡിറ്റിങ് വഴി തോന്നലുകളെ സൃഷ്ടിക്കാനും നുണകളെ മനസ്സുകളിലേക്ക് വാർത്തകളായി കടത്തിവിടാനും ശ്രമം നടക്കുന്നു. ഇതിന്റെ ഭാഗമാണ് അന്യസ്ഥലങ്ങളിൽ നടക്കുന്ന അപകടങ്ങളെയും മറ്റും പേരോ സ്ഥലമോ കൂടാതെ ഇവിടെ നടന്നതാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. വലതുപക്ഷത്തിന്റെ ചെലവിൽ അവരുടെ അടിമകളായാണ് മാധ്യമങ്ങൾ ഇത്തരം പ്രചാരണങ്ങളുടെ ഭാഗമാകുന്നത്. ഇടതുപക്ഷ വിരുദ്ധതയും പ്രതിലോമപരതയും കണ്ണിചേർക്കപ്പെട്ട ഒരു രസതന്ത്രം മലയാള മാധ്യമരംഗത്തെ എക്കാലത്തും നിർണായകമായി നിയന്ത്രിക്കുന്നുണ്ട്. മുഖ്യധാരാ മാധ്യമ മുതലാളിമാരും അവരുടെ താൽപ്പര്യസംരക്ഷണാർഥംമാത്രം വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമപ്രവർത്തകരും സമകാലീന കേരളത്തിലും പിന്തുടരുന്നത് മേൽപ്പറഞ്ഞ രാഷ്ട്രീയംതന്നെയാണ്. കേരളത്തിലെ ഇന്നത്തെ കമ്യൂണിസ്റ്റ് പാർടി നേതൃത്വം നിരന്തരം ആക്രമിക്കപ്പെടുന്നതിന്റെ മാധ്യമ രീതിശാസ്ത്രവും മറ്റൊന്നല്ല. കമ്യൂണിസ്റ്റ്പാർടി നേതൃത്വത്തെ സംഘംചേർന്ന് ആക്രമിച്ചുകീഴ്പ്പെടുത്താൻ ആകുമോയെന്ന് ശ്രമിച്ച മാധ്യമപ്രവർത്തനത്തെയും മാധ്യമപ്രവർത്തകരെയും നാം പലവുരു കണ്ടതാണ്." ഇപ്പോൾ സാങ്കൽപ്പിക വാർത്തകളുടെ വേലിയേറ്റം കഴിഞ്ഞ് തിരകളൊടുങ്ങിയിരിക്കുന്നു. മലയാള മാധ്യമലോകത്ത് തകർന്നുവീണ വിശ്വാസ്യതയല്ലാതെ മറ്റെന്താണ് അവശേഷിക്കുന്നത്. ഉച്ചരിക്കുന്ന വാക്കുകളേക്കാൾ അച്ചടിക്കുന്ന വാക്കുകൾക്ക് മാസ്മരികതയുണ്ടെന്നുള്ളതുകൊണ്ട് അച്ചടിമഷി പുരണ്ട വാക്കുകളിലൂടെ അവാസ്തവങ്ങളുടെ പ്രളയം സൃഷ്ടിച്ചവർ തങ്ങൾ നിലകൊള്ളുന്നത് സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള ഉയർത്തിപ്പിടിച്ച മാധ്യമസംസ്കാരത്തിന്റെ എതിർധ്രുവത്തിലാണെന്ന് ബോധ്യപ്പെടുത്തിക്കഴിഞ്ഞു. Read on deshabhimani.com

Related News