സീതാറാം എന്ന പ്രതിഭാസം
1985 മുതൽ 1991 വരെ നീണ്ട ദേശാഭിമാനിക്കാലത്താണ് മനുഷ്യരെ അവരുടെ ശക്തി ദൗർബല്യങ്ങൾ എല്ലാം ഉൾക്കൊണ്ടുകൊണ്ട് സ്വീകരിക്കുന്ന ഒരു വ്യക്തിത്വമാണ് സീതാറാമിന്റേത് എന്ന് അടുത്തുനിന്ന് അറിയുന്നത്. അത്തരം ഒരു തിരിച്ചറിവും അതിൽനിന്നുണ്ടായ അടുപ്പവും കൂടുതൽ സ്ഥിരമായ ഇടപഴകലിലേക്കും സാമൂഹിക തലത്തിലുള്ള വർധിതമായ കൊടുക്കൽ വാങ്ങലുകളിലേക്കും നയിച്ചു. പ്രശസ്ത മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ എഴുതുന്നു. ഏതാണ്ട് നാലര പതിറ്റാണ്ട് നീണ്ട, ബഹുതലസ്പർശിയായ ബന്ധമാണ് സീതാറാം യെച്ചൂരിയുമായി എനിക്കുണ്ടായിരുന്നത്. വിദ്യാർഥി സംഘടനയിലെ സഹപ്രവർത്തകർ എന്ന നിലയിൽ തുടക്കം. ആ ബന്ധത്തിന്റെ ഭാഗമായിത്തന്നെ ഒരു എഡിറ്ററും ലേഖകനും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ. പിന്നീട് ഡൽഹിയിലെത്തിയപ്പോൾ ഇടതുപക്ഷ മാധ്യമപ്രവർത്തകനും ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിലെ ഒരു പ്രധാന യുവനേതാവുമായുള്ള സംവേദനങ്ങൾ. ദശാബ്ദങ്ങളിലൂടെ ആ ബന്ധം നിലനിന്നപ്പോൾ ദേശീയ രാഷ്ട്രീയത്തിലെ പ്രധാന പങ്കാളിയായ ഒരു നേതാവും ജനങ്ങൾക്കിടയിൽ ഇറങ്ങി മാധ്യമ പ്രവർത്തനം നടത്തുന്ന ഒരു രാഷ്ട്രീയ നിരീക്ഷകനും തമ്മിലുള്ള ആശയവിനിമയങ്ങൾ, അതോടൊപ്പം സ്വന്തം വ്യക്തിജീവിതത്തിലെ വലിയ സ്വാധീനങ്ങളും ഇഷ്ടങ്ങളും ഇച്ഛകളും ഒക്കെ പങ്കുവയ്‌ക്കുന്ന രണ്ട് ആൾക്കാർ. അല്ല, രാഷ്ട്രീയവും സാഹിത്യവും സംഗീതവും സാമൂഹിക സാംസ്‌കാരിക അവസ്ഥകളും ഒക്കെ ഇടയ്‌ക്കിടെ കൊണ്ടുപിടിച്ചു ചർച്ച ചെയ്യുന്ന, സമാനതകളും വ്യത്യസ്തതകളും വീക്ഷണങ്ങളിലെ യോജിപ്പുകളും തർക്കങ്ങളും അടയാളപ്പെടുത്തുന്ന രണ്ടു സുഹൃത്തുക്കൾ. 1980കളുടെ തുടക്കത്തിൽ ആദ്യമായി പരിചയപ്പെടുമ്പോൾ സീതാറാമും ഞാനും ഒരേ വിദ്യാർഥി സംഘടനയുടെ, സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വളരെ വലിയ വ്യത്യാസം ഉള്ള തലങ്ങളിൽ പ്രവർത്തിക്കുന്നവർ ആയിരുന്നു. ഞാൻ എസ്എഫ്ഐയുടെ കണ്ണൂർ ജില്ലാ കമ്മിറ്റി മെമ്പർ. സീതാറാം സംഘടനയുടെ കേന്ദ്ര നേതാവ്. ആ സമയത്ത് സീതാറാം എസ്‌എഫ്ഐ കേന്ദ്ര സമിതിയുടെ പ്രസിദ്ധീകരണമായ സ്റ്റുഡന്റ്‌സ് സ്‌ട്രഗ്‌ളിന്റെ പത്രാധിപരും ആയിരുന്നു. അക്കാലത്ത് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന എം എ ബേബിയാണ് അത്യാവശ്യം ഇംഗ്ലീഷ് പറയുകയും എഴുതുകയും ചെയ്യുന്ന വിദ്യാർഥി എന്ന നിലയിൽ ഈ പ്രസിദ്ധീകരണത്തിന് കേരളത്തിൽ നിന്നുള്ള ചില റിപ്പോർട്ടുകൾ അയച്ചുകൊടുക്കാൻ പറയുന്നത്. വലിയ ലേഖനങ്ങൾ ഒന്നുമല്ല, ചില കൊച്ചു റിപ്പോർട്ടുകൾ. പത്രപ്രവർത്തകൻ ആവാനുള്ള വലിയ ആഗ്രഹത്തിനപ്പുറം ഭാഷാപരമായോ രാഷ്ട്രീയത്തിന്റെ തലത്തിലോ വലിയ വിവരമൊന്നും ഇല്ലാതിരുന്ന എന്റെ കുറിപ്പുകളെ അനുഭാവത്തോടെ സീതാറാം സ്വീകരിച്ചു. ചിലതൊക്കെ പ്രസിദ്ധീകരിച്ചു. താമസിയാതെ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഞാൻ ദേശാഭിമാനിയിൽ സബ് എഡിറ്റർ കം റിപ്പോർട്ടർ ആയി ചേർന്നു. 1983ൽ ആയിരുന്നു അത്. പല സമയങ്ങളിലും കേരളത്തിൽ സിപിഐ എമ്മിന്റെയും എസ്എഫ്ഐയുടെയും പരിപാടികൾക്ക് എത്തുമായിരുന്ന സീതാറാമുമായി ചിലപ്പോഴൊക്കെ കണ്ടുമുട്ടുമായിരുന്നു. ആ ബന്ധം കൂടുതൽ വിശാലമാവുന്നത് 1985 ൽ ദേശാഭിമാനിയുടെ ലേഖകനായി ഞാൻ ഡൽഹിയിലേയ്ക്ക് അയക്കപ്പെട്ടപ്പോഴാണ്. അക്കാലത്ത് സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്തിരുന്ന 14 അശോകാ റോഡ് ദേശാഭിമാനിയിലെ പ്രവർത്തകരുടെ നിത്യസന്ദർശന കേന്ദ്രമായിരുന്നു. പ്രത്യേകിച്ചും അക്കാലത്ത് ഇ എം എസ് എഴുതിക്കൊണ്ടിരുന്ന മലയാളം ലേഖനങ്ങൾ അദ്ദേഹം ഡിക്ടേറ്റ് ചെയ്യുമ്പോൾ കേട്ട് എഴുതുക എന്ന ഉത്തരവാദിത്വം ലേഖകന്മാർ തൊട്ട് ടെലിപ്രിന്റർ ഓപ്പറേറ്റർമാർ വരെയുള്ള ദേശാഭിമാനി സ്റ്റാഫിന് ഉണ്ടായിരുന്നു എന്നതുകൊണ്ട്. സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസ് എല്ലായ്‌പ്പോഴും ഗൗരവത്തിന്റെ അനുപാതം കുറച്ചു കൂടിയ സ്ഥലമാണ്. 1980കളിൽ കേന്ദ്ര കമ്മിറ്റി ഓഫീസിൽ ഉണ്ടായിരുന്ന സീനിയർ നേതാക്കന്മാരിൽ ബി ടി രണദിവെ ഇടയ്‌ക്ക് ചില തമാശകൾ ഒക്കെ പറയും. പൊതുവേ പ്രസന്നവദനനുമായിരിക്കും. മറ്റുള്ളവരൊക്കെ നല്ല ഗൗരവക്കാർ തന്നെ. അന്ന് യുവനേതാക്കൾ ആയിരുന്ന സീതാറാം, പ്രകാശ് കാരാട്ട്, സൈഫുദ്ദീൻ ചൗധരി എന്നിവരും ഓഫീസിൽ മിക്കപ്പോഴും ഉണ്ടാകും. സീതാറാമും സൈഫുദ്ദീനും ബി ടി ആറിന്റെ വഴി പിന്തുടർന്ന് ചിരിക്കുകയും തമാശ പറയുകയും ഒക്കെ ചെയ്യുന്ന ആൾക്കാരാണ്. ഗൗരവം കൊണ്ട് ജീവിതത്തിൽ വലിയതൊന്നും കിട്ടാനില്ല എന്ന ഒരു ഫിലോസഫി ചെറുപ്പം മുതലേ അവലംബിച്ചിരുന്നത് കൊണ്ടാവാം ഞാൻ സ്വാഭാവികമായും സീതാറാമിന്റെയും സൈഫുദ്ദീന്റെയും അടുപ്പക്കാരനായി മാറി. 1985 മുതൽ 1991 വരെ നീണ്ട ആ ദേശാഭിമാനിക്കാലത്താണ് മസിലുപിടിത്തം തീരെയില്ലാത്ത, മനുഷ്യരെ അവരുടെ ശക്തി ദൗർബല്യങ്ങൾ എല്ലാം ഉൾക്കൊണ്ടുകൊണ്ട് സ്വീകരിക്കുന്ന ഒരു വ്യക്തിത്വമാണ് സീതാറാമിന്റേത് എന്ന് അടുത്തുനിന്ന് അറിയുന്നത്. അത്തരം ഒരു തിരിച്ചറിവും അതിൽനിന്ന് ഉണ്ടായ അടുപ്പവും കൂടുതൽ സ്ഥിരമായ ഇടപഴകലിലേക്കും സാമൂഹിക തലത്തിലുള്ള വർധിതമായ കൊടുക്കൽ വാങ്ങലുകളിലേക്കും നയിച്ചു. ഒരേസമയം വലിയ ധൈഷണിക സിദ്ധികളും പ്രായോഗികബുദ്ധിയും സാഹിത്യ കലാസ്വാദന താൽപ്പര്യങ്ങളും ഒത്തുചേർന്ന ആ മൾട്ടി ഡൈമെന്‍ഷണല്‍ വ്യക്തിത്വത്തെ അങ്ങനെ കൂടുതൽ അടുത്തറിഞ്ഞു ഒരേസമയം വലിയ ധൈഷണിക സിദ്ധികളും പ്രായോഗികബുദ്ധിയും സാഹിത്യ കലാസ്വാദന താൽപ്പര്യങ്ങളും ഒത്തുചേർന്ന ആ മൾട്ടി ഡൈമെന്‍ഷണല്‍ വ്യക്തിത്വത്തെ അങ്ങനെ കൂടുതൽ അടുത്തറിഞ്ഞു. വൈയക്തിക തലത്തിൽ സീതാറാമിൽ കണ്ട ഈ ഗുണങ്ങളുടെ സവിശേഷമായ രാഷ്ട്രീയ മാനങ്ങൾ 1989ൽ വിശ്വനാഥ പ്രതാപ് സിങ്ങിന്റെ നേതൃത്വത്തിൽ ദേശീയ മുന്നണി സർക്കാരിന്റെ രൂപീകരണ സമയത്ത് ഇന്ത്യയിലെ രാഷ്ട്രീയ നിരീക്ഷകർക്കൊപ്പം ഞാനും തിരിച്ചറിഞ്ഞു. ആ മുന്നണി സർക്കാരിന്റെ ഭരണപരമായ ദിശയും നയവും എന്തായിരിക്കണം എന്നു തീരുമാനിക്കാനുള്ള ചർച്ചകളിൽ പ്രധാന പങ്കു തന്നെ വഹിച്ചു, സീതാറാം യെച്ചൂരി. ആ ഭരണത്തിന്റെ നയപരമായ രൂപരേഖയുടെ അടിസ്ഥാനം തന്നെ സീതാറാമിന്റെ രേഖകളിൽനിന്നാണ് ഉണ്ടാവുന്നത്. വ്യക്തിപരമായ തലത്തിൽ മറ്റു മനുഷ്യരുമായി ഉണ്ടാക്കിയെടുക്കുന്ന സൗഹാർദ പൂർണമായ സംവേദനം രാഷ്ട്രീയമായി വ്യത്യസ്തമായ പരിപ്രേക്ഷ്യമുള്ളവരുമായി സ്ഥാപിച്ചെടുക്കാനും ആ സംവേദനത്തെ സമവായത്തിലേക്ക് എത്തിക്കാനുമുള്ള സീതാറാമിന്റെ പ്രത്യേക സിദ്ധികൾ പ്രകടമായ ഒരു രാഷ്ട്രീയ ഘട്ടമായിരുന്നു അത്. 1991ൽ ഫ്രണ്ട് ലൈനിൽ ചേർന്നുകൊണ്ട് ഇംഗ്ലീഷ് പത്രപ്രവർത്തനത്തിലേക്ക് മാറിയപ്പോൾ ഈ അടുപ്പത്തിന്റെ തലങ്ങൾ കൂടുതൽ ശക്തമായി. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സീതാറാം, പ്രകാശ് കാരാട്ട്, സൈഫുദ്ദീൻ തുടങ്ങിയ യുവ നേതാക്കന്മാരുമായി ദേശാഭിമാനിയിൽ നേരത്തെ ഉണ്ടായിരുന്ന തലത്തിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള വായനക്കാരുമായി ഒരേപോലെ സംവദിക്കുന്ന ഒരു സവിശേഷ പരിപ്രേക്ഷ്യത്തോടെ ബന്ധപ്പെടാൻ തുടങ്ങി. ഫ്രണ്ട് ലൈനിൽ ചേർന്ന് ഏതാനും മാസങ്ങൾക്കകം തന്നെ 1992ൽ അന്നത്തെ മദ്രാസിൽ ചേർന്ന സിപിഐ എം പതിനാലാം പാർടി കോൺഗ്രസ് കവർ ചെയ്യാൻ നിയുക്തനായി. ആ സമ്മേളനത്തിലാണ് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും ആദ്യമായി പൊളിറ്റ് ബ്യൂറോ അംഗങ്ങളായി മാറുന്നത്. സോവിയറ്റ് യൂണിയന്റെയും യൂറോപ്പിലെ സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും തകർച്ചയ്‌ക്കു ശേഷം ചേർന്ന ആ സമ്മേളനം, സാർവദേശീയ തലത്തിൽ ഇടതുപക്ഷം നേരിടുന്ന ഈ വലിയ വെല്ലുവിളിയെ മാർക്സിസ്റ്റ് രാഷ്ട്രീയ മീമാംസയിലെ റിവിഷനിസ്റ്റ് സെക്ടേറിയൻ വ്യതിയാനങ്ങളെ മറികടന്നുകൊണ്ട് ജനപക്ഷത്തിൽ അണിനിരന്ന് കൂടുതൽ ശക്തമായ ഇടതുപക്ഷ നിരയെ വളർത്തിയെടുക്കും എന്ന് പ്രഖ്യാപിച്ചു. 1978 മുതൽ നാല് ടേമുകളായി ജനറൽ സെക്രട്ടറി പദം വഹിച്ചിരുന്ന ഇ എം എസ് ഈ സമ്മേളനത്തിൽ ആ പദവി ഒഴിഞ്ഞു. പകരം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഹർകിഷൻ സിങ് സുർജിത്തുമായി ഞാൻ നടത്തിയ അഭിമുഖത്തിൽ സിപിഐ എമ്മിന്റെ പുതിയ പ്രഖ്യാപനങ്ങൾക്കും ദൃഢനിശ്ചയത്തിനും ശക്തിപകരുന്ന സംഘടനാ ഘടകങ്ങളായി സീതാറാമിന്റെയും പ്രകാശ് കാരാട്ടിന്റെയും പൊളിറ്റ് ബ്യൂറോ പ്രവേശനത്തെ എടുത്തുകാട്ടി. ആ സമ്മേളനത്തിൽത്തന്നെ സുർജിത്തും സീതാറാമും വളർന്നുവരുന്ന ഹിന്ദുത്വ ഭീഷണിയെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ അപകടമായി അടയാളപ്പെടുത്തിയിരുന്നു. 1989 മുതൽ 1992 വരെയുള്ള കാലയളവിൽ രാഷ്ട്രീയ സ്വയംസേവക് സംഘം നയിക്കുന്ന ഹിന്ദുത്വ കൂട്ടണിയും അതിന്റെ രാഷ്ട്രീയ പ്രതിരൂപമായ ഭാരതീയ ജനതാ പാർടിയും ഇന്ത്യയിൽ അങ്ങോളമിങ്ങോളവും ഉത്തരേന്ത്യയിൽ പ്രത്യേകിച്ചും പടർത്തിക്കൊണ്ടിരുന്ന ഹിന്ദുത്വ വർഗീയ തീവ്രവാദത്തെ ശക്തമായി ചെറുക്കേണ്ടതുണ്ടെന്ന് മദ്രാസ് സമ്മേളനം ചൂണ്ടിക്കാട്ടി. സമ്മേളനം നടന്ന് ഏതാനും മാസങ്ങൾക്കകം ബാബ്‌റി മസ്‌ജിദിനുനേരെ സംഘപരിവാർ നടത്തിയ തുടരാക്രമണങ്ങൾ 1992 ഡിസംബർ മാസത്തിൽ ബാബ്‌റി മസ്‌ജിദിന്റെ ധ്വംസനത്തിൽ കലാശിച്ചു. ആ കാലയളവിൽ കേന്ദ്രം ഭരിച്ചിരുന്ന പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ 1996ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ആദ്യം 16 ദിവസത്തേക്ക് അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിൽ ഭാരതീയ ജനതാ പാർടി ദേശീയ മുന്നണി സർക്കാരും പിന്നീട് ഏതാണ്ട് രണ്ടുവർഷത്തോളം ദേവഗൗഡയുടെയും ഇന്ദ്രകുമാർ ഗുജ്‌റാലിന്റെയും നേതൃത്വത്തിലുള്ള മതനിരപേക്ഷ മുന്നണി സർക്കാരും ഭരണത്തിൽ വന്നു. ഈ മതേതര മുന്നണി സർക്കാരിന്റെയും സ്ഥാപനത്തിലും അതിന്റെ നയപരിപാടികളുടെ രൂപീകരണത്തിലും സീതാറാം വഹിച്ച പങ്ക് നിസ്തുലമാണ് എന്ന് അക്കാലത്തെ പ്രധാനമന്ത്രിമാരായ ഗൗഡയും ഗുജ്‌റാലും തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രീതിയിൽ, 1980കളിലും 1990കളിലും വിവിധ ഘട്ടങ്ങളിൽ ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന് സവിശേഷമായ സംഭാവന രാഷ്ട്രീയ തലത്തിലും വൈയക്തിക തലത്തിലും ചെയ്തിരുന്നുവെങ്കിലും സീതാറാമിന്റെ ഏറ്റവും സക്രിയമായ ക്രിയാത്മകമായ രാഷ്ട്രീയക്കാലം രണ്ടായിരങ്ങളുടെ തുടക്കത്തിലാണ്. ഗൗഡയും ഗുജ്‌റാലും നയിച്ച സർക്കാരുകളുടെ പതനത്തിനുശേഷം 1998ൽ ഒരിക്കൽ കൂടി വാജ്പേയിയുടെ നേതൃത്വത്തിൽ ബിജെപി സഖ്യം അധികാരത്തിൽ വന്നു. 2004 വരെ തുടർന്ന ആ ഭരണകാലത്തിലാണ് ഹിന്ദുത്വയുടെ സാമൂഹിക രാഷ്ട്രീയ ദംഷ്‌ട്രകൾ ശക്തമായി മറനീക്കി പുറത്തുവന്നു തുടങ്ങിയത്. വിശാലവും സംഘടിതവുമായ അർഥത്തിൽ മതനിരപേക്ഷ കക്ഷികളുടെ വിശാലമായ കൂട്ടായ്മകൊണ്ടു മാത്രമേ വർധിതമായിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ ഭീഷണിയെ നേരിടാനാവൂ എന്ന് അക്കാലത്ത് പൂർണമായി തിരിച്ചറിഞ്ഞ നേതാവായിരുന്നു അന്നത്തെ സിപിഐ എം ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്. അന്ന് അക്ഷരാർഥത്തിൽ സുർജിത്തിന്റെ സെക്കൻഡ് ഇൻ കമാൻഡ് ആയിരുന്നു സീതാറാം. ഒരിക്കലും ഒന്നുചേരാൻ സാധ്യതയില്ലാത്ത കക്ഷികൾ എന്ന് രാഷ്ട്രീയ നിരീക്ഷകലോകം വിലയിരുത്തിയിരുന്ന കോൺഗ്രസിനെയും ദ്രാവിഡ മുന്നേറ്റ കഴകത്തിനെയും ഒന്നിച്ചുകൊണ്ടുവരാനും ബിഹാറിൽ കോൺഗ്രസുമായി എടുത്തടിച്ചുനിന്നിരുന്ന രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർടിയെയും ഒരു സഖ്യത്തിനുള്ളിൽ കൊണ്ടുവരാനും സുർജിത്‐സീതാറാം ടീമിന് സാധിച്ചു. ബിജെപിയുടെയും സംഘപരിവാറിന്റെയും എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച അട്ടിമറി വിജയം ആ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷകക്ഷികൾ സാധിച്ചെടുത്തു. ആ വിജയത്തിന്റെ വലിയൊരു ശതമാനം ക്രെഡിറ്റ് സുർജിത്തിനും അദ്ദേഹത്തിന്റെ സെക്കൻഡ് ഇൻ കമാൻഡ് ആയിരുന്ന സീതാറാമിനും അവകാശപ്പെട്ടതാണ് എന്ന് ഒട്ടനവധി മുതിർന്ന നേതാക്കളും രാഷ്ട്രീയ നിരീക്ഷകരും എടുത്തുപറയാറുണ്ട്. ബിജെപിയെ തോൽപ്പിക്കുക എന്നതിനോടൊപ്പം ഇന്ത്യൻ ഇടതുപക്ഷത്തിന്റെ പാർലമെന്ററി ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിനു കൂടി ആ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. ഇടതുപക്ഷ കക്ഷികൾക്ക് പൊതുവിൽ 61 ലോക്‌സഭാംഗങ്ങളും സിപിഐ എമ്മിന് മാത്രം 43 സീറ്റുകളും ലഭിച്ചു. സ്വാഭാവികമായും ഇടതുപക്ഷത്തിന്റെ പിന്തുണയിൽ ആശ്രിതമായിരുന്നു പിന്നീടു വന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ നിലനിൽപ്പ്. ആ അട്ടിമറി വിജയത്തിന്റെ തുടർച്ചയായി വന്ന ഐക്യ പുരോഗമന സർക്കാരിന്റെ നയരൂപീകരണത്തിലും സീതാറാം വലിയ പങ്കുവഹിച്ചു. കോൺഗ്രസിന്റെ ജയറാം രമേശുമായി ചേർന്ന് അദ്ദേഹം രൂപം നൽകിയ പൊതു മിനിമം പരിപാടി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സർക്കാരിലേക്കാണ് നയിച്ചത്. ചരിത്രം കുറിച്ച നിയമനിർമാണ പരിപാടികളായ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ആദിവാസി വനക്ഷേമ നിയമം എന്നിങ്ങനെയുള്ള അടിമുടി ജനക്ഷേമപരമായ കാര്യങ്ങൾ ഈ പൊതു മിനിമം പരിപാടിയിൽ നിന്ന് ജന്മംകൊണ്ടു. തൊഴിലുറപ്പ് പദ്ധതി പോലുള്ള നീക്കങ്ങൾ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെയും ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന്റെയും എതിർപ്പുകളെ മറികടന്നുകൊണ്ടാണ് ഇടതുപക്ഷ കക്ഷികൾ സാധിച്ചെടുത്തത്. അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും സുർജിത്തും സീതാറാമും തമ്മിലുള്ള വ്യക്തിപരവും ആശയപരവുമായ യോജിപ്പാണ് ഈ വമ്പൻ എതിർപ്പുകളെ മറികടക്കാൻ സഹായകമായത്. തൊഴിലുറപ്പ് പദ്ധതി പോലുള്ള നീക്കങ്ങൾ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെയും ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന്റെയും എതിർപ്പുകളെ മറികടന്നുകൊണ്ടാണ് ഇടതുപക്ഷ കക്ഷികൾ സാധിച്ചെടുത്തത്. അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും സുർജിത്തും സീതാറാമും തമ്മിലുള്ള വ്യക്തിപരവും ആശയപരവുമായ യോജിപ്പാണ് ഈ വമ്പൻ എതിർപ്പുകളെ മറികടക്കാൻ സഹായകമായത്. 1985ൽ കോൺഗ്രസിന്റെ രാജീവ് ഗാന്ധിയിൽ തുടങ്ങി ഇപ്പോൾ നരേന്ദ്ര മോദി വരെയുള്ള 10 പ്രധാനമന്ത്രിമാരുടെ ഭരണ സംവിധാനങ്ങൾ ഒരു രാഷ്ട്രീയ പത്രപ്രവർത്തകൻ എന്ന നിലയിൽ കാണാനും വിശകലനം ചെയ്യാനും അവസരം ലഭിച്ചിട്ടുണ്ട്. ഈ 10 പ്രധാനമന്ത്രിമാർ നയിച്ച ഭരണസംവിധാനങ്ങളിൽ ഏറ്റവും മികച്ചത് നിലനിൽപ്പിനായി ഇടതുപക്ഷത്തിന്റെ പിന്തുണ നിർണായകമായിരുന്ന മൻമോഹൻസിങ്ങിന്റെ 2004‐09 കാലഘട്ടത്തിലെ ഐക്യ പുരോഗമന മുന്നണി സർക്കാർ ആണ് എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. അത്രയും ചരിത്രപ്രധാനമായ നിയമനിർമാണം നടത്തിയ മറ്റൊരു സർക്കാർ 1980കൾ മുതലുള്ള നാലു ദശകങ്ങളിൽ ഇല്ല തന്നെ. ചരിത്രത്തിന്റെ ഗതി മറ്റൊരു വഴിക്ക് ആയിരുന്നെങ്കിൽ 2004 ൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസ് അടക്കമുള്ള മതേതര കക്ഷികളുടെയും കൂട്ടായ്മയിൽ ജന്മം കൊള്ളുകയും നിലനിൽക്കുകയും ചെയ്ത ആ സർക്കാരിന്റെ പുരോഗമനപരമായ നയപരിപാടികൾക്ക് തുടർച്ചയുണ്ടാവുമായിരുന്നു. പക്ഷേ പല തലങ്ങളിലും ഉണ്ടായ രാഷ്ട്രീയമായ അമിതപ്രകടനങ്ങൾ ആ തുടർച്ച സംഭവിക്കുന്നത് വിലക്കി. 2004ന് ശേഷമുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും സമ്മാനിച്ചത് തുടർ തിരിച്ചടികളാണ്. 2004ൽ 43 ലോക്‌സഭ സീറ്റുകൾ ഉണ്ടായിരുന്ന സിപിഐ എം 2014 ആകുമ്പോഴേക്കും രണ്ടു സീറ്റുകളിൽ ഒതുങ്ങി. അത്തരമൊരു സ്ഥിതിവിശേഷത്തിലാണ് 2015ൽ സിപിഐ എമ്മിന്റെ ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തെരഞ്ഞെടുക്കപ്പെടുന്നത്. ആ വർഷം മുതൽ 2024 ൽ തന്റെ അന്ത്യം വരെ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടർന്നു. 2015 ൽ സീതാറാം ജനറൽ സെക്രട്ടറി ആവുമ്പോൾ രണ്ട് ലോക്‌സഭാംഗങ്ങൾ ഉണ്ടായിരുന്ന സിപിഐ എമ്മിന് 2024 ലെ തെരഞ്ഞെടുപ്പിൽ നാല് അംഗങ്ങളായി. ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന് സിപിഐ എമ്മും ഇടതുപക്ഷവും നൽകിയ സംഭാവനകൾ കേവലം പാർലമെന്റിലെ അംഗബലത്തിന്റെ തലത്തിലോ എത്ര സംസ്ഥാനങ്ങളിൽ ഈ കക്ഷികൾ ഭരണത്തിലിരിക്കുന്നു എന്നതിന്റെ തലത്തിലോ മാത്രം അളക്കാൻ പറ്റുന്നതല്ല എന്ന് സീതാറാം തന്നെ തുടർച്ചയായി പറയാറുണ്ട്. രാഷ്ട്രീയവും സാമൂഹികവും നയപരവും ധൈഷണികവും ആയ തലങ്ങളിൽ വ്യത്യസ്ത ഘട്ടങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ സംഭാവനകൾ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഈ കക്ഷികളിൽ നിന്ന് ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുമായിരുന്നു. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾക്കും ഭരണത്തിലെ പ്രാതിനിധ്യത്തിന്റെയും അതിന്റെ അഭാവത്തിന്റെയും പരിഗണനാ വിഷയങ്ങൾക്കപ്പുറം ഇടതുപക്ഷത്തിന്റെ നയപരവും പ്രത്യയശാസ്ത്രപരവുമായ ഊന്നലുകളുടെ പ്രസക്തി നിലനിൽക്കുക തന്നെ ചെയ്യും എന്നും സീതാറാം പറയുമായിരുന്നു. ആ പ്രസ്താവങ്ങളുടെ ഒക്കെ ശരിമ നിസ്സംശയം അടയാളപ്പെടുത്തിയിരുന്നു സീതാറാമിന്റെ ജീവിതവും. ദേശാഭിമാനി വാരികയിൽ നിന്ന് Read on deshabhimani.com