ആധുനിക മഹാറാണിമാരും പൊങ്കാല ഇഷ്ടികകളും

കടപ്പാട്‌ alamy


വിസ്മൃതിയിലായെന്ന് കരുതിയ രാജാധികാരങ്ങള്‍ വര്‍ഗീയതയെന്ന എളുപ്പവ‍ഴിയിലൂടെ തിരിച്ചുവരാന്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അശാസ്ത്രീയതയും ഒരു പുരോഗമന സമൂഹത്തില്‍ പരുവപ്പെടുന്നതിന്റെ നേര്‍ചിത്രമാണ് തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തിലെ അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായിയുടെ സമീപകാല പ്രബോധനങ്ങള്‍. ഉദ്ദേശിക്കുന്ന വ്യക്തിയുടെ പേര് പറയില്ല. പക്ഷെ തന്ത്രപരമായ വര്‍ണനയിലൂടെ പ്രേക്ഷകര്‍ക്ക് ആളെ മനസ്സിലാകും. ആര്‍എല്‍വി ഉണ്ണികൃഷ്ണനെതിരെയുള്ള വിദ്വേഷം അദ്ദേഹത്തിന്റെ  പേര് പറയാതെ പ്രകടിപ്പിച്ചപ്പോള്‍ കണ്ടവര്‍ക്കെല്ലാം എളുപ്പത്തിൽ കാര്യം മനസ്സിലായി. നിറത്തോടും ജാതിയോടും കല സമത്വാധിഷ്ഠിതമെന്ന പുരോഗമന  ബോധത്തോടുമെല്ലാമുള്ള പരമപുച്ഛമായിരുന്നു ആ വാക്കുകള്‍. പ്രതികരണം തേടി സത്യഭാമയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചത് അവരുടെ ഖേദ പ്രകടനമായിരുന്നു. പക്ഷെ ഉണ്ണികൃഷ്‌ണന്റെ പേരു പറയാതെ സത്യഭാമ വിദ്വേഷ പ്രകടനം കടുപ്പിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ വിട്ടുകൊടുത്തില്ല. ചോദ്യവും ഉത്തരവും വാക്കുതര്‍ക്കവുമായി. ഒരു മണിക്കൂര്‍ നേരത്തോളം നീണ്ട വാദപ്രതിവാദങ്ങള്‍ സത്യഭാമയിലുമുപരി ഹിന്ദുത്വ ആളിപ്പടരുന്ന കാലത്തിനൊപ്പം ചുവട് വെയ്ക്കുന്ന ഒരു വിഭാഗം മലയാളികളുടെ മാറുന്ന ചിന്താധാരയുടെ ബഹിര്‍സ്ഫുരണമായി മാറി. മതപരവും ജാതീയവും പ്രാദേശികവും ഭാഷാപരവുമായ വിദ്വേഷങ്ങളുടെ ആണിക്കല്ലുകള്‍ ഒളിഞ്ഞിരിക്കുന്നത് വ‍ഴിതെറ്റിയ രാഷ്‌ട്രീയ ബോധത്തിന്റെ  ഉള്ളറകളിലാണ്. സത്യഭാമയോട് ആരും ചോദിക്കാത്ത ഒരു ചോദ്യമുണ്ട്. 'നിങ്ങള്‍ ഏതെങ്കിലും രാഷ്‌ട്രീയ പാർടിയിലെ അംഗമാണോ?' ഈ ചോദ്യം ആരും ചോദിച്ചില്ല; ഇതിനെക്കുറിച്ച് എഡിറ്റോറിയല്‍ ചര്‍ച്ചകള്‍ നടന്നില്ല; പത്രങ്ങള്‍ മുഖപ്രസംഗം എ‍ഴുതിയില്ല. കാരണം സത്യഭാമ രാജ്യം ഭരിക്കുന്ന ബിജെപിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. 2019 ജൂലൈ 6 ന്  സത്യഭാമ ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയാണ് അംഗത്വം നല്‍കിയത്. സത്യഭാമയോട് ആരും ചോദിക്കാത്ത ഒരു ചോദ്യമുണ്ട്. 'നിങ്ങള്‍ ഏതെങ്കിലും രാഷ്‌ട്രീയ പാർടികളിലെ അംഗമാണോ?' ഈ ചോദ്യം ആരും ചോദിച്ചില്ല; ഇതിനെക്കുറിച്ച് എഡിറ്റോറിയല്‍ ചര്‍ച്ചകള്‍ നടന്നില്ല; പത്രങ്ങള്‍ മുഖപ്രസംഗം എ‍ഴുതിയില്ല. കാരണം സത്യഭാമ രാജ്യം ഭരിക്കുന്ന ബിജെപിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. 2019 ജൂലൈ 6 ന്  സത്യഭാമ ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയാണ് അംഗത്വം നല്‍കിയത്. ശബരിമലയില്‍  യുവതികള്‍ക്ക് പ്രവേശനം നല്‍കാനുള്ള സുപ്രീംകോടതി  വിധിക്കെതിരെ സംഘപരിവാർ സംഘടനകള്‍ നടത്തിയ സമരത്തില്‍ സത്യഭാമ സജീവ പങ്കാളിയായിരുന്നു. ആര്‍എസ്എസ് പ്രസിദ്ധീകരണമായ കേസരിയില്‍ സത്യഭാമ സ്ഥിരമായി ലേഖനങ്ങള്‍ എ‍ഴുതാറുണ്ട്. പക്ഷെ സത്യഭാമയുടെ ബിജെപി ബന്ധം പുറംലോകം അറിയാതിരിക്കാന്‍ ബഹുഭൂരിഭാഗം മാധ്യങ്ങളും ജാഗ്രത പുലര്‍ത്തി. സംഘപരിവാറിന്റെ സമീപകാല വളര്‍ച്ചയോടൊപ്പം മതപരവും ജാതീയവും ലിംഗപരവുമായ വിദ്വേഷങ്ങള്‍ രാജ്യത്തും സംസ്ഥാനത്തും പടര്‍ന്നു. അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് പറഞ്ഞ സുരേഷ് ഗോപി സംഘപരിവാര്‍ മുന്നോട്ടു വെയ്ക്കുന്ന ബ്രാഹ്മണിക്കല്‍ രാഷ്‌ട്രീയത്തിന്റെ  ലക്ഷണമൊത്ത പ്രതീകമാണ്. ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ച വനിതാ മാധ്യമപ്രവര്‍ത്തകയോട്  ആളാകരുതെന്ന സുരേഷ് ഗോപിയുടെ ആക്രോശത്തിനു പിറകിലെ അടിസ്ഥാന ചേതോവികാരം സ്‌ത്രീവിരുദ്ധതയാണ്. ശബ്ദിക്കുന്ന വനിത നിശ്ശബ്ദയായി മടങ്ങണം. എങ്കിലേ സംസാരിക്കൂ എന്നതായിരുന്നു  സുരേഷ് ഗോപിയുടെ അടുത്ത ആജ്ഞ. ഭയഭക്തി ബഹുമാനത്തോടെ പുരുഷ റിപ്പോര്‍ട്ടര്‍മാര്‍ അനുസരിച്ചു. കൂട്ടത്തിലുള്ള ഒരു വനിതയ്ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ അവരാരും ചോദ്യം ചെയ്തില്ല. സുരേഷ് ഗോപിയുടെ സ്ത്രീവിരുദ്ധ ഫ്യൂഡല്‍ ധാര്‍ഷ്ട്യത്തേക്കാള്‍ ഞെട്ടിക്കുന്നത് കണ്‍മുന്നിൽ വെച്ച്‌ ഒരു വനിത ക്രൂരമായി അവഹേളിക്കപ്പെടുമ്പോള്‍ തന്‍കാര്യം നോക്കി മൂകസാക്ഷികളായി നോക്കി നിൽക്കുന്ന സഹപ്രവര്‍ത്തകരുടെ മാനസികാവസ്ഥയാണ്. ബാല്യകാലത്തെ മധുരിക്കുന്ന ഒർമകള്‍ അയവിറക്കാത്തവര്‍ ആരുമില്ല. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ  ഓർമ വീട്ടുമുറ്റത്ത്‌  കുഴികുത്തി ഇലയിട്ട് താ‍ഴ്ന്ന ജാതിക്കാര്‍ക്ക് കഞ്ഞികൊടുത്ത സംഭവമാണ്. അവര്‍ കഞ്ഞി കുടിച്ചതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ കൃഷ്ണകുമാറിന്റെ കണ്ണുകള്‍ നിറയുകയല്ല; വായില്‍ കൊതിയൂറുകയാണ്. കു‍ഴി കുത്തി കഞ്ഞികുടിക്കല്‍ ചാതുർവര്‍ണ്യ കാലഘട്ടത്തില്‍ കീ‍ഴാളര്‍ നേരിട്ടിരുന്ന വിവേചനത്തിന്റെ നേര്‍ച്ചിത്രമാണ്. അവിടെ നിന്ന് കേരളം ബഹുദൂരം  മുന്നോട്ട് പോയി. എന്നിട്ടും കു‍ഴി കുത്തി കഞ്ഞികുടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ 2024ല്‍ ഒരു മലയാളിക്ക് വായില്‍ വെള്ളമൂറുന്നത് അപകടകരമായ മാനസികാവസ്ഥയാണ്. പക്ഷെ അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കാന്‍ ആഗ്രഹിക്കുന്ന സുരേഷ്‌ ഗോപിയും കീ‍ഴാളര്‍ കു‍ഴികുത്തി കഞ്ഞി കുടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറുന്ന കൃഷ്ണകുമാറും ഇന്ന് രാജ്യം ഭരിക്കുന്ന പാർടിയുടെ കേരളത്തിലെ സെലബ്രിറ്റികളാണ്. വലതുപക്ഷചിന്താധാരയുടെ ബ്രാഹ്മണവല്‍ക്കരണം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. മോദി ഭരണത്തിന് കീ‍ഴില്‍ ഇത് പ്രകടവും പരസ്യവുമാണ്. സന്ദീപിന്റെ മുഖം കണ്ടവരുണ്ടോ? കൊടും കുറ്റവാളികളുടെയെല്ലാം  ദൃശ്യങ്ങളും ഫോട്ടോകളും ചിത്രങ്ങളും പുറത്തു വരാറുണ്ട്. എന്നാല്‍ യുപിയിലെ ഹാഥ്‌രസിലെ സന്ദീപ് സിസോദിയ എന്ന കൊടും ക്രിമിനലിന്റെ   മുഖം പൂർണമായും ഏതെങ്കിലും ചാനലിലോ പത്രത്തിലോ ഇതുവരെ വന്നിട്ടില്ല. സന്ദീപ് യുപിയിലെ സവർണ വിഭാഗമായ ഠാക്കൂർ സമുദായത്തിൽപ്പെട്ടയാളാണ്. മുഖ്യമന്ത്രി ആദിത്യനാഥിന്റെ അതേ വിഭാഗം. പ്രതിയായത് പട്ടിക ജാതിക്കാരിയായ ഒരു പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍. ഓരോ തവണയും കോടതിയില്‍ ഹാജരാക്കുമ്പോള്‍ സന്ദീപിനും സംഘത്തിനും സംരക്ഷണമൊരുക്കാന്‍ പൊലീസിന് പുറമെ ഠാക്കൂര്‍ സേനയും ഉണ്ടായിരുന്നു. സന്ദീപിന്റെ മുഖം കാണിക്കരുതെന്ന്‌ ഫോട്ടോഗ്രാഫര്‍മാര്‍ക്കും ക്യാമറാമാന്‍മാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ആജ്ഞ വള്ളിപുളളി വ്യത്യാസമില്ലാതെ സവർണ കേന്ദ്രീകൃതമായ യുപിയിലെ മാധ്യമലോകം നടപ്പിലാക്കി.  രാജ്യത്ത് ദളിത് ആക്രമണങ്ങളും കൂട്ടക്കൊലകളും പണ്ടും നടന്നിട്ടുണ്ട്. എന്നാല്‍ സവര്‍ണരായ അക്രമികള്‍ക്ക് ഇത്രകണ്ട് സുരക്ഷിതത്വവും സംരക്ഷണവും ലഭിച്ച കാലഘട്ടം മുൻപ് ഉണ്ടായിട്ടില്ല. 2020 സെപ്തംബര്‍ 14നാണ് യുപിയിലെ ഹാഥ്‌രസിലെ ബുല്‍ഗാര്‍ഹി ഗ്രാമത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി കൂട്ട ബലാൽസംഗത്തിനും ക്രൂരമായ അക്രമങ്ങള്‍ക്കും ഇരയായത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ദില്ലിയിലെ എ ഐ ഐ എം എസ്സില്‍  പ്രവേശിപ്പിച്ചു. പതിനൊന്നു ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി മരണത്തിനു കീ‍ഴടങ്ങി. 2012 ഡിസംബറില്‍  ദില്ലിയില്‍ നിര്‍ഭയ കൊല ചെയ്യപ്പെട്ടപ്പോള്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. സമാനമായ പൊതുജനവികാരം ഹാഥ്‌രസിലെ പെണ്‍കുട്ടിയുടെ കൊലയ്ക്ക് ശേഷവും ഉണ്ടായി. പക്ഷെ യുപിയിലെ ആദിത്യനാഥ് സര്‍ക്കാർ പ്രതികള്‍ക്കൊപ്പമായിരുന്നു. പെണ്‍കുട്ടിയുടെ ദാരുണാന്ത്യത്തില്‍ ഐക്യരാഷ്ട്ര സംഘടന ദുഃഖവും നടുക്കവും രേഖപ്പെടുത്തി. പക്ഷെ ഇന്ത്യന്‍ പ്രധാനമന്ത്രി മൗനം പാലിച്ചു. ആ ദരിദ്രകുടുംബത്തിന്‌ വേണ്ടി ഒരു ആശ്വാസവാക്കുപോലും പറഞ്ഞില്ല. ഇതേ ദിവസമാണ്‌ കുവൈത്ത്‌  അമീര്‍ അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ട് മോദി ട്വീറ്റ് ചെയ്തു. കുടുംബാംഗങ്ങള്‍ക്ക് അന്ത്യകർമങ്ങള്‍ പോലും ചെയ്യാന്‍ അവസരം നല്‍കാതെയാണ് യുപി പൊലീസ് ഹാഥ്‌രസിലെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് അന്വേഷണം സിബിഐ യെ ഏല്പിച്ചു. പക്ഷെ സിബിെഎ അന്വേഷണം നടത്തിയത് പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു. മുഖ്യപ്രതി സന്ദീപിന് ലഭിച്ചത് ജീവപര്യന്തം തടവുശിക്ഷ മാത്രം. മറ്റ് പ്രതികളെയെല്ലാം വെറുതെ വിട്ടു. കീഴ്ക്കോടതിയുടെ വിധി വന്നിട്ട് വര്‍ഷം ഒന്നു ക‍ഴിഞ്ഞു. എന്നാല്‍ വിധിക്കെതിരെ ഇതുവരെ അപ്പീല്‍ നല്കാന്‍ പോലും സിബിെഎ തയ്യാറായിട്ടില്ല. ഇര പട്ടികജാതിക്കാരിയും പ്രതികള്‍  ഉയര്‍ന്ന ജാതിക്കാരുമായാല്‍ സംഘപരിവാറിന്റെ ശക്തികേന്ദ്രങ്ങളിലെ  നീതി നിർവഹണം ഇങ്ങനെയെല്ലാമാണ്. ക്രമസമാധാന രംഗത്തെ സവർണവത്ക്കരണവും കീ‍ഴാള വിരുദ്ധതയും സമീപകാലത്ത്  കലാരംഗത്തേയ്ക്കു കൂടി പടര്‍ന്നിരിക്കുന്നു. ചെന്നൈ സംഗീത അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞന്‍ ടി എം കൃഷ്ണയ്ക്ക് നല്‍കാനുള്ള തീരുമാനത്തിനെതിരെ സംഗീതജ്ഞരായ രഞ്ജിനി  ഗായത്രി സഹോദരിമാര്‍ രംഗത്ത് വന്നതിന്റെ അടിസ്ഥാന കാരണവും ജാതിയായിരുന്നു. കർണാടക സംഗീതത്തെ ബ്രാഹ്മണ കേന്ദ്രീകൃതമായ  വേലിക്കെട്ടുകളില്‍ നിന്ന് മോചിപ്പിച്ചതായിരുന്നു ടി എം കൃഷ്ണയില്‍ അവർ കണ്ട കുറ്റം. ടി എം കൃഷ്ണയ്ക്ക് പുരസ്കാരം നല്‍കിയാല്‍ ചെന്നൈ സംഗീത അക്കാദമിയുടെ 2025ലെ വാര്‍ഷിക സമ്മേളനം ബഹിഷ്കരിക്കുമെന്ന് സവർണ സംഗീതജ്ഞർ ഭീഷണി മു‍ഴക്കി. എന്നാല്‍ പിന്‍മാറാന്‍ ചെന്നൈ സംഗീത അക്കാദമി തയ്യാറായില്ല. തമിഴ്‌നാട് സര്‍ക്കാരും തമിഴ്‌ സാംസ്കാരിക ലോകവും ടി എം കൃഷ്ണയ്ക്ക്‌ പിന്തുണ നല്‍കി. എന്നാല്‍ രാജ്യത്തെ പൊതുസ്ഥിതി ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.   ചെടികള്‍ വാടുന്നതെങ്ങനെ? വിസ്മൃതിയിലായെന്ന് കരുതിയ രാജാധികാരങ്ങള്‍ വര്‍ഗീയതയെന്ന എളുപ്പവ‍ഴിയിലൂടെ തിരിച്ചുവരാന്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അശാസ്ത്രീയതയും ഒരു പുരോഗമന സമൂഹത്തില്‍ പരുവപ്പെടുന്നതിന്റെ  നേര്‍ചിത്രമാണ് തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തിലെ അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മീഭായിയുടെ സമീപകാല പ്രബോധനങ്ങള്‍. ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനാനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കുന്നത് തടയുന്നതിനായി സംഘപരിവാര്‍ സംഘടനകള്‍ തിരുവനന്തപുരത്ത് നടത്തിയിരുന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ ഗൗരി ലക്ഷ്മി ഭായി ഉണ്ടായിരുന്നു. ആര്‍ത്തവം അശുദ്ധമാണോ എന്നതായിരുന്നു അന്ന് ഉയര്‍ന്ന മൗലിക ചോദ്യം. യുവതീ പ്രവേശന വിധിയില്‍ നിന്ന് സുപ്രീംകോടതി പിറകോട്ടു പോയി. പക്ഷെ സംഘപരിവാർ ശബരിമല ശ്രീകോവിലിന് ചുറ്റും കെട്ടി ഉയര്‍ത്തിയ പ്രതിബന്ധങ്ങളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് രണ്ട് യുവതികള്‍ക്ക് ദര്‍ശനാവസരമൊരുക്കിയ പിണറായി വിജയന്‍ സര്‍ക്കാരിന് കേരളജനത തുടര്‍ഭരണം നൽകി ചരിത്രം സൃഷ്ടിച്ചു. പക്ഷെ തലസ്ഥാന നഗരിയിലെ വലതുപക്ഷ സാംസ്‌കാരിക മുഖമായ ഗൗരി ലക്ഷ്മി ഭായി  'ആര്‍ത്തവ അശുദ്ധ’ പ്രചാരണങ്ങള്‍ നിര്‍ബാധം തുടര്‍ന്നു. ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വാദം സമർഥിക്കുന്നതിനായി ഗൗരി ലക്ഷ്മി ഭായി പറഞ്ഞതിങ്ങനെ: "ആചാരങ്ങള്‍ക്ക് ശാസ്ത്രീയ വശമുണ്ട്. ആര്‍ത്തവമുള്ള സ്ത്രീകളില്‍ ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട്‌ പഠനം നടത്തിയിരുന്നു. ആര്‍ത്തവമുള്ള സ്ത്രീകള്‍ ചെടികള്‍ക്ക് വെള്ളം നനച്ചാല്‍ അവ വാടുന്നതായി അവര്‍ കണ്ടെത്തി. കെല്‍ട്രോണിലും സമാനമായ ഒരു സംഭവമുണ്ടായി. അവിടുത്തെ ചില ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാതെയായി. അവര്‍ ആര്‍ത്തവമുള്ള സ്ത്രീകളെ മാറ്റി നിര്‍ത്തി. അതോടെ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി." ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നാണ് പഠനം നടത്തിയത്? ആ പഠന റിപ്പോര്‍ട്ടിന്റെ  പകര്‍പ്പ് കാണിക്കാമോ? കെല്‍ട്രോണില്‍ എന്നാണ് ആര്‍ത്തവമുള്ള സ്ത്രീകളെ മാറ്റി നിര്‍ത്തിയതിനാല്‍ സാങ്കേതിക പ്രശ്നം പരിഹരിക്കപ്പെട്ടത്? 2023ല്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരി ലക്ഷ്മി ഭായിയെ പത്മഭൂഷൺ നല്കി ആദരിച്ചു. അന്ന് ടിവി ചാനലുകള്‍ അവരുടെ പ്രതികരണങ്ങള്‍ എടുത്തു. പക്ഷെ ആര്‍ത്തവ വിഷയത്തില്‍ പുലര്‍ത്തുന്ന സ്ത്രീ വിരുദ്ധതയും അശാസ്ത്രീയതയും ആരും ചോദ്യം ചെയ്തില്ല. സത്യഭാമയ്ക്ക് നേരെ ഉണ്ടായ എതിർ വിസ്താരം ഗൗരി ലക്ഷ്മി ഭായിയ്ക്ക് നേരെ ഉണ്ടായില്ല. കാരണം മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് അവര്‍ ഇപ്പോ‍ഴും തമ്പുരാട്ടിയാണ്. അയിത്തവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കടപു‍ഴക്കിയെറിഞ്ഞ് അയ്യൻകാളിയെന്ന മഹാനായ പോരാളി വില്ലുവണ്ടി സമരം നടത്തിയ പാതകളില്‍ രാജാധികാരവും ഫ്യൂഡല്‍ മേൽക്കോയ്മയും പുനരാവിഷ്‌ക്കരിക്കപ്പെടുന്നതും തലസ്ഥാനം കണ്ടു. ക‍ഴിഞ്ഞ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഗൗരി ലക്ഷ്മി ഭായിയും സ്വയം പ്രഖ്യാപിത രാജകുടുംബാംഗങ്ങളും രാജ്‌ഭവന്‍ മുതല്‍ കവടിയാർ വരെ ഒരു തുറന്ന വാഹനത്തിൽ ഘോഷയാത്ര നടത്തി. റോഡിന്റെ  ഇരുവശങ്ങളിലുമായി പൊങ്കാലയര്‍പ്പിച്ചിരുന്ന സ്ത്രീകളിലെ ഒരു വിഭാഗം അടിമത്തത്തിന്റെ സംജ്ഞകള്‍ ദൈവസൃഷ്ടിയെന്ന് ഇന്നും വിശ്വസിക്കുന്നവരാണ്. അവര്‍ ആദരസൂചകമായി ഉറക്കെ കുരവയിട്ടു.അവരുടെ മുന്‍ഗാമികള്‍ മാറുമറച്ചില്ലെന്ന കാരണത്താല്‍ തിരുവിതാംകൂറിലെ രാജാക്കന്‍മാര്‍ക്കും രാജ്ഞിമാര്‍ക്കും മുലക്കരം നല്‍കിയവരായിരുന്നു.  മഹാറാണിമാര്‍ കീ‍ഴ്‌ജാതിക്കാരോട് പുലര്‍ത്തിയിരുന്ന അയിത്തത്തിന്റെ തീവ്രത അറിയണമെങ്കില്‍ പ്രതാപകാലത്തെ കൊട്ടാരം പാചകരീതികള്‍ മാത്രം നോക്കിയാല്‍ മതി. ‘‘മഹാറാണിയുടെ മുന്നില്‍ ഇത്രയെണ്ണം വിഭവങ്ങള്‍ വേണമെന്ന കണക്കുണ്ട്. ഉച്ചയൂണിന് മോരൊ‍ഴിച്ച രണ്ടു കൂട്ടാനും പരിപ്പും രണ്ട് ഒ‍ഴിച്ചുകൂട്ടാനും മെ‍ഴുക്കുപുരട്ടിയും ഒരു വെള്ളിവട്ടകയില്‍ ചോറും ഉണ്ടാകും. ചായ സമയത്ത് പത്തു കൂട്ടം പലഹാരം വേണം. ആറെണ്ണം ഉപ്പും നാലെണ്ണം മധുരവും. ആണുങ്ങളുടെ ഭാര്യമാര്‍ക്ക് ഭക്ഷണം ക‍ഴിക്കുന്ന ഭാഗത്തേയ്ക്ക് വന്നുകൂടാ. അറിയാതെയെങ്ങാനും  വന്നുപെട്ടാല്‍ ഈ ആഹാര സാധനങ്ങളൊക്കെ തിരിച്ചയയ്ക്കേണ്ടിവരും. കാരണം താ‍ഴ്ന്ന ജാതിയില്‍പ്പെട്ട ആരെങ്കിലും (ഈ ഭാര്യമാര്‍ നായര്‍ സ്ത്രീകളായിരുന്നു) ഊണ് സമയത്ത് കാലുകുത്തിയാല്‍ എല്ലാം വീണ്ടും പാചകം ചെയ്യേണ്ടിവരും." (ദന്ത സിംഹാസനം, പേജ് 467, മനു എസ് പിള്ള). തിരുവിതാംകൂര്‍ രാജകുടുംബം അധികാരം സ്വയം ഒ‍ഴിഞ്ഞതല്ല. സ്വാതന്ത്ര്യ  പോരാട്ടങ്ങൾക്ക്‌ മുന്നില്‍ തലകുനിച്ചതാണ്. 1938ല്‍ ശ്രീചിത്തിര തിരുന്നാള്‍ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചതിനg പിറകിലെ  യഥാർഥ ചേതോവികാരം കീ‍ഴാളവർഗത്തിന്റെ  ഉന്നമനമായിരുന്നില്ല. സവർണ വിഭാഗക്കാരില്‍ നിന്നു നേരിട്ടിരുന്ന ക്രൂരമായ വിവേചനവും അവസര നിഷേധവും സഹിക്കാനാകാതെ കീ‍ഴാളവിഭാഗക്കാര്‍ ക്രിസ്തുമതത്തിലേക്ക് കൂട്ടത്തോടെ നടത്തിയ പരിവര്‍ത്തനങ്ങള്‍ക്ക് തടയിടുക എന്നതായിരുന്നു ലക്ഷ്യം. ഒപ്പം നിവര്‍ത്തനപ്രക്ഷോഭത്തിലൂടെ ഉരുത്തിരിഞ്ഞ ഈ‍ഴവ മുസ്ലീം ക്രിസ്ത്യന്‍ ഐക്യം തകര്‍ക്കാനും രാജകുടുംബത്തിന് സാധിച്ചു. ക്ഷേത്ര പ്രവേശന വിളംബരം നടപ്പിലാക്കിയതിനു ശേഷം ദീര്‍ഘകാലം മഹാറാണിമാര്‍ തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയിരുന്നില്ലെന്നതും ചരിത്ര വസ്തുതയാണ്. ഇന്ത്യയില്‍ നിന്ന്  വേറിട്ട് സംഘപരിവാര്‍ പിന്തുണയോടെയുള്ള സ്വതന്ത്ര രാജ്യമായി നിലനില്‍ക്കാന്‍ പരമാവധി നോക്കി. പക്ഷെ, പുന്നപ്ര വയലാറില്‍ വീണ ചെഞ്ചോരയ്ക്കു മുന്നിൽ പകച്ചു പോയി. തിരുവിതാംകൂര്‍ ഇന്ത്യയില്‍ ലയിച്ചെങ്കിലും രാജാധിപത്യത്തിന്റെ മാനസികാവസ്ഥയില്‍ നിന്ന് ഇതുവരെ മോചനം നേടിയിട്ടില്ല. പ‍ഴയ നാട്ടുരാജ്യാധിപര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ അവലന്‍സ്  ഇനത്തില്‍  നാല്പത് ലക്ഷത്തിലേറെ രൂപയാണ് തിരുവിതാംകൂര്‍ രാജകുടുംബം കൈപ്പറ്റുന്നത്.  2021 ഒക്ടോബറില്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിടിഎ റഹിം എംഎല്‍എയുടെ ചോദ്യത്തിന്  രേഖാമൂലം നല്‍കിയ മറുപടിയില്‍ 2020‐21 വര്‍ഷത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്  40,23,120 രൂപ പെന്‍ഷന്‍/ അവലന്‍സ് ഇനത്തില്‍ നല്‍കിയതായി അറിയിച്ചിരുന്നു. പക്ഷെ അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാറില്ല. ജനാധിപത്യത്തെ അവര്‍ മാനിക്കുന്നില്ല. ഹിന്ദുത്വയുടെ അടിവേരുകള്‍ ആ‍ഴത്തില്‍ വേരൂന്നുന്ന കാലത്ത്‌ കുടുംബസമേതം നടത്തിയ പൊങ്കാല പ്രദക്ഷിണയാത്രയിലൂടെ ലക്ഷ്യമിട്ടത് രാജാധികാരത്തിന്റെ മടങ്ങിവരവാണ്. പക്ഷെ രാജകുടുംബത്തിന്റെ പൊങ്കാലയാത്രയുടെ അപകടം മാധ്യമ ലോകം തിരിച്ചറിഞ്ഞില്ല. തിരിച്ചറിഞ്ഞവര്‍ പാലിച്ച മൗനം അപകടകരമാണ്.    ഇഷ്ടിക പൊട്ടിക്കലും  പൊങ്കാല വീടുകളും ആറ്റുകാല്‍ പൊങ്കാലയ്ക്ക് 'ഇഷ്ടിക പൊട്ടിക്കല്‍’ എന്നൊരു ചടങ്ങുണ്ടോ? അങ്ങനെയൊരു ചടങ്ങിനെക്കുറിച്ച് തിരുവനന്തപരത്തെ പൊങ്കാല ഭക്തര്‍ക്ക് കേട്ടറിവു പോലും ഇല്ല. പക്ഷെ ക‍ഴിഞ്ഞ പൊങ്കാല ദിനത്തില്‍ പലയിടത്തും പൊങ്കാലയടുപ്പുകള്‍ നിര്‍മിപ്പിക്കുന്നതിനായി കൊണ്ടുവന്ന ഇഷ്ടികകള്‍  നിവേദ്യമര്‍പ്പിച്ച ശേഷം പലയിടത്തും തകര്‍ക്കപ്പെട്ടു. ആശാന്‍ സ്ക്വയറില്‍ ഇഷ്ടിക പൊട്ടിക്കുകയായിരുന്ന കൊല്ലം സ്വദേശി രത്നകുമാരി കാരണം വിശദീകരിച്ചതിങ്ങനെ "പൊങ്കാല ക‍ഴിഞ്ഞാല്‍ ഇഷ്ടികകള്‍ തിരിച്ച് വീട്ടിൽ കൊണ്ടുപോകണം. അതുമല്ലെങ്കിൽ ഇഷ്ടികകള്‍ തകര്‍ക്കണം. ഇഷ്ടികകളെ അനാഥമാക്കി പാതയോരത്തിട്ടാല്‍ ആറ്റുകാല്‍ ദേവി കോപിക്കും." "ഈ വിവരമെല്ലാം രത്നകുമാരിക്ക് എവിടെ നിന്ന് കിട്ടി?" "കേശവേട്ടന്‍ പറഞ്ഞതാണ്." പൊങ്കാലയിടാന്‍ വന്ന രത്നകുമാരിമാരെ തെറ്റിദ്ധരിപ്പിച്ച് കേശവേട്ടന്‍മാര്‍ അടുത്ത കാലത്ത് തുടങ്ങിയ അന്ധവിശ്വാസമാണ് ഇഷ്ടിക പൊട്ടിക്കല്‍ ചടങ്ങ്. ആ ചടങ്ങിനു പിറകില്‍ ഒരു ലക്ഷ്യമുണ്ട്. ലൈഫ് പദ്ധതിയിലൂടെ പൊങ്കാല വീടുകള്‍ നിർമിക്കുന്നത്  തടയുക എന്നതാണ് ലക്ഷ്യം. പൊങ്കാലയ്ക്കു ശേഷം ഭക്തര്‍ റോഡരുകില്‍ ഉപേക്ഷിച്ചു പോയ ഇഷ്ടികകള്‍ കോർപറേഷന്റെ  പ്രത്യേക സ്ക്വാഡുകള്‍ ശേഖരിക്കും. ഇങ്ങനെ ലഭിക്കുന്നത് ആയിരക്കണക്കിന് ഇഷ്ടികകളാണ്. ആ ചടങ്ങിന് പിറകില്‍ ഒരു ലക്ഷ്യമുണ്ട്. ലൈഫ് പദ്ധതിയിലൂടെ പൊങ്കാല വീടുകള്‍ നിർമിക്കുന്നത്  തടയുക എന്നതാണ് ലക്ഷ്യം.പൊങ്കാലയ്ക്ക് ശേഷം ഭക്തര്‍ റോഡരുകില്‍ ഉപേക്ഷിച്ച് പോയ ഇഷ്ടികകള്‍ കോർപറേഷന്റെ  പ്രത്യേക സ്ക്വാഡുകള്‍ ശേഖരിക്കും. ഇങ്ങനെ ലഭിക്കുന്നത് ആയിരക്കണക്കിന് ഇഷ്ടികകളാണ്. ഇവ ലൈഫ് പദ്ധതി പ്രകാരം ദരിദ്രര്‍ക്ക് വീട് നിർമിക്കുന്നതിനായി ഉപയോഗിക്കും. ഈ സദ്പ്രവൃത്തി തടയുക എന്നതാണ് 'ഇഷ്ടികപൊട്ടിക്കല്‍’ എന്ന  പുതിയ അന്ധവിശ്വാസത്തിന്റെ പിറകിലെ ഗൂഢലക്ഷ്യം. എന്നാല്‍ മഹാഭൂരിപക്ഷം വിശ്വാസികളും കള്ളപ്രചാരണം തള്ളിക്കളഞ്ഞു. പൊങ്കാല ഇഷ്ടികകള്‍ ഉപയോഗിച്ച് തിരുവനന്തപുരത്ത്  ഇതുവരെ കെട്ടിയുയര്‍ത്തിയത്  17 വീടുകളാണ്. സമൂഹത്തിന്റെ ഏറ്റവും താ‍ഴേത്തട്ടിലുള്ളവരാണ് ഗുണഭോക്താക്കള്‍. ഭവന നിര്‍മാണത്തിനായി ശേഖരിക്കുന്ന ഇഷ്ടികകള്‍ നശിച്ചു കിടക്കുകയാണെന്ന് ആരോപിച്ച് സംഘപരിവാറിന്റെ ജനം ടിവി പദ്ധതിക്കെതിരെ വ്യാജവാര്‍ത്ത ചമച്ചു. സങ്കുചിത രാഷ്‌ട്രീയ താല്പര്യത്തിനായി അന്ധവിശ്വാസങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരത്ത് കണ്ടത്. കേരളത്തിലെ വിശ്വാസികളായ സ്ത്രീകളുടെ ഏറ്റവും വലിയ സംഗമവേദിയാണ് ആറ്റുകാല്‍ പൊങ്കാല. തലസ്ഥാനത്തെ മുസ്ലീം പള്ളികളും കൃസ്ത്യന്‍ ദേവാലയങ്ങളും ആഘോഷത്തിനായുള്ള സൗകര്യങ്ങള്‍ ഒരുക്കും. മുക്കിലും മൂലയിലും അരങ്ങേറുന്ന കലാപരിപാടികളില്‍ തലസ്ഥാനം തിമിര്‍ക്കും. അങ്ങനെയുള്ള  ഒരാഘോഷത്തെ രാജാധികാര പ്രകടനത്തിന്റെയും  വികസനവിരുദ്ധവും പ്രതിലോമപരവുമായ അന്ധവിശ്വാസങ്ങളുടെ  നിർമിതിക്കുമുള്ള സുവർണാവസരമാക്കി ഒരു വിഭാഗം മാറ്റുന്നു. നന്മയുടെ സന്ദേശവുമായി  തിരുവനന്തപുരം നഗരത്തില്‍ അതിവേഗം ഉയരുന്ന പൊങ്കാല വീടുകളാണ് ഇവര്‍ക്കുള്ള ഏറ്റവും വലിയ മറുപടി. ദേശാഭിമാനി വാരികയിൽ നിന്ന്     Read on deshabhimani.com

Related News