കേന്ദ്രത്തിന്റെ വർധിച്ച കടവും 
കേരളത്തോടുള്ള ഇരട്ടത്താപ്പും



  സംസ്ഥാനങ്ങളുടെ ധനമാനേജ്‌മെന്റിനെതിരെ വാളെടുക്കുന്ന കേന്ദ്രസർക്കാർ സ്വന്തം കാര്യത്തിലെത്തുമ്പോൾ ഭരണഘടനയെയും നിയമങ്ങളെയും കാറ്റിൽ പറത്തുന്നു. കേന്ദ്രത്തിന്‌ എന്തുമാകാം, സംസ്ഥാനങ്ങൾക്ക്‌ പറ്റില്ലെന്ന ചിറ്റമ്മ നയമാണ്‌ ഇതിലൂടെ പുറത്തുവരുന്നത്‌. ഇത്‌ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്വങ്ങൾക്ക്‌ നിരക്കുന്നതല്ല. സംസ്ഥാനങ്ങളുടെ കടപരിധിയിൽ അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുമ്പോൾ കേന്ദ്രസർക്കാർ നിയന്ത്രണമില്ലാതെ കടമെടുക്കുന്നു. നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിനിടയിൽ 7.4 ലക്ഷം കോടി രൂപ കടമെടുത്ത മോദി സർക്കാർ അടുത്ത ആറു മാസത്തിനിടയിൽ 6.61 ലക്ഷം കോടി രൂപ കൂടി കടമെടുക്കും. അതായത്‌ ആഴ്‌ചതോറും 27,500 കോടി രൂപ വീതമാണ്‌ കടമെടുക്കുന്നത്‌. ഇതോടെ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള പൊതുകടം 2025 മാർച്ചിൽ 185 ലക്ഷം കോടി രൂപ കവിയും. ഔദ്യോഗിക കണക്കിനുപുറത്ത്‌ മറഞ്ഞിരിക്കുന്നതും കണക്ക് കാണിക്കാത്തതും ബജറ്റിന്‌ പുറത്തുള്ളതുമായ കടം ഇതിൽ ഉൾപ്പെടില്ല. മറഞ്ഞിരിക്കുന്ന കടംകൂടി ഉൾപ്പെടുത്തിയാൽ 200 ലക്ഷം കോടി കവിയുമെന്നാണ്‌ വിലയിരുത്തൽ. പത്തു വർഷത്തിനിടയിൽ പൊതുകടം മൂന്നു മടങ്ങായി ഉയർന്നിരിക്കുകയാണ്‌. ജിഡിപിയുടെ 57 ശതമാനമാണ് കടം. 2024 മാർച്ച്‌ 31ന്‌ കേന്ദ്രത്തിന്റെ കടം 168.7 ലക്ഷം കോടിയായിരുന്നു. സംസ്ഥാന സർക്കാരുകളുടെ മൊത്തം കടബാധ്യത 52.18 ലക്ഷം കോടിയും. കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ പൊതുകടം രാജ്യത്തിന്റെ ജിഡിപിയുടെ 83 ശതമാനമാണ്‌. നിലവിൽ മൊത്തം കടത്തിന്റെ 77 ശതമാനം കേന്ദ്രസർക്കാരിന്റേതാണ്‌. സംസ്ഥാനങ്ങളുടെ കടബാധ്യത 23 ശതമാനവും. സാമ്പത്തികവളർച്ച വർധിപ്പിക്കുന്നതിനും വരുമാന വിടവ് നികത്തുന്നതിനും വേണ്ടിയാണ് വായ്പയെടുക്കുന്നതെന്നാണ്‌ മോദി സർക്കാർ അവകാശപ്പെടുന്നത്‌. ഇതേ ലക്ഷ്യത്തിനായി കടപരിധി ഉയർത്തണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം തള്ളുന്ന കേന്ദ്രസർക്കാർ തങ്ങളുടെ കടബാധ്യത വൻതോതിൽ ഉയരുന്നത് കണക്കിലെടുക്കുന്നില്ല. കേന്ദ്രത്തിന്റെ നികുതിവരുമാനം കുത്തനെ ഉയർന്നിട്ടും മോദി സർക്കാരിന്റെ കാലത്ത്‌ പൊതുകടവും ധനകമ്മിയും കുതിച്ചുയർന്നു. പ്രത്യക്ഷ, പരോക്ഷ നികുതിവരുമാനത്തിൽ വൻ വർധനയാണ്‌ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായത്‌. ഇതിനുപുറമേ സെസും സർചാർജുകളും ഓഹരി വിറ്റഴിക്കൽ, പൊതുആസ്‌തികളുടെ വിൽപ്പന, റിസർവ്‌ ബാങ്കിന്റെ ലാഭം വിഹിതം എന്നിവയിലൂടെ ലക്ഷക്കണക്കിന്‌ കോടി രൂപ കേന്ദ്ര ഖജനാവിലെത്തി. വരുമാനം വർധിക്കുമ്പോൾ സബ്‌സിഡികൾ വെട്ടിച്ചുരുക്കി ചെലവു കുറയ്‌ക്കുന്നതിനിടെ കടവും ഉയരുന്നത് വൈരുധ്യമാണ്‌. നടപ്പുവർഷം ധനകമ്മി 5.6 ശതമാനത്തിൽ പിടിച്ചുനിർത്താനാണ്‌ ബജറ്റിൽ ലക്ഷ്യമിട്ടിരുന്നത്‌. ധനഉത്തരവാദിത്വ നിയമപ്രകാരം കേന്ദ്രവും സംസ്ഥാനവും റവന്യു കമ്മി ഇല്ലാതാക്കണമെന്നും ധനകമ്മി മൂന്നു ശതമാനത്തിൽ പരിമിതപ്പെടുത്തണമെന്നും വ്യവസ്ഥ ചെയ്യുന്നു. 2003-ൽ നിയമം നിലവിൽ വന്നശേഷം ഒരിക്കൽപ്പോലും കേന്ദ്ര സർക്കാർ ഈ നിബന്ധന പാലിച്ചിട്ടില്ല. ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുകയാണെന്ന്‌ അവകാശപ്പെടുമ്പോഴും വർധിച്ചുവരുന്ന കടബാധ്യതയും ഉയർന്ന ധനകമ്മിയും സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ കനത്ത വെല്ലുവിളിയാണ്‌. കണക്കുകൾകൊണ്ടുള്ള സാമ്പത്തികവളർച്ച വെറും പൊള്ളയാണെന്നും സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ഭദ്രമല്ലെന്നുമാണ്‌ കുതിച്ചുയർന്ന കടം വ്യക്തമാക്കുന്നത്‌. 10 വർഷത്തിനിടയിൽ സർക്കാരിന്റെ പൊതുകടം വർധിച്ചതിനൊപ്പം ഗാർഹിക കടവും ക്രമാനുഗതമായി കൂടി. യഥാർഥ വരുമാനവും വേതനവും കുറഞ്ഞുവരുന്നതും പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുന്നതുമാണ്‌ ഗാർഹിക കടം ഉയരാനും ഗാർഹിക സമ്പാദ്യം കുറയാനും മുഖ്യകാരണമാകുന്നത്‌. ഇന്ത്യയുടെ വായ്പ– -ജിഡിപി അനുപാതം അപകടരേഖ കടന്നെന്ന്‌ കഴിഞ്ഞ ഡിസംബറിൽ ഐഎംഎഫ്‌ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യം സാമ്പത്തികമായി മെച്ചപ്പെടുമ്പോൾ വായ്പ–- ജിഡിപി അനുപാതം കുറയുകയാണ്‌ വേണ്ടത്‌. എന്നാൽ, മോദി ഭരണത്തിൽ ഇത്‌ നേരെ വിപരീത ദിശയിലാണ്‌. കുറഞ്ഞ തൊഴിലും ഉയർന്ന ഭക്ഷ്യ പണപ്പെരുപ്പവും കൂടിയ കടവും വളർന്നുവരുന്ന ഒരു വിപണിയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശമായ സാഹചര്യമാണ് സൃഷ്ടിക്കുക. മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ 55.87 ലക്ഷം കോടി രൂപയായിരുന്നു രാജ്യത്തിന്റെ കടബാധ്യത. 2023 മാർച്ചിൽ ഇത്‌ 155.31 ലക്ഷം കോടിയായി. അടുത്ത മാർച്ചിൽ ഇത്‌ 185 ലക്ഷം കോടി കവിയും. എന്നാൽ, രാജ്യത്തിന്റെ കടബാധ്യത അപകടാവസ്ഥയിൽ അല്ലെന്നാണ്‌ മോദി സർക്കാരിന്റെ വാദം. പല വികസിത രാജ്യങ്ങളിലെയും കടം അവരുടെ ദേശീയ വരുമാനത്തെ അപേക്ഷിച്ച്‌ വളരെ ഉയർന്നതാണെന്നും അതുകൊണ്ട് അവർക്കു പ്രശ്നമൊന്നും ഉണ്ടായിട്ടില്ലെന്നുമാണ്‌ വർധിച്ച കടത്തെ ന്യായീകരിക്കാൻ പറയുന്നത്‌. ഈ വാദം ഉന്നയിക്കുന്ന കേന്ദ്രസർക്കാർ കടമെടുപ്പിനെ സംബന്ധിച്ച്‌ സംസ്ഥാനങ്ങളോട്‌ മറ്റൊരു നയമാണ്‌ സ്വീകരിക്കുന്നത്‌. ഇത്‌ തികച്ചും അന്യായമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയാണ്‌. യഥാർഥത്തിൽ ധനപരമായ അച്ചടക്കം പാലിക്കുന്നത് കേന്ദ്ര സർക്കാരാണോ സംസ്ഥാന സർക്കാരുകളാണോ. കഴിഞ്ഞ പത്തുവർഷത്തെ അനുഭവം തെളിയിക്കുന്നത്‌ ധന അരാജകത്വം സൃഷ്ടിക്കുന്നത്‌ കേന്ദ്ര സർക്കാരാണെന്നാണ്‌. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കടമെടുക്കുന്നത്‌ നിയന്ത്രിക്കുന്നതിന് പാർലമെന്റും നിയമസഭയും ധനഉത്തരവാദിത്വ നിയമം പാസാക്കിയിട്ടുണ്ട്. അതുപ്രകാരം ജിഡിപിയുടെ മൂന്നു ശതമാനത്തിനപ്പുറം ഒരുവർഷം വായ്പയെടുക്കാൻ പാടില്ല. കേന്ദ്രം ഒരിക്കൽപ്പോലും ഈ നിയമം അനുസരിച്ചിട്ടില്ല. സംസ്ഥാനങ്ങൾ ഏറെക്കുറെ ഇത്‌ പാലിച്ചിട്ടുണ്ട്‌. പത്തുവർഷംകൊണ്ട് സംസ്ഥാനങ്ങൾ റവന്യു കമ്മി കുറച്ചുകൊണ്ടുവന്നു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ റവന്യു കമ്മി മൂന്നു ശതമാനത്തിലേറെയാണ്‌. അഞ്ചുവർഷംകൊണ്ട് സംസ്ഥാനങ്ങളുടെ ധനകമ്മി അനുവദനീയ പരിധിയായ മൂന്നു ശതമാനത്തിൽ താഴെയായി. കേന്ദ്രത്തിന്റെ ധനകമ്മിയാകട്ടെ അഞ്ചു ശതമാനത്തിനു മുകളിലാണ്‌. സംസ്ഥാനങ്ങളുടെ കടബാധ്യത ജിഡിപിയുടെ 25 ശതമാനമായപ്പോൾ കേന്ദ്രത്തിന്റേത് 60 ശതമാനത്തിനടുത്തും. ഇത്തരത്തിൽ തുടർച്ചയായി നിയമം ലംഘിച്ച കേന്ദ്ര സർക്കാരാണ് കേരളംപോലുള്ള ചില സംസ്ഥാനങ്ങളെ ആവർത്തിച്ചു കുറ്റപ്പെടുത്തുന്നത്‌. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും സാമൂഹ്യക്ഷേമ പദ്ധതികൾക്കും ഊന്നൽ നൽകുന്ന കേരളത്തിന്‌ റവന്യു കമ്മി എളുപ്പത്തിൽ ഇല്ലാതാക്കാൻ കഴിയില്ല. കടമെടുപ്പിനും പൂർണമായ നിയന്ത്രണം ഏർപ്പെടുത്താനാകില്ല. കോവിഡുകാലത്ത്‌ കേരളത്തിന്റെ കടബാധ്യത സംസ്ഥാന ജിഡിപിയുടെ 39 ശതമാനമായി ഉയർന്നിരുന്നു. കോവിഡിൽ ജിഡിപി ഇടിഞ്ഞത്‌ ഇതിനു കാരണമായി. കോവിഡ് സാമ്പത്തികമേഖലയിൽ ഉണ്ടാക്കിയ തകർച്ച പരിഹരിക്കാൻ വായ്പ പരിധി ഉയർത്തിയതിനെ പൂർണമായും കേരളം ഉപയോഗപ്പെടുത്തി ജനങ്ങളെ സഹായിച്ചു. കേരളത്തിന്റെ സാമ്പത്തികവളർച്ചയും കടബാധ്യതയും താരതമ്യം ചെയ്‌താൽ അപകടകരമായ സാഹചര്യമില്ല. കടം സംബന്ധിച്ച ഊതിപ്പെരുപ്പിച്ച കണക്കുനിരത്തി അർഹമായ അവകാശങ്ങൾ നിഷേധിക്കുന്നത്‌ കേരളം കൈവരിച്ച നേട്ടങ്ങളെ തകർക്കാനാണ്‌. ചെലവുകളെയും ആവശ്യങ്ങളെയും സമഗ്രമായി വിലയിരുത്തിവേണം കേരളത്തിന്റെ കടബാധ്യതകളെ സംബന്ധിച്ച പ്രശ്നം ചർച്ചചെയ്യാൻ. കേവലം ഒരു സംസ്ഥാനത്തിന്റെമാത്രം പ്രശ്‌നമല്ല ഇതെന്നും അത് രാജ്യത്തിന്റെയാകെയാണെന്നുമാണ്‌ ഇപ്പോൾ വ്യക്തമാകുന്നത്‌. കേരളത്തിന്റെ കടം- ജിഎസ്ഡിപി അനുപാതം നിശ്ചയമായും കുറഞ്ഞുവരും. കഴിഞ്ഞ വർഷവും നടപ്പുസാമ്പത്തിക വർഷവും മൂന്നു ശതമാനത്തിനപ്പുറം വായ്‌പയെടുക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വായ്‌പാ- ജിഎസ്ഡിപി അനുപാതം ഈ വർഷാവസാനം 34 ശതമാനത്തിനടുത്തെത്തും. ദേശീയപാത വികസനത്തിന്‌ ഭൂമി ഏറ്റെടുക്കാനായി കേന്ദ്ര സർക്കാരിന്‌ നൽകിയ 6000 കോടിയും വ്യവസായ പാർക്കുകൾ സ്ഥാപിക്കാനും വിഴിഞ്ഞം തുറമുഖ വികസനത്തിനും ഉൾപ്പെടെ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനായി കിഫ്‌ബി എടുത്ത വായ്‌പകൾ സംസ്ഥാനത്തിന്റെ വായ്‌പാപരിധിയിൽ ഉൾപ്പെടുത്തി. എന്നാൽ, ദേശീയപാത വികസന അതോറിറ്റി ഉൾപ്പെടെയുള്ള കേന്ദ്ര സ്ഥാപനങ്ങൾ പൊതുവിപണിയിൽനിന്ന്‌ എടുത്ത പതിനായിരക്കണക്കിന്‌ കോടി രൂപയുടെ വായ്‌പകൾ കേന്ദ്രത്തിന്റ കടമായി ഉൾപ്പെടുത്തുന്നില്ല. ഇത്‌ സംസ്ഥാനങ്ങളോട്‌, പ്രത്യേകിച്ച്‌ കേരളത്തോട്‌ കാട്ടുന്ന അനീതിയാണ്‌. ചെലവുകളെയും ആവശ്യങ്ങളെയും സമഗ്രമായി വിലയിരുത്തിവേണം കേരളത്തിന്റെ കടബാധ്യതകളെ സംബന്ധിച്ച പ്രശ്നം ചർച്ചചെയ്യാൻ. കേവലം ഒരു സംസ്ഥാനത്തിന്റെമാത്രം പ്രശ്‌നമല്ല ഇതെന്നും അത് രാജ്യത്തിന്റെയാകെയാണെന്നുമാണ്‌ ഇപ്പോൾ വ്യക്തമാകുന്നത്‌. സഹകരണ ഫെഡറലിസം ശക്തിപ്പെടുത്തിക്കൊണ്ടുമാത്രമേ ഈ പ്രശ്‌ങ്ങൾ പരിഹരിക്കാനാകൂ. നിയന്ത്രണമില്ലാതെ വായ്‌പയെടുക്കാൻ അനുവദിക്കണമെന്നല്ല കേരളം ആവശ്യപ്പെടുന്നത്‌. എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ മാനദണ്ഡം അടിച്ചേൽപ്പിക്കരുതെന്നാണ്‌. കേന്ദ്രം നികുതി വിഭജിച്ചുനൽകുന്നതിൽ വ്യത്യസ്‌ത മാനദണ്ഡമാണല്ലോ സ്വീകരിക്കുന്നത്‌. അതുപോലെതന്നെ വ്യത്യസ്‌ത വികസനപാതകളിലൂടെയാണ്‌ ഓരോ സംസ്ഥാനവും വളരുന്നതെന്ന്‌ തിരിച്ചറിഞ്ഞുകൊണ്ട്‌ ഒരേ തോതിൽ റവന്യു കമ്മിയും ധനകമ്മിയും നിശ്‌ചയിക്കരുത്‌. സാഹചര്യങ്ങളും ആവശ്യങ്ങളും കണക്കിലെടുത്ത്‌ ഇളവുകൾ അനുവദിക്കണം. എന്നാൽ, രാജ്യത്ത്‌ നിലനിൽക്കുന്ന വൈവിധ്യത്തെ മനസ്സിലാക്കാതെ എല്ലാം ഒന്നാണെന്ന നിലയിലേക്ക്‌ മോദി സർക്കാർ നീങ്ങുന്നതാണ്‌ സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങളുടെ അടിസ്ഥാനകാരണം. Read on deshabhimani.com

Related News