‘ അതു താനല്ലയോ ഇത് ’
ദുരന്തഭൂമിയെ ഒന്നാകെ രക്ഷിക്കാൻ വന്ന അമാനുഷൻ എന്നായിരുന്നു മാധ്യമ കോലാഹലം. ആശുപത്രിയിൽ അമ്മയ്‌ക്കൊപ്പം ഇരിക്കുന്ന കുഞ്ഞിനെ എടുക്കുന്നു, ഉമ്മവയ്‌ക്കുന്നു, താടിയിൽ പിടിപ്പിക്കുന്നു, കണ്ണട എടുപ്പിക്കുന്നു... ഓ ഒന്നും പറയേണ്ട ഒറിജിലിനെ വെല്ലുന്ന അഭിനയം. പടമാകെ സസ്പെൻസ് ത്രില്ലറാണ്. ക്ലൈമാക്സ് കണ്ട് അന്തംവിട്ടിരിപ്പാണ് മലയാളികൾ. വയനാടിന് നയാപൈസ കൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് നായകനിൽനിന്ന് ക്രൂരനായ വില്ലനിലേക്കുള്ള മേക്ക് ഓവർ കണ്ട് സംവിധായകൻപോലും കോരിത്തരിച്ചിരിപ്പാണെന്നാണ് പരിവാർ കേന്ദ്രങ്ങളിലെ ടോക്ക് മറ്റൊന്നിൻ ധർമയോഗത്താൽ അതു താനല്ലയോ ഇതെന്ന വർണ്യത്തിലാശങ്കയിലാണ് കോൺഗ്രസും ബിജെപിയുമെന്നാണ് ഇപ്പോൾ പരക്കെയുള്ള സംസാരം. പല സ്ഥലത്തും രണ്ടിനെയും തിരിച്ചറിയാൻ കഴിയാതെ പ്രവർത്തകരാകെ ആശങ്കയിലാണ്. രണ്ടിന്റെയും ധർമവും സംസാരവും രൂപവും ഭാവവും എല്ലാം സാമ്യമുള്ളതിനാൽ അതു താനല്ലയോ ഇതെന്ന് സംശയിക്കുന്നതിൽ കുറ്റം പറയാൻ പറ്റില്ല. തെരഞ്ഞെടുപ്പ് വരുമ്പോൾ ഈ ശങ്ക കലശലായി വോട്ടുകൾ പരസ്പരം മാറി ചെയ്ത് പോകുകയാണ്. തൃശൂരിൽ സുരേഷും മുരളിയും ഒന്നു തന്നെയല്ലേയെന്ന സംശയത്തിൽ സുരേഷിന് കോൺഗ്രസും പാലക്കാട് രാഹുലും കൃഷ്ണനും വേറെയല്ലല്ലോ എന്ന നിശ്ചയത്തിൽ രാഹുലിന് ബിജെപിയും വോട്ട് ചെയ്തതാണത്രെ. അതുകൊണ്ടാണ് ബിജെപിക്കോ കോൺഗ്രസിനോ വോട്ട് കുറഞ്ഞാൽ എൽഡിഎഫിന് വെപ്രാളമെന്തിനെന്ന് സതീശന് ചോദിക്കേണ്ടി വന്നത്. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വോട്ട് ചെയ്യും അതിന് മറ്റാരും വേവലാതിപ്പെടേണ്ടതില്ലെന്നാണ് സതീശൻ പറഞ്ഞതിന്റെ ചുരുക്കമെന്ന് തിരിച്ചറിയാൻ പാഴൂർ പടിവരെയൊന്നും പോകേണ്ടതില്ല. തൃശൂരിൽ എൺപത്താറായിരം കൊടുത്തതിന് പകരം പാലക്കാട് പതിനൊന്നായിരം വാങ്ങി കടം വീട്ടിയിട്ടുണ്ടത്രെ. പിന്നെ വിഴുപ്പലക്കലിൽ ഇവർക്കുള്ള സാമ്യവും അപാരമാണ്. ഒരമ്മ പെറ്റ മക്കളെപ്പോലെയാണ്. അല്ലേലും അതങ്ങനെയാണല്ലോ. ഇന്നലെ കോൺഗ്രസായവർ ഇന്ന് ബിജെപിയാകുന്നു. ബിജെപിയായവർ കോൺഗ്രസാകുന്നു. അതിനൊന്നും എന്തിനാ അധികസമയം ദാസാ എന്ന് ചോദിച്ചതുപോലെയാണ്. വർക്കിങ് കമ്മിറ്റി അംഗത്തിന്റെ മകൻ കാവിയണിയുന്നു, കിങ് മേക്കറായിരുന്നയാളുടെ മകൾ താമരചൂടുന്നു, ഗാന്ധിജിയെ ചെറുതായൊന്ന് വെടിവച്ചു കൊന്നു എന്ന് വിശ്വസിക്കുന്നവൻ ത്രിവർണ ഷാളണിയുന്നു. എല്ലാം കേരളത്തിൽത്തന്നെ ഉണ്ടായതാണല്ലോ. പിന്നെങ്ങനെ അതുതാനല്ലയോ ഇതെന്ന് ആശങ്കപ്പെടാതിരിക്കും. വോട്ടും കൊടുത്തു നാലു കോടിയും കൊടുത്തു. എന്നിട്ടും കോൺഗ്രസിന് മുറുമുറുപ്പെന്നാണ് സുരേന്ദ്രൻ പക്ഷം ഇപ്പോൾ പറയുന്നത്. തൃശൂരിൽ തോറ്റപ്പോൾ കോൺഗ്രസ് ഡിസിസി ഓഫീസിൽവരെ അടിയുണ്ടാക്കി നാണക്കേട് മറയ്ക്കാൻ ശ്രമിച്ചെങ്കിൽ തങ്ങളും ഒട്ടും പിന്നിലാകില്ലെന്ന വാശിയിലാണ് ബിജെപി. വോട്ട് മറിച്ചത് പാലക്കാട് നഗരസഭയിലെ കൗൺസിലറായ ദേശീയ കൗൺസിൽ അംഗത്തിന്റെ നേതൃത്വത്തിലാണെന്ന് സുരേന്ദ്രൻ. ചെയർപേഴ്സണടക്കം അവർ 18 പേരുണ്ടത്രെ. ഇവർ ശ്രീകണ്ഠൻ എംപിയെ വിളിച്ചതിന്റെ കോൾ ലിസ്റ്റ് കൈയിലുണ്ടെന്ന ഭീഷണിയും ഉണ്ട്. എല്ലാത്തിനെയും ശരിയാക്കണമെന്ന പ്രഖ്യാപനത്തിലാണ് പ്രസിഡന്റും പ്രഭാരിയും. അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്ക് കയറേണ്ട എന്നാണ് പ്രമീളയും ശിവരാജനും തിരിച്ചടിച്ചത്. ഡീലുണ്ടാക്കി ആർക്കും വേണ്ടാത്ത സ്ഥാനാർഥിയെ നിർത്തിയത് എല്ലാവർക്കും അറിയാമെന്നും ഇവർ. എന്നാൽ, രാജിവയ്‌ക്കാൻ തയ്യാറാണെന്നും മുകളിൽ നിന്ന് തീരുമാനിക്കട്ടെയെന്നും പ്രസിഡന്റ്. ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസൻ കഥാപാത്രത്തെപ്പോലെയാണെന്ന് മറുപക്ഷം. ‘അയ്യോ അച്ഛാ പോകല്ലേ’യെന്ന് പറയിക്കാൻ സെറ്റിട്ട് വച്ചിട്ടാണത്രെ രാജി സന്നദ്ധത പറയുന്നത്. രാജിവയ്‌ക്കാൻ തയ്യാറെങ്കിൽ രാജിവച്ച് പുറത്തു പോകുന്നതല്ലേ ഉചിതമെന്ന് പഴയ പ്രസിഡന്റ് മുരളീധരന്റെ താങ്ങും വന്നിട്ടുണ്ട്. പണ്ടും തോറ്റപ്പോൾ രാജിവച്ച് കണ്ടില്ലല്ലോ എന്ന മറുതാങ്ങും കേട്ടു. കൂടെ കിടക്കുന്നവർക്കല്ലേ രാപ്പനി അറിയു എന്ന് പറഞ്ഞതുപോലെ ഒപ്പം നടക്കുന്നവർക്കറിയാത്ത രഹസ്യങ്ങളുണ്ടോ. സതീശന്റെ കച്ചവട സാമർഥ്യവും രാഷ്ട്രീയ നിരീക്ഷകരുടെ ഇടയിലെ പ്രധാന ടോക്കാണ്. ആർഎസ്എസ് വോട്ട് വാങ്ങുന്നു, മറുഭാഗത്ത് അവരെ കാണിച്ച് ഭീഷണിപ്പെടുത്തി ന്യൂനപക്ഷ വോട്ട് വാങ്ങുന്നു. ധാരാളം വോട്ട് എസ്ഡിപിഐ സമാഹരിച്ചു കൊടുത്തിട്ടുണ്ടത്രെ. വെൽഫയർ പാർടിയുടെ വക വേറെയും ഉണ്ട്. രണ്ടു കൂട്ടരുമായി പരസ്യ ഡീലായിരുന്നു. പാലക്കാട്ടെ വിജയത്തിന്റെ ക്രെഡിറ്റ് ബിജെപി ഒറ്റയ്‌ക്ക് കൊണ്ടുപോകേണ്ട ഞങ്ങളും ഒപ്പം ഉണ്ടെന്നാണ് എസ്‌ഡിപിഐ വാർത്താസമ്മേളനം വിളിച്ച് പറഞ്ഞത്. എന്തായാലും വോട്ട് കച്ചവടക്കാരുടെ വിലാപങ്ങളാണ് പാലക്കാട്ടുനിന്ന് കേൾക്കുന്നതെന്നാണ് ജനങ്ങൾക്കിടയിലെ ടോക്ക്. അഭിനയ ചക്രവർത്തിമാർ അഭിനയത്തിനുള്ള അടുത്ത ഓസ്കർ നരേന്ദ്ര മോദി ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം സുരേഷ് ഗോപി നിർവഹിച്ച "വയനാട്ടിലെ വേഷം കെട്ടിൽ' തകർത്ത് അഭിനയിച്ചതിനാണ് അവാർഡെന്നും കേൾക്കുന്നു. സഹസംവിധായകനായി കോട്ടയംകാരൻ ജോർജുകുര്യനും ഉണ്ട്. ദുരന്തഭൂമിയിലേക്കുള്ള നായകന്റെ മാസ് എൻട്രിയും പിന്നീടുള്ള വിക്രിയകളും കാണേണ്ടതു തന്നെയാണ്. ഒരു ദിവസത്തെ രക്ഷാപ്രവർത്തനം ആകെ നിർത്തിവയ്‌പിച്ച് റോഡെല്ലാം അടപ്പിച്ച് പരിവാരസമേതം എത്തി ഡയലോഗടിച്ചത് കേട്ടവരെല്ലാം കോരിത്തരിച്ചു. ദുരന്തഭൂമിയെ ഒന്നാകെ രക്ഷിക്കാൻ വന്ന അമാനുഷൻ എന്നായിരുന്നു മാധ്യമ കോലാഹലം. ആശുപത്രിയിൽ അമ്മയ്‌ക്കൊപ്പം ഇരിക്കുന്ന കുഞ്ഞിനെ എടുക്കുന്നു, ഉമ്മവയ്‌ക്കുന്നു, താടിയിൽ പിടിപ്പിക്കുന്നു, കണ്ണട എടുപ്പിക്കുന്നു... ഓ ഒന്നും പറയേണ്ട ഒറിജിലിനെ വെല്ലുന്ന അഭിനയം. പടമാകെ സസ്പെൻസ് ത്രില്ലറാണ്. ക്ലൈമാക്സ് കണ്ട് അന്തംവിട്ടിരിപ്പാണ് മലയാളികൾ. വയനാടിന് നയാപൈസ കൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് നായകനിൽനിന്ന് ക്രൂരനായ വില്ലനിലേക്കുള്ള മേക്ക് ഓവർ കണ്ട് സംവിധായകൻപോലും കോരിത്തരിച്ചിരിപ്പാണെന്നാണ് പരിവാർ കേന്ദ്രങ്ങളിലെ ടോക്ക്. Read on deshabhimani.com