മനോരഥങ്ങൾക്ക് വിട
1965 ൽ പുറത്തിറങ്ങിയ 'മുറപ്പെണ്ണ്’ എന്ന ചിത്രത്തിലൂടെയാണ് വള്ളുവനാടൻ ഭാഷയും സംസ്കാരവും മലയാളിക്ക് കാഴ്ചാനുഭവമായി മാറുന്നത്. എംടി യുടെ തന്നെ 'സ്നേഹത്തിൻ്റെ മുഖങ്ങൾ' എന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌കാരമായിരുന്നു മുറപ്പെണ്ണ്. മുറപ്പെണ്ണിനുശേഷം അറുപതോളം സിനിമകൾക്ക് എംടി തിരക്കഥയെഴുതുകയും ആറുചിത്രങ്ങൾ സംവിധാനം ചെയ്യുകയുമുണ്ടായി. പഞ്ചാഗ്നി, ആൾക്കൂട്ടത്തിൽ തനിയെ, നഖക്ഷതങ്ങൾ, സുകൃതം, എന്ന് സ്വന്തം ജാനകിക്കുട്ടി, അടിയൊഴുക്കുകൾ, ഓളവും തീരവും, കടവ്, സദയം, പരിണയം, താഴ്‌വാരം, ആരണ്യകം, നിഴലാട്ടം, നീലത്താമര, പഴശ്ശിരാജ എന്നിങ്ങനെ എംടിയിൽ നിന്ന് പിറന്ന തിരക്കഥകൾ ഏറെയാണ്. എം ടി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് നിർമ്മാല്യം. ‘പള്ളിവാളും കാൽചിലമ്പും’ എന്ന എംടിയുടെ തന്നെ കഥയുടെ ചലച്ചിത്രാവിഷ്കാരമായിരുന്നു നിർമ്മാല്യം. അതിനുശേഷം വാരിക്കുഴി (1982), മഞ്ഞ് (1983), ബന്ധനം (1978), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) തുടങ്ങിയ സിനിമകൾ അദ്ദേഹത്തിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങി. ആദ്യകാല കഥകളെയും നോവലുകളെയും പോലെ തന്നെ എംടിയുടെ സിനിമകളും മരുമക്കത്തായ വ്യവസ്ഥിതിയുടെ തിക്താനുഭവങ്ങളും തകരുന്ന കുടുംബവ്യവസ്ഥിതിയും പ്രമേയമാക്കി. വള്ളുവനാടിൻ്റെ ഉത്സവങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ എന്നിവയെ എംടി തൻ്റെ സിനിമകളിലൂടെ സാർവലൗകീകമാക്കി. എന്നാൽ എംടി യുടെ സിനിമകൾ ഈ പ്രദേശികതയിൽ മാത്രം നിൽക്കുന്നവയായിരുന്നില്ല. പുരാണങ്ങൾക്കും ഐതിഹ്യങ്ങൾക്കും നാടോടിക്കഥകൾക്കും അദ്ദേഹം സിനിമാഭാഷ്യം രചിച്ചു. അവഗണനയും തെറ്റിദ്ധാരണയും നിറഞ്ഞ പ്രതിനായക സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ട കഥാപാത്രങ്ങൾ എംടിയിലൂടെ അഭ്രപാളിയിൽ എത്തിയപ്പോൾ വ്യത്യസ്ത മാനം കൈവരിച്ചു. വൈശാലിയും വടക്കൻ വീരഗാഥയും പെരുന്തച്ചനുമെല്ലാം അങ്ങനെയാണ് പിറവികൊള്ളുന്നത്. ഈ സിനിമകളിലൂടെ പുനഃസൃഷ്ടിക്കപ്പെട്ട പുതിയ പുരാവൃത്തങ്ങൾ എക്കാലവും പ്രേക്ഷകരിൽ നിറഞ്ഞുനിന്നു. വെറുതെ ഒരു കഥ പറഞ്ഞ് പോകാതെ പ്രേക്ഷകരെ അത് അനുഭവിക്കുകയായിരുന്നു എം ടിയുടെ തിരക്കഥകൾ. മനുഷ്യൻ നേരിടുന്ന വൈകാരികവും സാമൂഹികവുമായ വിഷയങ്ങളാണ് അദ്ദേഹത്തിൻ്റെ തിരക്കഥകൾക്ക് പ്രമേയമായത്. Read on deshabhimani.com