മഹാ 'കാല'ത്തിന്റെ മൗനം



പാടത്തിന്റെ കരയിലുള്ള തകർന്ന തറവാടിന്റെ മുകളിലെ അരണ്ടവെളിച്ചത്തിൽ എഴുതി, എഴുതിയവ വീണ്ടും അയവിറക്കി, എഴുതാനുദ്ദേശിക്കുന്നവയെ സ്വപ്‌നം കണ്ട്‌ ജീവിച്ച ഒരു കുട്ടിക്കാലമായിരുന്നു എംടിയുടേത്‌. സാഹിത്യം തൊഴിലാക്കാമെന്നോ എഴുത്തിനു പ്രതിഫലമുണ്ടെന്നോ അറിവില്ലായിരുന്ന ബാല്യം. ആരും കാണാതെ, നോട്ടുപുസ്‌തകങ്ങളിൽ നിന്നു കീറിയെടുത്ത താളുകളിൽ  എഴുതിക്കൂട്ടി. സാഹിത്യത്തിലും എഴുത്തിലുമൊന്നും പിന്തുടരാവുന്ന കുടുംബ പശ്ചാത്തലമില്ലായിരുന്നു. ഓരോ വായനയിലും സ്വന്തം ലോകത്തെ വിപുലമാക്കിക്കൊണ്ട് സർഗവേദനയറിഞ്ഞ ബാല്യം ആ കാഥികനെ പുതിയതായി രൂപപ്പെടുത്തി. വളർത്തുമൃഗങ്ങൾ എന്ന ചെറുകഥയിലൂടെ മലയാള സാഹിത്യത്തിലേക്ക്‌ കടന്നുവന്നു. എന്തുകൊണ്ട്‌ എഴുത്തുകാരനായി എന്ന ചോദ്യത്തിന്‌ എംടിക്ക്‌ പറയാനുള്ളത്‌ "ബൈബിളിലെ കൃഷിക്കാരൻ എറിയുന്ന വിത്തുകളെ ഓർക്കാം. പലേടത്തും വീണ വിത്തുകളുലെ വിധി പല തരത്തിലാണ്. ചിലർ പട്ടാളക്കാരും കച്ചവടക്കാരും ഒക്കെ ആവുന്നതുപോലെ മറ്റു ചിലർ എഴുത്തുകാരും ആവുന്നു,  ആദ്യം മുതൽക്കേ ഞാൻ മറ്റൊന്നുമായിരുന്നില്ല'.  'ഇതൊരു പ്രകൃതി നിയമമായിരിക്കാം' എന്നാണ്. ഇത് എം ടിയുടെ കഥാ ലോകത്തെയും കഥാപാത്രങ്ങളുടെ സാമൂഹിക സ്വഭാവത്തെയും കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയും ആയിത്തീരുന്നുണ്ട്. എംടി യുടെ ആദ്യ കഥയായ "വളർത്തുമൃഗങ്ങൾ" മുതലേ തിരസ്‌കൃതരും പീഡിതരുമായ കഥാപാത്രങ്ങളെ കാണാം. പല വിധത്തിൽ ചൂഷണം ചെയ്യപ്പെടുകയും വലിച്ചെറിയപ്പെടുകയും ചെയ്യുന്ന നിരവധി മനുഷ്യരുടെ പ്രതിനിധികളാണ്‌ എംടിയുടെ ഓരോ കഥാപാത്രങ്ങളും.  ഇരുട്ടിന്റെ ആത്മാവിലെ വേലായുധനും ഓപ്പോളിലെ ഓപ്പോളും നാലുകെട്ടിലെ അപ്പുണ്ണിയുമെല്ലാം ഇങ്ങനെ സാമൂഹ്യ വ്യവസ്ഥിതി ചൂഷണം ചെയ്‌തിട്ടുള്ള മനുഷ്യരുടെ പ്രതിരൂപങ്ങളാണ്‌. വിശപ്പിന്റെ പലരൂപങ്ങൾ മലയാള സാഹിത്യം അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌. കാരൂരിന്റെയും ബഷീറിന്റെയും കഥകളിൽ  വിശപ്പിന്റെ കഠിനതയുണ്ട്. എംടി കഥകളിലേക്കെത്തുമ്പോൾ വിശപ്പ്‌ ഒരു തീക്ഷ്‌ണമായ വികാരമായി മാറുകയാണ്‌. പാരമ്പര്യവും യാഥാർഥ്യവും തമ്മിലുള്ള സംഘർഷമായും വിശപ്പ്‌ എഴുത്തിൽ പടരുന്നു.  "കുറുക്കന്റെ കല്യാണ"ത്തിലെ കുട്ടിയും  "സ്വർഗം തുറക്കുന്ന സമയ"ത്തിലെ കുട്ടി നാരായണനും  "കർക്കിടക"ത്തിലെ ഉണ്ണിയും പള്ളിവാളിലെ "കോമരവും" ഇത്തരത്തിൽ വിശപ്പിനെ അനുഭവിച്ചറിഞ്ഞവരാണ്‌.   അപകർഷതയും അപമാനവും നിറഞ്ഞതാണ്‌ എംടിയുടെ കഥാപാത്രങ്ങളിലെ വിശപ്പ്‌. ഇത്‌ തന്റെ ജീവിതത്തിൽ നിന്നും പകർത്തിയെടുത്തതാണ്‌. എംടിയുടെ കഥകൾ വള്ളുവനാടിനെയും വള്ളുവനാട്ടിന്റെ സവർണ മധ്യവർഗ ജീവിതത്തെയുമാണ്‌ പ്രതിനിധീകരിക്കുന്നത്‌ എന്ന് വിമർശിക്കപ്പെട്ടു. തനിക്കറിയാവുന്ന പ്രദേശത്തെയും മനുഷ്യരെയും പറ്റി താൻ  എഴുതിക്കൊണ്ടിരിക്കുന്നു എന്ന മറുപടിയിലൂടെയാണ് കണ്ണാന്തളിപ്പൂക്കളുടെ കഥാകാരൻ ആ വിമർശനങ്ങളെ നേരിട്ടത്‌. ഇതിഹാസങ്ങളിൽ നിന്നും പുരാണങ്ങളിൽ നിന്നും കഥാതന്തുക്കൾ കണ്ടെത്തുമ്പോഴും നാടൻ പാട്ടുകളിൽ നിന്നുവരെ കലയുടെ ഭാഷ്യങ്ങൾ ചമയ്ക്കുമ്പോഴും എം ടി അവയെ സ്വാനുഭവമാക്കുന്നു.  അമേരിക്കയുടെയും വാരണാസിയുടെയും പശ്ചാത്തലത്തിൽ കഥകളെഴുതുമ്പോഴും  എംടിയുടെ ആരൂഢം നിളാ തീരത്തെ കൂടല്ലൂർ എന്ന വള്ളുവനാടൻ ഗ്രാമമായി ചമഞ്ഞ് നിൽക്കുന്നു. Read on deshabhimani.com

Related News