നവീന പദ്ധതികളുമായി മുന്നോട്ട്
ഐക്യകേരളത്തിന് അറുപത്തിമൂന്ന് വയസ്സ് തികയുന്നു. തിരു‐ കൊച്ചി, മലബാർ എന്നിങ്ങനെ ഭരണപരമായി വിഘടിതമായി കിടന്നിരുന്ന പ്രദേശങ്ങളാകെ ഒരേഭാഷ സംസാരിക്കുന്നവരുടെ നാട് എന്ന നിലയിൽ ഔപചാരികമായി ഒരുമിച്ചതും ഐക്യകേരളമായി രൂപപ്പെട്ടതും 1956 നവംബർ ഒന്നിനാണ്. മലയാളികളുടെ മഹത്തായ ഒരു സ്വപ്നമാണ് അന്ന് സഫലമായത് എന്നുപറയാം. മദ്രാസ് റസിഡൻസിയുടെ ഭാഗമായിരുന്നു മലബാർ. തിരുവിതാംകൂറും കൊച്ചിയുമാകട്ടെ രാജഭരണത്തിനു കീഴിലായിരുന്നു. ഇങ്ങനെ നോക്കിയാൽ വൈജാത്യങ്ങൾ കുറച്ചൊക്കെയുണ്ടായിരുന്നു. എന്നാൽ, അവയെ ഒക്കെ കടന്നുനിൽക്കുന്ന മലയാളത്തിന്റെ, കേരളീയതയുടെ മൂല്യങ്ങൾ ജനമനസ്സുകളെ നേരത്തേതന്നെ ഇണക്കിനിർത്തിയിരുന്നു. വൈജാത്യങ്ങളെ നിഷ്പ്രഭമാക്കുന്ന യോജിപ്പുകൾ ഉണ്ടായിരുന്നുവെന്ന് ചുരുക്കം. അതുകൊണ്ടാണല്ലൊ, സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിന്നാലെതന്നെ, 1949ൽത്തന്നെ, തിരുവിതാംകൂറും കൊച്ചിയും സംയോജിതമായി തിരു‐കൊച്ചി രൂപപ്പെട്ടത്. ഐക്യകേരളമുണ്ടായിവരുന്നതിന്റെ ആദ്യപടിയായി അതിനെ കാണാവുന്നതാണ്. ഐക്യകേരളപ്പിറവിയിലേക്കു നയിച്ച രണ്ടു പ്രമുഖ സാമൂഹ്യധാരകളുണ്ടായിരുന്നു എന്നതും കാണാതിരുന്നുകൂടാ. ഒന്ന് നവോത്ഥാനധാര, മറ്റൊന്ന് കർഷക സമരങ്ങളുടേതായ ധാര. കേരളത്തിൽ അന്ന് നിലനിന്നത് ജാതി‐ജന്മി നാടുവാഴിത്ത വ്യവസ്ഥയും അതിനെ സംരക്ഷിച്ചുനിർത്തുന്ന സാമ്രാജ്യത്വാധിപത്യവുമായിരുന്നു. സാമൂഹ്യരംഗത്ത് ജാതിമേധാവിത്വം. സാമ്പത്തികരംഗത്ത് ജന്മിത്വം. രാഷ്ട്രീയരംഗത്ത് നാടുവാഴിത്തം. ഇവയ്ക്കെല്ലാം കുടപിടിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വവും. ജന്മിത്വത്തിൽനിന്ന് വേർപെടുത്താനാകാത്തവിധം കെട്ടുപിണഞ്ഞുനിന്നു ജാതിമേധാവിത്വം. പുതിയ കേരളത്തിന്റെ പിറവി എന്നത് ഒരുവശത്ത് ജന്മിത്വത്തെയും മറുവശത്ത് ജാതിമേധാവിത്വത്തെയും വെല്ലുവിളിച്ചുകൊണ്ടേ സാധ്യമാകുമായിരുന്നുള്ളു. ഇവയുടെ രണ്ടിന്റെയും സംരക്ഷകർ സാമ്രാജ്യത്വമാകയാൽ ആ വെല്ലുവിളി സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയപോരാട്ടമായി മാറുകയും ചെയ്തു. "അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന പുന്നപ്ര‐വയലാർ സമരത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യവും മനുഷ്യത്വമാണ് ജാതിക്കും മതത്തിനും മേലേ ഉയർത്തിപ്പിടിക്കേണ്ട മഹത്വമെന്ന നവോത്ഥാന മുദ്രാവാക്യവും ഉഴുതുമറിച്ചിട്ട മണ്ണിലൂടെയാണ് ഐക്യകേരളം രൂപപ്പെട്ടുവന്നതെന്ന് ചുരുക്കം കേരളം ഭ്രാന്താലയമാണെന്ന സ്വാമി വിവേകാനന്ദന്റെ പരാമർശം സമൂഹത്തിലുണ്ടാക്കിയ വിവേകം, ശ്രീനാരായണ ഗുരുവിന്റെ രംഗപ്രവേശം, അയ്യാ വൈകുണ്ഠൻ, മക്തി തങ്ങൾ, പൊയ്കയിൽ കുമാരഗുരുദേവൻ, വാഗ്ഭടാനന്ദൻ, വേലുക്കുട്ടി അരയൻ തുടങ്ങിയവർ പടർത്തിവിട്ട വെളിച്ചം തുടങ്ങിയവ നവോത്ഥാനത്തിന്റെ അതിശക്തമായ ഒരു ധാര സൃഷ്ടിച്ചു. ക്രിസ്ത്യൻ മിഷണറിമാർ വിദ്യാഭ്യാസം വ്യാപിപ്പിച്ചതും വൈക്കം, ഗുരുവായൂർ, പാലിയം തുടങ്ങിയ ഇടങ്ങളിലെ സത്യഗ്രഹങ്ങളും ഒക്കെ വിവേകത്തിന്റേതായ ഒരു നവോത്ഥാന ചൈതന്യം സമൂഹത്തിൽ പടർത്തി. "അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന പുന്നപ്ര‐വയലാർ സമരത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യവും മനുഷ്യത്വമാണ് ജാതിക്കും മതത്തിനും മേലേ ഉയർത്തിപ്പിടിക്കേണ്ട മഹത്വമെന്ന നവോത്ഥാന മുദ്രാവാക്യവും ഉഴുതുമറിച്ചിട്ട മണ്ണിലൂടെയാണ് ഐക്യകേരളം രൂപപ്പെട്ടുവന്നതെന്ന് ചുരുക്കം. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനർനിർണയം സാധ്യമാക്കാൻവേണ്ടി ത്യാഗപൂർവം പ്രവർത്തിച്ചവരുണ്ട്. അവർക്ക് ഭാവിയെക്കുറിച്ച് ഒരു സ്വപ്നമുണ്ടായിരുന്നു. ആ സ്വപ്നം സാക്ഷാൽക്കരിക്കാൻ സാധിച്ചോ? ആ നിലയ്ക്കുള്ള ഒരു ആത്മപരിശോധനകൂടി നടത്തേണ്ട സമയമാണിത്. കാർഷികബന്ധനിയമം, ഭൂപരിഷ്കരണം, വിദ്യാഭ്യാസനിയമം എന്നിവയിലൂടെ കേരളത്തിന്റെ മുഖച്ഛായതന്നെ നമ്മൾ ഏറെ മാറ്റി. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ കാര്യങ്ങളിൽ ഏറെ മുമ്പോട്ടുപോയി. അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, സമ്പൂർണ സാക്ഷരത, ക്ഷേമ പെൻഷനുകൾ തുടങ്ങിയവയൊക്കെ ആ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാനുള്ള യാത്രയിലെ നാഴികക്കല്ലുകളായി നമുക്ക് അടയാളപ്പെടുത്താം. അതിന്റെ തുടർച്ചതന്നെയാണ് ദളിത് സമൂഹത്തിൽപ്പെട്ടവർക്ക് ക്ഷേത്രത്തിൽ പൂജാരിമാരായി നിയമനം നൽകിയതടക്കമുള്ള ഈ ഗവൺമെന്റിന്റെ നവോത്ഥാന നടപടികൾ. നവകേരള നിർമാണം കേരളത്തിന്റെ സാമൂഹ്യജീവിതം ഉയർന്ന നിലവാരത്തിലുള്ളതാക്കാൻ ഏർപ്പെടുത്തപ്പെട്ട ഹരിതകേരളം മിഷൻ, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ലൈഫ് ഭവനപദ്ധതി എന്നിവയും ക്രിയാത്മകമായ നവോത്ഥാന തുടർച്ചതന്നെ. തുടർച്ചയായി വന്ന രണ്ട് വെള്ളപ്പൊക്കത്തിൽ നാശമുണ്ടായ ഈ സംസ്ഥാനത്തെ പുനർനിർമിക്കാനുള്ള നവകേരള നിർമാണപദ്ധതിയും ഇതിനോടൊക്കെ ചേർത്തുവച്ചുതന്നെ കാണേണ്ടതാണ്. സാമൂഹ്യമായ ജീർണതകൾക്കോ പ്രകൃതി വരുത്തുന്ന ദുരന്തങ്ങൾക്കോ അടിപ്പെടാത്ത ഒരു പുതുകേരളം രൂപപ്പെടുത്തിയെടുക്കാനുള്ള ഇച്ഛാശക്തിയോടെ, ദൃഢനിശ്ചയത്തോടെ മുമ്പോട്ടുപോകുകയാണ് നാം. ഈ വഴി തീർച്ചയായും നവോത്ഥാനത്തിന്റെ പൂർവ പാരമ്പര്യത്തിൽനിന്നുള്ള തുടർച്ച തന്നെയാണ്. ഈ വഴിയെ ലക്ഷ്യത്തിലെത്താനുള്ള ശ്രമങ്ങളെ ഊർജസ്വലമാക്കുമ്പോഴാണ് ഐക്യകേരളത്തെക്കുറിച്ച് ഐക്യകേരള പ്രസ്ഥാനത്തിന്റെ നേതാക്കൾക്കുണ്ടായിരുന്ന സ്വപ്നം സഫലമാകുന്നത്. എന്തായാലും ഒരു കാര്യം പറയട്ടെ. പരമ്പരാഗത ചിന്തകളിൽ പരിമിതപ്പെട്ടുനിൽക്കാതെ നവീനമായ പദ്ധതികൾ ആസൂത്രണംചെയ്ത് മുമ്പോട്ടുപോകുകയാണ് നമ്മൾ. അഞ്ചുവർഷംകൊണ്ട് അമ്പതിനായിരം കോടിരൂപയുടെ വിഭവസമാഹരണവും വിനിയോഗവും നടത്തുന്ന കിഫ്ബിയുടെ പുതിയ സംവിധാനംതന്നെ ഇതിന്റെ ദൃഷ്ടാന്തമാണ്. കേരളത്തിന്റെ താൽപ്പര്യങ്ങൾക്ക് അനുഗുണമായ സമീപനം കേന്ദ്രത്തിൽ ഉണ്ടാക്കിയെടുക്കുക എന്നതും ഐക്യകേരളപ്പിറവിദിനത്തിൽ നാം ഏറ്റെടുക്കേണ്ട വലിയ ദൗത്യമാണ് ഐക്യകേരള സ്വപ്നത്തിന്റെ ഭാഗമായിരുന്ന പ്രധാനപ്പെട്ട ഒരു സങ്കൽപ്പം സ്വാശ്രയത്വത്തെക്കുറിച്ചുള്ളതായിരുന്നു. നിർഭാഗ്യമെന്നുപറയട്ടെ സ്വാശ്രയത്വത്തിന്റെ വഴിക്കുള്ള നീക്കങ്ങൾ വലിയൊരളവിൽ തകർച്ച നേരിടുന്ന കാലമാണിത്. ആസിയാൻ കരാർ ഉൾപ്പെടെയുള്ളവയിലൂടെ ഇതിന്റെ കയ്പ് നാം നേരത്തെതന്നെ രുചിച്ചു. ഇപ്പോഴിതാ ആർസിഇപി കരാറിലേക്ക് കടക്കുകയാണ് രാജ്യം. കേരളത്തിന്റെ സമ്പദ്ഘടനയെ പൊതുവിലും കാർഷിക സമ്പദ്ഘടനയെ പ്രത്യേകിച്ചും തകർക്കുന്നതാണിത്. സ്വാശ്രയത്വശ്രമങ്ങളെ അട്ടിമറിക്കുന്നതാണിത്. തുടർച്ചയായി രണ്ട് വെള്ളപ്പൊക്കമാണല്ലോ നമുക്ക് നേരിടേണ്ടിവന്നത്. നാശനഷ്ടത്തിന്റെ ഏഴിലൊന്നുപോലും നമുക്ക് പരിഹാരത്തുകയായി ലഭിച്ചില്ല. പല സ്രോതസ്സുകളിൽനിന്നായി സഹായവാഗ്ദാനമുണ്ടായി. അവ സ്വീകരിക്കുന്നതിനും അനുമതിയുണ്ടായില്ല. പ്രകൃതിക്ഷോഭ നഷ്ടപരിഹാരങ്ങളുടെ മാനദണ്ഡം പരിഷ്കരിക്കണമെന്ന ആവശ്യത്തോടുപോലും അനുകൂലമായ സമീപനമുണ്ടായില്ല. കേരളത്തിന്റെ താൽപ്പര്യങ്ങൾക്ക് അനുഗുണമായ സമീപനം കേന്ദ്രത്തിൽ ഉണ്ടാക്കിയെടുക്കുക എന്നതും ഐക്യകേരളപ്പിറവിദിനത്തിൽ നാം ഏറ്റെടുക്കേണ്ട വലിയ ദൗത്യമാണ്. ഒരു ജനതയുടെ നിലനിൽപ്പിനും അതിജീവനത്തിനും ഭാഷ വലിയ ഒരു അടിസ്ഥാനമാണ്. ആ അടിത്തറ തകർന്നാൽ നാടില്ല, സമൂഹമില്ല. മലയാളം ശ്രേഷ്ഠഭാഷയായി എന്നുപറഞ്ഞ് വിശ്രമിക്കാനാകില്ല. ആ ഭാഷയെ അധ്യയനഭാഷയാക്കാൻ കഴിഞ്ഞോ? പ്രയോഗതലത്തിൽ പൂർണ അർഥത്തിൽ ഭരണഭാഷയാക്കാൻ കഴിഞ്ഞോ? കോടതിഭാഷയാക്കാൻ കഴിഞ്ഞോ? ഉത്തരവുകളുടെ അടിസ്ഥാനത്തിലല്ലാതെ നിത്യജീവിത സത്യങ്ങളുടെ അടിസ്ഥാനത്തിൽ ഇതിനു മറുപടിപറയാൻ കഴിയണം. കേരളത്തിൽ ഇന്ന് എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഭരണഭാഷ മലയാളമാണ്. കേരളത്തിലെ ഏതാണ്ട് 97 ശതമാനംപേർ മലയാളം മാതൃഭാഷയായിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ ഭരണനടപടികൾ മലയാളത്തിലായിരിക്കണമെന്നതാണ് സർക്കാരിന്റെ നയം. ജാതി‐മത‐വർണ രാഷ്ട്രീയ ചിന്തകൾക്കുപരിയായി സാമൂഹ്യമായും സാംസ്കാരികമായും വൈകാരികമായും കേരളജനതയെ ഇണക്കിനിർത്തുന്ന പ്രധാനഘടകം മലയാളഭാഷയാണ്. അതിനാൽ പഠനം, ഭരണം തുടങ്ങി കേരളീയരുടെ എല്ലാ സാമൂഹ്യമണ്ഡലങ്ങളിലും മലയാളഭാഷാ വ്യാപനം സാധ്യമാകേണ്ടതുണ്ട്. രാജ്യത്തിന് മാതൃക ചുരുങ്ങിയ കാലത്തിനുള്ളിൽത്തന്നെ ഒട്ടേറെ കാര്യങ്ങളിൽ കേരളത്തെ രാജ്യത്തിനാകെ മാതൃകയാക്കിത്തീർക്കാൻ സർക്കാരിന് കഴിഞ്ഞു. രാജ്യത്തെ മികച്ച സ്റ്റാർട്ടപ് ഇക്കോസിസ്റ്റം കേരളത്തിലാണ്. മാനവ വികസന സൂചിക, സാക്ഷരത, ആരോഗ്യം എന്നിവയിൽ കേരളം ഒന്നാമതാണ്. ക്രമസമാധാനപാലനത്തിൽ മികച്ചത് കേരളമാണെന്ന് സർക്കാർ‐സർക്കാരേതര ഏജൻസികൾപോലും സാക്ഷ്യപ്പെടുത്തുന്നു. അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയും സൈബർ ഇൻവെസ്റ്റിഗേഷനിൽ കേരളം മുന്നിലെന്ന് നാസ്കോം ഡാറ്റാ സെക്യൂരിറ്റി കൗൺസിലും വ്യക്തമാക്കുന്നു. നൂറ് ശതമാനം വൈദ്യുതീകരണം നടപ്പാക്കിയ ആദ്യ സംസ്ഥാനം, ട്രാൻസ്ജെൻഡർ പോളിസി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം, വനിതാക്ഷേമവും ജൻഡർ ബജറ്റിങ്ങും ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം, സ്വന്തമായി ബാങ്കുള്ള ആദ്യ സംസ്ഥാനം, വർഗീയലഹളകളിൽനിന്ന് മുക്തമായ ഏക സംസ്ഥാനം, പട്ടികജാതി–പട്ടികവർഗ വിഭാഗത്തിന് ജനസംഖ്യാനുപാതത്തെക്കാൾ കൂടുതൽ തുക വികസന ഫണ്ടായി നീക്കിവയ്ക്കുന്ന ഏക സംസ്ഥാനം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയെടുക്കാൻ ഇക്കാലയളവിനുള്ളിൽ കേരളത്തിനായി. നേട്ടങ്ങളുടെ ഈ പട്ടിക വിപുലീകരിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിവരുന്നത്. നാടിന്റെ സംസ്കാരത്തെ നമുക്ക് വീണ്ടെടുത്തു ശക്തിപ്പെടുത്താൻ കഴിയണം. മഹാകവി വള്ളത്തോളിന്റെ പ്രശസ്തമായ ആ നാലുവരി ഉദ്ധരിക്കട്ടെ. "ഭാരതമെന്ന പേർ കേട്ടാലഭിമാന പൂരിതമാവണമന്തരംഗം. കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ'. കേരളത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും അഭിമാനിക്കുന്ന ആത്മാഭിമാനമുള്ള ഒരു ജനത എന്ന നിലയ്ക്ക് മലയാളക്കരയെ, ഇവിടത്തെ ആൾക്കാരെ ലോകം കാണുന്ന ഒരു കാലമുണ്ടാകണം. ജാതി ജീർണതകൾക്കും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഭേദചിന്തകൾക്കും അതീതമായി മലയാളിമനസ്സ് ഒരുമിക്കുന്നതിനുള്ള തുടർ നവോത്ഥാന മുന്നേറ്റങ്ങൾക്ക് പ്രചോദനമാകട്ടെ ഈ കേരളപ്പിറവി എന്ന് ആശംസിക്കുന്നു. എല്ലാവർക്കും കേരളപ്പിറവി ആശംസകൾ! Read on deshabhimani.com