സേവനത്തിന് ഉഴിഞ്ഞുവച്ച ശ്രേഷ്ഠജീവിതം
യാക്കോബായ സുറിയാനി സഭയുടെ വളർച്ചയിൽ സമാനതകളില്ലാത്ത സംഭാവനകളാണ് ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ തിരുമേനിയുടേത്. തന്റെ ജീവിതമാകെ സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പ്രയാസഘട്ടങ്ങളിൽ അക്ഷരാർഥത്തിൽ സഭയെ സംരക്ഷിച്ചുനിർത്തിയ വലിയ ഇടയനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ക്രൈസ്തവ മേൽപ്പട്ടക്കാരിൽ പ്രായംകൊണ്ടും ശുശ്രൂഷാ കാലയളവുകൊണ്ടും ഏറ്റവും തലമുതിർന്ന പിതാക്കന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ഏതു പ്രതിസന്ധിയെയും എത്രവലിയ പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള ധൈര്യവും സമർപ്പണവുമായിരുന്നു ബാവാ തിരുമേനിയുടെ ഏറ്റവും വലിയ സവിശേഷത. ഒന്നിന്റെയും മുന്നിൽ അദ്ദേഹം പതറിയിട്ടില്ല. എല്ലാത്തിനെയും ധീരതയോടെ നേരിട്ടു. മറ്റൊരു സവിശേഷത, അർഹതപ്പെട്ടത് നേടിയെടുക്കാൻ ഏതറ്റംവരെയും പോകുന്ന അദ്ദേഹത്തിന്റെ സ്ഥൈര്യമായിരുന്നു; നിലപാടുകളിൽ അചഞ്ചലനായിരുന്നു അദ്ദേഹം. ഈ രണ്ടു പ്രത്യേകതകളും ബസേലിയോസ് എന്ന ഗ്രീക്ക് നാമത്തിന്റെ അർഥത്തെ അന്വർഥമാക്കുന്ന വ്യക്തിത്വമായി അഭിവന്ദ്യ ബാവാ തിരുമേനിയെ മാറ്റിയിരുന്നു. 22 വർഷം യാക്കോബായ സുറിയാനി സഭയുടെ തലവനായിരുന്നു ശ്രേഷ്ഠ ബാവാ. കേരളത്തിലെ വിവിധ ക്രൈസ്തവ സഭകൾക്കു സാരഥ്യം വഹിക്കുന്നവരിൽ ഏറ്റവും അനുഭവസമ്പത്തുള്ള വ്യക്തിയായിരുന്നു ബാവാ തിരുമേനി. സഭയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മേഖലയിലാകട്ടെ, സാമൂഹ്യ മേഖലയിലാകട്ടെ, സംവാദത്തിന്റെ മേഖലയിലാകട്ടെ, സഭാംഗങ്ങളുടെ പരിപാലന ശുശ്രൂഷയുടെ മേഖലയിലാകട്ടെ, സമഗ്രമായ ഇടപെടലുകളായിരുന്നു അദ്ദേഹം നടത്തിയത്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും രാജ്യത്തിനുപുറത്തും ഒക്കെയായി അതിവിശാലമായി വളർന്നുപന്തലിച്ചുനിൽക്കുന്ന യാക്കോബായ സുറിയാനി സഭയുടെ തലവനായ, ലോകത്താകെയുള്ള വിശ്വാസികളുടെ വലിയ ഇടയനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. സഭാംഗങ്ങളുടെയും അഭിവന്ദ്യ ബാവാ തിരുമേനിയുടെ ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. Read on deshabhimani.com