ആരാന്റെ തോട്ടത്തിലെ പൂവിറുക്കുന്നവർ



ആയിരക്കണക്കിന്‌ ബയണറ്റുകളേക്കാൾ ഭയക്കേണ്ടത് നാല് ശത്രുപത്രങ്ങളെയാണെന്ന -നെപ്പോളിയന്റെ വാക്കുകൾ മലയാളത്തിലെ വലതുപക്ഷ മാധ്യമങ്ങളെ  സംബന്ധിച്ച്‌ തീർത്തും അന്വർഥമാണ്‌. നെല്ലു സംഭരിച്ച്‌ പതിര്‌ വിതരണം ചെയ്യുന്ന കള്ളക്കച്ചവടമാണ്‌ നടത്തുന്നത്‌. ജനാധിപത്യത്തിന്റെ തൂണുകളെന്ന്‌ നെറ്റിപ്പട്ടം കെട്ടിയ അവ ജനാധിപത്യത്തിന്റെ ആസന്ന ഭീഷണികളിലൊന്നായിരിക്കുന്നു. ഹിറ്റ്‌ലർ കാലം ഓർമിപ്പിക്കുംവിധം ചൊവ്വാഴ്‌ച മാധ്യമവേട്ട നടന്നപ്പോൾ ‘മലയാള മനോരമ’ പ്രധാന വാർത്തയായി പരിഗണിച്ചില്ല. അടിയന്തരാവസ്ഥക്കാലത്ത്‌ കുനിയാൻ നിർദേശിച്ചപ്പോൾ ഒട്ടുമിക്ക പത്രങ്ങളും മുട്ടിലിഴയുകയായിരുന്നു. കൊതുകുശല്യവും വെള്ളക്കെട്ടും മറ്റും മുഖപ്രസംഗ വിഷയമാക്കിയ പഴയ രീതി ഇപ്പോഴും തുടരുന്നു. മാധ്യമ നാവരിയലിനു പകരം ഒക്ടോബർ നാലിന്‌ മനോരമ മുഖപ്രസംഗം കോവിഡ്‌ ഗവേഷണ നൊബേൽ പുരസ്‌കാരമാണ്‌. ചെറിയ നിലയിൽ പ്രധാന വാർത്തയാക്കിയ ‘മാതൃഭൂമി’ മുഖപ്രസംഗം ഭാഷാസ്‌നേഹികളുടെ കടമ സംബന്ധിച്ചും.  ഏതോ ബ്ലേഡ്‌ കമ്പനിയിലെ പരിശോധനപോലെ നിർവികാരമായിരുന്നു രണ്ടിന്റെയും പരിചരണം. പ്രശസ്‌ത പ്രതിഭകളെ അഴിക്കുള്ളിലാക്കിയിട്ടും ഐക്യദാർഢ്യത്തിന്റെ സ്വരം കേട്ടതേയില്ല. സ്ഥാപക ഉടമകൾ നൽകിയ തീട്ടൂരം ശിരസ്സാവഹിച്ച്‌ കമ്യൂണിസ്റ്റ്‌ വിരുദ്ധ കുന്തമുന കൂർപ്പിക്കുന്നതിന്റെ കൃത്യാന്തരബാഹുല്യത്താൽ രണ്ടാം ദിവസവും പഴയപടിതന്നെ. എന്നാൽ, എല്ലാ കോണുകളിൽനിന്നും ശക്തമായ വിമർശമുയർന്നപ്പോൾ മൂന്നാംനാൾ ചടങ്ങുപോലെ സ്വന്തം പത്ര ചരിത്രത്തിന്‌ ഇടാവുന്ന ശീർഷകംപോലെ ‘ചോദ്യം ചെയ്യപ്പെടുന്ന ഉദ്ദേശ്യശുദ്ധി’ എന്ന എഡിറ്റോറിയൽ എഴുതാൻ മനോരമ നിർബന്ധിതമായി. കോവിഡ്‌ കാലത്തെ കേന്ദ്രത്തിന്റെ അലംഭാവം, കർഷക പ്രക്ഷോഭം, പൗരത്വ ഭേദഗതി നിയമത്തിനെതിരായ ചെറുത്തുനിൽപ്പ്‌ തുടങ്ങിയവയിൽ വിലങ്ങുവീണ പോർട്ടലുകൾക്കെതിരെ സാധൂകരിക്കുന്ന വസ്‌തുതകൾ പൊലീസിന്‌ വെളിപ്പെടുത്താൻ  കഴിഞ്ഞിട്ടില്ലെന്ന്‌ വ്യക്തമാക്കുന്ന മനോരമ, അതേസമയംതന്നെ, മോദിയെ ഏറെ തലോടിയിട്ടുമുണ്ട്‌.  യുക്തിയുടെ ശവപ്പറമ്പും യാഥാർഥ്യത്തിന്റെ ആരാച്ചാരും ജനഹിതത്തിന്റെ അട്ടിമറിക്കാരുമാണ്‌ മാധ്യമങ്ങൾ. തലക്കെട്ട്‌, പ്രധാന വാർത്തകൾ, മുഖപ്രസംഗം, കാർട്ടൂൺ തുടങ്ങിയവയിലെല്ലാം ഇടതുപക്ഷ വിരുദ്ധതയാണ്‌ നിറയ്‌ക്കുന്നതും. ഒരാൾ ‘ഭൂമി പരന്നതാണ്‌’ എന്ന്‌ അബദ്ധം വിളമ്പിയാൽ ‘ഭൂമിയുടെ ആകൃതി സംബന്ധിച്ച്‌ പ്രബലമായ രണ്ടു അഭിപ്രായഗതി  ഉരുത്തിരിഞ്ഞിരിക്കുന്നു’ എന്ന്‌ വെണ്ടയ്‌ക്കാ വലുപ്പത്തിൽ വിന്യസിക്കും. ‘ഇന്ത്യക്ക്‌  വരാനിരിക്കുന്നത് ഇരുണ്ട ദിനങ്ങൾ’ എന്ന ശീർഷകത്തിൽ മാർക്കണ്ഡേയ കട്ജു എഴുതിയത്‌ ശ്രദ്ധേയമാണ്‌. രാജ്യത്തിന്റെ  അധഃപതനങ്ങൾക്ക്‌  കാരണം ജൂതന്മാർ ആണെന്ന്‌ ഹിറ്റ്‌ലർ പറഞ്ഞത്‌ തൊണ്ട തൊടാതെ വിഴുങ്ങുകയും അതിക്രമങ്ങൾക്ക് നേരെ മുഖം തിരിഞ്ഞു നിൽക്കുകയുമായിരുന്നു ഭൂരിപക്ഷവും. ആ അന്തരീക്ഷമാണ് ഹോളോ കാസ്റ്റിൽ എത്തിയത്. അതു സംഭവിച്ചത് പ്രൊപ്പഗൻഡയുടെ ശക്തികൊണ്ടാണ്‌. സമാനമായാണ് ഇന്ന് മിക്ക ഇന്ത്യക്കാർക്കും സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും കട്ജു കൂട്ടിച്ചേർത്തു.  കേരളത്തിലെ വലതുപക്ഷ ‘മഹാസഖ്യ’ത്തിൽ പ്രധാനം മാധ്യമങ്ങളാണ്‌. ‘വിമോചന’ സമര കാലയളവിലെന്നവണ്ണമാണ്‌ ആ കൂട്ടുകെട്ടിന്റെ ഗൂഢാലോചന. എൽഡിഎഫ്‌  സർക്കാരിനെതിരെ വീണ്ടുമൊരു ‘വിമോചന’ സമരത്തിനുള്ള യൗവനം കോൺഗ്രസിനുണ്ടെന്ന കെ സുധാകരന്റെ പ്രസ്‌താവത്തിന്‌ മനോരമ നൽകിയ പ്രാധാന്യം നിസ്സാരമല്ല. അകാല വാർധക്യത്തിലെത്തിയ, ചിന്തകൾ നരച്ച, അധികാരക്കൊതിയാൽ സമനിലതെറ്റിയ, ഊന്നുവടിയുമായി നടക്കുന്ന പാർടിയുടെ യുവത്വത്തിൽ ആ പത്രം ആവേശഭരിതം. സുധാകരനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കഴിവുകെട്ടവരാണെന്ന കെപിസിസി വിശാല എക്‌സിക്യൂട്ടീവ്‌ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ആൾക്കൂട്ടത്തിലെ എ കെ ആന്റണിയുടെ തുറന്നടിക്കൽ പരമാവധി മറച്ചുവയ്‌ക്കാനും ശ്രമിച്ചു. സാമൂഹ്യജീവിതത്തെ പതിറ്റാണ്ടുകൾ പിറകോട്ട്‌ തള്ളിയ ആഭാസ സമരത്തെ കുട്ടിമ്മാളു അമ്മ, കെ ശങ്കരനാരായണൻ തുടങ്ങിയ നേതാക്കൾ തള്ളിപ്പറഞ്ഞതാണ്‌. അതിന്റെ ആചാര്യനായ ആന്റണി ഇവിടെ സ്ഥിരതാമസമായതിനാൽ ഉപദേശിയായി തിളങ്ങുമെന്നും പഴയ കമ്യൂണിസ്റ്റ്‌ വിരുദ്ധത പുതിയ ലേബലിൽ ഇറക്കുമെന്നും മനോരമയ്‌ക്ക്‌ ഉറപ്പാണ്‌. മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തെയും പടവു കയറ്റത്തെയും മനസ്സാ അംഗീകരിച്ച അദ്ദേഹം കാവിപ്പടയുടെ പിന്തുണയും പ്രതീക്ഷിക്കുന്നു. ഇടിമിന്നലിനും മഴയ്‌ക്കും സാധ്യതയുണ്ടെന്ന്‌ മുന്നറിയിപ്പു നൽകുന്നവർ അവയെ പ്രോത്സാഹിപ്പിക്കുകയാണെന്ന്‌ വിശദീകരിക്കുന്നതാണ്‌ മാധ്യമങ്ങളുടെ മറ്റൊരു രീതി. സഹകരണ മേഖലയിലെ ചില്ലിക്കാശും സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പുനൽകുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ഒരു നിക്ഷേപവും നഷ്ടമാകില്ല. അത് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തും. ആശങ്ക സൃഷ്ടിച്ച് വിശ്വാസ്യത തകർക്കാൻ വരുന്നത്‌ വിലപ്പോകില്ലെന്നും അദ്ദേഹം  വിശദീകരിക്കുകയുണ്ടായി. എന്നാൽ, സെപ്‌തംബർ 26ന്റെ മാതൃഭൂമി തലക്കെട്ട്‌ ‘ചില്ലിക്കാശ്‌’ സുരക്ഷിതമല്ല എന്നായിരുന്നു. കമ്യൂണിസ്റ്റ്‌ വിരുദ്ധജ്വരം തലച്ചോറിനെ ബാധിച്ച മാധ്യമങ്ങൾ സിപിഐ എം നേതാക്കളെ മാത്രമല്ല, വയോധികരായ അച്ഛനമ്മമാരിലും  മക്കളിലും പേരക്കുട്ടികളിലും ക്രിമിനൽ മുദ്ര ചാർത്തുകയാണ്‌. കരുവന്നൂരിലെ ഒരു പാവം അമ്മയ്‌ക്കുമേൽ ആരോപിക്കപ്പെട്ട സ്ഥിരനിക്ഷേപ ആക്ഷേപം പൊട്ടിപ്പൊളിഞ്ഞിട്ടും മനംമാറ്റമില്ല. ആരോഗ്യവകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ട കോഴ ആരോപണത്തിലും യുക്തിയുടെ അഭാവമുണ്ട്‌. വർഷത്തിൽ നാലര ലക്ഷംമാത്രം വേതനമുള്ള താൽക്കാലിക ജോലിക്ക്‌ കോഴ അഞ്ചു ലക്ഷമാണെന്നത്‌ എട്ടാമത്തെ ലോകാത്ഭുതമാണ്‌. കടയ്‌ക്കലിൽ വർഗീയ കാലുഷ്യം ലക്ഷ്യമിട്ട്‌ പട്ടാളക്കാരനെ മർദിച്ച്‌ പിഎഫ്‌ഐ എന്ന്‌ മുതുകിൽ കോറിയിട്ട വാർത്തയ്‌ക്ക്‌ ഒരു ദിവസത്തിന്റെ ആയുസ്സുപോലുമുണ്ടായില്ല. എന്നിട്ടും തിരുത്തോ കുറ്റബോധമോ ഉണ്ടായില്ലല്ലോ. നടൻ ഇന്ദ്രൻസ്‌ അഭിമുഖം നടത്താനെത്തിയ പത്രപ്രവർത്തകനെ ഉപദേശിച്ചതായി കേട്ടിട്ടുണ്ട്‌. ബാലിശ ചോദ്യങ്ങളുമായായിരുന്നു അയാളുടെ തുടക്കം. താൻ വലിയ ആളല്ല. തയ്യൽക്കാരനായിരുന്നു. എങ്ങനെയോ ഈ നിലയിലെത്തി. എന്നാലും അഭിമുഖത്തിന്‌ തയ്യാറെടുക്കുമ്പോൾ നിങ്ങളുടെ മൂന്നു നാലു ദിവസത്തെ പത്രമെങ്കിലും വായിച്ചുവരണമെന്നായിരുന്നു പ്രതികരണം. ഛത്തീസ്‌ഗഢ്‌ മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗേലുമായുള്ള അഭിമുഖം സെപ്‌തംബർ 27ന്‌ മനോരമ പ്രസിദ്ധീകരിച്ചു.  ‘എനിക്കെതിരെ ബിജെപി സ്ഥാനാർഥി ഇഡി’എന്ന അതിലെ ഊന്നൽ കേരളത്തിന്റെ കാര്യമാണെങ്കിൽ റദ്ദായിപ്പോകുമെന്നാണ്‌ നുണപത്രത്തിന്റെ വാശി. ആ സംസ്ഥാനത്ത്‌ തെരുവുനായകളേക്കാൾ ചുറ്റിത്തിരിയുന്നത്‌ ഇഡി, ഇൻകം ടാക്‌സ്‌ ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. മാതൃഭൂമി, ഇഡിക്ക്‌ പ്രതികാരേച്ഛ പാടില്ലെന്ന്‌ സുപ്രീംകോടതി എന്ന തലക്കെട്ടിനടിയിൽ കൊടുത്ത വിശദാംശങ്ങൾ രാജ്യത്തിനാകെ ബാധകമല്ലേ? ഒക്ടോബർ അഞ്ചിന്റെ മുഖപ്രസംഗത്തിൽ സത്യം അറിയാതെ പുറത്തുചാടി. പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കരുതെന്ന്‌ കേന്ദ്ര  അന്വേഷണ ഏജൻസികളിലൊന്നിനോട്‌ പരമോന്നത കോടതി നിർഷ്‌കർഷിച്ചതിനെ ലഘുവായി കാണാനാകില്ലെന്ന നിലപാട്‌ ആത്മാർഥമാണോ? ഇറ്റാലിയൻ പത്രപ്രവർത്തക ഒറിയാന ഫല്ലസി അഭിമുഖം നടത്താത്ത അന്താരാഷ്ട്ര വ്യക്തിത്വങ്ങളില്ല. ‘ഇന്റർവ്യു വിത്ത്‌ ഹിസ്റ്ററി’ എന്ന അവരുടെ കൃതി വിഖ്യാതമാണ്‌. ദെങ്‌ സിയാവോ പിങ്, അയത്തൊള്ള ഖൊമേനി, ഇന്ദിര ഗാന്ധി, മുഅമ്മർ ഗദ്ദാഫി, യാസർ അറാഫത്ത്‌, ഹെൻറി കിസിഞ്ജർ, വില്ലി ബ്രാൻഡ്‌ തുടങ്ങിയവരുമായെല്ലാം മുഖാമുഖം നടത്തി. മികച്ച ഉള്ളടക്കമില്ലാത്ത അഭിമുഖങ്ങളെ ഫല്ലസി വിശേഷിപ്പിച്ചത്‌ ‘ആരാന്റെ തോട്ടത്തിൽനിന്നുള്ള പൂവിറുക്കൽ’ എന്നാണ്‌. കേരളത്തിലെ മാധ്യമങ്ങൾ  ഇതേ പാതയിലാണ്‌. പ്രതിബദ്ധതയില്ലാത്ത, രാഷ്ട്രീയം ഗൗരവമായി പിന്തുടരാത്ത, എല്ലാത്തിനെയും പുച്ഛിക്കുന്ന, പാണ്ഡിത്യ ഗർവ്‌ മുഖമുദ്രയായ വാചാടോപക്കാരെയും അധര ‘വിപ്ലവകാരി’കളെയും സ്വതന്ത്ര നിരീക്ഷകരായി എഴുന്നള്ളിക്കുന്നു.  ജാതി‐ മത സംഘടനകളുമായും സംഘപരിവാർ ശക്തികളുമായും ഒളിസേവ നടത്തുന്നവർക്കുള്ള സ്ഥിരതാമസസ്ഥലമായിരിക്കുന്നു പത്രങ്ങളും ചാനലുകളും.  ഇന്നലെ  ഐടി വിദഗ്‌ധനായയാൾ വേഷംമാറി ഇന്ന്‌ കാലാവസ്ഥാ നിരീക്ഷകനും നാളെ മൃഗസ്‌നേഹിയുമായി പ്രത്യക്ഷപ്പെടുന്നത്‌ അരോചകവും. പ്രസ്‌ കൗൺസിലിന്റെ പഴയ റിപ്പോർട്ടുപോലെ, സംഭ്രമജനകത്വം, വഷളത്തരം, ചെറുതിനെ വലുതാക്കൽ, തുച്ഛവ്യക്തിത്വങ്ങൾക്ക്‌ കിരീടം വച്ചുകൊടുക്കൽ തുടങ്ങിയ കെടുതികൾ അതിരുവിടുകയാണ്‌. Read on deshabhimani.com

Related News