വിപ്ലവകാരി, പോരാളി, ബഹുമുഖപ്രതിഭ - എം എ ബേബി എഴുതുന്നു
നാൽപ്പത്താറ് വർഷത്തിലധികം നീണ്ട ഓർമകളാണ് സഖാവ് സീതാറാം യെച്ചൂരിയുമായുള്ളത്. സംഘടനാപരമായി ഉറച്ച ബന്ധമുണ്ടാകുന്നത് 1979 ഫെബ്രുവരിയുടെ തുടക്കത്തിൽ പട്‌നയിൽ നടന്ന എസ്‌എഫ്‌ഐ മൂന്നാം അഖിലേന്ത്യാ സമ്മേളനത്തിലാണ്. ഡൽഹിയിൽ എസ്‌എഫ്‌ഐയുടെ കേന്ദ്ര ഓഫീസ് ആസ്ഥാനമായി പ്രവർത്തിക്കാൻ നിശ്‌ചയിക്കപ്പെട്ട അഞ്ചംഗ സംഘത്തിൽ ഞങ്ങളെ സമ്മേളനം തെരഞ്ഞെടുത്തു. നേപ്പാൾദേബ് ഭട്ടാചാര്യ (ജനറൽ സെക്രട്ടറി), സൈഫുദീൻ ചൗധരി (വൈസ് പ്രസിഡന്റ്), സീതാറാം യെച്ചൂരി (ജോയിന്റ് സെക്രട്ടറി), രക്തസാക്ഷി സഫ്‌ദർ ഹാഷ്‌മിയുടെ അനുജൻ സുഹൈൽ ഹാഷ്‌മി ( ട്രഷറർ) എന്നിവരാണ് പ്രസിഡന്റായി ചുമതലയേറ്റ ഈ ലേഖകനോടൊപ്പം ഉണ്ടായിരുന്നത്. ഇന്ദിരാഭരണം നടപ്പാക്കിയ നിഷ്‌ഠുരമായ അടിയന്തരാവസ്ഥയുടെ സ്വേച്ഛാധിപത്യ വാഴ്‌ചയ്‌ക്കെതിരെ ജയിലിലും പുറത്തുമായി പോരാടിയവരായിരുന്നു ഞങ്ങൾ ഓരോരുത്തരും. അക്കൂട്ടത്തിൽ രാജ്യതലസ്ഥാനത്തെ പ്രശസ്‌തമായ ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ ചെയർമാൻ എന്ന നിലയിൽ സീതാറാം യെച്ചൂരി വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1977 ലെ തെരഞ്ഞെടുപ്പിൽ തോറ്റിട്ടും ഇന്ദിരാഗാന്ധി ജെഎൻയുവിന്റെ ചാൻസലർ സ്ഥാനം ഒഴിയാതിരുന്നപ്പോൾ സീതാറാമിന്റെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ താമസസ്ഥലത്തുചെന്ന് രാജി ആവശ്യപ്പെട്ട ചരിത്രമുഹൂർത്തം ഒട്ടേറെത്തവണ അച്ചടിക്കപ്പെട്ട ചിത്രവും വാർത്തയുമാണ്. സീതാറാം വിദ്യാർഥി യൂണിയൻ പ്രമേയം വായിക്കുന്നത് ശാന്തമായി കേട്ടുനിൽക്കുന്ന ഇന്ദിരയുടെ രൂപവും യുവത്വം പ്രകാശിക്കുന്ന സീതാറാമിന്റെ മുഖവും മറക്കാനാകില്ല. എഴുതിയ പരീക്ഷകളിലെല്ലാം ഒന്നാംറാങ്ക് നേടി വിജയിച്ചുപോന്ന സീതാറാം പക്ഷേ, അടിയന്തരാവസ്ഥാ സാഹചര്യത്തിൽ പിഎച്ച്‌ഡി പഠനം തുടരാതെ ജനകീയ സമരത്തിലേക്ക് എടുത്തുചാടുകയാണ് ചെയ്‌തത്. സംഘാടകൻ, പോരാളി, എഴുത്തുകാരൻ, ബഹുഭാഷാ പണ്ഡിതൻ, പലഭാഷകളിലെ മികച്ച പ്രഭാഷകൻ എന്നീ നിലകളിൽ സഖാവ് പരിശീലനം നേടിയത് വിദ്യാർഥിസംഘടനാ പ്രവർത്തനകാലത്തായിരുന്നു. ഹിമാചൽപ്രദേശിലെ ഷിംല സർവകലാശാലയിലും കൊൽക്കത്ത സർവകലാശാലയിലും മുംബൈ സർവകലാശാലയിലും ജമ്മു–-കശ്‌മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമൊക്കെ എത്രയോ സ്ഥലങ്ങളിൽ ഒരുമിച്ച് സഞ്ചരിച്ചതിന്റെ ഓർമകളുണ്ട്. ‘സ്‌റ്റുഡന്റ് സ്‌ട്രഗിൾ’ എന്ന എസ്‌എഫ്‌ഐയുടെ അഖിലേന്ത്യാ മുഖപത്രത്തിന്റെ എഡിറ്റർ എന്ന നിലയിലുള്ള മികച്ച പ്രവർത്തനം സീതാറാമിലെ എഴുത്തുകാരനെയും സംശോധകനെയും വെളിപ്പെടുത്തി. അന്ന് ഡൽഹിയിൽ അഖിലേന്ത്യാ പാർടി കേന്ദ്രത്തിൽ ഉണ്ടായിരുന്ന ജനറൽ സെക്രട്ടറി ഇ എം എസും പിബി അംഗങ്ങളായ ബി ടി രണദിവെ, എം ബസവപുന്നയ്യ, ഹർകിഷൻ സിങ് സുർജിത് തുടങ്ങിയവരും സ്‌റ്റുഡന്റ് സ്‌ട്രഗിളിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഞങ്ങളെ വിളിച്ച് ചിലപ്പോൾ ചർച്ച ചെയ്‌തിട്ടുള്ളത് ഓർക്കുന്നു. സീതാറാമിന്റെ മുഖപ്രസംഗങ്ങൾ മിക്കപ്പോഴും അവരുടെ പ്രശംസ നേടാറുണ്ടായിരുന്നു. പാർടിയുടെ പ്രധാന ചുമതലകളിലേക്ക് പുതുനിരയെ പരിശീലിപ്പിച്ച് കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്രകമ്മിറ്റിയിലേക്ക് സ്ഥിരം ക്ഷണിതാക്കളെ ഉൾപ്പെടുത്താൻ തീരുമാനിച്ചപ്പോൾ സഖാക്കൾ പ്രകാശ് കാരാട്ട്, എസ് ആർ പി തുടങ്ങിയവർക്കൊപ്പം സീതാറാമും സിസിയിലും പിന്നീട് രൂപീകരിച്ച കേന്ദ്ര സെക്രട്ടറിയറ്റിലും ഉൾപ്പെടുത്തപ്പെട്ടു. ആ ചുമതലയിൽ ഇരിക്കുമ്പോഴാണ് 1992ൽ മദ്രാസിൽ നടന്ന 14–-ാം പാർടി കോൺഗ്രസിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രത്യയശാസ്ത്ര രേഖ ചർച്ചയ്‌ക്കായി അവതരിപ്പിക്കാൻ സീതാറാമിനെ ചുമതലപ്പെടുത്തിയത്. ഇ എം എസ്, ബസവപുന്നയ്യ (എംബി), ജ്യോതിബസു, ഹർകിഷൻസിങ് സുർജിത് തുടങ്ങിയ തലമുതിർന്ന നേതാക്കൾ സജീവമായി നിൽക്കെയാണ് സീതാറാമിനോട് പ്രത്യയശാസ്‌ത്ര രേഖ അവതരിപ്പിക്കാൻ നിർദേശിച്ചത്. സഖാവ് ബസവപുന്നയ്യയോട് ‘‘ഞാൻ തന്നെ ഇത് ചെയ്യണോ’’ എന്ന് സീതാറാം ആശങ്കയോടെ ചോദിക്കുകയുണ്ടായി. എം ബിയുടെ മറുപടി ഇങ്ങനെ: ‘‘ സീതാറാം ധൈര്യമായി അവതരിപ്പിക്കൂ. എന്തെങ്കിലും പോരായ്‌മ ഉണ്ടായാൽ ഞങ്ങൾ ഇവിടെ ഉണ്ടല്ലോ, പറഞ്ഞുതരാം’’. അതനുസരിച്ച്, സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തെ തുടർന്നുള്ള സങ്കീർണ സാഹചര്യം സംബന്ധിച്ച പ്രത്യയശാസ്‌ത്ര രേഖ സീതാറാം അവതരിപ്പിച്ചു. ചർച്ചയ്‌ക്കും മറുപടിക്കുംശേഷം ഐകകണ്‌ഠ്യേന പാർടി കോൺഗ്രസ് അത് പാസാക്കുകയും ചെയ്‌തു. പീപ്പിൾസ് ഡമോക്രസിയുടെ പത്രാധിപൻ, മാർക്‌സിസ്‌റ്റിന്റെ പത്രാധിപൻ, രാജ്യസഭയിലെ സിപിഐ എം പാർലമെന്ററി പാർടി നേതാവ്, പാർടിയുടെ അന്താരാഷ്‌ട്ര വിഭാഗത്തിന്റെ മുഖ്യ ചുമതലക്കാരൻ, പാർലമെന്ററി സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തുടങ്ങി ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ വളരെ മികച്ചനിലയിലാണ് സഖാവ് നിറവേറ്റിയിട്ടുള്ളത്. 2004ലെ യുപിഎ സർക്കാരിന്റെ കാലത്ത് പൊതുമിനിമം പരിപാടി തയ്യാറാക്കുന്നതിലും അത് നടപ്പാക്കുന്നതിലും സഖാവ് സുർജിത്തിനൊപ്പം വളരെ നിർണായക സംഭാവനയാണ് നൽകിയത്. ഇത്തരം തിരക്കുകൾക്കിടയിലും വിത്തൽ ഭായ് പട്ടേൽ ഹൗസിനോട് തൊട്ടുള്ള യുഎൻഐ ആസ്ഥാനത്തുണ്ടായിരുന്ന തുറന്ന ഷട്ടിൽ കോർട്ടിൽ അതിരാവിലെ ഞങ്ങളോടൊപ്പം ബാഡ്‌മിന്റൺ കളിക്കാനും സഖാവ് സമയം നീക്കിവച്ചിരുന്നു. സിനിമയും സംഗീതവും സാഹിത്യവും ക്രിക്കറ്റും ടെന്നീസും ഒക്കെ ശ്രദ്ധിക്കാനും വ്യക്തതയോടെ അതിനെപ്പറ്റി സംവാദത്തിൽ ഏർപ്പെടാനും സീതാറാമിന് സാധിച്ചിരുന്നു.വിപ്ലവകാരിയായിരുന്ന ബഹുമുഖ പ്രതിഭ; അതായിരുന്നു സഖാവ് സീതാറാം. Read on deshabhimani.com