വിവേചനങ്ങളുടെ വേലിക്കെട്ടുകൾ മറികടന്ന് പോരാട്ടത്തിന്റെ പ്രതീകമായി തീർന്ന വനിതകൾ
ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാന ചരിത്രത്തിൽ ഉടനീളം കരുത്തുറ്റ വനിതകളുടെ സാന്നിധ്യവും നേതൃത്വവുമുണ്ട്. ലിംഗരാഷ്ട്രീയം ലോകം ചർച്ച ചെയ്തു തുടങ്ങുമ്പോൾ തന്നെ ഇന്ത്യൻ വനിതകൾ അധിനിവേശത്തിനെതിരായ മുന്നണിപ്പോരാളികളായി രംഗത്തുണ്ടായിരുന്നു. കാലം അത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത കാലത്തും സകല വിവേചനങ്ങളെയും മറികടന്ന് പോരാട്ടത്തിന്റെ പ്രതീകങ്ങളായവരാണ് അവർ. പല തങ്ങളിലാണ് വനിതകൾക്ക് അധിനിവേശത്തിന്റെ പീഡകൾ നേരിടേണ്ടി വന്നത്. അത് വിദേശ ശക്തികളിൽ നിന്നും മാത്രമുണ്ടായത് എന്ന് വേർതിരിക്കാനാവുമായിരുന്നില്ല. പാരമ്പര്യം എന്ന അടിച്ചേൽപ്പിക്കപ്പെട്ട അചാരവിശ്വാസങ്ങളുടെയും, ആൺ കോയ്മകളുടെ കാവൽ രാഷ്ട്രീയത്തിന്റെയും മുഷ്കിനെ അവർക്ക് മറികടക്കേണ്ടുതുണ്ടായിരുന്നു. അപ്പോഴും ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാന ചരിത്രം വനിതകളുടെ സംഭാവനകൾ പരിഗണിക്കാതെ പൂർണ്ണമാവില്ല. എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ അവരിൽ ശ്രദ്ധേയരായ ചിലരുടെ ജീവിത രേഖകൾ ഓർത്തെടുക്കുകയാണ് ഇവിടെ. ഝാൻസി റാണി - റാണി ലക്ഷ്മി ഭായി ഇന്ത്യയിലെ ജോവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നു. മണികർണിക എന്നാണ് ശരിയായ പേര്. ഝാൻസിയിലെ രാജാവായ ഗംഗാധർ നെവാൽക്കറിനെ വിവാഹം കഴിച്ചതോടെ റാണി ലക്ഷ്മി ഭായി ആയി മാറി. അവരുടെ മകൻ ദാമോദർ റാവു ജനിച്ച് നാലുമാസത്തിനുള്ളിൽ മരണപ്പെട്ടു. മറ്റൊരു കുട്ടിയെ ദത്തെടുത്തു. 1853 ൽ രാജാവ് മരണപ്പെട്ടു. ദത്ത് പുത്രനെ അനന്തരാവകാശിയായി അംഗീകരിക്കാൻ ബ്രിട്ടീഷുകാർ തയ്യാറായില്ല. ഡോക്ട്രിൻ ഓഫ് ലാപ്സ് പ്രകാരം രാജ്യം ബ്രിട്ടീഷ് അധീനതയിൽ ആവുകയും റാണിക്ക് പെൻഷൻ അനുവദിക്കുകയും കോട്ട ഉപേക്ഷിച്ചുപോവാൻ ആവശ്യപ്പെടുകയും ചെയ്തു. സർ ഹ്യൂ റോസിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം ഝാൻസി കോട്ട പിടിച്ചടക്കാനെത്തി. റാണിയോട് കീഴടങ്ങാനാവശ്യപ്പെട്ടു. ധീരമമായ പൊരുതിയ അവർക്ക് പരാജയം നേരിടേണ്ടി വന്നു. കൈക്കുഞ്ഞിനെയും എടുത്ത് രക്ഷപെട്ട അവർ താന്ത്യ തോപ്പിയോടും മറ്റു പോരാളികളോടും ഒപ്പം ഗ്വാളിയോർ കോട്ട പിടിച്ചെടുത്തു. ബ്രിട്ടീഷുകാരോട് പൊരുതുന്നതിനിടയിൽ 18 ജൂൺ 1858 കൊല്ലപ്പെട്ടു. ഇന്ത്യൻ നാഷണൽ ആർമി 1943 ൽ സ്ത്രീകളുടെ ആദ്യ ദളം രൂപീകരിച്ചപ്പോൾ അതിന്റെ പേര് ഝാൻസി റാണി റജിമെന്റ് എന്നായിരുന്നു. സരോജിനി നായിഡു രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങൾക്കൊപ്പം കവിതകളും രചിച്ചു. ഇന്ത്യയുടെ വാനമ്പാടി എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. 1905ൽ ബംഗാൾ വിഭജനത്തോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി സ്ത്രീ വിമോചന പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. 1906 ൽ ഇന്ത്യയിലെ സ്ത്രീകളുടെ വിദ്യാഭ്യാസം എന്ന വിഷയത്തിൽ കൽക്കട്ടയിൽ നടന്ന ഇന്ത്യൻ സോഷ്യൽ കോൺഫറൻസിനെ അഭിസംബോധന ചെയ്തു. 1911ൽ ഹൈദരാബാദിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ബ്രിട്ടീഷ് ഗവൺമെൻറ് അവർക്ക് കൈസർ - ഇ - ഹിന്ദ് മെഡൽ നൽകി ആദരിച്ചു. എന്നാൽ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് മെഡൽ തിരിച്ചുനൽകി. 1917 ൽ മുത്തുലക്ഷ്മി റെഡ്ഡിയെകാണുകയും വുമൻസ് ഇന്ത്യ അസോസിയേഷൻ രൂപീകരണത്തിൽ പങ്കാളിയവുകയും ചെയ്തു 1924ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഈസ്റ്റ് ആഫ്രിക്കൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പങ്കെടുത്തു 1925 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ ഇന്ത്യൻ വനിതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. (1917 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റായത് ആനിബസന്റാണ്.) 1930 ൽ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു 1931ൽ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു. സിവിൽ നിയമലംഘനത്തിലും ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്ത് അറസ്ററ് വരിച്ചു. മൊത്തം 21 മാസം ജയിലിൽ കിടന്നു. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം 1947 ൽ അന്നത്തെ യുണൈറ്റഡ് പ്രൊവിൻസിന്റെ, ഇന്നത്തെ ഉത്തർപ്രദേശിലെ ആദ്യ ഗവർണറായി. 1949 ൽ മരിക്കുന്നതുവരെ ഈ സ്ഥാനത്ത് തുടർന്നു. കസ്തൂർബ ഗാന്ധി ഗാന്ധിജിയുട ഭാര്യ എന്നതിനുപരി ഗാന്ധിയെപ്പോലെതന്നെ പോരാട്ടവീര്യം ഉള്ളിൽ നിറച്ച സ്വതന്ത്യവ്യക്തിത്വവുമായിരുന്നു കസ്തൂർബാ. 'എന്നെക്കാൾ ഉയരത്തിൽ നിന്നവൾ' എന്നാണ് കസ്തൂർബ ഗാന്ധിയെ ഗാന്ധിജി വിശേഷിപ്പിച്ചത്. ബാ എന്നാൽ ഗുജറാത്തിയിൽ അമ്മ എന്നാണ് അർത്ഥം. ഗാന്ധിജിയുടെ കരുത്തായി നിഴൽ പോലെ നിന്ന കസ്തൂർ കപാഡിയ ജനങ്ങൾക്ക് സ്വന്തം കസ്തൂർബാ ആയി മാറി. ആദ്യ ജയിൽവാസം ദക്ഷിണാഫ്രിക്കയിൽ വെച്ചായിരുന്നു. ഫീനിക്സ് ഫാമിലെ സ്ത്രീകളെ നയിച്ചുസമരത്തിനിറങ്ങിയ കസ്തൂർബായെ അറസ്റ്റ് ചെയ്തു. മൂന്നുമാസം കഠിനതടവ് അനുഭവിക്കേണ്ടിവന്നു. സ്വാതന്ത്ര്യസമരത്തിൽ സ്ത്രീകളെ അണിനിരത്തുന്നതിൽ പങ്ക് വഹിച്ചു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ ഗാന്ധിജി അറസ്റ്റിലായപ്പോൾ ഗാന്ധിക്ക് പകരം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്ന് കസ്തൂർബ പ്രഖ്യാപിച്ചു. സമ്മേളനസ്ഥലത്തേക്ക് പോകും വഴി അവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഒരു മടങ്ങിവരവുണ്ടായില്ല. ജയിൽവാസത്തിനിടെ ആരോഗ്യനില വഷളായ കസ്തൂർബയെ ഗാന്ധിജി തടവിൽ കഴിഞ്ഞിരുന്ന അഗാഖാൻ കൊട്ടാരത്തിലേക്ക് മാറ്റി. 1944 ഫെബ്രുവരി 22 ന് മരണമടഞ്ഞു. വിജയലക്ഷ്മി പണ്ഡിറ്റ് മോത്തിലാൽ നെഹ്റുവിന്റെ മകൾ, ജവഹർലാൽ നെഹ്റുവിന്റെ സഹോദരി. സ്വാതന്ത്യസമരത്തിൽ പങ്കെടുത്ത് മൂന്നുതവണ ജയിൽവാസമനുഭവിച്ച വനിതയാണ് വിജയലക്ഷ്മി പണ്ഡിറ്റ്. സ്വാതന്ത്ര്യത്തിന് മുന്നേയുള്ള ഇന്ത്യയിൽ ക്യാബിനറ്റ് പദവി വഹിച്ച ആദ്യ ഇന്ത്യൻ വനിത 1937ൽ യുണൈറ്റഡ് പ്രൊവിൻസിന്റെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു, തദ്ദേശഭരണ - പൊതുജനാരോഗ്യവകുപ്പ് മന്ത്രിയായി. രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടുന്നതിനുവേണ്ടി രാജിവെച്ചു. 1941 മുതൽ 1943 വരെ ആൾ ഇന്ത്യ വുമൻസ് കോൺഫറൻസിന്റെ അധ്യക്ഷയായിരുന്നു 1946ൽ ഭരണഘടനാ നിർമാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു 1953ൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ ആദ്യ വനിതാ അധ്യക്ഷയായി. 1962 മുതൽ 1964 വര മഹാരാഷ്ട്ര ഗവർണറായി സേവനമനുഷ്ഠിച്ചു 1979 ൽ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമീഷൻ പ്രതിനിധിയായി അരുണ അസഫ് അലി 1930 ൽ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തു അറസ്റ്റ് വരിച്ചു. ഗാന്ധി - ഇർവിൻ ഉടമ്പടി പ്രകാരം എല്ലാ രാഷ്ട്രീയത്തടവുകാരെയും മോചിപ്പിച്ചെങ്കിലും അരുണയെ മാത്രം മോചിപ്പിച്ചില്ല. ഗാന്ധിജിയുടെയും മറ്റ് സ്ത്രീ സമര നേതാക്കളുടെയും തുടർച്ചയായ സമരത്തിന് ശേഷമാണ് അവരെ മോചിപ്പിച്ചത്. 1942 ഓഗസ്റ്റ് 8നാണ് ക്വിറ്റ് ഇൻഡ്യ പ്രമേയം പാസാക്കിയത്. സമരം തുടങ്ങുന്നതിനു മുന്നേ അടിച്ചമർത്താൻ ശ്രമിച്ച ബ്രിട്ടീഷ് ഭരണകൂടം മുതിർന്ന നേതാക്കളെ ആദ്യമേ അറസ്റ്റ് ചെയ്തു. മുതിർന്ന നേതാക്കൾ എല്ലാം അറസ്റ്റിലായപ്പോൾ ബാക്കിയായ പാർട്ടിയെ നയിച്ചത് അരുണയാണ്. അവർ ഗൊവാലിയ തിലക് മൈതാനത്ത് കോൺഗ്രസ് പതാകയുയർത്തി ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു. ആൾക്കൂട്ടത്തിനു നേരെ പോലീസ് നിറയൊഴിച്ചു. എന്നാൽ അരുണ തന്റെ നിലപാടിലുറച്ചു നിന്നു. അരുണയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്നാൽ അവർ ഒളിവിൽ പോയി. ഒളിവിലിരുന്ന് കോൺഗ്രസ് പാർട്ടിയുടെ ഇൻക്വിലാബ് എന്ന മാഗസിൻ എഡിറ്റ് ചെയ്തു. അരുണയെ പിടിച്ചുകൊടുക്കുന്നവർക്ക് ബ്രിട്ടീഷുകാർ 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഗാന്ധിജി കീഴടങ്ങാൻ നിർദ്ദേശിച്ചെങ്കിലും അവർ ഒളിവിൽ തുടർന്നു. 1946ൽ ബ്രിട്ടീഷുകാർ അറസ്റ്റ് വാറണ്ട് പിൻവലിച്ചു. ഇതിന് ശേഷം മാത്രമാണ് ഒളിവിൽ നിന്നും പുറത്തുവന്നത്. 1948ൽ കോൺഗ്രസ് പാർട്ടി വിട്ട് സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രവർത്തകയായി. 1950ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. സിപിഐയുടെ വനിതാവിഭാഗമായ നാഷണൽ ഫെദറേഷൻ ഓഫ് ഇന്ത്യൻ വുമൺ രൂപീകരിക്കുന്നതിൽ സുപ്രധാനപങ്ക് വഹിച്ചു. 1958ൽ ഡൽഹിയുടെ ആദ്യ മേയറായി. സുചേത കൃപലാനി അഖിലേന്ത്യ മഹിളാ കോൺഗ്രസിന്റെ സ്ഥാപകനേതാവ്. സത്യാഗ്രഹത്തിൽ പങ്കെടുത്തതിനെത്തുടർന്ന് 1940 ൽ അറസ്റ്റിലായി. ക്വിറ്റ് ഇന്ത്യ സമരത്തിൽ അറസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ ഒളിവിലിരുന്ന് പ്രവർത്തിച്ചു. എന്നാൽ പാറ്റ്നയിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. 1946ൽ ഭരണഘടനാ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു, ഭരണഘടനാ നിർമാണത്തിൽ നിർണായകപങ്കു വഹിച്ചു. 1952ൽ ഉത്തർപ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1963ൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായതോടെ ഇന്ത്യയുടെ ആദ്യ വനിത മുഖ്യമന്ത്രിയായി ചരിത്രത്തിൽ ഇടംപിടിച്ചു. രാജ്കുമാരി അമൃത് കൗർ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ശേഷം ബ്രിട്ടീഷ് ഭരണത്തിന്റെ നിശിതവിമർശകയായി മാറിയ രാജ്കുമാരി അമൃത് കൗർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. സ്വാതന്ത്ര്യസമരത്തിൽ സജീവ പങ്കാളിയായി. സാമൂഹ്യപരിഷ്കരണത്തിന് വേണ്ടി വാദിച്ച അവർ ദേവദാസി സമ്പ്രദായത്തിനും ബാലവിവാഹത്തിനുമെതിരെ നിരന്തരം സംസാരിച്ചു. 1927ൽ ആൾ ഇന്ത്യ വുമൺസ് കോൺഫറൻസ് രൂപീകരിക്കുന്നതിൽ പങ്കാളിയായി. 1930ൽ ദണ്ഡി മാർച്ചിൽ പങ്കെടുക്കുന്നതിനിടെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്തു ബ്രിട്ടീഷ് ഗവൺമെന്റ് വിദ്യാഭ്യാസ ഉപദേശക ബോർഡിൽ നിയമിച്ചെങ്കിലും 1942 ൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുക്കാൻ വേണ്ടി വിരമിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിന് വീണ്ടും അറസ്റ്റിലായി. സാർവത്രിക വേട്ടവകാശത്തിന് വേണ്ടി വാദിച്ച അവർ ലോഥിയാൻ കമ്മിറ്റിക്ക് മുന്നിൽ ഭരണഘടനാ പരിഷ്കരണത്തിനും വോട്ടവകാശത്തിനും വേണ്ടി സംസാരിച്ചു 1945ൽ ലണ്ടനിലും 1946 ൽ പാരീസിലും നടന്ന യുനസ്കോ കോൺഫറൻസിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധിസംഘത്തിന്റെ ഭാഗമായി. ഭരണഘടനനിർമാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ആദ്യ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായി. ഉഷ മേത്ത ക്വിറ്റ് ഇന്ത്യ സമരം പ്രഖ്യാപിച്ചതിനു പിന്നാലെ മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ അറസ്റ്റിലായി. ഇതിനെത്തുടർന്ന് 1942 ഓഗസ്റ്റ് 14 മുതൽ ഉഷയും കൂട്ടാളികളും ഒളിവിലിരുന്ന് കോൺഗ്രസ് റേഡിയോ ആരംഭിച്ചു. ഗാന്ധിയുടെയും മുതിർന്ന നേതാക്കളുടെയും സന്ദേശങ്ങൾ ഇതിലൂടെ പ്രക്ഷേപണം ചെയ്തു. ദിവസവും സ്ഥലം മാറ്റുന്നതിനാൽ ബ്രിട്ടീഷുകാർക്ക് ഇവരെ പിടികൂടാനായില്ല. എന്നാൽ1942 നവംബർ 12 ന് ഉഷ ഉൾപ്പെടെ എല്ലാവരും അറസ്റ്റ് ചെയ്യപ്പെട്ടു. അക്കാമ്മ ചെറിയാൻ ഗാന്ധിജി തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നു വിശേഷിപ്പിച്ചു. അധ്യാപികയായിരുന്നു. 1938 ഫെബ്രുവരിയിൽ രൂപീകൃതമായ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ ചേരാൻ ജോലി രാജിവെച്ചു. 1938 ഓഗസ്റ്റ് 26 ന് സ്റ്റേറ്റ് കോൺഗ്രസ്സിനേയും യുവജന സംഘടനയായ യൂത്ത് ലീഗിനേയും നിരോധിച്ചു. ഇത് കേരളത്തിൽ ആദ്യമായി ഒരു നിസ്സഹകരണ പ്രസ്ഥാനത്തിന് രൂപംനൽകി. സ്റ്റേറ്റ് കോൺഗ്രസിന്റെ പതിനൊന്ന് പ്രസിഡന്റുമാർ അറസ്റ്റിലായി. പതിനൊന്നാമത് പ്രസിഡന്റായിരുന്ന കുട്ടനാട് രാമകൃഷ്ണപിള്ള തന്റെ പിൻഗാമിയായി അക്കാമ്മ ചെറിയാനെ നാമനിർദേശം ചെയ്തു. തടവുകാരെ മോചിപ്പിക്കാനും സംസ്ഥാന കോൺഗ്രസിന്റെ ദീർഘകാല വിലക്ക് നീക്കാനും അക്കാമ്മയുടെ നേതൃത്വത്തിൽ വലിയ റാലി സംഘടിപ്പിച്ചു. അന്നത്തെ പട്ടാള മേധാവിയായിരുന്ന വാട്കീസ് നിറയൊഴിക്കുമെന്നു ഭീഷണി മുഴക്കിയപ്പോൾ ‘എങ്കിൽ ആദ്യ വെടിയുണ്ട എന്റെ നേർക്ക് ആകട്ടെ’ എന്നു പറഞ്ഞ് അവർ ആത്മധൈര്യത്തോടെ നിലകൊണ്ടു. സ്റ്റേറ്റ് കോൺഗ്രസിന്റെ ഒന്നാം വാർഷിക സമ്മേളനത്തിൽ പങ്കെടുത്തതിന് 1939 ഡിസംബർ 24 ന് സഹോദരി റോസമ്മ പുന്നൂസിനോടൊപ്പം അക്കാമ്മയും അറസ്റ്റിലായി. ഒരുവർഷം അവർ തടവിൽ കഴിഞ്ഞു. ജയിൽമോചിതയായ ശേഷം അവർ സ്റ്റേറ്റ് കോൺഗ്രസിന്റെ മുഴുവൻ സമയ പ്രവർത്തകയായി മാറി. പിന്നീട് സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രസിഡന്റായി. 1942 ഓഗസ്റ്റ് 8-ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബോംബെ സമ്മേളനത്തിൽ പാസാക്കിയ ക്വിറ്റ് ഇന്ത്യാ പ്രമേയത്തെ പിന്തുണച്ചു. നിരോധന ഉത്തരവുകൾ ലംഘിച്ചതിനും സ്വാതന്ത്യസമരത്തിൽ പങ്കെടുത്തതിനും അറസ്റ്റുകൾ നേരിട്ടു. 1947 -ൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് തിരുവിതാംകൂർ നിയമസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 1970 കളിൽ രാഷ്ട്രീയം ഉപേക്ഷിച്ചു. ഫ്രീഡം ഫൈറ്റേഴ്സ് പെൻഷൻ അഡ്വൈസറി ബോർഡിൽ സേവനമനുഷ്ഠിച്ചു. ആത്മകഥ- ജീവിതം: ഒരു സമരം. എ വി കുട്ടിമാളു അമ്മ കോഴിക്കോട് മഹിളാ സംഘത്തിന്റെ സജീവ പ്രവർത്തകയായിരുന്നു. 1926 ൽ സ്വാതന്ത്ര്യസമരസേനാനിയായ കോഴിപ്പുറത്ത് മാധവമേനോനുമായി വിവാഹം. തുടർന്ന് സജീവ രാഷ്ട്രീയത്തിലിറങ്ങി. 1932 ൽ സിവിൽ നിയമലംഘന പ്രവർത്തനങ്ങൾക്ക് ജയിലിൽ പോകുമ്പോൾ രണ്ടു മാസം പ്രായമുള്ള കുട്ടിയും ഒപ്പമുണ്ടായിരുന്നു. 1936-ലെ മദിരാശി തിരഞ്ഞെടുപ്പിൽ മലബാറിലെ അർബൻ സീറ്റിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ടു. വ്യക്തിസത്യാഗ്രഹത്തിന് ഗാന്ധിജി നിയോഗിച്ചവരിലൊരാൾ കുട്ടിമാളുഅമ്മയായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിച്ചപ്പോഴും ആദ്യം അറസ്റ്റുചെയ്യപ്പെട്ടവരിൽ അവരുണ്ടായിരുന്നു. 1944 ൽ ഡൽഹി ചലോ മാർച്ചിൽ പങ്കെടുത്ത് വീണ്ടും അറസ്റ്റ് വരിച്ചു. മലയാള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിലവിൽവന്നപ്പോൾ കുട്ടിമാളു അമ്മ അതിന്റെ പ്രസിഡന്റായി. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് പല തവണയായി അഞ്ചു വർഷത്തോളം ജയിലിൽ കിടന്നു. ആറാം ക്ലാസുവരെ മാത്രം പഠിച്ച അവർക്ക് മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിൽ ഭംഗിയായി എഴുതാനും പ്രസംഗിക്കാനും വശമുമുണ്ടായിരുന്നു. കന്നഡ ഭാഷയിലും പ്രായോഗിക പരിജ്ഞാനമുണ്ടായിരുന്നു. സഹതടവുകാരിൽ നിന്നാണ് ഇവയെല്ലാം പഠിച്ചത്. കുട്ടികൾക്കുള്ള അനാഥമന്ദിരവും കുഷ്ടരോഗാശുപത്രിയും സ്ഥാപിക്കാൻ മുൻകൈയെടുത്തു. Read on deshabhimani.com