ആ ജീവിതം ഇനിയും
 വെളിച്ചം പകരും - പുത്തലത്ത് ദിനേശൻ എഴുതുന്നു



  സംഘപരിവാറിന്റെ മതരാഷ്ട്രവാദ സ്വപ്‌നങ്ങളെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സീതാറാം യെച്ചൂരി നമ്മെ വിട്ടുപോയത്. ഇന്ത്യയിലെ ജനപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു അദ്ദേഹം. ലാളിത്യത്തിന്റെ നിറകുടം. ഏത് സാഹചര്യത്തോടും ഇഴുകിച്ചേരുന്ന സവിശേഷത, ശാഠ്യങ്ങളില്ലാത്ത ജീവിതം എന്നിവ അദ്ദേഹത്തെ ഏറെ വ്യത്യസ്തനാക്കി. അറിവിന്റെ ആഴംകൂടി ഉൾക്കൊണ്ട് ജനപക്ഷ നിലപാടുകൾ സീതാറാം രൂപീകരിച്ചു. വിവിധ മേഖലയിലെ സംഘപരിവാർ ഇടപെടലുകളെ ഉൾപ്പെടെ തുറന്നുകാണിച്ചുകൊണ്ടുള്ള ധൈഷണികമായ വെളിച്ചം വഴികാട്ടിയായി നമുക്ക് മുന്നിൽനിൽക്കുന്നുണ്ട്. ഇന്ത്യയിലെ ഇടതുപക്ഷ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം സജീവമായ സാന്നിധ്യവും കരുത്തുമായിരുന്നു സീതാറാം. പീപ്പിൾസ് ഡെമോക്രസിയുടെ പത്രാധിപരായിരിക്കെ നടത്തിയ പ്രവർത്തനം പ്രത്യയശാസ്ത്രരംഗത്തെ കരുത്തുറ്റ ചുവടുവയ്‌പായിരുന്നു. ദേശാഭിമാനിയുടെ 80–-ാം വാർഷികത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം നടത്തിയ പ്രസംഗം ദേശാഭിമാനിക്ക് കൂടിയുള്ള മാർഗനിർദേശങ്ങളായിരുന്നു. രാഷ്ട്രീയമായ സ്വാതന്ത്ര്യത്തിൽനിന്ന് സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തിലേക്കുള്ള മാറ്റം അനിവാര്യമാണെന്ന് സീതാറാം അവിടെ ഓർമിപ്പിച്ചു. ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് ദേശാഭിമാനിക്ക് നിർണായകമായ പങ്കുവഹിക്കാനുണ്ട്. രണ്ട് പ്രധാന കുത്തകകൾ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന വർത്തമാനകാലത്ത് ജനകീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ദേശാഭിമാനിയുടെ ഇടപെടൽ പ്രധാനമാണെന്നും എടുത്തുപറഞ്ഞു. കുത്തക–- മാധ്യമ–- വർഗീയ കൂട്ടുകെട്ടിനെതിരായുള്ള പോരാട്ടം ഈ കാലഘട്ടത്തിന്റെ ഉത്തരവാദിത്വമാണ്. അവർ നിർമിക്കുന്ന വ്യാജ ചരിത്രത്തെ തുറന്നുകാട്ടിയുള്ള പ്രചാരണം ആവശ്യമാണെന്നും  അദ്ദേഹം വ്യക്തമാക്കി. ദേശാഭിമാനി 80–-ാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ മലപ്പുറം മഹോത്സവത്തെക്കുറിച്ച് പിന്നീടൊരിക്കൽ സൂചിപ്പിച്ചു. വർഗീയതയെയും ആഗോളവൽക്കരണ സാംസ്‌കാരിക നയങ്ങളെയും പ്രതിരോധിക്കുന്നതിന് നമ്മുടെ സാംസ്‌കാരിക സവിശേഷതകളിൽ  ഊന്നിനിന്നുകൊണ്ടുള്ള പ്രതിരോധമായിരുന്നു അതെന്നും പറഞ്ഞു. തുടർന്ന്  കൊല്ലം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ പഠനകേന്ദ്രങ്ങളുടെ നേതൃത്വത്തിൽ ഇത് നടത്തിയ കാര്യവും വ്യക്തമാക്കി. സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന സൂക്ഷ്‌മതലത്തിലുള്ള വർഗീയ ശ്രമങ്ങളെ പ്രതിരോധിക്കാൻ ഇത്തരം സൂക്ഷ്‌മതല പ്രതിരോധങ്ങളും ജനകീയ ചരിത്ര ഇടപെടലുകളും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാർ അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് മിത്തുകളെയും പ്രാദേശിക ചരിത്രങ്ങളെയും വളച്ചൊടിച്ച് അവതരിപ്പിക്കുകയാണ്. ഇത്തരം പ്രവർത്തനങ്ങൾ സൂക്ഷ്‌മതലത്തിൽ ഇടപെട്ട് മുന്നേറാൻ ശ്രമിക്കുന്ന വർഗീയതയെ പ്രതിരോധിക്കുന്നതിന് അനിവാര്യമാണെന്നും സീതാറാം വ്യക്തമാക്കി. സീതാറാം യെച്ചൂരിയെ പല ഘട്ടത്തിലും അടുത്തുകാണാനും പലപ്പോഴും സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട്. എല്ലാത്തിനെയും പരസ്‌പരം ബന്ധപ്പെടുത്തി അതിന്റെ മാറ്റത്തിലും കാണുന്ന മാർക്‌സിസ്റ്റ് വിശകലന സമീപനമായിരുന്നു അദ്ദേഹത്തിന്റെത്. എല്ലാ മേഖലയെയും ഇതിന്റെ വെളിച്ചത്തിൽ അദ്ദേഹം വിശകലനം ചെയ്തു. മനുഷ്യനുമായി ബന്ധപ്പെട്ടതൊന്നും തനിക്ക് അന്യമല്ലെന്ന് പറഞ്ഞ മാർക്സിന്റെ കാഴ്ചപ്പാടുകളായിരുന്നു സീതാറാമിന്റെ ജീവിതവീക്ഷണത്തിന്റെ അടിസ്ഥാനം. രാഷ്ട്രീയം എല്ലാറ്റിന്റെയും സമന്വയമാണെന്ന ദിശാബോധമാണ് അദ്ദേഹത്തെ നയിച്ചിരുന്നത്‌. എ കെ ജി സെന്ററിലെ ഭക്ഷണം കഴിക്കുന്ന അവസരത്തിൽ ഇന്ത്യയിലെ ഭക്ഷണ സംസ്‌കാരത്തെക്കുറിച്ച് പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യവും നാനാത്വവുമെല്ലാം പ്രതിഫലിക്കുന്ന മേഖലയായാണ് ഭക്ഷണത്തെ അദ്ദേഹം കണ്ടത്. ഇന്ത്യയിലെ ചില ഭാഗങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം മറ്റ് ചിലയിടങ്ങളിൽ അപ്രിയങ്ങളായിത്തീരുന്നു. ജീവിക്കുന്ന പ്രദേശത്തിന്റെ ഭക്ഷണ ലഭ്യതയും ജനങ്ങളുടെ ആരോഗ്യ ആവശ്യവുമായിട്ടാണവ ബന്ധപ്പെട്ടുകിടക്കുന്നത്. പ്രാദേശിക സംസ്‌കൃതികളുമായി ബന്ധപ്പെട്ടുകൂടിയാണ് ഫെഡറലിസത്തിന്റെ പ്രശ്നത്തെ സീതാറാം വിശകലനം ചെയ്തത്. സാംസ്‌കാരിക വൈവിധ്യങ്ങളുടെ അടിത്തറയിൽനിന്ന് സ്വാംശീകരിച്ച ഈ രാഷ്ട്രീയബോധം അദ്ദേഹത്തിന്റെ സവിശേഷതകളിലൊന്നാണ്. ഇ എം എസ് അക്കാദമിയിൽ വനിതകൾക്കായി നടത്തിയ അഖിലേന്ത്യ പഠനക്ലാസിന്റെ ഘട്ടത്തിൽ ഏറെനേരം സംസാരിച്ചു. കേരളത്തിലെ പാർടി വിദ്യാഭ്യാസത്തെക്കുറിച്ച് ചോദിച്ചുകൊണ്ടാണ് സംഭാഷണം ആരംഭിച്ചത്. കൈയിൽ പുകയുന്ന സിഗരറ്റും ചായയും അദ്ദേഹത്തിന് കൂട്ടായുണ്ടായിരുന്നു. പാർടിക്കകത്തെ വിദ്യാഭ്യാസം പോലെ തന്നെ പ്രധാനമാണ് ബഹുജനങ്ങളുടെ രാഷ്ട്രീയ വിദ്യാഭ്യാസമെന്നും അദ്ദേഹം ഓർമപ്പെടുത്തി. അക്കാദമിക് മേഖലയിൽ സ്വാധീനമുറപ്പിക്കുന്ന വലതുപക്ഷ ആശയങ്ങളെ പ്രതിരോധിക്കുക പ്രധാനമാണ്. പുതിയ വിജ്ഞാന മണ്ഡലങ്ങളിലെ ഇടതുപക്ഷ ധാരണകൾ അവിടങ്ങളിൽ പ്രചരിപ്പിക്കുകയെന്നതും പ്രധാനമാണെന്ന്‌ ഓർമിപ്പിച്ചു.   കേരളത്തിലെ മാധ്യമങ്ങളെക്കുറിച്ച് അന്വേഷിച്ചു. മാധ്യമങ്ങൾക്ക് അവരുടെതായ രാഷ്ട്രീയമുണ്ട്. എന്നാൽ, അവയ്ക്ക് ജനങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് മനസ്സിലാക്കി അതിൽ ഇടപെടാനാകണം. ഒപ്പം അതിന്റെ ദൗർബല്യങ്ങളെ തുറന്നുകാട്ടാനും ബദൽ മാധ്യമങ്ങൾ വികസിപ്പിക്കുന്നതിനും ശ്രദ്ധിക്കണം. ബഹുജന പത്രമായി കൂടുതൽ വികസിക്കുമ്പോഴേ ജനങ്ങൾക്കിടയിലെ പ്രചാരകനായി പത്രത്തിന് മാറാനാകൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു. അച്ചടി മാധ്യമങ്ങളിൽനിന്ന് ദൃശ്യമാധ്യമങ്ങളിലേക്കും നവമാധ്യമങ്ങളിലേക്കുമുള്ള മാറ്റങ്ങളെ മനസ്സിലാക്കാനും ഇടപെടാനും കഴിയുകയെന്നതും പ്രധാനമാണ്. പത്രമാധ്യമത്തിൽനിന്ന്‌ നവമാധ്യമത്തിലേക്കുകൂടിയുള്ള ചുവടുവയ്‌പുകൾ നല്ലതാണെന്നും എടുത്തുപറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ച് സംസാരിക്കുമ്പോൾ കോൺഗ്രസിന്റെ ഇവിടുത്തെ നേതൃത്വം ബിജെപിയുമായി ചേർന്ന് നീങ്ങുന്നകാര്യം ഓർമപ്പെടുത്തി. കോൺഗ്രസ് പാർടിയുടെ വർഗ സവിശേഷതകളെ മനസ്സിലാക്കിയാലെ ഇതിന് ഉത്തരം കണ്ടെത്താനാകൂവെന്നും സീതാറാം പറഞ്ഞു. ഇന്ത്യൻ ഭരണവർഗത്തിന്റെ പാർടികളാണ്‌ കോൺഗ്രസും ബിജെപിയും. മുതലാളിത്തത്തിന്റെ മുഖങ്ങൾ തന്നെയാണ് നവലിബറലിസവും ഫാസിസവുമെല്ലാം എന്നും കാണണം. ഇവ രണ്ടും ഒരേ വർഗ കാഴ്ചപ്പാടിന്റെ ഭാഗമാണെങ്കിലും അവ തമ്മിൽ വ്യത്യസ്തതകളുണ്ടെന്നും തിരിച്ചറിയപ്പെടണം. ബിജെപിയുടെ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ ഇടതുപക്ഷം ഇനിയും കരുത്താർജിക്കണം. തൊഴിലാളിവർഗത്തിന്റെ സ്വതന്ത്രശക്തി നിലനിർത്തിക്കൊണ്ടുതന്നെ ബിജെപിയെ അധികാരത്തിൽനിന്ന് എങ്ങനെ മാറ്റിനിർത്താമെന്ന കാര്യവും സഖാവ്‌ ഓർമിപ്പിച്ചു. മുഖ്യശത്രുവിനെ പരാജയപ്പെടുത്താൻ ഇന്നത്തെ സാഹചര്യത്തിൽ ഓരോ സംസ്ഥാനത്തിന്റെയും സാധ്യതയ്ക്കനുസരിച്ച് ബിജെപി വിരുദ്ധ വോട്ടുകളെ യോജിപ്പിക്കാനാണ് നാം ശ്രമിച്ചത്. ഐക്യപ്പെടേണ്ട മേഖലയിൽ ഐക്യവും സമരം ചെയ്യേണ്ട മേഖലയിൽ സമരവുമെന്ന സമീപനമാണിത്.   ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ സ്വാധീനം കുറഞ്ഞുവരുന്നതിനെക്കുറിച്ചും ചോദിച്ചു. ഇടതുപക്ഷത്തിന്റെ സ്വാധീനം പാർലമെന്ററി രംഗത്ത് കുറഞ്ഞുവരികയാണ് എന്നത് ശരിയാണ്. എന്നാൽ, സംഘപരിവാറിന്റെ ജനവിരുദ്ധ നയങ്ങൾക്കും ഭരണഘടന തകർക്കുന്ന നയങ്ങൾക്കുമെതിരായി ശക്തമായ പോരാട്ടം നടത്തുന്നത് ഇടതുപക്ഷമാണ്. ആ പ്രക്ഷോഭത്തിന് പിന്തുണയും അതിന്റെ രാഷ്ട്രീയത്തിന് പ്രചാരണവും ലഭിക്കുന്നുണ്ട്. അതുകൊണ്ട് രാഷ്ട്രീയമായി നമ്മുടെ ഇടപെടൽ ദേശീയ രാഷ്ട്രീയത്തെ സ്വാധീനിച്ച്‌ നിൽക്കുന്നുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പിൽ അതിനനുസരിച്ചുള്ള ജനപിന്തുണ നമുക്ക് ലഭിക്കുന്നില്ല. പ്രക്ഷോഭങ്ങളിൽ അണിനിരന്ന ജനതയെ രാഷ്ട്രീയമായി നമുക്കൊപ്പം കൊണ്ടുവരുന്നതിൽ പോരായ്‌മയുണ്ട്. ഇത് പരിഹരിക്കുകയെന്നത് പ്രധാനമാണ്. സമരപ്രക്ഷോഭങ്ങളിൽ അണിനിരക്കുന്ന ജനതയെ രാഷ്ട്രീയമായി അണിനിരത്തുന്നതിന് പ്രധാന തടസ്സങ്ങൾ വർഗീയതയും ജാതീയതയും അരാഷ്ട്രീയവാദവും ഉൾപ്പെടെയുള്ള പ്രവണതകളാണ്. സമരങ്ങളിൽ പങ്കെടുത്തുകൊണ്ട് ബഹുമുഖമായ രാഷ്ട്രീയ മുന്നേറ്റം വികസിപ്പിക്കുകയെന്നതാണ് പ്രധാനം. അങ്ങനെ സംഭാഷണം നീണ്ടുപോയി. ഏറെ നേരത്തെ സംഭാഷണത്തിനുശേഷം അവസാനം കൈ തന്ന് ചേർത്തുപിടിച്ചു. വീണ്ടും വരുമ്പോൾ കാണണമെന്നും പറഞ്ഞു. പിന്നീടൊരിക്കലും അതുപോലെ ദീർഘമായി സംസാരിക്കാൻ കഴിഞ്ഞില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് റിവ്യൂ ചർച്ച ചെയ്യുന്ന കമ്മിറ്റിയിൽ സഖാവുണ്ടായിരുന്നു. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളിലെല്ലാം മറുപടി നൽകിയാണ് ഡൽഹിയിലേക്ക് മടങ്ങിയത്. രാജ്യത്തിന്‌ ഏറ്റവും അനിവാര്യമായ ഘട്ടത്തിലാണ് മരണം രംഗബോധമില്ലാത്ത കോമാളിയായി കടന്നുവന്നത്. ജീവിതം ജനതയ്ക്കായി ജീവിച്ച് ശരീരം പഠനത്തിനായി സമർപ്പിച്ച് സീതാറാം യാത്രയായി. അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളും കാഴ്ചകളും തീർച്ചയായും ദേശാഭിമാനിക്ക് വെളിച്ചമായി മുന്നിൽ നിൽക്കുന്നു. ആ പാതയിലൂടെ നമുക്ക് കൂടുതൽ കരുത്തോടെ സഞ്ചരിക്കാം. അദ്ദേഹത്തിന് നൽകാനുള്ള ഏറ്റവും വലിയ ആദരവ് അതായിരിക്കും.   Read on deshabhimani.com

Related News