നിശബ്ദ ഗദ്ഗദങ്ങളുടെ പാട്ടുകാരൻ; റഫി എന്ന യുഗം



നിശ്ശബ്ദതയാണ് സ്റ്റുഡിയോയിൽ. ദുഃഖം ഘനീഭവിച്ച അന്തരീക്ഷം. തകർന്നടിഞ്ഞ പ്രണയസ്വപ്നങ്ങളെ കുറിച്ചുള്ള പാട്ടുമായി മൈക്കിന് മുന്നിൽ  മുഹമ്മദ് റഫി: "ടൂട്ടേ ഹുവേ ഖ്വാബോം നേ ഹംകോ യേ സിഖായാ ഹേ....''  പുറത്ത് കൺസോളിൽ ആ ആലാപനം കേട്ടിരുന്ന ആരുടെ മുഖത്തുമില്ല രക്തപ്രസാദം: "മധുമതി'യുടെ സംവിധായകൻ ബിമൽ റോയ്, നായകൻ ദിലീപ് കുമാർ, സംഗീത സംവിധായകൻ സലിൽ ചൗധരി, ഗാനരചയിതാവ് ശൈലേന്ദ്ര, സൗണ്ട് എൻജിനിയർ ബദരീനാഥ് ശർമ....  പാട്ടു റെക്കോഡ് ചെയ്തു പുറത്തിറങ്ങിയ  റഫി സാഹിബ് ചുറ്റിലുമുള്ള വിളറിയ മുഖങ്ങൾ നോക്കി അമ്പരപ്പോടെ ചോദിക്കുന്നു: "എന്താണ് ഈ മ്ലാനതയുടെ അർഥം? എന്റെ പാട്ട് ഇഷ്ടപ്പെട്ടില്ലെന്നുണ്ടോ? പേടിക്കേണ്ട. ഒരു ടേക്ക് കൂടി എടുക്കാം നമുക്ക്..' വിഷാദമുദ്രിതമായ ആ മൗനം തന്നെയായിരുന്നു  തന്റെ ആലാപനത്തികവിനുള്ള ഏറ്റവും വലിയ അംഗീകാരമെന്ന് അറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ റഫി സാഹിബ്. "ഞങ്ങളെയെല്ലാം അങ്ങ് കരച്ചിലിന്റെ വക്കിലെത്തിച്ചു. ഹൃദയം നുറുങ്ങുന്ന അനുഭവമായിരുന്നു അത്.' ശൈലേന്ദ്ര പറഞ്ഞു. മറുപടിയായി പതിവുപോലെ നിഷ്കളങ്കമായി പുഞ്ചിരിക്കുക മാത്രം ചെയ്തു റഫി. എന്നിട്ട് വിനയത്തോടെ മന്ത്രിച്ചു: "ആ വരികളിലും സംഗീതത്തിലും തങ്ങിനിന്ന  വിഷാദം എന്നെ വല്ലാതെ സ്പർശിച്ചു. അതുകൊണ്ടാവാം പാട്ട് നന്നായത്.' സംഗീതപ്രേമികളുടെ എത്രയോ  തലമുറകൾ ഏറ്റുപാടാൻ പോകുന്ന പാട്ടാണ് നിമിഷങ്ങൾ മാത്രം മുമ്പ്‌ പിറന്നുവീണതെന്ന് അന്ന് ബോംബെ സിനി ലാബിൽ കൂടിയിരുന്നവർ സങ്കൽപ്പിച്ചിരിക്കുമോ. കഥ അവിടെ തീർന്നില്ല. അതേ ദിവസം "മധുമതി'യിലെ മറ്റൊരു പാട്ടുകൂടി റെക്കോഡ് ചെയ്യാനുണ്ട് റഫി സാഹിബിന്: "ജംഗൽ മേ മോർ നാച്ചാ കിസി നേ നാ ദേഖാ' -- ജോണി വാക്കർ പാടി അഭിനയിക്കേണ്ട ഒരു പരിപൂർണ ഹാസ്യ ഗാനം. തീവ്രവിഷാദ ഭാവം നിറഞ്ഞുതുളുമ്പിയ "ടൂട്ടേ ഹുവേ ഖ്വാബോം നേ"യുടെ ശീലുകൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുമ്പോൾ, മദ്യലഹരിയിലുള്ള ഒരു തമാശപ്പാട്ടിനെവിടെ പ്രസക്തി? "റഫി സാഹിബ്, ഇന്ന് ഇനി റെക്കോഡിങ്‌ വേണ്ട. ഈ മൂഡിൽനിന്ന് ഇത്ര പെട്ടെന്ന് തമാശയിലേക്ക് മാറാൻ അങ്ങയോട് ആവശ്യപ്പെടുന്നത് അന്യായമാണെന്ന് എനിക്കറിയാം. അത് ശരിയാവില്ല..'റെക്കോഡിസ്റ്റ് ശർമ പറഞ്ഞു. പക്ഷേ റഫി അടുത്ത പാട്ടിനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞിരുന്നു. "മധുമതി"യിലെ വിഷാദ നായകനായ ദിലീപ്കുമാറിന്റെ കുപ്പായം അഴിച്ചുവച്ച് , ചിരിയുടെ തമ്പുരാനായ ജോണി വാക്കറായി മൈക്കിന് മുന്നിൽ പരകായപ്രവേശം നടത്തുന്നത് അമ്പരപ്പോടെ കണ്ടുനിന്നു ബിമൽ റോയിയും കൂട്ടരും. "ഇതെന്റെ തൊഴിലിന്റെ ഭാഗമാണ്.' റഫി പിന്നീട് പറഞ്ഞു: "ഏതു മൂഡിലുള്ള പാട്ടും പാടാൻ തയ്യാറായിരിക്കണം ഒരു ഗായകൻ. നമുക്കുവേണ്ടി മാത്രമല്ലല്ലോ നാം പാടുന്നത്; ഒരു വലിയ വ്യവസായത്തിന്റെ ഭാഗമായി നിന്നുകൊണ്ടല്ലേ' റഫിയിലെ 100 ശതമാനം പ്രൊഫഷണലായ പാട്ടുകാരനെയാണ് അന്ന് താൻ കണ്ടതെന്ന് റെക്കോഡിസ്റ്റ് ശർമ. പഞ്ചിങ്ങും കട്ടിങ്ങും പേസ്റ്റിങ്ങുമൊന്നും സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന അക്കാലത്ത് വിഷാദഗായകനിൽനിന്ന് ഹാസ്യഗായകനിലേക്കുള്ള റഫിയുടെ ഭാവപ്പകർച്ച എത്ര അനായാസവും ഐന്ദ്രജാലികവുമായിരുന്നുവെന്ന് ആ 2 പാട്ടുകൾ കേൾക്കുമ്പോൾ ഇന്ന് അത്ഭുതത്തോടെ തിരിച്ചറിയുന്നു നാം. ആദ്യത്തെ പാട്ടിൽ നിശ്ശബ്ദ ഗദ്ഗദങ്ങളുമായി നിറഞ്ഞുനിന്നത് റഫിയിലെ നിരാശാകാമുകൻ; രണ്ടാമത്തേതിൽ കുട്ടിത്തം കൈവിടാത്ത കുസൃതിക്കാരനും. എല്ലാ ഗായകർക്കും പ്രിയങ്കരൻ "റഫിയായിരുന്നു ഞങ്ങളുടെ തലമുറയിലെ എല്ലാ പാട്ടുകാരെയും കൂട്ടിയിണക്കിയ കണ്ണി. "മന്നാഡേ ഒരിക്കൽ പറഞ്ഞു. "ഹൃദയ നൈർമല്യമുള്ള ഒരു കലാകാരനു മാത്രമേ മറ്റൊരു കലാകാരനെ ആത്മാർഥമായി അഭിനന്ദിക്കാൻ പറ്റൂ. നിങ്ങൾ കേൾക്കുന്നത് എന്റെ പാട്ടുകളാവാം; പക്ഷേ ഞാൻ കേൾക്കുക മന്നാഡേയുടെ പാട്ടുകളാണെന്ന് പറയാനുള്ള ആർജവം മറ്റേത് ഗായകനിൽനിന്ന് നമുക്ക് പ്രതീക്ഷിക്കാനാകും?' പദ്മശ്രീയും പദ്മഭൂഷണും ദേശീയ അവാർഡുകളുമടക്കം 7 പതിറ്റാണ്ടുകാലത്തെ സംഗീത ജീവിതത്തിൽനിന്ന് തനിക്കു ലഭിച്ച ബഹുമതികളത്രയും റഫിയുടെ ഈ രണ്ടേ രണ്ടു വാചകങ്ങൾക്കുവേണ്ടി കൈമാറാൻ ഒരുക്കമായിരുന്നു മന്നാഡേ. ഒരു പടികൂടി മുന്നോട്ടു പോയി മഹേന്ദ്ര കപൂർ. ജുഗ്നു (1947)വിലെ "യഹാം ബദലാ വഫാ കാ' എന്ന ഗാനം കേട്ട്  ആരാധന മൂത്ത് റഫിയെ കാണാൻ അമൃത്സറിൽനിന്ന് മുംബൈയിലേക്ക് വണ്ടികയറുമ്പോൾ കപൂറിന് പ്രായം 12. പിന്നണിസംഗീത ലോകത്ത് പ്രശസ്തനായശേഷം, 1970കളുടെ ഒടുവിൽ ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിലെ തന്റെ ഗാനമേളക്കിടെ റഫിയുടെ മക്കളായ സയീദും ഖാലിദും സ്ഥലത്തുണ്ടെന്നറിഞ്ഞ് ഇരുവരെയും വേദിയിലേക്ക് ക്ഷണിക്കുന്നു അദ്ദേഹം. സദസ്സിനെയും റഫിയുടെ മക്കളേയും ഒരുപോലെ അമ്പരപ്പിച്ച നിമിഷങ്ങളായിരുന്നു പിന്നെ. വേദിയിൽവച്ച്  ഇരുവരുടെയും കാലുകൾ തൊട്ടുവന്ദിക്കുന്നു മഹേന്ദ്ര കപൂർ. പ്രായത്തിൽ ഏറെ മുതിർന്ന, ആദരണീയനായ ഒരു ഗായകനിൽനിന്ന് പാദനമസ്കാരം സ്വീകരിക്കുന്നതിന്റെ അനൗചിത്യം സയീദ് ചൂണ്ടിക്കാണിച്ചപ്പോൾ, മഹേന്ദ്ര കപൂർ നിസ്സംശയം പറഞ്ഞു: "ഞാൻ പ്രണമിച്ചത് നിങ്ങളെയല്ല; അങ്ങ് ദൂരെ ആയിരക്കണക്കിന് നാഴികകൾക്കപ്പുറത്തിരിക്കുന്ന നിങ്ങളുടെ പിതാവിനെയാണ്.' ഈ അനസൂയ വിശുദ്ധി അന്നത്തെ പല പ്രശസ്ത ഗായകരുടേയും ജീവിതത്തിന്റെ ഭാഗമായിരുന്നു. റഫി പാടിയ "ദിൻ ഢൽ ജായേ' എന്ന ഗാനത്തിന്റെ വിഷാദമാധുര്യത്തിൽ മുഴുകി നിറകണ്ണുകളോടെ നിശ്ശബ്ദനായി തലകുനിച്ചിരുന്ന പിതാവിന്റെ ചിത്രം ഇന്നുമുണ്ട് നിതിൻ മുകേഷിന്റെ ഓർമയിൽ. "ഗൈഡ്' (1965) എന്ന സിനിമക്കുവേണ്ടി സച്ചിൻ ദേവ് ബർമൻ ചിട്ടപ്പെടുത്തിയ ആ ഗാനം ആവർത്തിച്ചു കേട്ടശേഷം റഫി സാഹിബിനെ ഫോണിൽ വിളിച്ചുതരാൻ മകനോട് ആവശ്യപ്പെടുന്നു മുകേഷ്. വിറയാർന്ന കൈകളാൽ റിസീവർ വാങ്ങി അദ്ദേഹം പറഞ്ഞു: "റഫി മിയാ, ക്യാ ഗായാ ഹേ ആപ്നേ യേ ഗീത്. ഐസാ കോയി ഗാ നഹി സക്താ...' എത്ര ഹൃദ്യമായാണ് അങ്ങ് ഈ പാട്ട് പാടിയിരിക്കുന്നത്. മറ്റാർക്കുമാവില്ല ഇതുപോലെ പാടാൻ... മഹാപ്രതിഭകളായ രണ്ടു ഗായകർ തമ്മിലുള്ള ആത്മൈക്യത്തിന്റെ സുഗന്ധമുണ്ടായിരുന്നു ആ വാക്കുകളിലെന്ന് നിതിൻ മുകേഷ്. ഒരേ കാലത്ത് ജീവിച്ചവരും, ഒരേ മേഖലയിൽ പ്രവർത്തിച്ചവരും പരസ്പരം മത്സരിക്കാൻ വിധിക്കപ്പെട്ടവരുമായ രണ്ടുപേർ. കിഷോർ കുമാറിനേയും കരയിച്ചിട്ടുണ്ട് ‘ദിൻ ഢൽ ജായേ’. റഫിയുടെ വേർപാടിനുശേഷം, അന്തരിച്ച ഗായകനുള്ള സ്മരണാഞ്ജലിയായി ഈ പാട്ടിന്റെ  പല്ലവി വേദിയിൽ പാടവേ ‘ബാബ’ അറിയാതെ വിതുമ്പിപ്പോയിയെന്ന് കിഷോറിന്റെ മകൻ അമീത് കുമാർ. റഫിയുമൊത്തുള്ള ഗാനമേളകളിൽ ആദരസൂചകമായി അദ്ദേഹത്തിന്റെ പാട്ടുകളുടെ പല്ലവികൾ പാടുമായിരുന്നു കിഷോർ. "റഫി സാഹിബിന്റെ ശബ്ദം അനുകരിക്കാൻ എനിക്കാവില്ല; ഒരു ശ്രമം നടത്തുന്നു; അത്രയേയുള്ളൂ' എന്ന വിനീതമായ മുഖവുരയോടെയാണ് പാടുക. അങ്ങനെ പതിവായി പാടിയിരുന്ന പാട്ടുകളിൽ ഒന്നാണ് "ദിൻ ഢൽ ജായേ.'  എസ് പി ബിയെ കരയിച്ച റഫി അതേ ഗാനത്തിന്റെ പല്ലവിയിൽ ആദ്യവരിക്ക്‌ പിന്നാലെ വരുന്ന റഫിയുടെ "ഹായ്ക്ക്’ പകരം വയ്ക്കാൻ ഇന്ത്യൻ സിനിമാസംഗീത ചരിത്രത്തിൽ തന്നെ മറ്റൊരു ഹായ് ഇല്ലെന്ന് വിശ്വസിച്ചു എസ് പി ബാലസുബ്രഹ്മണ്യം. റഫിയെ ഗന്ധർവനും മാനസഗുരുവുമായി കണ്ട ഒരു ആരാധകന്റെ സാക്ഷ്യമാണത്. "റഫി സാഹിബിന്റെ ചില പാട്ടുകൾ പാടുമ്പോൾ അറിയാതെ കണ്ണുകൾ നിറയും. വീട്ടിലിരുന്ന് പാടുന്നത് ഭാര്യ വിലക്കുകവരെ ചെയ്തിട്ടുണ്ട് ഒരിക്കൽ. എന്റെയീ കരച്ചിലാണ് കാരണം’ എസ് പി ബിയുടെ വാക്കുകൾ. "കുളിമുറിയുടെ ഏകാന്തതയിൽ ചെന്നുനിന്ന് കരച്ചിൽ മുഴുമിക്കേണ്ടി വന്നു പലപ്പോഴും...’ റഫിയും എസ് പി ബിയും. രണ്ടു തലമുറകളുടെ പ്രതിനിധികൾ. വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ ജനിച്ചുവളർന്നവർ. പക്ഷേ ഹൃദയം കൊണ്ട് ഇരുവരേയും ഇണക്കിനിർത്തിയ ഘടകങ്ങൾ നിരവധി. സംഗീതം ഒരു ജനകീയ കലയാണെന്ന ഉത്തമ ബോധ്യത്തോടെ വേദികളിൽ നിറഞ്ഞവരാണ് രണ്ടു പേരും. സദസ്സുമായി വൈകാരികമായ അടുപ്പം കാത്തുസൂക്ഷിച്ചവർ. സകലചരാചരങ്ങളോടും സ്നേഹത്തിന്റെ ഭാഷയിൽമാത്രം സംസാരിച്ചവർ. കണക്കുപറഞ്ഞ്‌ പ്രതിഫലം വാങ്ങുന്നതിനപ്പുറത്ത് മറ്റു പല നന്മകളും ഉൾച്ചേർന്നതാണ് യഥാർഥ "പ്രൊഫഷണലിസ’മെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചവർ. പിന്നാലെ വന്ന തലമുറയെ അനസൂയ വിശുദ്ധമായ മനസ്സോടെ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചവർ. വാക്കുകൾ കൊണ്ടുപോലും ആരുടേയും മനസ്സ് നോവിക്കാതിരിക്കാൻ ശ്രമിച്ചവർ. അതുകൊണ്ടുതന്നെ മരണശേഷവും സാധാരണക്കാരന്റെ ഓർമകളിൽ പൂർവാധികം ജ്വലിച്ചുനിൽക്കുന്നവർ. ‘രണ്ടു തവണയേ നേരിൽ കണ്ടിട്ടുള്ളൂ എസ് പി ബിയെ. കൂടുതലും സംസാരിച്ചിട്ടുള്ളത് ഫോണിലാണ്. സുദീർഘമായ ആ സംഭാഷണങ്ങളിൽ റഫി സാഹിബ് കയറിവരാത്ത ദിവസങ്ങൾ അത്യപൂർവം. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത തന്റെ ഗുരു മുഹമ്മദ് റഫിയാണെന്ന് വിശ്വസിച്ചു അദ്ദേഹം. റഫി സാഹിബിന്റെ "കൽ രാത് സിന്ദഗി സേ മുലാഖാത് ഹോഗയീ’ എന്ന ഒരൊറ്റ പാട്ട് ദിവസവും 10 തവണയെങ്കിലും കേൾക്കാൻ ശ്രമിക്കും ഞാൻ. എന്നെ സംബന്ധിച്ച് ഒരു സർവകലാശാലയാണ് ആ പാട്ട്. ആലാപനത്തിന്റെ സമസ്ത ഭാവങ്ങളെയും സ്പർശിച്ചു പോകുന്ന ഒന്ന്. ഓരോ തവണയും റഫി സാഹിബിന്റെ ശബ്ദത്തിൽ ആ പാട്ട് കേൾക്കുമ്പോൾ ഇത്രയും നിഗൂഢതകൾ ഒരൊറ്റ പാട്ടിൽ എങ്ങനെ ഒളിച്ചുവയ്ക്കാനാകും ഒരു ഗായകനെന്ന് അത്ഭുതപ്പെടാറുണ്ട്.’ പാൽക്കി (1967) യിൽ നൗഷാദ് ചിട്ടപ്പെടുത്തിയ ആ വിഷാദപ്രണയഗീതം  എസ് പി ബി എങ്ങനെ മറക്കാൻ. സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ അവസരം തേടി തെലുങ്കിലെ പ്രശസ്ത സംഗീത സംവിധായകൻ മാസ്റ്റർ വേണുവിനെ കാണാൻ ചെന്നപ്പോൾ പാടിക്കേൾപ്പിച്ച പാട്ടാണത്. "നൗഷാദ് സാബിനൊപ്പം കുറച്ചുകാലം ജോലി ചെയ്തിട്ടുള്ള ആളാണ് വേണു സാർ. അതുകൊണ്ട് വളരെ കരുതലോടെയാണ് പാടിയത്. പാട്ട് മുഴുവൻ കണ്ണടച്ച് കേട്ടിരുന്ന ശേഷം അദ്ദേഹം പറഞ്ഞു: ബാലു, ഈ പാട്ടിന്റെ പല്ലവി ആവർത്തിച്ചു കേട്ട് ഹൃദിസ്ഥമാക്കണം നീ. എന്നിട്ട് ഒരു തവണയെങ്കിലും പൂർണതയോടെ അതെന്നെ പാടിക്കേൾപ്പിക്കണം. എന്നാലേ ഞാൻ നിന്നെക്കൊണ്ട് സിനിമയിൽ പാടിക്കൂ.’ ചിരിച്ചുകൊണ്ട് എസ് പി ബിയുടെ മറുപടി: "അങ്ങനെയെങ്കിൽ ഒരിക്കലും അങ്ങെനിക്ക് അവസരം തരില്ല. കാരണം റഫി സാഹിബ് പാടിയ പോലെ ഈ പാട്ട് മറ്റാർക്കും പാടാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.’ അതേ മാസ്റ്റർ വേണുവിനുവേണ്ടി പിൽക്കാലത്ത് തെലുങ്കിൽ മനോഹര ഗാനങ്ങൾ  പാടി എസ് പി ബി എന്നോർക്കുക. സ്റ്റേജിൽ പാടി വളർന്നത് റഫിയുടെ പാട്ടുകളാണ്. സിനിമയിലേക്ക് വഴി തുറന്നതും ആ ഗാനങ്ങൾ തന്നെ. 1964ൽ ഒരു തെലുഗു സാംസ്കാരിക സംഘടന അമച്വർ ഗായകർക്കുവേണ്ടി ചെന്നൈയിൽ നടത്തിയ ഗാനാലാപന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ടായിരുന്നു തുടക്കം. അന്ന് പാടിയത് "ദോസ്തി’യിലെ ജാനേവാലോ സരാ മുഡ്‌ കേ ദേഖോ മുജേ, "മേരെ മെഹബൂബി’ലെ മേരെ മെഹബൂബ് തുജേ മേരി മൊഹബ്ബത് കി കസം എന്നീ റഫിപ്പാട്ടുകൾ. മത്സരത്തിലെ വിധികർത്താക്കളിൽ ഒരാളായിരുന്ന സംഗീത സംവിധായകൻ കോതണ്ഡപാണിയുടെ മനസ്സിൽ എന്നന്നേക്കുമായി പതിഞ്ഞുപോയിരിക്കണം കൗമാരക്കാരന്റെ ആലാപനം. 2 വർഷത്തിനുശേഷം ഓഡിഷൻ ടെസ്റ്റിനുവേണ്ടി അതേ കോതണ്ഡപാണിയെ കാണാൻ ചെന്നപ്പോൾ എസ് പി ബി പാടിയത് "ദോസ്തി’യിലെ പാട്ട് തന്നെ. നിശ്ശബ്ദമായ ചിരി മുഹമ്മദ് റഫിയുടെ ആലാപനത്തിലെ പല സൂക്ഷ്മ ഘടകങ്ങളും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് തുറന്നുപറയാൻ മടിച്ചിട്ടില്ല എസ് പി ബി. ഏറ്റവും പ്രധാനം  അറിഞ്ഞോ അറിയാതെയോ ഗാനങ്ങളിൽ റഫി സന്നിവേശിപ്പിച്ചിരുന്ന ഭാവാഭിനയത്തിന്റെ നുറുങ്ങുകൾ തന്നെ. "റഫി സാഹിബിന്റെ പല പാട്ടുകളിലും നിശ്ശബ്ദമായ ഒരു ചിരിയുണ്ട്. പൊട്ടിച്ചിരിയല്ല. മനസ്സിൽനിന്ന് ഊറിവരുന്ന ചിരി. സിനിമയിലെ ഗാനരംഗത്തിന്റെ പിന്തുണയില്ലാതെ തന്നെ ആ ചിരി നമുക്ക് സങ്കൽപ്പിക്കാനാകും. എന്റെ പാട്ടുകളിൽ കടന്നുവരാറുള്ള ചിരിയെ കുറിച്ച് പലരും പറഞ്ഞുകേൾക്കുമ്പോൾ ഓർമവരിക റഫി സാഹിബിനെയാണ്.’ റഫിയെപ്പോലെ സിനിമാലോകത്തെ കെട്ടുകാഴ്ചകളിൽനിന്നും പൊയ്മുഖങ്ങളിൽനിന്നും എന്നും സുരക്ഷിതമായ അകലം പാലിച്ചു എസ് പി ബി. പാടുന്ന പാട്ടുകൾക്കെല്ലാം ഹൃദയവും ആത്മാവും പകർന്നുനൽകി. സ്വന്തം കഴിവുകളിൽ അഹങ്കരിക്കാതെ ആരാധകർക്ക് മുന്നിൽ എന്നും വിനയാന്വിതനായി. രണ്ടുപേരും ഇന്നില്ല. പക്ഷേ  തലമുറകളിൽനിന്ന് തലമുറകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു അവരുടെ ഗാനങ്ങൾ. ഓർമകൾ നിലയ്ക്കുന്നില്ല ഇന്നും റഫിയുടെ പാട്ടുകളാണ് സ്വകാര്യനിമിഷങ്ങളിൽ തനിക്ക് കൂട്ടെന്നുപറയും റഫിയോടൊപ്പം ലോകമെമ്പാടും വേദികൾ പങ്കിട്ടിട്ടുള്ള ഗായിക  ഉഷ തിമോത്തി. അവസാനമായി അദ്ദേഹത്തോടൊപ്പം ഗാനമേളയിൽ പങ്കെടുത്തത് മരിക്കുന്നതിന് 2 മാസംമുമ്പാണ്. 1980 മെയ് 15ന് മുംബൈ ഷണ്മുഖാനന്ദ ഹാളിൽ നടന്ന ആ പരിപാടിയിൽ അധികം പാട്ടുകൾ പാടിയില്ല റഫി. ആ വർഷം ജനുവരിയിൽ ദുർഗാപൂരിൽ നടന്ന മിഥുൻ ചക്രവർത്തി ഷോയിൽ പാടുന്നതിനിടെ ഉണ്ടായ ഹൃദയാഘാതം അദ്ദേഹത്തെ കാര്യമായി തളർത്തിയിരുന്നു. "ജൂലൈ 22 നാണ് ഞങ്ങൾ അവസാനം സംസാരിച്ചത്; ടെലിഫോണിൽ. വരാനിരിക്കുന്ന ഗൾഫ് പര്യടനത്തിൽ പാടേണ്ട പാട്ടുകളുടെ പട്ടിക തയാറാക്കാൻ വിളിച്ചതായിരുന്നു അദ്ദേഹം. പക്ഷേ ഈശ്വരൻ മറ്റൊരു യാത്രയ്ക്കായി അതിനകം അദ്ദേഹത്തെ തിരഞ്ഞെടുത്തുകഴിഞ്ഞിരുന്നു എന്ന് ആരോർത്തു...' ഓർമകളിൽ മുഴുകി ഒരു നിമിഷം നിശ്ശബ്ദയാകുന്നു ഉഷ. ‘1980 ജൂലൈ 31നായിരുന്നു റഫിയുടെ വിയോഗം. റഫി വില്ലയുടെ കവാടങ്ങൾ അന്നാണ് ആരാധകർക്കുവേണ്ടി മുഴുവൻ സമയവും തുറന്നുകിടന്നത്. അവിടെ ആ പരിസരത്തുനിന്നുകൊണ്ട് വാവിട്ടുകരഞ്ഞ റഫി സാഹിബിന്റെ ആരാധകരിൽ പണക്കാരെന്നോ പാവപ്പെട്ടവരെന്നോ കുട്ടികളെന്നോ മുതിർന്നവരെന്നോ ഉള്ള വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. ഹൃദയഭേദകമായ ദൃശ്യങ്ങളായിരുന്നു ചുറ്റും. "കരഞ്ഞുകൊണ്ടാണ്  വിലാപയാത്രയെ ഞാൻ അനുഗമിച്ചത്. സാന്താക്രൂസിലെ ശ്‌മശാനത്തിനടുത്തെത്തിയപ്പോൾ ആരോ എന്നെ തടഞ്ഞു; ഇനിയങ്ങോട്ട് സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന് പറഞ്ഞുകൊണ്ട്. ഒപ്പമുള്ളവരെല്ലാം മുന്നോട്ട് നടന്നുപോയിട്ടും അവിടെ ആ റോഡരികിൽ ഏകയായി നിന്നു ഞാൻ. എത്രയെത്ര ഓർമകളാണെന്നോ ആ നിമിഷങ്ങളിൽ മനസ്സിനെ വന്നുമൂടിയത്... വിങ്ങുന്ന ഹൃദയവുമായി കുറെ നേരം നിശ്ചലയായിനിന്ന ശേഷം ഞാൻ തിരിച്ചുപോന്നു. മുഹമ്മദ് റഫി ഇല്ലാത്ത  ലോകത്തെ കുറിച്ച്  സങ്കൽപ്പിക്കാൻ പോലും ആകില്ലായിരുന്നു. ജീവിതം ശൂന്യമായ പോലെ.'  ആ ശൂന്യത അനുഭവിക്കുന്ന ലക്ഷങ്ങൾ വേറെയുമുണ്ട്. ഓർമ വരുന്നത് എസ് പി ബിയുടെ വാക്കുകളാണ് : "നമുക്ക് മുമ്പ്‌ പാടിപ്പോയവരുടെ പാട്ടുകൾ കേൾക്കുമ്പോഴാണ് നമ്മൾ എത്ര ചെറിയവരെന്ന് മനസ്സിലാകുക. ആ തിരിച്ചറിവുള്ളതുകൊണ്ട്  ഒരിക്കലും അഹങ്കരിക്കാൻ തോന്നിയിട്ടില്ല. വല്ല അഹങ്കാരവും തോന്നിപ്പോയാൽ തന്നെ മനസ്സിൽനിന്ന് അത് നിമിഷാർധം കൊണ്ട് തുടച്ചുനീക്കാൻ റഫി സാഹിബിന്റെ ഏതെങ്കിലുമൊരു പാട്ട് കേട്ടാൽ മതി...' Read on deshabhimani.com

Related News