വിലക്കയറ്റം
 ; കേന്ദ്രത്തിന്‌ കാഴ്‌ചക്കാരന്റെ റോൾ



  രൂക്ഷമാകുന്ന വിലക്കയറ്റം എല്ലാ പരിധികളും വിട്ട് കുതിക്കുന്നു എന്ന യാഥാർഥ്യം ഒക്ടോബറിലെ പണപ്പെരുപ്പത്തിന്റെ കണക്കുകൾ വന്നതോടെ അരക്കിട്ടുറപ്പിക്കുകയാണ്. 6.21 ശതമാനമാണ് ഒക്ടോബറിലെ വിലക്കയറ്റനിരക്ക്‌. ഗ്രാമീണമേഖലയിൽ ഇത് 6.68 ശതമാനമായി ഉയർന്നു എന്നത് ഗൗരവവിഷയമാണ്. രാജ്യത്ത് കഴിഞ്ഞ 14 മാസത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലക്കയറ്റനിരക്കാണിത്. ഉപഭോക്തൃവിലസൂചികയിൽ 50 ശതമാനത്തോളം സ്വാധീനം ചെലുത്തുന്ന ഭക്ഷ്യവിലക്കയറ്റം കഴിഞ്ഞമാസത്തിൽ രണ്ടക്കത്തിലേക്ക് കടന്നിരിക്കുന്നു എന്നതാണ്  ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വസ്തുത. 10.87 ശതമാനമാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം. സവാള വിലയിലെ വർധന ഉൾപ്പെടെ എല്ലാ ഭക്ഷ്യഉൽപ്പന്നങ്ങളുടെയും വില അനുദിനം കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഒക്ടോബറിൽ പച്ചക്കറിയിനങ്ങളിൽ രേഖപ്പെടുത്തിയ വിലക്കയറ്റം 42.18 ശതമാനമാണ്. ഡൽഹി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ സവാളവില  കിലോഗ്രാമിന് 120 രൂപ വരെയായി. പഴം, പച്ചക്കറി, പാൽ, മുട്ട, ഇറച്ചി, മീൻ എന്നിവയ്‌ക്കും വില കൂടുകയാണ്‌. പലിശയിളവ് വൈകും പലിശ നിരക്കിൽ ഇളവ് വരുത്തുക എന്ന അടിയന്തരപ്രാധാന്യമുള്ള പണനയ നടപടികൾക്കാണ് ഉയരുന്ന വിലക്കയറ്റം കനത്ത ആഘാതമായിരിക്കുന്നത്. സാമ്പത്തികവളർച്ചയെ അത് ദുർബലപ്പെടുത്തുമെന്ന സൂചനകൾ  പുറത്തുവന്നിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യ പ്രതീക്ഷിക്കുന്ന വളർച്ച കൈവരിക്കില്ലെന്ന് മാത്രമല്ല, അത് 7 ശതമാനത്തിൽ താഴുമെന്നത് ഏറെക്കുറേ ഉറപ്പായി. ഈ സാഹചര്യത്തിൽ പലിശയിൽ ഇളവ് വരുത്താതെ മുന്നോട്ടുള്ള ഗമനം ദുഷ്കരമാണ്. എന്നാൽ പലിശനിരക്ക്‌ കുറയ്‌ക്കാൻ തൽക്കാലം സാധ്യമല്ലാത്ത നിലയിലേക്ക് വിലക്കയറ്റം എത്തി. അമേരിക്കൻ ഫെഡറൽ റിസർവിനെ പിന്തുടർന്ന് സെപ്തംബറിൽ നിരക്കുകൾ താഴ്‌ത്തുമെന്ന് കരുതിയെങ്കിലും തൽസ്ഥിതി തുടരാനായിരുന്നു പണനയ അവലോകന സമിതിയുടെ തീരുമാനം. ഡിസംബറിൽ നിരക്ക് കുറയ്ക്കുമെന്ന വ്യവസായ, വാണിജ്യ മേഖലകളുടെ  കണക്കുകൂട്ടലും ഇപ്പോൾ  അസ്ഥാനത്താവുകയാണ്. അതിന്‌ സാധ്യതയില്ല.   വിലക്കയറ്റനിരക്ക്‌ 4 ശതമാനത്തിലേക്ക് താഴ്‌ത്തുക എന്നതാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനാണ് പത്തുതവണയായി അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്താത്തത്. എന്നാൽ മുതലാളിത്ത സമ്പദ്ഘടനയിൽ പണത്തിന്റെ വിപണിയിലേക്കുള്ള ഒഴുക്കിനെ നിയന്ത്രിക്കുന്നതിനുള്ള പ്രധാന ഉപാധിയായ വായ്പാ നയത്തെ കേവലം യാന്ത്രികമായി ഉപയോഗിക്കുക മാത്രമാണ് റിസർവ് ബാങ്ക് ചെയ്യുന്നത്. അതുകൊണ്ടാണ്  വിലക്കയറ്റത്തെ  വരുതിയിൽ നിർത്താൻ കഴിയാതെ പോകുന്നത്. ഇന്ത്യയെപ്പോലെ സമാന്തര സമ്പദ്‌വ്യവസ്ഥ ഏറെ ശക്തമായ രാജ്യത്ത് വായ്പാനയത്തിലെ ക്രമീകരണംകൊണ്ടുമാത്രം വിലക്കയറ്റമെന്ന ഭൂതത്തെ കുപ്പിയിൽ കയറ്റാൻ കഴിയുന്നതല്ല. ഏറ്റവും കൗതുകകരമായ കാര്യം, കോവിഡ് മഹാമാരിക്ക് ശേഷം ജനങ്ങളുടെ വാങ്ങൽശേഷിയിൽ ഗണ്യമായ ഇടിവുണ്ടായിട്ടും അവശ്യസാധനങ്ങളുടെ അടക്കം വില വല്ലാതെ ഉയരുന്നു എന്നതാണ്. പൊതുവെ ഇന്ത്യൻ വിപണികളിൽ, പ്രത്യേകിച്ച് നഗരമേഖലയിൽ ഡിമാൻഡ് കുറയുന്ന സാഹചര്യമുണ്ട്‌. അതുകൊണ്ട് ഇന്ത്യ ഒരു ചാക്രികമാന്ദ്യത്തിന്റെ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു എന്നാണ് നോമുറ  പോലുള്ള സാമ്പത്തിക ഏജൻസികൾ വ്യക്തമാക്കുന്നത്. ഇത്തരമൊരു അവസ്ഥയിലും വിപണികളിൽ ഉയർന്ന വില തുടരുന്നു എന്നത്  വിരോധാഭാസമാണ്. രാജ്യത്തെ അതിശക്തമായ സമാന്തര സമ്പദ്‌വ്യവസ്ഥയാണ് ഇതിന് കാരണമാകുന്നത്. അതിനെ നിയന്ത്രിക്കാൻ വായ്പാ നയത്തിന്റെ ഉപാധികൾകൊണ്ട് മാത്രം കഴിയുന്നില്ലെന്നതാണ് വരുമാനമില്ലാതെ ജനങ്ങൾ തളരുന്ന സമ്പദ്ഘടനയിലും വിലക്കയറ്റം ശക്തമായി തുടരുന്നതിന് കാരണം.   കോവിഡിനുശേഷം ലോകം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി വിലക്കയറ്റമായിരുന്നു. വികസിതമെന്നോ വികസ്വരമെന്നോ അവികസിതമെന്നോ ഭേദമില്ലാതെ എല്ലാ രാജ്യങ്ങളും ഇതിന്റെ കെടുതികൾ നേരിട്ടു. 2022 ജൂണിൽ അമേരിക്കയിൽ പണപ്പെരുപ്പം 9.1 ശതമാനം എന്ന തോതിലേക്ക് ഉയർന്നു. 1981 നവംബറിനുശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരം.  വിലക്കയറ്റം നേരിടുന്നതിന് അവർ പലിശ ഉയർത്തി. യൂറോപ്യൻ യൂണിയൻ,  ബ്രിട്ടൻ, ചൈന  തുടങ്ങിയ രാജ്യങ്ങളും പണപ്പെരുപ്പം നേരിടുന്നതിന് പലിശ നിരക്കുകൾ ഉയർത്തുകയുണ്ടായി. സമാനമായ സ്ഥിതി തരണം ചെയ്യുന്നതിന് ഇന്ത്യയും  വളർച്ചയെ ബലി കഴിച്ചുകൊണ്ട് പലിശ നിരക്കുകൾ ഉയർത്തി. എന്നാൽ ഇന്ത്യയുടെയും മറ്റു രാജ്യങ്ങളുടെയും ഈ നടപടികളിലുള്ള ഫലപ്രാപ്തി വ്യത്യസ്തമായിരുന്നു എന്നതാണ് ഇതിലെ വിരോധാഭാസം. മറ്റു രാജ്യങ്ങളിൽ പലിശ നിരക്കുകൾ ഉയർത്തിയതിന്റെ ഫലമായി അവർ ഉദ്ദേശിച്ച നിലയിലേക്ക് പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ കഴിഞ്ഞു. ചൈനയും ബ്രിട്ടനും ജപ്പാനും  സമാനമായ അവസ്ഥയിലായിരുന്നു. ഇവിടെയെല്ലാം   മാസങ്ങൾക്ക് മുമ്പ്‌ പലിശനിരക്കുകളിൽ ഇളവ് വരുത്താൻ തുടങ്ങി. എന്നാൽ, ഒരേ മരുന്ന് തന്നെ പ്രയോഗിച്ച മറ്റു രാജ്യങ്ങളിൽ വിജയം കണ്ടപ്പോൾ എന്തുകൊണ്ടാണ് ഇന്ത്യക്ക് മാത്രം പണപ്പെരുപ്പത്തെ വരുതിയിലാക്കാൻ കഴിയാതെ പോയത്. യാന്ത്രിക വായ്‌പാനയം ഈ രാജ്യങ്ങൾ വായ്‌പാനയമെന്ന ആയുധം കേവലം യാന്ത്രികമായി ഉപയോഗിക്കുകയല്ല ചെയ്തത്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വീകരിച്ച സാമൂഹ്യസുരക്ഷാ, ഭക്ഷ്യ സുരക്ഷാ നടപടികളാണ് പണപ്പെരുപ്പം നിയന്ത്രിക്കാൻ സഹായകമായത്. കോവിഡിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്ന് ഭക്ഷ്യസുരക്ഷയാണ്. ലോകമെമ്പാടും അവശ്യവസ്‌തുക്കളുടെ വില ഉയരുന്ന പ്രവണതയുണ്ട്. ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന പ്രവചനവും അന്തരീക്ഷത്തിലുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങളെ ഉചിതമായ പാക്കേജുകൾ നൽകി വിഷമഘട്ടത്തിൽ സഹായിക്കുകയാണ് മറ്റുരാജ്യങ്ങൾ ചെയ്തത്.  വിലക്കയറ്റം നിയന്ത്രിക്കുന്നതിന് അമേരിക്ക സൗജന്യ ഫുഡ് കൂപ്പൺ സംവിധാനം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കി. സ്‌ത്രീകൾക്കും കുട്ടികൾക്കുമായി നൽകുന്ന  പ്രത്യേക ‘വിക്ക്'  കൂപ്പൺ (Women, Infants, and Children )വിതരണവും ഊർജിതമാക്കി. ഇതര വികസിത, വികസ്വര രാജ്യങ്ങളും പൗരന്മാരെ സംരക്ഷിക്കുന്നതിന് വിവിധ പാക്കേജുകൾ നടപ്പാക്കി. അതായത് കേവലം യാന്ത്രികമായി വായ്‌പാനയത്തെ പിന്തുടരുകയല്ല ആ രാജ്യങ്ങൾ ചെയ്തത്. അതുകൊണ്ട് പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ അവർക്ക് കഴിഞ്ഞു. എന്നാൽ ഇന്ത്യയിൽ സാമൂഹ്യ, ഭക്ഷ്യസുരക്ഷാ മേഖലകളിൽനിന്നും കേന്ദ്രസർക്കാർ പൂർണമായും പിൻവാങ്ങി. തൊഴിലുറപ്പ് പദ്ധതി പോലെ ജനങ്ങളുടെ കൈയിലേക്ക് പണം എത്തുന്ന എല്ലാ പദ്ധതികൾക്കും സർക്കാർതന്നെ തുരങ്കം വച്ചു. അതുകൊണ്ടുതന്നെ വിലക്കയറ്റമടക്കം സ്ഥിതിഗതികൾ വഷളായി. (മുതിർന്ന സാമ്പത്തികകാര്യ 
മാധ്യമപ്രവർത്തകനാണ് ലേഖകൻ) Read on deshabhimani.com

Related News