മാന്ത്രിക താളം



ഉസ്‌താദ് സാക്കിർ ഹുസൈൻ എന്ന തബലിസ്റ്റ് ജീവിച്ചിരുന്നില്ലയെങ്കിൽ ഒരുപക്ഷേ തബല ഇത്ര ജനകീയമാകില്ലായിരുന്നു. വെറുമൊരു പക്കവാദ്യമായി തബലയെ മാറ്റിനിർത്തിയ കാലഘട്ടത്തിൽ വായിച്ചുതുടങ്ങിയതാണ്‌ അദ്ദേഹം. താളത്തെ രാഗംപോലെ  വിസ്‌തരിച്ച വായനയുടെ മാസ്‌മരികതയറിഞ്ഞ് കേൾവിക്കാർ കൂടിവന്നു. തുടക്കത്തിൽ ശാസ്‌ത്രീയ സംഗീത ആസ്വാദകർ  മാത്രംകേട്ട ആ വായന ഹരിഹരന്റെ ഗസൽ ആൽബമായ ‘ഹാസിർ’ ലൂടെ സാധാരണക്കാരും കേട്ടുതുടങ്ങി. പിതാവ് അല്ലാ രാഖ തബല പഠിപ്പിക്കാൻ തുടങ്ങിയതിനെക്കുറിച്ച് ഒരിക്കൽ സാക്കിർ ഹുസൈൻ പറഞ്ഞതിങ്ങനെ. “എനിക്ക് ഒന്നോ രണ്ടോ വയസുള്ളപ്പോൾ അബ്ബാജി മടിയിലിരുത്തി തബലയുടെ നോട്ടുകൾ ചെവിയിൽ മന്ത്രിച്ചു. എല്ലാ ദിവസവും തബലയുടെ ബിറ്റുകൾ ഒന്നോ രണ്ടോ മണിക്കൂർ ചൊല്ലിത്തന്നത് തബല  മോഹമുണർത്തി. രണ്ടോ മൂന്നോ വയസുള്ളപ്പോൾ ഞാൻ അടുക്കളയിൽനിന്ന് പാത്രങ്ങൾ എടുത്ത്‌ തലതിരിച്ചുവെച്ച് കൊട്ടുമായിരുന്നു. പപ്പ സാധകം ചെയ്യുമ്പോൾ ഞാനും വായിച്ചുതുടങ്ങി. ഏഴാം വയസ്സിൽ അരങ്ങിൽ തബല വാ
യിച്ചു.”ഏഴാം വയസ്സിൽ തുടങ്ങിയ വായന രാജ്യാതിർത്തികളും കടന്നു. ഫ്യൂഷൻ സംഗീതവും ഹോളിവുഡ്‌ സിനിമാസംഗീതവുമായി മുന്നോട്ടുപോയപ്പോൾ ഒരുവേള ഇന്ത്യൻ സംഗീതത്തിൽനിന്ന് അദ്ദേഹം അകലുമെന്ന ഭയം പിതാവിനുമുണ്ടായി. സ്വന്തം പാരമ്പര്യത്തിൽ ഉറച്ച വിശ്വാസമുള്ളതിനാൽ താൻ ഇന്ത്യൻ സംഗീതത്തിൽനിന്ന്‌ അകലുമെന്ന് ആശങ്ക വേണ്ടെന്ന്‌ സാക്കിർ മറുപടി നൽകി.തബല വായനയ്‌ക്ക് അദ്ദേഹം പുതിയ രൂപവും ഭാവവും നൽകി. വായ്‌പാട്ടിലെ പരിശീലനം കൂടുതൽ സഹായിച്ചു. സാക്കിറിന്റെ ജനകീയതക്ക് കാരണം വായനയ്‌ക്കൊപ്പം കേൾവിക്കാരുടെ മനസ്സിനെ കൂടെക്കൊണ്ടുപോകാൻ കഴിഞ്ഞുവെന്നതാണ്. ആരുടെയും അകമ്പടിയില്ലാതെ നടത്തുന്ന സോളോ തബല കച്ചേരികൾക്ക്‌ ശ്രോതാക്കൾ ഉണ്ടായതും സാക്കിർ ഹുസൈന്റെ വിജയമാണ്. Read on deshabhimani.com

Related News