ശ്രീലങ്ക ചുവന്നതിന് പിന്നിൽ - വി ബി പരമേശ്വരൻ എഴുതുന്നു

ബുദ്ധസന്യാസിമാർക്കൊപ്പം ദിസ്സനായകെ


  മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്നത് നല്ല ഒരാശയമല്ലെന്നായിരുന്നു ദിസ്സനായകെയുടെ പക്ഷം. മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയവർ എങ്ങനെയാണ് ജനവിധിയെ ദുരുപയോഗിച്ചതെന്ന പാഠമാണ് ദിസ്സനായകെ ഇതിന് ന്യായീകരണമായി മുന്നോട്ടുവച്ചത്. നവംബർ 14ന് പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ശക്തമായ പാർലമെന്റ്‌ മതി എന്ന ആശയമാണ് ദിസ്സനായകെ പങ്കുവച്ചത്. തന്റെ ഗവൺമെന്റ്‌ കൊണ്ടുവരുന്ന നിയമനിർമാണങ്ങൾ ജനോപകാരപ്രദമാകുമെന്നതിനാൽ ഒരു പാർടിക്കും അതിനെ എതിർക്കാനാവില്ലെന്നും അതിനാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു ദിസ്സനായകെയുടെ പ്രതികരണം. ജനങ്ങളെ അടിച്ചമർത്താനാവശ്യമായ നിയമങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പാർടികളേ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആഗ്രഹിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയൽരാജ്യമായ, കേരളത്തിനോട് അടുത്തുകിടക്കുന്ന ശ്രീലങ്കയിൽ ഇടതുപക്ഷം സമഗ്രവിജയമാണ് നേടിയിട്ടുള്ളത്. മാർക്‌സിസം ലെനിനിസം ആശയപദ്ധതിയായി പ്രഖ്യാപിച്ച ജനത വിമുക്തി പെരമുന (ജെവിപി) നേതൃത്വം നൽകുന്ന 21 അംഗ ദേശീയ ജനശക്തി മുന്നണി (എൻപിപി) പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലും പാർലമെന്റ്‌ തെരഞ്ഞെടുപ്പിലും വൻമുന്നേറ്റം നടത്തിയാണ് അധികാരമേറിയിട്ടുള്ളത്. സെപ്തംബർ 21, 22 തീയതികളിലായി നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ 42.3 ശതമാനം വോട്ട് നേടിയാണ് ജെവിപി നേതാവ് അനുര കുമാര ദിസ്സനായകെ എന്ന എകെഡി വിജയിച്ചതെങ്കിൽ രണ്ട്‌ മാസത്തിനകം 20 ശതമാനം വോട്ട് വർധിപ്പിച്ച് 61.56 ശതമാനം വോട്ട് നേടിയാണ് (68.7 ലക്ഷം വോട്ട്) പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെറും മൂന്ന് സീറ്റും 3.84 ശതമാനം വോട്ടും നേടിയ മുന്നണിയാണ് ഇക്കുറി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയത്. 225 അംഗ പാർലമെന്റിൽ നേരിട്ട് തെരഞ്ഞെടുപ്പ് നടക്കുന്ന 22 ജില്ലകളിലെ 196 സീറ്റിൽ 141ഉം നേടിയ എൻപിപി, ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിൽ (പാർടി ലിസ്‌റ്റ്‌) തെരഞ്ഞെടുപ്പ് നടന്ന 29 സീറ്റിൽ 18ഉം നേടിയാണ് 159 സീറ്റ് കരസ്ഥമാക്കിയത്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റ് കിട്ടിയാൽ മതിയെന്നിരിക്കെ ഇപ്പോൾ ലഭിച്ച മൂന്നിൽ രണ്ട് ഭൂരിപക്ഷം എക്‌സിക്യുട്ടീവ് പ്രസിഡൻസിക്ക് അന്ത്യമിടുക, ഭരണഘടന മാറ്റിയെഴുതുക, ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുക എന്നീ ലക്ഷ്യങ്ങളോടെ കൊണ്ടുവന്ന ഭീകരവിരുദ്ധ നിയമം പോലെയുള്ളവ പിൻവലിക്കുക തുടങ്ങി എൻപിപി മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ പാലിക്കാൻ ജനങ്ങൾ നൽകിയ സമ്മതമായി വ്യാഖ്യാനിക്കാവുന്നതാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്ന ആവശ്യം ജെവിപി സഖ്യമോ ദിസ്സനായകെയോ പ്രചാരണവേളയിൽ ഒരിക്കലും ഉയർത്തിയിരുന്നില്ല. മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്നത് നല്ല ഒരാശയമല്ലെന്നായിരുന്നു ദിസ്സനായകെയുടെ പക്ഷം. മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയവർ എങ്ങനെയാണ് ജനവിധിയെ ദുരുപയോഗിച്ചതെന്ന പാഠമാണ് ദിസ്സനായകെ ഇതിന് ന്യായീകരണമായി മുന്നോട്ടുവച്ചത്. നവംബർ 14ന് പാർലമെന്റ്‌  തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ശക്തമായ പാർലമെന്റ്‌  മതി എന്ന ആശയമാണ് ദിസ്സനായകെ പങ്കുവച്ചത്. തന്റെ ഗവൺമെന്റ്‌ കൊണ്ടുവരുന്ന നിയമനിർമാണങ്ങൾ ജനോപകാരപ്രദമാകുമെന്നതിനാൽ ഒരു പാർടിക്കും അതിനെ എതിർക്കാനാവില്ലെന്നും അതിനാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു ദിസ്സനായകെയുടെ പ്രതികരണം. ജനങ്ങളെ അടിച്ചമർത്താനാവശ്യമായ നിയമങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പാർടികളേ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആഗ്രഹിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സാമ്പത്തികമായി തകർന്നടിഞ്ഞ ജനത പ്രതീക്ഷയോടെയാണ് ദിസ്സനായകെ സർക്കാരിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം നൽകിയത്. സാമ്പത്തിക സുരക്ഷിതത്വവും സമാധാനപൂർണമായ ജീവിതവും ഉറപ്പാക്കുന്ന നയപരമായ ഏത് തീരുമാനവും കൈക്കൊള്ളാനുള്ള ജനങ്ങളുടെ സമ്മതപത്രമാണ് ജനവിധിയിലൂടെ ജനങ്ങൾ നൽകിയിട്ടുള്ളത്. മുൻ പ്രസിഡന്റ്‌  രണസിംഗെ പ്രേമദാസയുടെ മകൻ സജിത് പ്രേമദാസയുടെ സമാനി ജന ബലവേഗയ (എസ്ജെബി) യാണ് രണ്ടാം സ്ഥാനത്ത്. 17.66 ശതമാനം വോട്ടും 40 സീറ്റുമാണ് എസ്ജെബിക്ക് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 14 സീറ്റ് കുറവാണിത്. 2022ലെ ജനകീയ സമരത്തിൽ രാജ്യം വിടേണ്ടിവന്ന രാജപക്‌സെ സഹോദരന്മാരുടെ ശ്രീലങ്ക പൊതുജന പെരമുനയ്ക്ക് മൂന്ന് സീറ്റും 3.14 ശതമാനം വോട്ടും മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 145 സീറ്റും 59.09 ശതമാനം വോട്ടും നേടിയ പാർടിയാണിത്. രാജപക്‌സെ കുടുംബം രാജ്യം വിട്ടതോടെ പ്രസിഡന്റായി അധികാരമേറ്റ (തെരഞ്ഞെടുപ്പിലൂടെയല്ല) റനിൽ വിക്രസിംഗെയുടെ പാർടിക്ക് 5 സീറ്റും 4.49 ശതമാനം വോട്ടും മാത്രമാണ് ലഭിച്ചത്. എട്ട് സീറ്റും 2.31 ശതമാനം വോട്ടും നേടിയ ഇലങ്കൈ തമിഴ് അരസു കടച്ചി (ഐടിഎകെ) യാണ് മൂന്നാം സ്ഥാനത്ത്. നിലവിലുള്ള വ്യവസ്ഥയിൽ നിന്നുള്ള മാറ്റം എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച ദിസ്സനായകെക്ക് ശ്രീലങ്കയിലെ ജനങ്ങൾ വൻ അംഗീകാരമാണ് നൽകിയത്. രാഷ്‌ട്രീയ 'സുനാമി’യെന്നും 'ഭൂകമ്പ’മെന്നും 'ഉരുൾപൊട്ടലെ’ന്നും വിശേഷിപ്പിക്കപ്പെടുന്ന ഇടതുപക്ഷ വിജയം ശ്രീലങ്കയിൽ 75 വർഷമായി നിലകൊള്ളുന്ന രാഷ്‌ട്രീയ സംസ്‌കാരമാണ് പൊളിച്ചെഴുതുന്നത്. 1948ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം  ഭൂസ്വാമിരുടെയും സമ്പന്ന ജനവിഭാഗങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായിരുന്നു മുഖ്യധാരാ രാഷ്‌ട്രീയ പാർടികളെല്ലാം ശ്രമിച്ചത്. തമിഴ് പാർടികളും മുസ്ലിം പാർടികളും ആ വിഭാഗം ജനങ്ങളെ വോട്ട്‌ ബാങ്കുകളായി കണ്ട് അവരുടെ ജീവിതപ്രശ്നങ്ങളിൽ ഊന്നാതെ സ്വന്തം രാഷ്‌ട്രീയാധികാരം നിലനിർത്താനുള്ള ശ്രമങ്ങളാണ് നടത്തിയത് എന്ന ആരോപണവും ഉയർന്നു. ശ്രീലങ്കയിലെ മുഖ്യധാരാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾ ശ്രീലങ്ക ഫ്രീഡം പാർടിയും യുനൈറ്റഡ് നാഷണൽ പാർടിയും ആയിരുന്നു. ശ്രീലങ്ക ഫ്രീഡം പാർടി മധ്യ ഇടതുപക്ഷ കക്ഷിയായി അറിയപ്പെട്ടുവെങ്കിൽ സിരിമാവോ കുടുംബത്തിൽ നിന്ന് പാർടിയുടെ കടിഞ്ഞാൺ രാജപക്‌സെ കുടുംബത്തിന്റെ കൈകളിലായപ്പോൾ വംശീയതയും വർഗീയതയും ഭൂസ്വാമിമാരുടെയും കോർപറേറ്റുകളുടെയും താൽപ്പര്യങ്ങളും അഴിമതിയും പാർടിയുടെ കൊടിയടയാളമായി മാറി. സ്വാഭാവികമായും പാർടി പിളർന്നു. മധ്യ വലതുപക്ഷ പാർടിയായി അറിയപ്പെട്ട യുഎൻപി മേൽപറഞ്ഞ താൽപ്പര്യങ്ങൾ നേരത്തേ കാണിച്ച പാർടിയായിരുന്നു. അതിലും നേതാക്കൾ തമ്മിലുള്ള പിണക്കങ്ങളും പിളർപ്പും ഉണ്ടായി. ഈ തെരഞ്ഞെടുപ്പോടെ ഈ രണ്ട് മുഖ്യധാരാ കക്ഷികളെയും ജനങ്ങൾ പൂർണമായും തള്ളിക്കളഞ്ഞു. സാധാരണ ജനങ്ങളുടെ ജീവിത പ്രയാസങ്ങളും അവരുടെ അജൻഡകളും പ്രതിഫലിപ്പിക്കുന്ന ഒരു പ്രസ്ഥാനം, അതും കമ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനം, മുഖ്യധാരയിലേക്ക് കടന്നുവന്നു. ഈ മുന്നേറ്റത്തിന് മറ്റൊരു പ്രധാന കാരണം തമിഴ്, മുസ്ലിം, മലൈയാഹ തമിഴർ എന്നീ വിഭാഗങ്ങളിലും എൻപിപിക്ക് കടന്നുകയറാൻ കഴിഞ്ഞതാണ്. ഈ മുന്നേറ്റത്തിന് മറ്റൊരു പ്രധാന കാരണം തമിഴ്, മുസ്ലിം, മലൈയാഹ തമിഴർ എന്നീ വിഭാഗങ്ങളിലും എൻപിപിക്ക് കടന്നുകയറാൻ കഴിഞ്ഞതാണ്. ഒരു തമിഴ് വിരുദ്ധ പാർടിയാണ് ജെവിപി എന്ന പ്രതിഛായ മറി കടക്കാൻ ഈ തെരഞ്ഞെടുപ്പ് വഴിവച്ചു എന്നതാണ് മറ്റൊരു പ്രധാന വസ്‌തുത. 1965 മെയ് 14ന് 22കാരനായ രോഹന വിജെവീരയുടെ (1943‐89) നേതൃത്വത്തിൽ ഏഴ് യുവാക്കൾ ചേർന്ന് രൂപം നൽകിയ ജനത വിമുക്തി പെരമുന എന്ന മാർക്‌സിസ്‌റ്റ്‌ ലെനിനിസ്‌റ്റ്‌ പാർടിയുടെ നേതാവാണ് രൂപീകരണത്തിന്റെ അൻപത്തിയൊമ്പതാമത്തെ വർഷത്തിൽ ശ്രീലങ്കയിൽ പ്രസിഡന്റായി അധികാരമേറിയിട്ടുള്ളത്. മാർക്‌സിസത്തെ യാന്ത്രികമായി നടപ്പിലാക്കാൻ ശ്രമിക്കുന്നതിന് പകരം ശ്രീലങ്കൻ സാമൂഹ്യ രാഷ്‌ട്രീയ പശ്‌ചാത്തലത്തിൽ പ്രയോഗിക്കാൻ ശ്രമിച്ചതിന്റെ വിജയമായാണ് ദിസ്സനായകെയുടെ വിജയത്തെ ജെവിപി വിലയിരുത്തുന്നത്. ശരിയും തെറ്റുമായ പാതകളിലൂടെ സഞ്ചരിച്ച്, പരാജയവും തിരിച്ചടികളും ഒരുപോലെ ഏറ്റുവാങ്ങിയ പ്രസ്ഥാനമാണ് ജെവിപി. മാർക്‌സിസം ലെനിനിസവും ക്യൂബൻ വിപ്ലവാനുഭവങ്ങളും സ്വായത്തമാക്കി മുന്നേറിയ ജെവിപി ഒരുവേള സായുധ സമരമാർഗവും (1971, 1987‐89) സ്വീകരിക്കുകയുണ്ടായി. രണസിംഗെ പ്രേമദാസയുടെ ഭരണകാലത്ത് ജെവിപി വേട്ടയാടപ്പെട്ടു. സ്ഥാപക നേതാവ് രോഹന വിജെവീര ഉൾപ്പെടെ ആയിരക്കണക്കിന് നേതാക്കളും പ്രവർത്തകരും വധിക്കപ്പെട്ടു. 'ഞങ്ങളെ നിങ്ങൾക്ക് കൊല്ലാനായേക്കാം. പക്ഷേ ഞങ്ങളുടെ ശബ്ദം ഒരിക്കലും മരിക്കി’ല്ലെന്ന വിജെവീരയുടെ വാക്കുകൾ അന്വർഥമാക്കുന്നതാണ് ദിസ്സനായകെയുടെ വിജയം. 1989ലാണ് സായുധ സമരമാർഗം ഉപേക്ഷിച്ച് പാർലമെന്ററി ജനാധിപത്യ പാതയിലേക്ക് ജെവിപി നീങ്ങിയത്. തുടർന്നുള്ള എല്ലാ തെരഞ്ഞെടുപ്പിലും ജെവിപി മത്സരിച്ചു. 2014ൽ സോമവൻസ അമരസിംഗ സ്ഥാനമൊഴിഞ്ഞപ്പോഴാണ് അനുര ദിസ്സനായകെ പാർടിയുടെ നേതാവാകുന്നത്. അനുരാധപുര തംബുട്ടെഗമ ഗ്രാമത്തിൽ ഒരു തൊഴിലാളി കുടുംബത്തിൽ ജനിച്ച ദിസ്സനായകെ കൊളംബോയിലെ കെലിനിയ സർവകലാശാലയിൽ നിന്ന് കൃഷിശാസ്‌ത്രത്തിൽ ബിരുദം നേടി. 1985ൽ സോഷ്യലിസ്‌റ്റ്‌ സ്‌റ്റുഡന്റ്‌സ്‌ അസോസിയേഷൻ ദേശീയ ഭാരവാഹിയായ ദിസ്സനായകെ 1997ൽ ജെവിപി കേന്ദ്ര കമ്മിറ്റിയിലും 1998ൽ പൊളിറ്റ്ബ്യൂറോയിലും അംഗമായി. 1998ൽ സെൻട്രൽ പ്രൊവിൻഷ്യൽ കൗൺസിൽ മുഖ്യമന്ത്രിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ 2000ൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004ൽ ചന്ദ്രിക കുമരതുംഗെ (ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെയുടെ മകൾ) മന്ത്രിസഭയിൽ കൃഷി മന്ത്രിയായിരുന്നു. 1980കളിൽ തമിഴ് സ്വയംഭരണാവകാശത്തെയും വടക്കു കിഴക്കൻ മേഖലയുടെ ലയനത്തെയും എതിർത്തതും എൽടിടിഇക്കെതിരെയുള്ള സർക്കാർ നടപടികളെ അനുകൂലിച്ചതുമാണ് തമിഴ്‌വിരുദ്ധ പ്രതിഛായക്ക്‌ കാരണമായത്. എന്നാൽ ജെവിപിയിലെ തീവ്ര ദേശീയവാദികളും വംശീയപക്ഷപാതികളും 2008ൽ പാർടിയി നിന്നു പുറത്തുപോകുകയും നാഷണൽ ഫ്രീഡം ഫ്രണ്ട്‌  എന്ന പുതിയ പാർടിയ്‌ക്ക് രൂപം നൽകുകയും ചെയ്‌തു. ദിസ്സനായകെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് ഡോ. ഹരിണി അമരസൂര്യയാണ്. ന്യൂനപക്ഷ വിഷയങ്ങളെ പുരോഗമന ഇടതുപക്ഷ കോണിലൂടെ നോക്കിക്കാണുന്ന, സാമൂഹ്യ നീതിയിൽ വിശ്വസിക്കുന്ന ഫെമിനിസ്‌റ്റും അക്കാദമിക്‌ പണ്ഡിതയുമാണ് അമരസൂര്യ. ഇത് സ്വാഭാവികമായും ന്യൂനപക്ഷ ജനതയുടെ വിശ്വാസം നേടാൻ എൻപിപിയെ സഹായിച്ചു. ആഭ്യന്തര യുദ്ധകാലത്ത് തമിഴ് വംശജരിൽ നിന്നു പിടിച്ചെടുത്ത ഭൂമി തിരികെ നൽകുമെന്ന ദിസ്സനായകെയുടെ പ്രഖ്യാപനം കൂടി വന്നതോടെ ന്യൂനപക്ഷ വിഭാഗം ജെവിപി മുന്നണിയെ പിന്തുണയ്‌ക്കാൻ തയ്യാറായി മുന്നോട്ടുവന്നു. തമിഴ് ഭൂരിപക്ഷ പ്രദേശമായ വടക്കൻ ശ്രീലങ്കയിലെ ജാഫ്‌ന, വാന്നി എന്നീ മേഖലകളിലും മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കിഴക്കൻ ശ്രീലങ്കയിലും മലൈയാഹ തമിഴർക്ക് ഭൂരിപക്ഷമുള്ള മധ്യ പ്രവിശ്യകളിലും എൻപിപി വൻ മുന്നേറ്റം നടത്തി. വടക്ക് കിഴക്കൻ ശ്രീലങ്കയിലെ 28ൽ 12 സീറ്റ് എൻപിപി നേടി. വടക്കൻ ജാഫ്‌നയിലെ ആറിൽ മൂന്നും മലൈയാഹ തമിഴർ വസിക്കുന്ന നുവാർ എലിയ ജില്ലയിൽ 5 സീറ്റും 42 ശതമാനം വോട്ടും എൻപിപി നേടി. ചായത്തോട്ടത്തിലെ തൊഴിലാളികളായി എത്തിയതാണ് ഈ തമിഴർ. ഇതുവരെ എല്ലാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും മലമ്പ്രദേശങ്ങളിലെ ഈ തമിഴ് ജനതയെ തോട്ടം തൊഴിലാളികളായി മാത്രം കണ്ടപ്പോൾ ശ്രീലങ്കയിലെ ജനങ്ങളിൽ ഒരു വിഭാഗമായാണ് ദിസ്സനായകെ ഇവരെ കണ്ടത്. തോട്ടം തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള കൃഷ്‌ണൻ കലൈ ശെൽവി, അംബിക സാമുവൽ എന്നീ വനിതകൾ എൻപിപി ടിക്കറ്റിൽ വിജയിച്ചത് ആ വിഭാഗം ജനങ്ങളിൽ ഇടതുപക്ഷത്തിന് ലഭിച്ച സ്വീകാര്യത വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ സ്‌ത്രീകൾ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും ഇപ്പോഴാണ്‐ 21 പേർ. കാഴ്‌ചശക്തിയില്ലാത്ത സുഗത് വാസന്ത ഡിസിൽവെയ്‌ക്ക് പാർലമെന്റിൽ പ്രാതിനിധ്യം നൽകി എൻപിപി ചരിത്രം സൃഷ്ടിക്കുകയും ചെയ്‌തു. അതായത് ഇടതുപക്ഷം ജാതി മത വംശ ഭിത്തികൾ തകർത്ത് എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസം നേടുന്നതിൽ വിജയിച്ചു. ശ്രീലങ്കയിലെ നവോത്ഥാനത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് ജനവിധിയെന്ന ദിസ്സനായകെയുടെ പ്രതികരണം പ്രസക്തമാകുന്നതും ഈ പശ്ചാത്തലത്തിലാണ്. എല്ലാവരെയും ഒരുമിച്ച് നിർത്തുന്ന കമ്യൂണിസ്‌റ്റ്‌ പുരോഗമന കാഴ്‌ചപ്പാട് ജനങ്ങളെ ജെവിപിയുമായും എൻപിപിയുമായും അടുപ്പിക്കുന്നതിന് സഹായിച്ചു. വിഭജന രാഷ്‌ട്രീയത്തിന്റെ യുഗം ശ്രീലങ്കയിൽ അവസാനിച്ചുവെന്നും ഒരു വിഭാഗത്തെ മറുവിഭാഗത്തിനെതിരെ അണിനിരത്തി രാഷ്‌ട്രീയ നേട്ടം കൊയ്യുന്ന രീതിയോട് ശ്രീലങ്ക വിടപറയുകയാണെന്നും ദിസ്സനായകെ തന്നെ പറയുകയുണ്ടായി. എല്ലാവർക്കും കൈകോർത്ത് രാഷ്‌ട്രനിർമാണം നടത്താമെന്ന സന്ദേശമാണ് ദിസ്സനായകെ നൽകുന്നത്. മോദിക്കും ട്രംപിനും മരീൻ ലെ പെന്നിനും ബൊൾസനാരോയ്‌ക്കും ഉള്ള സന്ദേശം കൂടിയാണിത്. വംശീയതയും വർഗീയതയും കൊണ്ട് എല്ലാ കാലത്തും ജയിക്കാൻ കഴിയില്ലെന്ന സന്ദേശം. അന്തിമമായി ഒരു ചാൺ വയറു നിറയ്‌ക്കാനുള്ള അന്നവും സമാധാന ജീവിതവും തന്നെയാണ് പ്രശ്നം എന്നാണ് ശ്രീലങ്കയിലെ ജനങ്ങൾ ലോകത്തോട് പറയുന്നത്. എൽടിടിഇക്ക് മേൽ സൈനിക വിജയം വരിച്ചതിന് ശേഷം 2010ൽ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് മഹിന്ദ രാജപക്‌സെ പ്രസിഡന്റായി  തെരഞ്ഞെടുക്കപ്പെട്ടത്. ഒരു ചക്രവർത്തിയുടെ സ്ഥാനാരോഹണത്തെ ഓർമപ്പെടുത്തും വിധത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ  സത്യപ്രതിജ്ഞാച്ചടങ്ങ്. മൂന്ന് സൈനിക ദളത്തിന്റെയും പരേഡും 21 ഗൺ സല്യൂട്ടും ആയിരം നർത്തകർ പങ്കെടുത്ത നൃത്തവും സത്യപ്രതിജ്ഞാ ചടങ്ങിന് ധാരാളിത്തത്തിന്റെയും അധികാര ഗർവിന്റെയും മുഖപടം നൽകി. 225 സീറ്റുള്ള പാർലമെന്റിൽ 107 പേരാണ് അന്ന് മന്ത്രിമാരായത്. 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ രാജപക്‌സെ തോറ്റു. മൈത്രി പാല സിരിസേന പ്രസിഡന്റും  റിനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയുമായി. ഇരുവരും തമ്മിലുള്ള തുറന്ന പോര് ഭരണം പ്രതിസന്ധിയിലാക്കി. ഇതിനിടയിലാണ് 2019 ഏപ്രിൽ 21ന് ഈസ്‌റ്റർ ദിനത്തിൽ 300 പേരുടെ മരണത്തിന് കാരണമായ ബോംബ് സ്‌ഫോടനമുണ്ടായത്. സ്വാഭാവികമായും ജനം സുരുക്ഷയ്‌ക്ക് വോട്ട് ചെയ്‌തപ്പോൾ അത് രാജപക്‌സെ സഹോദരങ്ങൾക്ക് അധികാരമേറാൻ വീണ്ടും അവസരമൊരുക്കി. ഗോട്ടബയ രാജപക്‌സെ പ്രസിഡന്റും മഹിന്ദ പ്രധാനമന്ത്രിയുമായി. ഇവരുടെ ഭരണകാലത്താണ് സാമ്പത്തികമായി ശ്രീലങ്ക തകർന്നടിഞ്ഞത്. തീവ്ര ശ്രീലങ്കൻ ദേശീയതയും നിയോലിബറൽ സാമ്പത്തിക നയങ്ങളും മുറുകെ പിടിച്ചാണ് രാജപക്‌സെ സഹോദരന്മാർ ഭരണം നടത്തിയത്. കടമെടുത്ത് ധൂർത്തടിക്കുക എന്നതായിരുന്നു നയം. ലോക ബാങ്ക്, ഐഎംഎഫ്, ഏഷ്യൻ വികസന ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ചൈനീസ് വികസന ഫണ്ടിൽ നിന്നുമായി 51,000 കോടി ഡോളർ (4 ലക്ഷം കോടി രൂപ) ആണ് കടമെടുത്തത്. അവശ്യവസ്‌തുക്കൾക്ക് തീവിലയായി എന്നുമാത്രമല്ല അവ കിട്ടാനില്ലാതായി. വൈദ്യുതി, ഗ്യാസ് എന്നിവയും കിട്ടാക്കനിയായി. അഴിമതിയും കോർപറേറ്റ് ദാസ്യവും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ ഈ സർക്കാരിനെതിരെയാണ് ജനം പൊരുതിയത്. ആർത്തിരമ്പിയ ജനരോഷത്തിൽ പിടിച്ചു നിൽക്കാനാകാതെ രാജപക്‌സെ സഹോദരങ്ങൾ വിദേശത്തേക്ക് രക്ഷപ്പെട്ടു. തുടർന്നു വന്ന വിക്രമസിംഗെ സർക്കാരും ഈ തലതിരിഞ്ഞ നിയോലിബറൽ നയങ്ങൾ തന്നെയാണ് നടപ്പിലാക്കിയത്. അൽപ്പം ആശ്വാസം ലഭിച്ചെങ്കിലും ജനങ്ങൾ തൃപ്തരായിരുന്നില്ല. ജനങ്ങളെ വലച്ച സാമ്പത്തിക നയങ്ങൾക്ക് ബദൽ മുന്നോട്ടു വച്ചും അമിതാധികാര പ്രവണത തടയാൻ നടപടികൾ പ്രഖ്യാപിച്ചുമാണ് ദിസ്സനായകെ ജനഹൃദയങ്ങളിൽ പ്രതീക്ഷാകിരണമായി പടർന്നു പന്തലിച്ചത്. 2015ലെ തെരഞ്ഞെടുപ്പിൽ ആറ് സീറ്റും 2020ലെ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റും മാത്രം ലഭിച്ച ജെവിപിയാണ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരമേറിയിട്ടുളളത്. ജനങ്ങളെ വലച്ച സാമ്പത്തിക നയങ്ങൾക്ക് ബദൽ മുന്നോട്ടു വച്ചും അമിതാധികാര പ്രവണത തടയാൻ നടപടികൾ പ്രഖ്യാപിച്ചുമാണ് ദിസ്സനായകെ ജനഹൃദയങ്ങളിൽ പ്രതീക്ഷാകിരണമായി പടർന്നു പന്തലിച്ചത്. 2015ലെ തെരഞ്ഞെടുപ്പിൽ ആറ് സീറ്റും 2020ലെ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റും മാത്രം ലഭിച്ച ജെവിപിയാണ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരമേറിയിട്ടുളളത്. 2015ലെ തെരഞ്ഞെടുപ്പിലുണ്ടായ മോശം പ്രകടനമാണ് വിശാലമായ ഒരു സഖ്യ രൂപീകരണത്തിലേക്ക് ജെവിപിയെ നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 21 സംഘടനകളെ ഉൾക്കൊണ്ട് ദേശീയ ജനശക്തിക്ക് ജെവിപി രൂപം നൽകുന്നത്. ഒരു രാഷ്‌ട്രീയസഖ്യം എന്നതിനേക്കാൾ എൻപിപിയെ വിശേഷിപ്പിക്കാൻ കഴിയുക ഒരു സാമൂഹ്യ സഖ്യമായാണ്. 21 വ്യത്യസ്‌ത വിഭാഗങ്ങളും ഗ്രൂപ്പുകളും ചേർന്ന ഒരു സാമൂഹ്യ പ്രസ്ഥാനമാണ് ഈ സഖ്യം. ഇതിൽ രാഷ്‌ട്രീയ പാർടികളും യുവജന-വനിത-ട്രേഡ് യൂണിയൻ‐പൗരാവകാശ സംഘടനകളും ഭാഗമാണ്. ഈ സഖ്യത്തിന്റെ  അച്ചുതണ്ട് ജെവിപിയാണ്. ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുകയെന്നതാണ് ദിസ്സനായകെ സർക്കാരിന്റെ  പ്രഥമ പരിഗണന. എന്നാൽ ഐഎംഎഫ് വായ്‌പ ഉൾപ്പെടെ അംഗീകരിച്ചുകൊണ്ടും അതിൽ നിന്ന് പെട്ടെന്ന് വിടുതൽ നേടി പുതിയ പ്രതിസന്ധി ക്ഷണിച്ചു വരുത്താതെയുമുള്ള നയസമീപനമാണ് ദിസ്സനായകെ സ്വീകരിച്ചിട്ടുള്ളത്. ശ്രീലങ്കൻ ജനങ്ങളുടെ വിഷമങ്ങൾ പരിഗണിച്ച് ഒരു സമവായ സമീപനം സ്വീകരിക്കാൻ ഐഎംഎഫ് തയ്യാറാകണമെന്ന് പ്രസിഡന്റ്‌  ദിസ്സനായകെ അഭ്യർഥിച്ചിട്ടുണ്ട്‌. സാമൂഹ്യമായ ചെലവുകൾക്ക് തടസ്സം നിൽക്കരുതെന്നും ദാരിദ്ര്യവും കുട്ടികളിലെ പോഷകാഹാരക്കുറവും പരിഹരിക്കുക ഉൾപ്പെടെയുള്ളവയാണ് സർക്കാരിന്റെ മുൻഗണനയെന്നും ദിസ്സനായകെ ഐഎംഎഫ് ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു. വിക്രമസിംഗെ സർക്കാർ ഇന്ധനവിതരണം സാധാരണ നിലയിലാക്കുകയും പവർകട്ടിന്റെ സമയം കുറയ്‌ക്കുകയും ഗ്യാസിന്റെയും അവശ്യവസ്‌തുക്കളുടെയും വിതരണം ഉറപ്പാക്കുകയും ചെയ്‌തുവെങ്കിലും ചെലവ്‌ ചുരുക്കൽ നയം വിട്ടുവീഴ്‌ചയില്ലാതെ തുടർന്നു. ഉയർന്ന നികുതി നിരക്കും വർധിച്ച വെള്ളം, വൈദ്യുതി ചാർജും ജനങ്ങളെ തുടർന്നും വലച്ചു. സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളാകട്ടെ സർക്കാർ ഉപേക്ഷിച്ച മട്ടായി. ഉയർന്ന ചാർജ് നൽകാൻ കഴിയാത്ത ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വൈദ്യുതി ലഭ്യമല്ലാതായി. വിലവർധനവിന് ആനുപാതികമായി കൂലി വർധിക്കാത്തത് ജനങ്ങളുടെ വാങ്ങൽ ശേഷി കുറച്ചു. 27 ശതമാനം ജനങ്ങളും ഭക്ഷ്യവസ്‌തുക്കൾ പോലും വാങ്ങാൻ കഴിയാതെ വിഷമിച്ചു. ഈ ഘട്ടത്തിലാണ് വ്യവസ്ഥിതിയിൽ മാറ്റം വേണമെന്ന മുദ്രാവാക്യം ഉയർത്തി ദിസ്സനായകെയും എൻപിപിയും രംഗത്ത് വന്നത്. തൊഴിലാളികളുടെ കൂലി വർധിപ്പിക്കുമെന്നും പുരുഷൻമാർക്ക്‌ ലഭിക്കുന്ന വേതനത്തിന് തുല്യമായി സ്‌ത്രീകൾക്കും നൽകുമെന്നും പാർലമെന്റിൽ സ്‌ത്രീപ്രാതിനിധ്യം വർധിപ്പിക്കുമെന്നും സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും എൻപിപി വാഗ്ദാനം ചെയ്‌തു. അതോടൊപ്പം തദ്ദേശ പ്രവിശ്യാ തെരഞ്ഞെടുപ്പുകൾ ഉടൻ നടത്തുമെന്നും എല്ലാ തലങ്ങളിലുമുള്ള അഴിമതിക്കെതിരെ പൊരുതുമെന്നും ദിസ്സനായകെ ജനങ്ങൾക്ക് ഉറപ്പുനൽകി. സ്വാഭാവികമായും മാറ്റത്തിന് അനുകൂലമായി ജനങ്ങൾ വോട്ട് ചെയ്‌തു. പാർലമെന്റ്‌  തെരഞ്ഞെടുപ്പിന് മുമ്പ് ഒന്നരമാസക്കാലത്തെ ദിസ്സനായകെ ഭരണം ജനങ്ങളിൽ വിശ്വാസം വർധിപ്പിച്ചു. പ്രസിഡന്റായി വിജയിച്ചപ്പോൾ ആഡംബരപൂർണമായ ആഹ്ലാദപ്രകടനങ്ങൾ പാടില്ലെന്നും പടക്കങ്ങൾ പൊട്ടിക്കരുതെന്നും ദിസ്സനായകെ പാർടി പ്രവർത്തകരോട് അഭ്യർഥിച്ചു. പ്രസിഡൻഷ്യൽ സെക്രട്ടറിയറ്റിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായിരുന്നു. പ്രധാനമന്ത്രി ദിനേഷ് ഗുണവർധന രാജിവച്ചപ്പോൾ ആ സ്ഥാനത്തേക്ക് ഹരിണി അമരസൂര്യയെ നിയമിച്ചു. സിരിമാവോ ബന്ധാരനായകെയ്‌ക്കും ചന്ദ്രിക കുമരതുഗെയ്‌ക്കും ശേഷം പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് അമരസൂര്യ. മൂന്ന് മന്ത്രിമാരെ മാത്രമാണ് ദിസ്സനായകെ നിയമിച്ചത്. പാർലമെന്റ്‌ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അതിന് ശേഷമാകാം മന്ത്രിസഭാ രൂപീകരണം എന്ന നിലപാടാണ് ദിസ്സനായകെ കൈക്കൊണ്ടത്. അധികാരം ധൂർത്തിനുള്ള അവസരമല്ല എന്ന സന്ദേശം തുടക്കത്തിലേ നൽകാൻ ദിസ്സനായകെയ്‌ക്ക് കഴിഞ്ഞു. പ്രസിഡന്റായി  അധികാരമേറ്റ ദിസ്സനായകെ കാൻഡിയിലെത്തി ബുദ്ധസന്യാസിമാരെയും മുസ്ലിം മൗലവിമാരെയും കൊളംബോ ആർച്ച് ബിഷപ്പിനെയും സന്ദർശിച്ചു. എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ട് എന്ന വ്യക്തമായ സന്ദേശമാണ് ഇതുവഴി ദിസ്സനായകെ നൽകിയത്. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ കമ്യൂണിസം മരിച്ചുവെന്നും ചരിത്രം മുതലാളിത്തത്തിൽ അവസാനിക്കുമെന്നും പ്രവചിച്ചവർക്കുള്ള മറുപടികൂടിയാണ് ശ്രീലങ്ക. നേപ്പാളിലും ഇപ്പോൾ ഭരിക്കുന്നത് കമ്യൂണിസ്‌റ്റ്‌ പാർടിയാണ്. ചൈനയിലും വിയറ്റ്‌നാമിലും ലാവോസിലും  വടക്കൻ കൊറിയയിലും കമ്യൂണിസ്‌റ്റ്‌, വർക്കേഴ്സ് പാർടികളാണ് അധികാരത്തിലുള്ളത്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വൻകരയായ ഏഷ്യയിലെ 35 ശതമാനത്തോളം ജനങ്ങൾ  ഇടതുപക്ഷ കമ്യൂണിസ്‌റ്റ്‌ പാർടി ഭരണത്തിൻ കീഴിലാണ്‌ ഇന്ന്. ഫ്രഞ്ച് സാമ്പത്തിക ശാസ്‌ത്രജ്ഞനായ തോമസ് പിക്കറ്റി എഴുതിയതുപോലെ, ഇത് സോഷ്യലിസത്തിന്റെ സമയമാണ്.   ദേശാഭിമാനി വാരികയിൽ നിന്ന്   Read on deshabhimani.com

Related News