കണ്ണീരും മഴവില്ലും



വർഷങ്ങൾക്കുമുമ്പ് പൊന്നാനിയിൽ ഒരു ഉണ്ണികൃഷ്ണൻ മാസ്റ്റർ കവിത എഴുതുന്ന ഒരു നമ്പൂതിരിക്കുട്ടിയെയുംകൂട്ടി വക്കീൽ ഗുമസ്തനായ ഇടശ്ശേരിയുടെ മുമ്പിലെത്തി. ആവശ്യം ഇതായിരുന്നു. ‘’ഗോയ്‌ന്നാരേ, ഈ കുട്ടി കുറേശ്ശെ കവിതകൾ എഴുതും. ഒന്നു ശ്രദ്ധിക്കണം.’’ കൊണ്ടുപോയിരുന്ന കവിത വായിച്ച് ഇടശ്ശേരി ഉണ്ണികൃഷ്ണൻ നായർ മാഷോട് പറഞ്ഞു. ‘‘കുഴപ്പമില്ല മാഷേ, ഞാൻ ശ്രദ്ധിച്ചോളാം. ഇയാൾക്ക് ചിരിക്കാനറിയാം,’’ ചിരിക്കാനും കരയാനും അറിയുന്ന ആളേ മനുഷ്യനാകൂ എന്നും അത്തരം ഒരാൾക്കേ കവിതയെഴുതാൻ കഴിയൂ എന്നും ഉറച്ചു വിശ്വസിച്ച ആളായിരുന്നല്ലോ ഇടശ്ശേരി. തുടർന്ന് നമ്പൂരിക്കുട്ടിയോട് ഇങ്ങനെയും പറഞ്ഞു: ‘‘കാലിന്നടിയിൽ നിധിയുണ്ടായാൽ പോരാ നമ്പൂരീ, അതു കാണാനുള്ള  കണ്ണും വേണം’’. എന്നിട്ട് കൊണ്ടുവന്ന കവിത തിരുത്തിക്കൊടുക്കുകയും ചെയ്തു. ആ നമ്പൂരിക്കുട്ടി പിന്നീട് കാലിന്നടിയിലെ നിധി കണ്ടെത്തി; മലയാളത്തിന്റെ വരിഷ്‌ഠ കവി അക്കിത്തം അച്യുതൻ നമ്പൂതിരിയായി മാറി. ആ നമ്പൂരിക്കുട്ടി പലവട്ടം കുമരനെല്ലൂരിൽനിന്ന് പൊന്നാനിയിലേക്ക് കവിതയും കൊണ്ടു വഴി നടന്നെത്തി. നായർ വീട്ടിലെ ഭക്ഷണം നമ്പൂരിക്ക് പറ്റാത്തതുകൊണ്ട് തൊട്ടടുത്ത് കരുവാട്ട് ഇല്ലത്ത് ഊണും ഏർപ്പെടുത്തി. അക്കിത്തം കവിയായി മാറിയതിനുപിന്നിലെ കരവിരുത് ഇടശ്ശേരിയുടേതായിരുന്നു.എന്നു പറഞ്ഞാൽ ഇടശ്ശേരി അതു സമ്മതിയ്ക്കില്ല. താനില്ലെങ്കിലും അക്കിത്തം ഉണ്ടാകും എന്ന് ഇടശ്ശേരിക്ക് അറിയാമായിരുന്നു. കാലിന്നടിയിലെ നിധി കണ്ടെത്തുന്നതിൽ വിദഗ്ധനായിരുന്നല്ലോ അദ്ദേഹം. ‘പൊന്നാനിക്കളരി’ എന്നു പിൽക്കാലത്ത് ഉറൂബ് പേരിട്ടു വിളിച്ച സ്‌കൂളിലാണ് അക്കിത്തം കവിത പഠിച്ചത്. ‘മർത്ത്യൻ സുന്ദരനാ’ണ് എന്നതാണല്ലോ ‘പാവങ്ങളിൽ’ നിന്നും പഠിച്ച ആ കളരിക്കാരുടെ മതം. ഉറൂബ് ഈ സ്‌കൂളിൽ പഠിച്ചാണ് ‘സുന്ദരികളും സുന്ദരന്മാരും’ എഴുതിയത്. ‘‘ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻപൊഴിക്കവേ ഉദിക്കയാണെന്നാത്മാവിൽ ആയിരം സൗരമണ്ഡലം’’എന്ന് അക്കിത്തം എഴുതുന്നതും ആ സ്‌കൂളിൽ പഠിച്ചുകൊണ്ടു തന്നെ. മറ്റുള്ളവർക്കായി ഒരു കണ്ണീർക്കണം പൊഴിക്കവേ മനസ്സിൽ ആയിരം സൗരമണ്ഡലങ്ങൾ ഉദിക്കുന്നു എന്നും, ഒരു പുഞ്ചിരി മറ്റുള്ളവർക്കായി ചെലവാക്കവേ ഹൃദയത്തിൽ നിത്യനിർമ്മല പൗർണമി ഉണ്ടാവുന്നു എന്നും അക്കിത്തം എഴുതുന്നു. ഒരു പക്ഷെ കഴിഞ്ഞ നൂറ്റാണ്ടിൽ മലയാളം ഏറ്റവും വലിയ വിപരീത ലക്ഷണ എഴുതിയതും അക്കിത്തംതന്നെ. ‘‘വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം’’ ‘‘നിരത്തിൽ കാക്ക കൊത്തുന്നൂ ചത്തപെണ്ണിന്റെ കണ്ണുകൾ മുലചപ്പി വലിക്കുന്നൂ നരവർഗ നവാതിഥി’’ എന്ന് ചൂഷണം ജന്മസിദ്ധമായ നരവർഗ്ഗ നവാതിഥിയുടെ പശ്ചാത്തലത്തിലാണ് വെളിച്ചമല്ല ഇരുട്ടാണ് സുഖപ്രദം എന്ന വിപരീത ലക്ഷണ രൂപം കൊള്ളുന്നത്. ‘‘നിരുപാധികമായ സ്‌നേഹം’’ എന്ന വാക്ക് അക്കിത്തത്തിന് പ്രിയപ്പെട്ടതാണ്. ‘നിരുപാധികമാം സ്‌നേഹം, ബലമായി വരും’ എന്ന് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലും ‘‘മതമേതാകിലുമെന്തേ മനുജാത്മാവേ കരഞ്ഞിരക്കുന്നേൻ നിരുപാധികമാം സ്‌നേഹം നിന്നിൽ പൊട്ടിക്കിളർന്നുപൊന്തട്ടെ’’ എന്ന് മറ്റൊരു കവിതയിലും അക്കിത്തം എഴുതുന്നുണ്ട്. ഉപാധികളില്ലാത്ത സ്‌നേഹം–- - അതാണ് അക്കിത്തത്തിന്റെ കവിതയുടെ അടിക്കല്ല്. ഗാന്ധിയോ മാർക്‌സോ? രക്തരൂഷിത വിപ്ലവമോ മനുഷ്യത്വത്തിന്റെ സ്‌നേഹസുന്ദരപാതയോ? കഴിഞ്ഞ നൂറ്റാണ്ടിലെ കവിതയെ മഥിച്ച വിപരീത ദ്വന്ദ്വങ്ങളിൽ ഒന്ന് ഇതായിരുന്നു. ഈ ചോദ്യം മൂന്നു കവിതകൾക്ക് ജന്മം നൽകി. വൈലോപ്പിള്ളിയുടെ ‘കുടിയൊഴിക്കൽ ’, അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഇടശ്ശേരിയുടെ ‘ബുദ്ധനും ഞാനും നരിയും’ , ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ കമ്യൂണിസ്റ്റ് വിരുദ്ധ രചനയാണോ? അങ്ങിനെയും സംശയിച്ചവരുണ്ട്. കമ്യൂണിസത്തെക്കുറിച്ച് പലതരം തെറ്റിദ്ധാരണകൾ ഉയർന്ന കാലമാണത്. പക്ഷെ മലയാളത്തിൽ മാർക്‌സിയൻ അന്യവൽക്കരണം (ഏലിയനേഷൻ) എന്ന ആശയത്തിന് ഏറ്റവും ലളിതമായ വ്യാഖ്യാനം പിറന്നത് അക്കിത്തത്തിലൂടെയാണ്. ‘‘എന്റേതല്ലെന്റേ തല്ലിക്കൊമ്പനാനകൾ എന്റേതല്ലീ മഹാക്ഷേത്രവും മക്കളേ’’ ആനപ്പുറത്ത് തിടമ്പെഴുന്നള്ളിച്ച് ഇരിക്കുന്ന മേൽശാന്തിയോട് താഴെനിന്ന് കുട്ടികൾ കെഞ്ചുന്നു. എന്നെയും ആനപ്പുറത്തു കയറ്റണം, എന്നെയു മെന്നെയുമെന്നെയും അപ്പോഴാണ് മേൽശാന്തി ഓർക്കുന്നത് ഈ അമ്പലം തന്റെയാണോ, ഈ ആനകൾ തന്റെയാണോ–- - തന്റെ തൊഴിലിൽനിന്ന് അന്യനാകുന്ന തൊഴിലാളിതന്നെയാണ് പണ്ടെത്തെ മേൽശാന്തി. ആരും അധികം ശ്രദ്ധിക്കാത്ത ഒരു കവിതയുണ്ട് അക്കിത്തത്തിന്റെ - ഡ്രൈവർ കുളന്തൈ - ഒരു കുട്ടിക്കവിതയെന്നു തോന്നിപ്പിക്കുന്ന വലിയ കവിത ഷൊർണൂരെ തീവണ്ടിയാപ്പീസിൽ തീവണ്ടി കാണാൻ ചെന്നുനിൽക്കുന്ന ഒരു നമ്പൂരിക്കുട്ടി –- പാവുമുണ്ടും പട്ടുകോണകവുമായി എത്തിയ ഒരു പാവം. ഡ്രൈവർമാർ വണ്ടിയിൽനിന്ന് ഇറങ്ങിപ്പോയ നേരത്ത് അയാൾ എൻജിൻ മുറിയിൽ കയറുന്നു.   ‘‘എന്തോ ചിലത് തിരിഞ്ഞിരിക്കാം, കുറച്ചെന്തോ ചിലത് വലിഞ്ഞിരിക്കാം’’. ഉണ്ടായതെന്താണെന്നറിഞ്ഞു കൂട. വണ്ടി ഓടാൻ തുടങ്ങി. എൻജിൻ മുറിയിൽ ഒരു പാവം കുട്ടിയുമായി. കുറെ ചെല്ലുമ്പോൾ കൽക്കരി തീർന്നിട്ടാകാം വണ്ടി താനേ നിന്നുപോയി. ഇപ്പോൾ വണ്ടി തമിഴ്‌നാട്ടിലാണ്.വണ്ടി നിർത്തി രക്ഷപ്പെട്ട സന്തോഷത്തിൽ കുട്ടി. തന്റെ തന്നെ കൈപ്പിടിയിൽ ഒതുങ്ങാത്ത ശാസ്ത്ര–-സാങ്കേതിക വിദ്യകളുടെ ലോകത്ത്‌ പകച്ചുനിൽക്കുന്ന മനുഷ്യന്റെ   പ്രതിബിംബമായി മാറുന്നു ആ കുട്ടി. അക്കിത്തത്തിന്റെ കുട്ടിക്കവിതകൾ എത്രമേൽ ഹൃദ്യവും ആലോചനാമൃതവുമാണെന്ന്‌ സൂചിപ്പിക്കുകമാത്രം ചെയ്യുന്നു. ‘‘ഈ ഏട്ടത്തി നുണയേ പറയൂ’’ പോലുള്ള ഒന്നാംതരം നാടകങ്ങളും അക്കിത്തത്തിന്റേതായുണ്ട്. ‘‘ഉപ്പുകല്ലിനായ്, ഉരിയരിച്ചോറിനായ് ’’അലയുന്ന മനുഷ്യനാണ് അക്കിത്തത്തിന്റെ കവിതയിലെ കഥാപാത്രങ്ങൾ. അത് പലപ്പോഴും താൻ തന്നെയാണുതാനും. ‘‘പടിക്കലെ കണ്ടം കൊയ്യണ തെവസം പാലക്കാട്ട് പടിച്ചന്ന തമ്പ്രാൻ നാട്ടില് വന്നേ കൊയ്ത്ത് കാണാൻ’’ എന്ന് സാധാരണക്കാരന്റെ ഭാഷയിലും എഴുതാൻ അക്കിത്തത്തിന് അറിയാം. മലയാളത്തിന് ആറാമത് ജ്ഞാനപീഠം അക്കിത്തത്തിലൂടെ വരുന്നു എന്നത് ഏറെ സന്തോഷകരം. ‘ഇദം ന മമ’ എന്ന് നിർമമതയോടെ ഇത് ഏറ്റുവാങ്ങാൻ അക്കിത്തത്തിന് കഴിയും. ‘‘വജ്രം തുളച്ചിരിയ്ക്കുന്ന രത്‌നങ്ങൾക്കുള്ളിലൂടെ ഞാൻ കടന്നുപോന്നൂ ഭാഗ്യത്താൽ, വെറും നൂലായിരുന്നു’’ ഞാൻ എന്ന് കാളിദാസനെ ഓർത്ത് എഴുതുന്ന ആളാണല്ലോ അക്കിത്തം. നിരുപാധികമായ സ്‌നേഹത്തിന്റെ ലോകം പുലരാൻ കാത്തിരിക്കുന്ന കവിക്ക്‌ ഒരു പാഥേയംകൂടി.   Read on deshabhimani.com

Related News