ഇതല്ലിതല്ലെന്നുള്ള ജ്ഞാനസഞ്ചാരങ്ങൾ
തനിക്ക് ശിഷ്യന്മാരില്ല, സുഹൃത്തുക്കളേയുള്ളൂ എന്നാണ് നിത്യചൈതന്യ യതി എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്. പരമ്പരാഗത രീതിയിലുള്ള സന്യാസത്തെ അദ്ദേഹം അംഗീകരിച്ചതുമില്ല. സത്യത്തിൽ അദ്ദേഹമൊരു മതവിശ്വാസിപോലുമായിരുന്നില്ല. ദർശനങ്ങളേക്കാൾ സൗന്ദര്യശാസ്‌ത്രമാണ് അദ്ദേഹത്തെ ആഹ്ലാദിപ്പിച്ചത്. സന്യാസവേഷത്തിൽ ജീവിച്ച തികച്ചും ആധുനികനായ ഒരു മനുഷ്യനായിരുന്നു യതി. ദീർഘകാലം മലയാളിയുടെ മുന്നിലെ ബൗദ്ധിക ആശ്രയമായിരുന്നു ഈ സന്യാസവേഷധാരി. ജന്മശതാബ്ദി വർഷത്തിൽ അദ്ദേഹത്തെ ഓർക്കുകയാണ് ലേഖകൻ. ഈ നവംബർ 2ന് നിത്യചൈതന്യ യതിക്ക് നൂറ് വയസ്സായിരിക്കുന്നു. നിർഭാഗ്യവശാൽ കാൽ നൂറ്റാണ്ട് മുമ്പ് അദ്ദേഹം അന്തരിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ബൗദ്ധിക സ്വാധീനം ഇപ്പോഴും കേരളത്തിന്റെ പൊതുസമൂഹത്തിൽ നിലനിൽക്കുന്നു. അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളും നിലപാടുകളും പലപ്പോഴും നമുക്കൊക്കെ ഒരാശ്രയമായി, ഒരാശ്വാസമായി കൂടെയുണ്ട്. സന്യാസവേഷത്തിൽ ജീവിച്ച തികച്ചും ആധുനികനായ ഒരു മനുഷ്യനായാണ് അദ്ദേഹത്തെ ഞാൻ മനസ്സിലാക്കുന്നത്. ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ നിർമിതബുദ്ധിയെപ്പറ്റിയും റോബോട്ടുകളെക്കുറിച്ചും ലളിതമായ ഭാഷയിൽ യതി പുസ്‌തകങ്ങൾ എഴുതുമായിരുന്നു. ഹിന്ദുത്വ വർഗീയതക്കെതിരെ ശക്തമായ നിലപാടുകൾ എടുക്കുമായിരുന്നു. ആരാണ് നിത്യചൈതന്യ യതി എന്ന ചോദ്യത്തിന് ഉത്തരം ലളിതമാണ്. ഒരു അന്വേഷകൻ. അതെ, അടിസ്ഥാനപരമായി അദ്ദേഹമൊരു ജ്ഞാനാന്വേഷിയായിരുന്നു. മറ്റെല്ലാം സാഹചര്യങ്ങളുടെ നിർബന്ധങ്ങളാൽ അദ്ദേഹം എടുത്തണിഞ്ഞ പല പല വേഷങ്ങൾ മാത്രം. ആദ്യ കൂടിക്കാഴ്‌ച 1980കളിലെ ഒരു ഞായറാഴ്‌ച വൈകുന്നേരത്താണ് ഞാനദ്ദേഹത്തെ ആദ്യമായി നേരിൽ കാണുന്നതും പരിചയപ്പെടുന്നതും. ഞാനന്ന് തിരുവനന്തപുരത്തെ അറിയപ്പെടുന്ന ഒരു പുസ്‌തകക്കടയിൽ ജോലി ചെയ്യുകയായിരുന്നു. എന്നിലെ അന്നത്തെ യുവാവിന് യതിയോട് സാമാന്യത്തിലേറെ ആരാധനയുണ്ടായിരുന്നു. അദ്ദേഹത്തെ കാണണമെന്നും പരിചയപ്പെടണമെന്നും കൊതിച്ചിരുന്നു. അദ്ദേഹമെഴുതുന്നതെന്തും കണ്ടെത്തി വായിക്കുമായിരുന്നു. അങ്ങനെയുള്ള എന്റെ മുന്നിലേക്കാണ് ആ വൈകുന്നേരം അദ്ദേഹം കടന്നുവന്നത്. വളരെ ചെറിയ ആ പുസ്‌തകക്കടയുടെ മുന്നിൽ സാക്ഷാൽ നിത്യചൈതന്യ യതി നിൽക്കുന്നതാണ് ഞാൻ കാണുന്നത്. കടയ്‌ക്കകത്ത് മൂന്ന് നാല് കസ്‌റ്റമേഴ്സ് ഉള്ളതിനാൽ, സ്ഥലക്കുറവ് മനസ്സിലാക്കി അദ്ദേഹം താഴെ റോഡിൽ നിൽക്കുകയാണ്. എന്നെ വെപ്രാളവും ആഹ്ലാദവും ഒരുമിച്ചാക്രമിച്ചു. മുന്നിലെ കസ്‌റ്റമേഴ്സിനെ ഞാൻ ശപിച്ചു. എല്ലാവരേയും കഴിയുംവേഗം ഒഴിവാക്കി. മനസ്സ് നിശ്ചയമായും യതിയെ കാണിച്ചു കൊടുക്കേണ്ട മഹത്തായ പുസ്‌തകങ്ങളേതെന്ന ആലോചനയിലായി. സാഹിത്യത്തിലെ, തത്വചിന്തയിലെ, ശാസ്‌ത്രത്തിലെ പുതിയ പുസ്‌തകങ്ങൾ പലതും മനസ്സിലോർത്തെടുത്തു. എന്റെ പ്രാവീണ്യം അദ്ദേഹത്തിന്റെ മുന്നിലവതരിപ്പിക്കണമല്ലോ! ഞാനിങ്ങനെ ആലോചിച്ച് തുടങ്ങുമ്പോഴേക്കും യതി കടയിലേക്കുള്ള പടികയറി എന്റെ മുന്നിലെത്തി. ഒരു പത്തുരൂപ നോട്ട് തന്നുകൊണ്ട് പറഞ്ഞു, “താഴെ നിൽക്കുമ്പോൾ ഒരാൾ ഇന്ത്യാ ടുഡേ വാരിക ചോദിച്ചിരുന്നു. പുറത്ത് തൂക്കിയതിൽനിന്ന് ഞാനത് അയാൾക്കെടുത്തു കൊടുത്ത് പണം വാങ്ങി!’’ ഞാൻ മനസ്സിൽ കരുതിയ പല പുതിയ പുസ്‌തകങ്ങളും എടുത്ത് അദ്ദേഹത്തിന്റെ മുന്നിലേക്കുവച്ചു. “അനിയാ, ഇതൊക്കെ ഇവിടെ കിട്ടുമെന്ന് എനിക്കറിയാം. എന്നാൽ ഞാനിപ്പോൾ വന്നത് ഒരു റഫറൻസ് പുസ്‌തകം നോക്കിയാണ്. ബെഞ്ചമിൻ ലെവിൻ എഴുതിയ Genes ന്റെ പുതിയ എഡിഷൻ ഒരു കോപ്പി വേണം.” ഞാൻ അന്തംവിട്ടുപോയി. അതൊരു അക്കാദമിക് റഫറൻസ് പുസ്‌തകമാണ്. മോളിക്കുലർ ബയോളജിയിലെ ഒരു പ്രധാന ഗ്രന്ഥം. അന്നൊക്കെ ലൈബ്രറികൾ മാത്രമാണ് അത്തരം പുസ്‌തകങ്ങൾ വാങ്ങാറ് പതിവ്. ഭാഗ്യത്തിന് അതിന്റെ ഒരു കോപ്പി അവിടെയുണ്ടായിരുന്നു. വലിയ വിലയും തന്ന് അദ്ദേഹമത് വാങ്ങി. എന്റെ പേരൊക്കെ ചോദിച്ച് വീണ്ടും വരാമെന്നും പറഞ്ഞ് മടങ്ങി. പിന്നെയും പലപ്പോഴും വന്നു. പല പുസ്‌തകങ്ങളും വാങ്ങി. പലതിനെപ്പറ്റിയും എനിക്ക് പറഞ്ഞുതന്നു. അറിയാത്ത വലിയ എഴുത്തുകാരെ പരിചയപ്പെടുത്തി. ഇടയ്‌ക്കൊക്കെ അദ്ദേഹമെഴുതിയ പുതിയ പുസ്‌തകങ്ങൾ ഒപ്പിട്ട് കൊണ്ടുതന്നു. ഞങ്ങൾ കൂട്ടുകാരായി. പി ഗോവിന്ദപ്പിള്ളയും എൻ ഇ ബാലറാമും എം കൃഷ്‌ണൻ നായരുമൊക്കെ പലപ്പോഴും ആ പുസ്‌തകക്കൂട്ടായ്‌മയുടെ ഭാഗമായി. അവരൊക്കെ പുസ്‌തകങ്ങളെപ്പറ്റി ചർച്ച ചെയ്‌തു. ഫേൺ ഹിൽ സന്ദർശിക്കാൻ യതി എന്നെ ക്ഷണിച്ചു. നിർഭാഗ്യവശാൽ എനിക്കതിന് സമയം കണ്ടെത്താനായില്ല. അസുഖബാധിതനാകും വരെ പുസ്‌തകങ്ങൾതേടി, പുസ്‌തകവിശേഷങ്ങളുമായി അദ്ദേഹം എന്റെയടുത്തെത്തുമായിരുന്നു. പുസ്‌തകങ്ങൾ അദ്ദേഹത്തിന് ജീവനായിരുന്നു. ഏതെല്ലാം വിഷയങ്ങൾ! ഇഷ്ടമില്ലാത്ത വല്ല വിഷയവുമുണ്ടോ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. എല്ലാം അറിവല്ലേ എന്നായിരുന്നു മൃദുലമായ ശബ്ദത്തിലെ മറുപടി. ജിയോളജിയും ന്യൂറോളജിയും സംഗീതവും ചിത്രകലയും സാഹിത്യവും ആർക്കിടെക്ച്ചറുമൊക്കെ ആ ഇഷ്ടങ്ങളിൽ ചിലതു മാത്രം. അറിവിനോടുള്ള ആ പ്രണയം കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. അസാധാരണ വായനക്കാരൻ വാങ്ങിക്കൂട്ടിയ പുസ്‌തകങ്ങളെല്ലാം അദ്ദേഹം ഫേൺ ഹില്ലിലെ ലൈബ്രറിയിൽ ഭംഗിയായി സൂക്ഷിച്ചു. ആ പഠനമുറിയിൽ അദ്ദേഹവും പുസ്‌തകങ്ങളും തമ്മിലുള്ള വേഴ്‌ച ഒട്ടകത്തിന് കൂടാരത്തിൽ ഇടംകൊടുത്ത അറബിയുടേതിന് സമമാണെന്ന് അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. “അറബിക്ക് കഷ്ടിച്ച് ഉറങ്ങാൻ മാത്രം ഇടമുണ്ടായിരുന്ന കൂടാരത്തിലേക്ക് തല നീട്ടിവച്ചുകൊള്ളുവാൻ ഒട്ടകത്തെ അയാൾ അനുവദിച്ചു. അൽപ്പാൽപ്പമായി കൂടാരത്തിലേക്ക് കയറിവന്ന ഒട്ടകം അവസാനം അറബിയെ തള്ളിപ്പുറത്താക്കി. നടരാജഗുരുവുള്ള കാലത്ത് പ്രാർഥനാ സ്ഥലത്ത് മാത്രമേ പുസ്‌തകങ്ങളുണ്ടായിരുന്നുള്ളൂ. ഒന്നാന്തരം പുസ്‌തകങ്ങൾ അവിടെയിരുന്ന് വീർപ്പുമുട്ടുന്നതുകണ്ടപ്പോൾ ഞാൻ സാമാന്യം വലിപ്പമുള്ള ഒരു പഠനമുറിയുണ്ടാക്കി. അതിലേക്ക് പുസ്‌തകങ്ങൾ വരാൻ അനുവദിച്ചു.’’ പുസ്‌തകങ്ങൾ വാങ്ങുക മാത്രമല്ല, കിട്ടാത്തവ മോഷ്ടിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. “സത്യം പറഞ്ഞാൽ ഞാൻ ഇതുവരെ മൂന്ന് പുസ്‌തകങ്ങളേ മോഷ്ടിച്ചിട്ടുള്ളൂ. രണ്ടെണ്ണം ഹാവായ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒരെണ്ണം സിഡ്‌നി യൂണിവേഴ്സിറ്റിയിൽ നിന്നും. മൂന്നും ഇന്ത്യൻ പുസ്‌തകങ്ങളായിരുന്നു എന്നതാണ് അത്ഭുതം. ഒരു വർഷം ഞാൻ അതിന്റെ കുറ്റബോധവുമായി നടന്നു. പിന്നെ രണ്ടു പുസ്‌തകങ്ങൾ മാപ്പുചോദിക്കാതെ തിരിച്ചുകൊടുത്തു… പുസ്‌തകങ്ങളുടെ മുമ്പിലിരിക്കുമ്പോഴാണ്, മനുഷ്യായുസ്സ് കൂടിപ്പോയാൽ എൺപതോ, നൂറോ മതിയെന്ന് തീരുമാനിച്ച ദൈവത്തിന്റെ ലുബ്‌ധിൽ കടുത്ത അസംതൃപ്തി തോന്നുന്നത്.’’ (യതിസാരസ്വർവസ്വം, വോള്യം 3 പേജ് 671 & 672). പുസ്‌തകങ്ങളോടുള്ള ഈ അസാധാരണ പ്രണയത്തിനുപിന്നിൽ പ്രവർത്തിച്ചത് അദ്ദേഹത്തിന്റെ അറിവന്വേഷണമാണ് എന്നത് വ്യക്തം. ആശയങ്ങളോടുള്ള ഈ അഭിവാഞ്ഛ തുടങ്ങുന്നത് യുവാവായിരിക്കുമ്പോഴാണ്. 1946 മുതൽ അദ്ദേഹം വേറിട്ട പഠനങ്ങളിലേർപ്പെട്ടുതുടങ്ങി. മനഃശാസ്‌ത്രം, നരവംശശാസ്‌ത്രം, പൗരാണിക ചിന്തകൾ തുടങ്ങിയ വിഷയങ്ങൾ പഠിച്ചുകൊണ്ടാണ് തുടക്കം. അക്കാലത്താണ് നടരാജഗുരുവുമായി അടുക്കുന്നത്. തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഫിലോസഫിയിൽ ബിഎ ഓണേഴ്സിന് ചേർന്നു. പഠനകാലത്ത് 1949ൽ രമണമഹർഷിയെ സന്ദർശിച്ച് അവിടെവച്ച് സന്യാസം സ്വീകരിച്ചു. ജയചന്ദ്രൻ എന്ന് പേര് ഉപേക്ഷിച്ച് നിത്യചൈതന്യ യതി എന്ന പേര് സ്വീകരിച്ചു. സന്യാസിയായിക്കൊണ്ടുതന്നെ കോളേജ് പഠനം തുടരുകയും എംഎം ഫിലോസഫി ഒന്നാം റാങ്കോടെ പൂർത്തിയാക്കുകയും ചെയ്‌തു. ആദ്യം കൊല്ലം എസ്എൻ കോളേജിൽ സൈക്കോളജി അധ്യാപകനായി ജോലി നോക്കി. മദ്രാസ് വിവേകാനന്ദ കോളേജിൽ ഫിലോസഫി അധ്യാപകനായും കുറച്ചുകാലം പ്രവർത്തിച്ചു. 1957ൽ ബോംബെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ ഗവേഷണത്തിന് ചേർന്നു. തുടർന്ന് കൊളംബോയിലെ വിദ്യോദയ സർവകലാശാലയിൽ പ്രൊഫസറാവുന്നു. 1961ൽ ബാംഗ്ലൂരിൽ വന്ന് വാല്യൂസ് എന്ന മാസികയുടെ എഡിറ്ററായി പ്രവർത്തിക്കുന്നു. 1963ൽ ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കിക് ആൻഡ് സ്‌പിരിച്വൽ റിസർച്ച് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായും പ്രവർത്തിച്ചു. 1967ൽ അതവസാനിപ്പിച്ച് വർക്കലയിൽ വന്ന് ഗുരുകുലം മാസികയുടെ പത്രാധിപത്യം ഏറ്റെടുത്തു. 1971ൽ ശാസ്‌താംകോട്ടയിൽ World Parliament of Religions for Unity സംഘടിപ്പിച്ചു. 1973ൽ നടരാജഗുരുവിന്റെ മരണത്തോടെ നാരായണഗുരുകുലത്തിന്റെ അധ്യക്ഷ പദവി ഏറ്റെടുത്തു. ഇതിനിടയിലൊക്കെ ലോകമെമ്പാടും യാത്ര ചെയ്യുകയും പലതും പഠിക്കുകയും ധാരാളം എഴുതുകയും ചെയ്‌തു. മലയാളത്തിൽ വ്യാഖ്യാനങ്ങളുൾപ്പെടെ 118 പുസ്‌തകങ്ങൾ നിത്യചൈതന്യ യതിയുടേതായുണ്ട്. ഇംഗ്ലീഷിൽ 41ഉം. നാരായണഗുരുവിന്റെ കൃതികൾക്കും ഉപനിഷത്തുകൾക്കും യതി തയ്യാറാക്കിയ സമഗ്രവ്യാഖ്യാനങ്ങൾ വേറിട്ട സ്വഭാവമുള്ളവയായിരുന്നു. ഭാരതീയ മനഃശാസ്‌ത്രത്തെപ്പറ്റിയും ഗ്രന്ഥങ്ങൾ രചിച്ചു. തത്വചിന്തയും ശാസ്‌ത്രവും സാഹിത്യവും സംഗീതവും കലയും അദ്ദേഹത്തിന്റെ എഴുത്തിന്റെ വിഷയങ്ങളായി. നെരൂദയുടെ Memoirs, സിമോൺ ഡി ബുവയുടെ Memoirs of a Dutiful Daughter, ഹെർമൻ ഹെസ്സേയുടെ Wandering Notes തുടങ്ങിയ പല ആധുനിക ക്ലാസിക്കുകളുടെയും സ്വതന്ത്ര പരിഭാഷകളും യതി നിർവഹിച്ചു. നളിനി എന്ന കാവ്യശിൽപ്പം എന്ന പഠനഗ്രന്ഥത്തിന് 1977ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ധനതത്വ സിദ്ധാന്തം ഒരു സുഹൃത്തിന് മനസ്സിലാക്കിക്കൊടുക്കാനായി മാർക്‌സിന്റെ മൂലധനത്തിന്റെ ആദ്യഭാഗം മലയാളത്തിലേക്ക് യതി പരിഭാഷപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. 1980കൾ മുതൽ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഒരു സാംസ്‌കാരിക സാന്നിധ്യമായി അദ്ദേഹം നിറഞ്ഞുനിന്നു. നാനാവിഷയങ്ങളിൽ പ്രഭാഷണങ്ങളും സ്നേഹസംവാദങ്ങളും നടത്തി. 1980കൾ മുതൽ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഒരു സാംസ്‌കാരിക സാന്നിധ്യമായി അദ്ദേഹം നിറഞ്ഞുനിന്നു. നാനാവിഷയങ്ങളിൽ പ്രഭാഷണങ്ങളും സ്നേഹസംവാദങ്ങളും നടത്തി. പല സാമൂഹ്യ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടു. മലയാളത്തിലെ പല ആനുകാലികങ്ങളിലും അദ്ദേഹം വിവിധ വിഷയങ്ങളിൽ പംക്തികളെഴുതി. ഫേൺ ഹിൽ ഗുരുകുലത്തിൽ സ്നേഹിതരുടെ വലിയൊരു കൂട്ടായ്‌മയുണ്ടായി. തനിക്ക് ശിഷ്യന്മാരില്ല, സുഹൃത്തുക്കളേയുള്ളൂ എന്നാണ് അദ്ദേഹം എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്. പരമ്പരാഗത രീതിയിലുള്ള സന്യാസത്തെ അദ്ദേഹം അംഗീകരിച്ചതുമില്ല. സത്യത്തിൽ അദ്ദേഹമൊരു മതവിശ്വാസി പോലുമായിരുന്നില്ല. ദർശനങ്ങളേക്കാൾ സൗന്ദര്യശാസ്‌ത്രമാണ് അദ്ദേഹത്തെ ആഹ്ലാദിപ്പിച്ചത് എന്നാണ് ഞാൻ കരുതുന്നത്. മതവിശ്വാസികളുടെ ഇടയിൽ വർധിച്ചുവരുന്ന അസഹിഷ്‌ണുതയെപ്പറ്റി അവസാനകാലത്ത് അദ്ദേഹം വല്ലാതെ ആശങ്കാകുലനായിരുന്നു. ഇന്ത്യയിലെ മത സൗഹാർദത്തെപ്പറ്റി അദ്ദേഹം ധാരാളമായി എഴുതിക്കൊണ്ടിരുന്നു. മനുഷ്യവർഗത്തിന്റെ ഏകതയെപ്പറ്റിയാണ് അദ്ദേഹം സംസാരിച്ചത്. അതിന് മതങ്ങൾ എങ്ങനെയാണ് തടസമാവുന്നത് എന്നദ്ദേഹം ചിന്തിക്കുകയും ചെയ്‌തു. മതങ്ങൾ കൊണ്ടുനടക്കുന്ന ചട്ടങ്ങളും ചിട്ടകളും മതത്തിൽ വിശ്വസിക്കുന്നവനെ സംബന്ധിച്ചിടത്തോളം നീക്കുപോക്കില്ലാത്തതാകയാൽ മതങ്ങളിൽ സാമൂഹികമായ വിട്ടുവീഴ്‌ച ഉണ്ടാകാറില്ല. അതാണ് പലപ്പോഴും വർഗീയമായ വലിയ പ്രതിസന്ധികൾക്ക് കാരണമാവുന്നത്. മതശാഠ്യങ്ങളിലെ ബാലിശത തുറന്നുകാട്ടാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. എന്റെ ഹിന്ദുത്വം എന്ന പേരിൽ നിത്യനെഴുതിയ രസകരമായ ഒരു കുറിപ്പ് എടുത്ത് ചേർത്ത് ഞാനീ സ്മരണ അവസാനിപ്പിക്കാം. എന്റെ ഹിന്ദുത്വം “ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ അധ്യാപകൻ പതിവുപോലെ കണക്കോ, ഭാഷയോ പഠിപ്പിക്കുന്നതിനു പകരം ഒരു പ്രത്യേക നിർദേശം തന്നു. ആദ്യമായി മുസ്ലിങ്ങളെല്ലാം എണീറ്റു നിൽക്കുവാൻ പറഞ്ഞു. ആരാണ് മുസ്ലിങ്ങൾ എന്നെനിക്കറിയാൻ പാടില്ലായിരുന്നു. എന്റെ സ്നേഹിതൻ സുലൈമാൻ എണീറ്റു. അവൻ എന്റെ പ്രാണസ്നേഹിതനാണ്. എന്നെക്കൂടാതെ അവനും അവനെക്കൂടാതെ ഞാനും ഒന്നും ചെയ്യുകയില്ല. അതുകൊണ്ട് ഞാനും എണീറ്റുനിന്നു. എന്നാൽ അധ്യാപകൻ വളരെ ദേഷ്യത്തോടെ എന്നോട് ഇരിക്കുവാൻ പറഞ്ഞു. എന്തുകൊണ്ടാണെന്നെനിക്ക് മനസ്സിലായില്ല. എന്റെ പ്രിയപ്പെട്ട ചങ്ങാതിയിൽ നിന്ന് എന്നെ പിരിച്ചുനിർത്തുന്ന എന്തോ ഒന്ന് ആണ് ഇസ്ലാം എന്ന് എനിക്കു തോന്നി. അപ്പോൾത്തന്നെ ആ തരംതിരിവിനെ ഞാൻ വെറുത്തു. പിന്നീട് അധ്യാപകൻ കൃസ്‌ത്യാനികൾ എണീറ്റു നിൽക്കാൻ പറഞ്ഞു. അതുകേട്ടമാത്രയിൽ പീറ്റർ എണീറ്റുനിന്നു. സുലൈമാനോ എനിക്ക് നഷ്ടപ്പെട്ടു. പീറ്ററിനെക്കൂടി വിട്ടുകളയാൻ ഞാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് ഞാൻ വീണ്ടും എണീറ്റു. പിന്നെയും അധ്യാപകൻ ക്രുദ്ധനായി എന്നോട് ഇരിക്കുവാൻ പറഞ്ഞു. അധ്യാപകന്റെ ഈ പുതിയ കളി എനിക്ക് മനസ്സിലായില്ല. ഇനി എന്തായാലും എണീക്കുകയില്ല എന്ന് തീരുമാനിച്ചു. ഹിന്ദുക്കൾ എണീക്കാൻ അധ്യാപകൻ പറഞ്ഞു. എണീക്കരുതെന്ന് നേരത്തേ വിചാരിച്ചതാണ്. അപ്പോഴാണ് ആശാരി പരമേശ്വരൻ എണീക്കുന്നത് കണ്ടത്. അവൻ ചീത്തയാണ്, തല്ലുകൊള്ളിയാണ്, അവന്റെ കൂട്ട് വേണ്ടെന്ന് ഈ അധ്യാപകൻ തന്നെയാണ് എന്നെ ഉപദേശിച്ചിട്ടുള്ളത്. ഞാൻ ഇരുന്നിടത്ത് തന്നെ കൂടുതൽ നിസ്സംഗനായി ഇരുന്നു. അതുകണ്ട് രോഷാകുലനായ അധ്യാപകൻ, ‘എണീക്കെടാ കഴുതെ, നീ ഹിന്ദുവാണ്’ എന്നു പറഞ്ഞു. ഞങ്ങളുടെ നാട്ടിൻപുറത്ത് കഴുതയില്ലായിരുന്നു. എന്നാലും അതൊരു ബുദ്ധിയില്ലാത്ത മൃഗമാണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. എന്നാലും അതൊരു ഹിന്ദുവാണെന്ന് ഞാനറിഞ്ഞിരുന്നില്ല. കഴുതയുടെ പര്യായമായിരിക്കും ഹിന്ദു എന്ന് ഞാൻ ധരിച്ചു.’’. (യതിസാരസർവസ്വം വാള്യം മൂന്ന്. പേജ് 643) ഇത്തരമൊരു സംഭവം ഒട്ടും മടി കൂടാതെ ഇങ്ങനെ വിവരിക്കാൻ കഴിയുന്ന സന്യാസിയായിരുന്നു നിത്യചൈതന്യ യതി. അദ്ദേഹം ജീവിതത്തെ ആധുനികമായ കാഴ്‌ചപ്പാടിലൂടെ നോക്കിക്കണ്ടു. അന്വേഷിക്കുക, അറിയുക എന്ന ത്വരയാണ് ജീവിതാവസാനം വരെ ആ മനുഷ്യസ്നേഹിയെ മുന്നോട്ട് നയിച്ചത്. താൻ നേടിയ അറിവിനെയെല്ലാം സഹജീവികളുമായി പങ്കുവയ്‌ക്കുന്നതിൽ അദ്ദേഹം സന്തോഷം കണ്ടെത്തി. അങ്ങനെ രചിച്ച പുസ്‌തകങ്ങൾ ഇന്നും നമ്മുടെ ബൗദ്ധിക ജീവിതത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. മലയാളിയുടെ അറിവന്വേഷണത്തിലെ ആശ്രയമായിരുന്നു യതി. ഇതല്ലിതല്ലെന്നുള്ള ജ്ഞാനസഞ്ചാരങ്ങളാൽ സാർഥകമായ ആ ജീവിതം 1999 മെയ് 14ന് അവസാനിച്ചു. കാൽ നൂറ്റാണ്ടിനിപ്പുറവും ആ സ്വാധീനം നമുക്കൊക്കെ ആശ്രയമായും ആശ്വാസമായും നിലകൊള്ളുന്നു. ദേശാഭിമാനി വാരികയിൽ നിന്ന് Read on deshabhimani.com