ഒറ്റത്തെരഞ്ഞെടുപ്പ് ഏകാധിപത്യത്തിലേക്കുള്ള മോദിമാർഗം - എം വി ഗോവിന്ദൻ എഴുതുന്നു
പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തനിച്ച് ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടെങ്കിലും ബിജെപി അവരുടെ ഹിന്ദുത്വ–- കോർപറേറ്റ് അജൻഡയുമായി മുന്നോട്ടു പോകാനുള്ള സാധ്യതയാണുള്ളതെന്ന് തെരഞ്ഞെടുപ്പ് വിശകലനം ചെയ്യാനായി ഡൽഹിയിൽ ചേർന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തിയിരുന്നു. അത് ശരിയായ നിരീക്ഷണമാണെന്ന് തെളിയിക്കുന്നതാണ് " ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന വിഷയം സംബന്ധിച്ചുള്ള രാംനാഥ് കോവിന്ദ് റിപ്പോർട്ടിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ 18 ന് നൽകിയ അംഗീകാരം. "ഒരു രാജ്യം ഒരു മതം ഒരു ഭാഷ ഒരു സംസ്കാരം’ എന്നത് ഒരു നൂറ്റാണ്ടായി ആർഎസ്എസ് പ്രചരിപ്പിക്കുന്ന പ്രത്യയശാസ്ത്ര പദ്ധതിയാണ്. ഇതിന്റെ ഭാഗമായാണ് ‘ഒരു രാജ്യം ഒരു നികുതി’ (ജിഎസ്‌ടി), ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ തുടങ്ങിയ പദ്ധതികൾ മോദി സർക്കാർ നേരത്തേ നടപ്പിലാക്കിയത്. നാനാത്വത്തിൽ ഏകത്വം കണ്ടെത്തുന്നതിനുപകരം ഐക്യത്തിന് തടസ്സമാണ് നാനാത്വം എന്നതാണ് ആർഎസ്എസ്-–- ബിജെപി വ്യാഖ്യാനം. വിവിധജാതിയിലും മതത്തിലുംപെട്ടവരും വിവിധ ഭാഷ സംസാരിക്കുന്നവരും വിവിധവേഷം ധരിക്കുന്നവരും ഒരു കൊടിക്കീഴിൽ അണിനിരന്നാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. വൈവിധ്യങ്ങളിലെ ഏകത്വമാണ് ഇന്ത്യ എന്ന ആശയത്തിന് അടിസ്ഥാനം. വൈവിധ്യങ്ങളെ അംഗീകരിച്ചും അടിസ്ഥാനമാക്കിയുമാണ് ഇന്ത്യൻ ഭരണഘടനയും പാർലമെന്ററി ജനാധിപത്യവും രൂപം കൊണ്ടത്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാത്തവർക്ക് ഈ വൈവിധ്യങ്ങളെയോ നാനാത്വത്തെയോ അംഗീകരിക്കാൻ കഴിയാത്തത് സ്വാഭാവികം. ഏകാത്മകത്വമാണ് ആർഎസ്എസ്- –-ബിജെപിയുടെ പ്രത്യയശാസ്ത്രം. അതിന്റെ ഭാഗമായാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയവും വരുന്നത്. ഇത് ക്രമേണ ഒരു പാർടി (ബിജെപി) ഒരു നേതാവ് (മോദി ) എന്നായി മാറും. ചുരുക്കിപ്പറഞ്ഞാൽ സ്വേച്ഛാധിപത്യത്തിലേക്കുള്ള പാതയാണ് ബിജെപി വെട്ടുന്നത്. അതുകൊണ്ടാണ് "ഇത് ഒരു സംവാദവിഷയമല്ലെന്നും ഇന്ത്യയുടെ ആവശ്യമാണെന്നും ’ 2020ൽ മോദി പറഞ്ഞത്. ലോക്‌സഭ കാലാവധി കഴിയാതെ പിരിച്ചുവിട്ടാൽ കാലാവധി പൂർത്തിയാകുന്നതുവരെ രാഷ്‌ട്രപതിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഭരണം നടത്താമെന്ന നിർദേശം നിതി ആയോഗ് (2017 ൽ) മുന്നോട്ടുവച്ചിരുന്നുവെന്ന കാര്യം ഇതോടൊപ്പം ചേർത്തുവായിക്കണം. രണ്ടുഘട്ടമായി ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പ്രായോഗികമാക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഒന്നാംഘട്ടത്തിൽ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തും. തുടർന്ന് രണ്ടാംഘട്ടമായി 100 ദിവസത്തിനുശേഷം പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പുകളും നടത്തും. ഏതെങ്കിലും നിയമസഭ പിരിച്ചുവിടുന്ന പക്ഷം ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെങ്കിലും അടുത്ത ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുവരെയേ അതിന് ആയുസ്സുണ്ടാകൂ എന്നാണ് രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ ശുപാർശ. ഭരണഘടനാ തത്വങ്ങളുടെ ലംഘനവും ജനാധിപത്യ വിരുദ്ധവുമാണ് ഈ നിർദേശങ്ങൾ. ഭരണഘടനയിൽ ഒരിടത്തും ലോക്‌സഭയുടെയോ നിയമസഭയുടെയോ നിശ്ചിത കാലാവധിയെക്കുറിച്ച് പറയുന്നില്ല. "തെരഞ്ഞെടുപ്പ് സാധാരണനിലയിൽ അഞ്ച് വർഷം കൂടുമ്പോഴാണ് നടക്കാറുള്ളത് ’ എന്ന പരാമർശമാണ് അനുച്ഛേദം 289 അവതരിപ്പിച്ചുകൊണ്ട് ഡോ. ബി ആർ അംബേദ്കർ നടത്തിയത്. അതായത് സാധാരണയിൽനിന്ന് വ്യത്യസ്തമായി തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയാണ് ഈ വാക്കുകളിൽ അംബേദ്കർ സൂചിപ്പിക്കുന്നത്. ഷിബോൺ ലാൽ സക്സേന എന്ന മറ്റൊരംഗം ദീർഘദൃഷ്ടിയോടെ പറഞ്ഞത് ‘പത്ത് -പന്ത്രണ്ട് വർഷം കഴിഞ്ഞാൽ ഓരോ നിമിഷത്തിലും ഒരു തെരഞ്ഞെടുപ്പ് ഉണ്ടാകു’മെന്നാണ്. ഭരണഘടനാ നിർമാതാക്കൾ ഇക്കാര്യം വിഭാവനം ചെയ്തിരുന്നുവെങ്കിലും നിശ്ചിത കാലാവധി ജനാധിപത്യ വിരുദ്ധമാകുമെന്നതിനാൽ അവർ അതിനു ശുപാർശ ചെയ്തില്ല എന്നു വേണം കരുതാൻ. എപ്പോഴാണ് ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുക എന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. 2029 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ നടപ്പിലാക്കണമെങ്കിൽപ്പോലും ഒരുപാടു കടമ്പകൾ സർക്കാരിന് മറികടക്കേണ്ടതുണ്ട്. ഭരണഘടനയിലെ അനുച്ഛേദങ്ങളായ 82 , 85, 172, 174, 356 തുടങ്ങി 15ഓളം ഭരണഘടനാ ഭേദഗതികൾ പാസാക്കേണ്ടതുണ്ട്. ഇവ പാസാക്കണമെങ്കിൽ ഇരുസഭകളിലും പങ്കെടുത്ത അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കണം. 543 അംഗ ലോക്‌സഭയിൽ 362 പേരുടെയും 245 അംഗരാജ്യസഭയിൽ 164 പേരുടെയും പിന്തുണ വേണം. ഇരുസഭകളിലും എൻഡിഎയ്‌ക്ക് അതിനുള്ള അംഗബലമില്ല. ലോക്‌സഭയിൽ 293 പേരും രാജ്യസഭയിൽ 119 പേരുമാണ് സർക്കാരിനെ പിന്തുണയ്‌ക്കാനുള്ളത്. അതിനാൽ ജനിക്കുംമുമ്പ് മരിച്ച പരിഷ്കാരമായി ഇതു മാറാനാണ് സാധ്യത. അതായത്, ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ യാഥാർഥ്യമാക്കാൻ മോദിക്ക് നന്നായി വിയർക്കേണ്ടിവരും. ഇടയ്ക്കിടെ തെരഞ്ഞെടുപ്പ് നടക്കുന്നത് ഭാരിച്ച ചെലവാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് വികസനപ്രവർത്തനങ്ങളെയും ഭരണനിർവഹണത്തെയും തടസ്സപ്പെടുത്തുന്നു എന്നും പറഞ്ഞാണ് ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്താൻ ഒരുങ്ങുന്നത്. തീർത്തും തെറ്റായ ആഖ്യാനമാണിത്. സാധാരണനിലയിൽ അഞ്ച് വർഷത്തിൽ മൂന്ന് തെരഞ്ഞെടുപ്പ് മാത്രമാണ് നടക്കുന്നത്. പരമാവധി മൂന്ന് മാസക്കാലത്തെ പ്രക്രിയ മാത്രമാണിത്. നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ ഒരു തരത്തിലും കേന്ദ്രഭരണത്തെ ബാധിക്കാറില്ല. ഹരിയാനയിലും ജമ്മു കശ്മീരിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോഴാണ് കേന്ദ്രമന്ത്രിസഭ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന നയപരമായ തീരുമാനംപോലും പ്രഖ്യാപിച്ചത്. 70 വയസ്സിന് മുകളിലുള്ളവർക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിക്കുന്നതിനും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമായില്ല. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 55000 കോടിരൂപയാണ് മൊത്തം ചെലവഴിക്കപ്പെട്ടത്. ഇതിന്റെ പകുതിയോളം, 27000 കോടിയും ചെലവഴിച്ചത് ബിജെപിയാണ്. അവരാണ് തെരഞ്ഞെടുപ്പ് ചെലവിനെക്കുറിച്ച് മുതലക്കണ്ണീരൊഴുക്കുന്നത്. ഇനി തെരഞ്ഞെടുപ്പ് ചെലവിന്റെ കാര്യമെടുക്കാം. സെന്റർ ഓഫ് മീഡിയ സ്റ്റഡീസിന്റെ പഠനമനുസരിച്ച് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 55000 കോടിരൂപയാണ് മൊത്തം ചെലവഴിക്കപ്പെട്ടത്. ഇതിന്റെ പകുതിയോളം, 27000 കോടിയും ചെലവഴിച്ചത് ബിജെപിയാണ്. അവരാണ് തെരഞ്ഞെടുപ്പ് ചെലവിനെക്കുറിച്ച് മുതലക്കണ്ണീരൊഴുക്കുന്നത്. ചെലവുചുരുക്കണമെന്ന് പറയുന്നവർ എന്തേ ഹരിയാനയ്‌ക്കും ജമ്മു കശ്മീരിനുമൊപ്പം മഹാരാഷ്ട്രയിലും ജാർഖണ്ഡിലും തെരഞ്ഞെടുപ്പ് നടത്തി മാതൃക കാണിക്കാതിരുന്നത്. മോദിയുടെ യഥാർഥലക്ഷ്യം തെരഞ്ഞെടുപ്പുതന്നെ അവസാനിപ്പിക്കുകയാണ്. ജനാധിപത്യവും പാർലമെന്റിന്റെ പ്രവർത്തനവും ചെലവേറിയതും ആയാസവുമായതിനാൽ അതൊക്കെ അവസാനിപ്പിക്കുന്നതല്ലേ നല്ലത് എന്ന ആഖ്യാനമാണ് ബിജെപി സൃഷ്ടിക്കുന്നത്. ബെർതോൾഡ് ബ്രെഹ്തിന്റെ ഒരു കവിതയാണ് ഓർമയിലേക്ക് വരുന്നത്. "ഭരണാധികാരികൾക്ക് ജനങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു’എന്നതാണത്. ഇന്ത്യയിലെ ജനങ്ങൾ ബിജെപിക്കെതിരെ തിരിയാൻ തുടങ്ങിയതോടെ അവരിൽ വിശ്വാസം നഷ്ടപ്പെട്ട മോദിയും കൂട്ടരും തെരഞ്ഞെടുപ്പുകൾതന്നെ ഒഴിവാക്കി അധികാരത്തിൽ തുടരാനുള്ള വഴികളാണ് ആലോചിക്കുന്നത്. അതിന്റെ ഭാഗമാണ് പുതിയ നീക്കം. എല്ലാ അധികാരങ്ങളും കേന്ദ്രത്തിന്റെ കൈകളിലായിരിക്കണമെന്ന് വിഭാവനം ചെയ്യുന്ന പ്രസിഡൻഷ്യൽ സമ്പ്രദായമാണ് ബിജെപിക്ക് പഥ്യം. അതിനായാണ് സംസ്ഥാന നിയമസഭകളുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കാനും ഫെഡറൽ തത്വങ്ങളെ ലംഘിക്കാനും മോദി സർക്കാർ തയ്യാറാകുന്നത്. പുതിയനീക്കം ഫെഡറൽഘടനയെ പല വിധത്തിലും ദോഷകരമായി ബാധിക്കും. 2029ലാണ് ഒന്നിച്ചുള്ള തെരഞ്ഞെടുപ്പ് നിലവിൽ വരുന്നതെങ്കിൽ 2025 മുതൽ 2028 വരെ തെരഞ്ഞെടുപ്പ് നടക്കുന്ന 24 നിയമസഭകളുടെ കാലാവധി നാലു മുതൽ ഒരു വർഷം വരെയായി ചുരുങ്ങും. 2028 ൽ മാത്രം 10 നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പുണ്ട്. ഇവയുടെ കാലാവധി ഒരു വർഷമായി ചുരുങ്ങും. (ഒരു വർഷത്തേക്കായി തെരഞ്ഞെടുപ്പ് നടത്തുന്നത് അധികച്ചെലവല്ലേ ) നിയമസഭയുടെ അധികാരങ്ങൾ കേന്ദ്രത്തിന് കീഴ്പ്പെടുമെന്നർഥം. ഒന്നിച്ച് തെരഞ്ഞെടുപ്പ് നടക്കുന്നപക്ഷം സംസ്ഥാന വിഷയങ്ങളേക്കാൾ ദേശീയ വിഷയങ്ങൾക്ക് (ഉദാഹരണത്തിന് പുൽവാമ, ബാലാകോട്ട് പോലുള്ളവ) പ്രാമുഖ്യം ലഭിക്കും. ഇത് സ്വാഭാവികമായും ദേശീയ, ഭരണവർഗപാർടികൾക്ക് ഗുണകരമാകും. സിഎസ്ഡിഎസ്, ഐഡിഎഫ്സി തുടങ്ങിയ ഏജൻസികൾ നടത്തിയ പഠനങ്ങളും ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. ഈ രണ്ടുപഠനങ്ങളും പറയുന്നത് ഒന്നിച്ച് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ 77 ശതമാനം വോട്ടർമാരും പാർലമെന്റിലേക്ക് പിന്തുണച്ച പാർടികൾക്ക് തന്നെയാണ് നിയമസഭയിലും വോട്ട് ചെയ്തത് എന്നാണ്. ഒഡിഷയിൽ ബിജെപി അധികാരത്തിൽ വന്നതുപോലും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടന്നതിനാലാണെന്ന് യോഗേന്ദ്ര യാദവിനെ പോലുള്ളവർ സൂചിപ്പിക്കുന്നുമുണ്ട്. ചെലവു ചുരുക്കലോ, ഭരണസ്ഥിരത കൊണ്ടുവരലോ, സദ്ഭരണം കാഴ്ചവയ്‌ക്കലോ ഒന്നുമല്ല ആർഎസ്എസ്–-ബിജെപിയുടെ ലക്ഷ്യം. പ്രതിപക്ഷത്തിനുകൂടി ശബ്ദമുള്ള ഈ ‘ജനാധിപത്യമെന്ന ശല്യം’ അവസാനിപ്പിച്ച് സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങലാണ്. 2022 ജൂലൈയിൽ ഹൈദരാബാദിൽ ചേർന്ന ബിജെപി ദേശീയ നിർവാഹക സമിതിയോഗത്തിൽ രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞത് അടുത്ത 30-–-40 വർഷം രാജ്യത്ത് ബിജെപി ഭരണമായിരിക്കുമെന്നാണ്. അത് യാഥാർഥ്യത്തിലെത്തിക്കാനാണ് " ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി’ മോദി ഇറങ്ങിയിട്ടുള്ളത്. അപകടകരമായ ഈ നീക്കം തടയാൻ എല്ലാ ജനാധിപത്യവിശ്വാസികളും മുന്നോട്ടു വരണമെന്ന് അഭ്യർഥിക്കുന്നു. Read on deshabhimani.com