ജനാധിപത്യത്തെ 
വെല്ലുവിളിക്കുന്ന പരിഷ്‌കാരം



  ലോക്‌സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ്‌ എന്ന സമ്പ്രദായം നടപ്പാക്കാനുള്ള  ബില്ലിന്‌ കേന്ദ്രമന്ത്രിസഭായോഗം അംഗീകാരംനൽകിയെന്നാണ്‌ റിപ്പോർട്ട്‌. നടപ്പ്‌ ശീതകാല സമ്മേളനത്തിന്റെ അവസാനനാളുകളിൽ  ബിൽ സഭയിൽ അവതരിപ്പിച്ചേക്കാം. ഭരണഘടനയിലും നിയമങ്ങളിലും ഒട്ടേറെ ഭേദഗതികൾ വരുത്തിയാണ്‌ ' ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ' പരിഷ്‌കാരം നടപ്പാക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നത്‌. അതേസമയം,  നിലവിലെ ബിൽ പ്രകാരം കാര്യങ്ങൾ മുന്നോട്ടുപോയാൽ തന്നെ  ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ  ഒരേസമയം നടത്താൻ 10 വർഷത്തെ തയ്യാറെടുപ്പ്‌ വേണ്ടിവരുമെന്നാണ്‌ ഈ മേഖലയിലെ വിദഗ്‌ധർ പറയുന്നത്‌. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും  ഒരേസമയം തെരഞ്ഞെടുപ്പ്‌ എന്ന ആശയത്തിന്റെ  പ്രായോഗികത പരിശോധിക്കാൻ മോദിയുടെ രണ്ടാം സർക്കാരാണ്‌  മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതിക്ക്‌ രൂപം നൽകിയത്‌.ഈ പരിഷ്‌കാരം ഭരണപരമായും സാമ്പത്തികമായും നേട്ടമാകുമെന്ന് വാദിച്ച്‌ സമിതി  അനുകൂല റിപ്പോർട്ട് നൽകി.  ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ഇപ്പോൾ  ബില്ലിന്‌ മന്ത്രിസഭ രൂപം നൽകിയത്‌. പരിഷ്‌കാരത്തിൽനിന്ന്‌ തദ്ദേശസ്ഥാപനങ്ങളെ ഒഴിവാക്കിയതായാണ്‌ അറിയുന്നത്‌. ബില്ലിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും പരിഷ്‌കാരം അപ്രായോഗികവും ഭരണഘടനാ വിരുദ്ധവുമാണെന്ന്‌ രാംനാഥ്‌ കോവിന്ദ്‌ സമിതി  റിപ്പോർട്ടിന്റെ  ഉള്ളടക്കത്തിൽനിന്ന്‌ വ്യക്തമായിരുന്നു.  2029ലെ ലോക്‌സഭാ  തെരഞ്ഞെടുപ്പിനൊപ്പം എല്ലാ നിയമസഭകളിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു സമിതി ശുപാർശ. എന്നാൽ  2034 എങ്കിലും ആകാതെ ഇതിനുള്ള തയ്യാറെടുപ്പ്‌ പൂർത്തീകരിക്കാൻ കഴിയില്ലെന്നാണ്‌ നടപടിക്രമങ്ങൾക്ക്‌ ആവശ്യമായ സമയത്തെക്കുറിച്ച്‌ വിലയിരുത്തുമ്പോൾ വ്യക്തമാകുന്നത്‌. സംസ്ഥാന നിയമസഭകളുടെ അനുമതി വാങ്ങാതെ ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്താൻ ഭരണഘടനയുടെ 83, 172 വകുപ്പുകൾ ഭേദഗതി ചെയ്യണമെന്ന് സമിതി നിർദേശിച്ചിട്ടുണ്ട്‌. നിയമസഭകളിൽ ആർക്കും ഭൂരിപക്ഷം കിട്ടാതിരിക്കുകയോ അവിശ്വാസ പ്രമേയം പാസാകുകയും ചെയ്താൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താം. പക്ഷേ ഇങ്ങനെ രൂപീകരിക്കുന്ന നിയമസഭയുടെ കാലപരിധി അപ്പോൾ നിലവിലുള്ള ലോക്‌സഭയുടെ കാലാവധി അവസാനിക്കുന്ന തീയതി വരെയായിരിക്കും. അതായത് അഞ്ച്‌  വർഷത്തേക്ക് സർക്കാരുകളെ  തെരഞ്ഞെടുക്കാനുള്ള വോട്ടർമാരുടെ ഭരണഘടനാപരമായ അവകാശം ഹനിക്കപ്പെടും.  ഭരണഘടന വിഭാവന  ചെയ്യുന്ന അടിസ്ഥാനപരമായ ജനാധിപത്യ തത്വങ്ങളുടെ ലംഘനമായി മാറുകയാണ്‌  ഈ തെരഞ്ഞെടുപ്പ് എന്ന പരിഷ്‌കാരം. സ്വാതന്ത്ര്യം കിട്ടിയശേഷം 1967 വരെ ലോക്‌സഭ,  നിയമസഭാ  തെരഞ്ഞെടുപ്പുകൾ ഒരേ സമയത്തായിരുന്നു. എന്നാൽ വിവിധ സംസ്ഥാനങ്ങളിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കാലക്രമം  വ്യത്യസ്‌തമാക്കി. പലയിടത്തും സംസ്ഥാന സർക്കാരുകൾ നിലംപതിക്കുകയും ഇടക്കാല തെരഞ്ഞെടുപ്പുകൾ  വേണ്ടി വരികയും ചെയ്‌തു. വീണ്ടും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തിയാലും ഇത് ആവർത്തിക്കാനാണ്‌ എല്ലാ സാധ്യതയും. അത്രയേറെ വൈവിധ്യപൂർണമാണ്‌ വിവിധ സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ, സാമൂഹിക സാഹചര്യം.  അധികാര കേന്ദ്രീകരണമെന്ന  ബിജെപി രാഷ്‌ട്രീയത്തിന്റെ അടിത്തറയിലാണ്  'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ' നിർദേശം.  രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനാണ് ഇത് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത്.  നിയമസഭാ  തെരഞ്ഞെടുപ്പുകൾ  അനിശ്ചിതത്വത്തിലാക്കാൻ ഈ പരിഷ്‌കാരം ഇടയാക്കും. രാഷ്ട്രീയ ഏകാധിപത്യ സംവിധാനത്തിലേക്ക് രാജ്യം എത്തിച്ചേരാൻ ഇത് വഴിയൊരുക്കും നോട്ട്‌ നിരോധനം, ജിഎസ്‌ടി, ജമ്മു–-കശ്‌മീരിന്റെ പ്രത്യേക പദവി  എടുത്തുകളഞ്ഞ്‌ വിഭജിക്കൽ തുടങ്ങി  മോദി സർക്കാരിന്റെ  മുൻകാല പരിഷ്‌കാരങ്ങളെല്ലാം പാളിയ അനുഭവമാണുള്ളത്.  ഈ പാതയിൽ ഒടുവിലത്തേതാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പരിഷ്‌കാരം. നടപ്പ്‌ സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചാലും  സംയുക്ത പാർലമെന്ററി സമിതിക്ക്‌ (ജെപിസി) വിടാനാണ്‌ സാധ്യത. ജെപിസി  രാഷ്‌ട്രീയപാർടികളുടെയും സംസ്ഥാനങ്ങളുടെയും മറ്റുള്ളവരുടെയും  അഭിപ്രായങ്ങൾ ശേഖരിക്കും. പാർലമെന്റിലെ നിലവിലെ ഭൂരിപക്ഷം ഉപയോഗിച്ച്‌ ജെപിസി റിപ്പോർട്ട്‌ അനുകൂലമാക്കിയാലും ഈ ബിൽ നിയമമാക്കുക സർക്കാരിന്‌ എളുപ്പമല്ല. കേന്ദ്രത്തിലെയും എല്ലാ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ്‌ ഒന്നിച്ച്‌ നടത്തുന്നതിനായി ഭരണഘടനയിൽ ആറ്‌ ഭേദഗതിയെങ്കിലും കൊണ്ടുവരേണ്ടതുണ്ട്‌. ഭരണഘടന  ഭേദഗതി ബിൽ പാസാക്കാൻ സഭയിൽ ഹാജരാകുന്ന അംഗങ്ങളുടെ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം ആവശ്യമാണ്‌. നിലവിൽ ലോക്‌സഭയിലും രാജ്യസഭയിലും സർക്കാരിന്‌ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷമില്ല. ഒരേസമയം തെരഞ്ഞെടുപ്പ്‌ നടത്താൻ ആവശ്യമായ ഇലക്‌ട്രോണിക്‌ വോട്ടിങ്‌ യന്ത്രങ്ങൾ സമാഹരിക്കാൻ മൂന്ന്‌ വർഷം വേണം. ബിൽ പാസാക്കാതെ തെരഞ്ഞെടുപ്പ്‌ കമീഷന്‌ ഇത്തരം നടപടികളിലേക്ക്‌ നീങ്ങാൻ കഴിയില്ല. മണ്ഡല പുനർവിഭജനമാണ്‌ കേന്ദ്രത്തിന്റെയും കമീഷന്റെയും മുന്നിലുള്ള ബൃഹത്തായ മറ്റൊരു നടപടി. ഇതിനും രാഷ്‌ട്രീയ അഭിപ്രായ സമന്വയം വേണ്ടിവരും.  അടുത്ത സെൻസസ്‌ നടപടികളും പൂർത്തീകരിക്കണം. പാർലമെന്റ്‌ പാസാക്കിയ വനിതാ സംവരണനിയമം നടപ്പാക്കുന്നതിലും അനിശ്‌ചിതത്വമാണ്‌.  വളരെ സങ്കീർണമായ പരീക്ഷണമാണ്‌ രാജ്യത്തെ ജനാധിപത്യ സമ്പ്രദായം നേരിടാൻ  പോകുന്നത്‌. മോദിസർക്കാരിന്റെ സങ്കുചിത താൽപ്പര്യങ്ങൾ ജനാധിപത്യവാദികൾക്ക്‌ മുന്നിൽ  കടുത്ത വെല്ലുവിളിയാണ്‌ ഉയർത്തുന്നത്‌. Read on deshabhimani.com

Related News