യുഡിഎഫ്‌ ബിജെപി തദ്ദേശമുന്നണി - പി രാജീവ്‌ എഴുതുന്നു



ജനകീയാസൂത്രണത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിടുന്ന സന്ദർഭത്തിലാണ് ഇത്തവണ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതു കഴിഞ്ഞ് നാലാം മാസം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കും. സ്ഥായിയായ മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിന്റെ തുടർച്ച ഉറപ്പുവരുത്താനുള്ള രാഷ്ട്രീയ സമരത്തിന്റെ നിർണായക ഘട്ടമായാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ കാണുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽനിന്ന്‌ തീർത്തും വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളത്. അന്നത്തെ ജനാഭിപ്രായം താൽക്കാലികംമാത്രമാണെന്ന സിപിഐ എം നിലപാടിനെ ശരിവയ്ക്കുന്നതായിരുന്നു പിന്നീട് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം.  ബിജെപിക്ക് ബദലായി കോൺഗ്രസിനെ കണ്ട നല്ലൊരു വിഭാഗം വോട്ടർമാർ അതിന് അനുസൃതമായ നിലപാട് സ്വീകരിച്ചതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പ്രധാനകാരണം. എന്നാൽ, അതിനുശേഷമുള്ള അനുഭവങ്ങൾ തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നെന്ന തിരിച്ചറിവിലേക്ക് ജനങ്ങളെ എത്തിച്ചു. ബിജെപിക്ക് വിശ്വാസ്യതയുള്ള ബദലായി കോൺഗ്രസിനെ ജനങ്ങൾ കാണുന്നില്ലെന്ന് ആ പാർടിയുടെ  പ്രമുഖ നേതാവായ കപിൽ സിബൽതന്നെ പരസ്യമായി പറഞ്ഞു. ആ പാർടിയിലെ പ്രമുഖരായ നേതൃനിര അത് ആവർത്തിക്കുകയും ചെയ്തു. മതനിരപേക്ഷതയും ഭരണഘടനയും ചോദ്യം ചെയ്യപ്പെട്ട സമീപകാല സന്ദർഭങ്ങളിൽ കോൺഗ്രസിന് സ്ഥായിയായ നിലപാട് സ്വീകരിക്കാൻ കഴിഞ്ഞില്ല. അയോധ്യയിൽ രാമക്ഷേത്രം നിർമാണം സർക്കാർ പരിപാടിയാക്കി മാറ്റിയതിനോട് പ്രതികരിക്കാൻ കോൺഗ്രസ്‌ തയ്യാറായില്ല. എന്നു മാത്രമല്ല, അതിനെ പരസ്യമായി പിന്തുണയ്‌ക്കുന്ന നിലപാടാണ് മുതിർന്ന നേതാക്കൾ സ്വീകരിച്ചത്. വിശ്വാസത്തെ രാഷ്ട്രീയതാൽപ്പര്യങ്ങൾക്കായി ദുരുപയോഗപ്പെടുത്തി മതരാഷ്ട്ര സ്ഥാപനത്തിലേക്കുള്ള പ്രയാണത്തെ തിരിച്ചറിഞ്ഞ് മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നതിന് കോൺഗ്രസിനു കഴിഞ്ഞില്ല. ജമ്മു കശ്മീരിന്റെ പ്രത്യേക പരിഗണന റദ്ദാക്കിയ നടപടിയിലും ശരിയായ സമീപനം കൈക്കൊള്ളാനും ആ പാർടിക്ക് ധൈര്യമുണ്ടായില്ല. സീതാറാം യെച്ചൂരി സുപ്രീംകോടതിയെ സമീപിച്ച് അനുമതി വാങ്ങി ജമ്മു കശ്മീർ സന്ദർശിച്ചതിനുശേഷംമാത്രമാണ് ആ സംസ്ഥാനത്തെ രാജ്യസഭയിൽ പ്രതിനിധാനം ചെയ്യുന്ന കോൺഗ്രസ്‌ നേതാവ് ഗുലാം നബി ആസാദിന് ശ്രമം നടത്താൻപോലും ധൈര്യമുണ്ടായത്‌. ഇപ്പോൾ, ആ സംസ്ഥാനത്ത് രൂപംകൊണ്ട ജനാധിപത്യ സംരക്ഷണത്തിനായുള്ള പ്രതിപക്ഷ പാർടികളുടെ വിശാല കൂട്ടായ്മയിൽനിന്ന്‌ ബിജെപി ഭയപ്പെടുത്തിയതനുസരിച്ച് കോൺഗ്രസ് പിൻവാങ്ങുകയും ചെയ്തു. എന്നാൽ, മതനിരപേക്ഷതയ്‌ക്കുനേരെ എപ്പോഴൊക്കെ വെല്ലുവിളികൾ ഉയർന്നിട്ടുണ്ടോ അപ്പോഴെല്ലാം അതിശക്തമായ പ്രതിരോധത്തിന് നേതൃത്വം നൽകാൻ തയ്യാറായിട്ടുള്ളത് പ്രധാനമായും ഇടതുപക്ഷമാണ്. മതരാഷ്ട്രങ്ങളിലുള്ളതുപോലെ, മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന നിയമത്തിനെതിരെ ആദ്യമായി സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാനം കേരളമാണ്. എൽഡിഎഫ് സർക്കാർ ധൈര്യമായി ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതിനുശേഷമാണ് മറ്റു ചില സംസ്ഥാനങ്ങളും ആലോചനകൾ തുടങ്ങിയതുതന്നെ. ഭരണഘടനാവിരുദ്ധമായ നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന ശക്തമായ നിലപാടും എൽഡിഎഫ് സർക്കാർ സ്വീകരിക്കുകയുണ്ടായി. ഇത്തരം തീരുമാനങ്ങളിലൂടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി ഉയർന്നുവന്ന പ്രതിഷേധങ്ങൾക്ക് ശക്തമായ കരുത്ത് പകർന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇവിടെയും ശരിയായ പ്രതിഷേധത്തിന് നേതൃത്വം നൽകാൻ കോൺഗ്രസ്‌ പാർടി തയ്യാറായില്ല. ബിജെപിയുടെ വർഗീയനിലപാടുകളിൽ പ്രതിഷേധമുള്ള ജനങ്ങൾ പല സംസ്ഥാനങ്ങളിലും കോൺഗ്രസിനെ ബദലായി കണ്ട് പിന്തുണച്ചിരുന്നു. എന്നാൽ, മതനിരപേക്ഷ നിലപാട് സ്വീകരിച്ച ജനങ്ങളെ വഞ്ചിക്കുകയാണ് കോൺഗ്രസ്‌ ചെയ്തത്. ബിജെപിയെ മാറ്റി മധ്യപ്രദേശിൽ അധികാരത്തിൽ വന്ന കമൽനാഥ് മന്ത്രിസഭയെ അട്ടിമറിച്ച് ബിജെപിക്ക് അധികാരം നൽകിയത് കോൺഗ്രസിലെ ഒരു വിഭാഗംതന്നെയാണ്. രാഹുൽ ബ്രിഗേഡിലെ പ്രമുഖനും ലോക്‌സഭയിലെ കോൺഗ്രസിന്റെ  ഉപനേതാവുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയാണ് അതിന്‌ നേതൃത്വം നൽകിയത്. ഗുജറാത്തിലും മണിപ്പുരിലും ഉപതെരഞ്ഞെടുപ്പുകൾ വേണ്ടിവന്നതും കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറിയതിന്റെ ഭാഗമായാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ്‌ ഒന്നാകെത്തന്നെ ബിജെപിയായി മാറുകയായിരുന്നു. ത്രിപുരയിൽ ഇടതുപക്ഷ സർക്കാരിനെ പരാജയപ്പെടുത്തുന്നതിന്റെ ആദ്യ ശ്രമം വിജയിച്ചത് നിയമസഭയിലുണ്ടായിരുന്ന കോൺഗ്രസ് എംഎൽഎമാരെ ബിജെപി ആക്കിക്കൊണ്ടായിരുന്നു. എപ്പോൾ വേണമെങ്കിലും ബിജെപിയാകാൻ തയ്യാറാകുന്ന ജനപ്രതിനിധികളുള്ള കോൺഗ്രസിനെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുന്നത്? നയങ്ങളിലുള്ള വർഗീയപ്രീണനവും കൂറുമാറ്റവും ജനങ്ങൾ തിരിച്ചറിയുന്നുവെന്നതിന്റെ തെളിവായിരുന്നു ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം. അവിടെ എൻഡിഎയ്‌ക്കെതിരെ രൂപംകൊണ്ട മഹാ സഖ്യത്തിലെ ദുർബലമായ കണ്ണിയായിരുന്നതും കോൺഗ്രസാണ്. എൻഡിഎയ്‌ക്ക് എതിരായ ശക്തമായ വികാരം സംസ്ഥാനത്തുണ്ടായിരുന്നെങ്കിലും കോൺഗ്രസിനെ വിശ്വാസത്തിലെടുക്കാൻ ജനങ്ങൾ തയ്യാറായില്ല. അതാണ് കണക്കുകൂട്ടലുകളാകെ തെറ്റിച്ച് അവിടെ അധികാരത്തുടർച്ച ഉണ്ടായതിന്റെ പ്രധാന കാരണം. പ്രധാനമന്ത്രി സ്ഥാനാർഥിയാക്കി വയനാട്ടിൽ കൊണ്ടുവന്ന് മത്സരിപ്പിച്ച രാഹുൽഗാന്ധി നിർണായക തെരഞ്ഞെടുപ്പിൽ കാണിച്ച കുറ്റകരമായ താൽപ്പര്യമില്ലായ്മ ആർജെഡി നേതൃത്വംതന്നെ പരസ്യമായി വിമർശിച്ചു. മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കുന്നതിൽ മാത്രമല്ല ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിലും കോൺഗ്രസ്‌ പരാജയമായി. യഥാർഥത്തിൽ കോൺഗ്രസ്‌ നയങ്ങൾതന്നെയാണ് ബിജെപിയും പിന്തുടരുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കർഷക പ്രക്ഷോഭത്തിലും കോൺഗ്രസ്‌ തുറന്നുകാട്ടപ്പെടുന്നു. കോൺഗ്രസ്‌ പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനമായിരുന്നു കാർഷിക നിയമപരിഷ്കരണം. ബിജെപി ഇത് നടപ്പാക്കിയപ്പോൾ ലോക്‌സഭയിൽ വോട്ടെടുപ്പ് ആവശ്യപ്പെടാൻപോലും തയ്യാറായില്ല. രാജ്യസഭയിൽ ഇടതുപക്ഷവും ഡിഎംകെ ഉൾപ്പെടെയുള്ള പാർടികളും വോട്ടെടുപ്പ് ആവശ്യപ്പെട്ടെങ്കിലും ഏറ്റവും വലിയ പ്രതിപക്ഷ പാർടിയായ കോൺഗ്രസ്‌ നേതൃപരമായ പങ്ക് വഹിക്കാൻ തയ്യാറായില്ല. ദേശീയതലത്തിൽ ബദൽ സാധ്യമാണെന്ന പ്രതീക്ഷ ബിഹാർ സമീപകാല സംഭവങ്ങൾ ജനങ്ങൾക്ക് നൽകുന്നുണ്ട്. ബിഹാറിൽ ഇടതുപക്ഷത്തിനുണ്ടായ മുന്നേറ്റം ജനങ്ങൾക്കൊപ്പംനിന്ന് വർഗീയതയ്‌ക്കും സാമ്പത്തികനയങ്ങൾക്കും എതിരായി നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് രണ്ടാം യുപിഎ സർക്കാർ അധികാരത്തിലുണ്ടായിരുന്നപ്പോൾ ദിനംപ്രതി കർഷക ആത്മഹത്യകൾ വർധിച്ചു. കോൺഗ്രസ് നയങ്ങൾ അനുഭവിച്ചറിഞ്ഞ കർഷകജനത കോൺഗ്രസിനെ വിശ്വാസത്തിലെടുക്കാൻ തയ്യാറാകാത്തതും ഇതുകൊണ്ടുതന്നെയാണ്. ദേശീയതലത്തിൽ ബദൽ സാധ്യമാണെന്ന പ്രതീക്ഷ ബിഹാർ സമീപകാല സംഭവങ്ങൾ ജനങ്ങൾക്ക് നൽകുന്നുണ്ട്. ബിഹാറിൽ ഇടതുപക്ഷത്തിനുണ്ടായ മുന്നേറ്റം ജനങ്ങൾക്കൊപ്പംനിന്ന് വർഗീയതയ്‌ക്കും സാമ്പത്തികനയങ്ങൾക്കും എതിരായി നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. മഹാരാഷ്ട്രയിലും രാജസ്ഥാനിലും മറ്റു പല സംസ്ഥാനങ്ങളിലും ശക്തിപ്പെട്ട് ഇപ്പോൾ രാജ്യവ്യാപകമായി മുന്നേറിയ പ്രക്ഷോഭം കർഷക സംഘടനകളുടെ വിശാലമായ യോജിപ്പിന്റെകൂടി ഫലമാണ്. അതിൽ നേതൃപരമായ പങ്ക് വഹിക്കാൻ ഇടതുപക്ഷ കർഷക പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു. 25 കോടിയിലധികം തൊഴിലാളികൾ പങ്കെടുത്ത പണിമുടക്കും ശക്തിപ്പെടുന്ന തൊഴിലാളി കർഷകഐക്യവും പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്ന ഘടകങ്ങളാണ്. രാജ്യത്ത് ശക്തിപ്പെടുന്ന മതനിരപേക്ഷ ജനാധിപത്യ പ്രതിരോധങ്ങൾക്ക് ഊർജം പകരുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രധാന ശക്തികേന്ദ്രമായ കേരളത്തിൽ നടക്കുന്നത് പ്രാദേശിക ഭരണസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും അതിന് സവിശേഷമായ പ്രാധാന്യമുണ്ട്. ദേശീയതലത്തിൽ ബിജെപിക്ക് ബദലാകാൻ കഴിയാത്ത കോൺഗ്രസ് കേരളത്തിൽ അവർക്കൊപ്പം ചേർന്ന് ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നത്. (അവസാനിക്കുന്നില്ല) Read on deshabhimani.com

Related News