പലസ്തീൻ ഒരു മതവിഷയമല്ല



 ഗാസയിൽ പലസ്തീനെതിരെ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതി ആരംഭിച്ചിട്ട് ഒമ്പതുമാസം കഴിഞ്ഞു. വ്യോമാക്രമണത്തിലും ബോംബിങ്ങിലുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 39,000 പേർ കൊല്ലപ്പെട്ടു. ആശുപത്രികൾ, സ്കൂളുകൾ, പാർപ്പിടങ്ങൾ ഒന്നുംതന്നെ ഇസ്രയേൽ ഒഴിവാക്കിയില്ല. ഈ കടന്നാക്രമണത്തിനെതിരെ ലോകമെമ്പാടും ഉയരുന്ന പ്രതിഷേധത്തിൽ കോടിക്കണക്കിന്‌ ആളുകളാണ് അണിചേരുന്നത്. ഇതിൽ  വലിയവിഭാഗം ജൂതരുമുണ്ട്. അവർ പറയുന്നത്, ഇസ്രയേൽ യുദ്ധത്തിന് വിരാമമിടണമെന്നും ജൂതജനതയുടെ പേരിൽ കൊടുംക്രൂരത ചെയ്യരുതെന്നുമാണ്. ഇന്ത്യയിൽ പലസ്തീനിയൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും യുദ്ധത്തിന്‌ എതിരെയും പ്രതിഷേധം സംഘടിപ്പിക്കുന്നത് പ്രധാനമായും ഇടതുപക്ഷമാണ്. അതു സ്വാഭാവികമാണ്. കാരണം കോളനി മേധാവിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെയുള്ള ദേശീയ വിമോചന പ്രസ്ഥാനത്തിനാണ് പലസ്തീൻ ജനത നേതൃത്വം നൽകുന്നത്. സ്വന്തം രാഷ്ട്രത്തിനുവേണ്ടി 20–--ാം നൂറ്റാണ്ടിൽ ആരംഭിച്ച്, ഇന്നും തുടരുന്ന ദേശീയ വിമോചനപ്രസ്ഥാനമാണ് പലസ്തീൻ ജനതയുടേത്. ആ പോരാട്ടം ജൂതരും മുസ്ലിങ്ങളും തമ്മിലുള്ള മതപ്രശ്നമേയല്ല. അധിനിവേശത്തിനെതിരെ പലസ്തീൻ ജനത നടത്തുന്ന ചെറുത്തുനിൽപ്പിനെ മതപ്രശ്നമാക്കി ചിത്രീകരിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്. ഇസ്രയേൽ കൊളോണിയൽ സെറ്റ്‌ലർ രാഷ്ട്രമാണ്. 1967ലെ യുദ്ധത്തിലൂടെ പശ്ചിമതീരവും (വെസ്റ്റ് ബാങ്ക്) ഗാസയും കിഴക്കൻ ജറുസലേമും കീഴ്പ്പെടുത്തി അവർ അതിർത്തി വിപുലമാക്കുകയും ചെയ്തു. ദൗർഭാഗ്യകരമെന്നു പറയട്ടെ, ഇന്ത്യയിൽ പലസ്തീൻ ജനതയുടെ പോരാട്ടത്തെ ജൂതരാഷ്ട്രത്തിനെതിരെയുള്ള മുസ്ലിങ്ങളുടെ പോരായാണ് ചിത്രീകരിക്കപ്പെടുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനവും ഇസ്രയേലിന് പൂർണപിന്തുണ നൽകുന്ന മോദി സർക്കാരിന്റെ സമീപനവുമാണ് ഇതിനു കാരണം. പലസ്‌തീൻ പിന്തുണ മുസ്ലിംപ്രീണനമല്ല ലോക്‌സഭാ തെരഞ്ഞെടുപ്പിന് എത്രയോ മുമ്പ് 2023 ഒക്ടോബറിലാണ് ഇസ്രയേൽ ഗാസ ആക്രമണം തുടങ്ങിയത്.  ഈ ഘട്ടത്തിൽത്തന്നെ യുദ്ധത്തെ എതിർത്തും പലസ്തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും സിപിഐ എമ്മും എൽഡിഎഫും പ്രചാരണം ആരംഭിച്ചിരുന്നു. അഖിലേന്ത്യ പ്രചാരണത്തിന് ഇടതുപക്ഷം നൽകിയ ആഹ്വാനം പൂർണമായ ഗൗരവത്തിൽത്തന്നെ കേരളത്തിൽ നടക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ എൽഡിഎഫ്‌ പൊതുപ്രചാരണത്തിന്റെ ഭാഗമായി ഇതുമാറി. പലസ്തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുള്ള പ്രചാരണത്തിനെതിരെ തെരഞ്ഞെടുപ്പുഫലത്തിനു ശേഷം പല കോണിൽനിന്നും വിമർശമുയർന്നു. പലസ്തീൻ വിഷയം ഒരു "മുസ്ലിം വിഷയ’മാണെന്നും മുസ്ലിം വോട്ട് കിട്ടാനാണ് സിപിഐ എം ഈ വിഷയം ഉയർത്തിയതെന്നുമാണ് ഈ വിമർശത്തിന്റെ സാരാംശം. സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും പ്രചാരണത്തെ മുസ്ലിം പ്രീണനമായാണ് ബിജെപി കണ്ടത്. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പ്രസിഡന്റ്‌ സയ്യിദ് ശിഹാബ് തങ്ങൾ പോലും ഒരു മുഖാമുഖത്തിൽ പറഞ്ഞത് പലസ്തീൻ പോലുള്ള "മുസ്ലിം വിഷയം’ ഉയർത്തി സിപിഐ എം മുസ്ലിം ജനസാമാന്യത്തെ കബളിപ്പിക്കുകയാണെന്നാണ്. മുസ്ലീം തീവ്രവാദികളാണ് ജൂതരാഷ്ട്രത്തെ ഭീഷണിപ്പെടുത്തുന്നതെന്ന വീക്ഷണം ഒരുവിഭാഗം ക്രൈസ്തവസഭകളെയും കാര്യമായി സ്വാധീനിക്കുന്ന സ്ഥിതിയുണ്ടായി. ഇതിൽനിന്നും നമുക്ക് ചില നിഗമനങ്ങളിൽ എത്താൻ കഴിയും. ഒന്നാമതായി കേരളത്തിലെ എല്ലാ മതസമുദായത്തിലും -ഹിന്ദുക്കളിലും മുസ്ലിങ്ങളിലും ക്രൈസ്തവരിലും വർഗീയവികാരം എങ്ങനെയാണ് വളരുന്നതെന്ന് ഇത് കാണിച്ചുതരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇസ്രയേൽ–- പലസ്തീൻ വിഷയം മതപരമായ ഒന്നല്ലെന്ന് ആവർത്തിച്ചു വിശദീകരിക്കേണ്ടതുണ്ട്. അടിച്ചമർത്തപ്പെട്ട പലസ്തീൻ ജനത മുക്കാൽനൂറ്റാണ്ടായി തുടരുന്ന അധിനിവേശത്തിനെതിരായ പോരാട്ടമാണ്‌ ഇതെന്ന് വ്യക്തമാക്കണം. ക്രൈസ്തവർക്കും 
ഇസ്രയേൽ പേടിസ്വപ്‌നം അധിനിവേശ പ്രദേശങ്ങളിൽ പലസ്തീനിയൻ ക്രൈസ്തവർക്ക് എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ക്രിസ്ത്യൻ സമൂഹവും അറിയണം. ഇസ്രയേൽ എന്ന രാഷ്ട്രം രൂപംകൊണ്ട 1948ൽ മൊത്തം അറബ് –-പലസ്തീനിയൻ ജനസംഖ്യയുടെ 12 ശതമാനം ക്രൈസ്തവരായിരുന്നു. എന്നാൽ, ഇപ്പോൾ കിഴക്കൻ ജറുസലേമും ഗാസയും പശ്ചിമതീരവും ഉൾപ്പെട്ട പലസ്തീനിൽ മൊത്തം ജനസംഖ്യയുടെ രണ്ടുശതമാനം മാത്രമാണ് ക്രൈസ്തവർ. പുതുതായി രൂപംകൊണ്ട ഇസ്രയേലിൽനിന്നും പലസ്തീൻ ജനതയെ പുറത്താക്കാൻ തുടങ്ങിയപ്പോൾ നിരവധി പലസ്തീൻ ക്രൈസ്തവർക്കും ഭൂമിയും പാർപ്പിടവും നഷ്ടമായി. പശ്ചിമതീരവും ഗാസയും ഇസ്രയേൽ അധിനിവേശത്തിലായപ്പോഴും ഇത്‌ തുടർന്നു. ഇതിന്റെയെല്ലാം ഫലമായി പലസ്തീൻ അഭയാർഥികളിൽ 10 ശതമാനത്തോളം ക്രൈസ്തവരായി. പലസ്തീനിയൻ സെൻട്രൽ ബ്യൂറോ ഓഫ് സ്‌റ്റാറ്റിസ്റ്റിക്സ് 2017ൽ നടത്തിയ സെൻസസ് അനുസരിച്ച് 47,000 പലസ്തീൻ  ക്രൈസ്തവർ മാത്രമാണ് പലസ്തീനിൽ ജീവിക്കുന്നത്. ഇതിൽ 98 ശതമാനവും ഇസ്രയേൽ അധിനിവേശ പ്രദേശങ്ങളായ പശ്ചിമ തീരത്തും ഗാസാ മുനമ്പിലുമാണ്. ഇസ്രയേലും അവരുടെ സുരക്ഷാ ഏജൻസികളും ചേർന്ന് ഭൂമി ബലമായി പിടിച്ചെടുത്തും വർണവിവേചനമതിൽ ഉയർത്തിയും അക്ഷരാർഥത്തിലുള്ള അടിച്ചമർത്തൽ ഭരണമാണ് നടത്തുന്നത്. യേശുക്രിസ്തു ജനിച്ച ബെത്‌ലഹേം നഗരം അധിനിവേശ പശ്ചിമതീരത്താണ്. 70 വർഷംമുമ്പ് ഇവിടെ ജനസംഖ്യയിൽ 80 ശതമാനവും ക്രൈസ്‌തവരായിരുന്നു. എന്നാൽ, 2001ൽ ഇസ്രയേൽ വർണവിവേചന മതിൽ നിർമിക്കാനാരംഭിച്ചതോടെ ബെത്‌‌ലഹേമിനെ ജറുസലേമിൽനിന്നും വേർപെടുത്തി. മാത്രമല്ല, ഈ ചുമരിനാൽ ബെത്‌ലഹേം വലയംചെയ്യപ്പെടുകയും പലസ്തീനിയൻ മുസ്ലിങ്ങളുടെയും ക്രൈസ്‌തവരുടെയും ഭൂമിയിൽ ജൂത ആവാസകേന്ദ്രങ്ങൾ നിർമിക്കുകയുംചെയ്തു. ഇതിന്റെ ഫലമായി ബെത്‌ലഹേമിൽനിന്നും ക്രൈസ്‌തവരെ കൂട്ടമായി പുറത്താക്കി. നിലവിൽ നഗരജനസംഖ്യയുടെ 12 ശതമാനം അതായത് 11,000 പേർ മാത്രമാണ് ക്രൈസ്‌തവർ. ബെത്‌ലഹേമിൽ ജീവിക്കുന്ന ക്രൈസ്‌തവർക്ക് ഏതാനും കിലോമീറ്റർ അകലെയുള്ള ജറുസലേം സന്ദർശിക്കാനാകില്ല. ഈസ്റ്റർ വേളയിൽപ്പോലും ജറുസലേമിലെ യേശുക്രിസ്തുവിന്റെ കല്ലറ കാണാൻ പെർമിറ്റിന് അപേക്ഷ നൽകണം. അതാണെങ്കിൽ ലഭിക്കുകയുമില്ല. ഇസ്രയേൽ രാഷ്ട്രവും സയണിസ്റ്റ് തീവ്രവാദസേനയും പലസ്തീൻ മുസ്ലിങ്ങളെയും ക്രൈസ്‌തവരെയും വേർതിരിച്ചു കാണാറില്ലെന്നതാണ് വസ്തുത. ഇരുവിഭാഗവും ഒരുപോലെ ഇസ്രയേൽ അധിനിവേശത്തിന്‌  ഇരകളാണ്. ആദ്യ ക്രിസ്ത്യൻ വിഭാഗങ്ങളുമായി പുരാതനകാലംമുതൽ ബന്ധമുള്ളവയാണ് പലസ്തീനിലെ സഭകളും ക്രിസ്ത്യൻ സമുദായവും. ക്രൈസ്‌തവരിൽ വലിയവിഭാഗം ഈസ്റ്റേൺ ഓർത്തഡോക്സ് സഭകളുമായി ബന്ധമുള്ളവരാണ്. തുടർന്ന് റോമൻ കത്തോലിക്കാസഭയും ഏറ്റവും അവസാനമായി പ്രൊട്ടസ്റ്റന്റ്‌ ചർച്ചും കടന്നുവന്നു. പലസ്തീനിലെ ക്രൈസ്‌തവരും സഭാമേധാവികളും സംയുക്തമായി ശ്രദ്ധേയമായ ഒരു പ്രഖ്യാപനം പുറത്തിറക്കുകയുണ്ടായി. 2009 ഡിസംബർ 11നാണ് കയ്റോസ്‌ പലസ്തീനിയൻ രേഖ എന്നപേരിലുള്ള ഈ പ്രഖ്യാപനം പുറത്തിറക്കിയത്. ആയിരക്കണക്കിന് പലസ്തീൻ ക്രൈസ്‌തവരും ജറുസലേമിലെ 13 സഭകളിലെ പാത്രിയർക്കീസുമാരും ആർച്ച് ബിഷപ്പുമാരും ഒപ്പിട്ടതാണ് ഈ പ്രഖ്യാപനം. ഇസ്രയേൽ അധിനിവേശം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ ശക്തമായി ആവശ്യപ്പെടുന്നതാണ് ഈ പ്രഖ്യാപനം. രേഖയിൽ ഇങ്ങനെ പറയുന്നു "പലസ്തീൻ ഭൂമിയിൽ ഇസ്രയേൽ നടത്തിയ അധിനിവേശം ദൈവത്തിനും മനുഷ്യത്വത്തിനുമെതിരെയുള്ള  പാപമാണെന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നു. ദൈവം പലസ്തീനികൾക്ക് കൽപ്പിച്ചുനൽകിയ മാനുഷിക അവകാശങ്ങളാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്’. പലസ്തീനിൽനിന്നും ക്രൈസ്‌തവരെ മറ്റിടങ്ങളിലേക്ക് കുടിയേറ്റേണ്ടത് ഇസ്രയേൽ താൽപ്പര്യമാണ്. ജൂതരും മുസ്ലിങ്ങളും തമ്മിലുള്ള മതപ്രശ്നം മാത്രമാണെന്ന് ലോകത്തിനു മുമ്പിൽ അവതരിപ്പിക്കാൻ ഇത് ഇസ്രയേലിനെ സഹായിക്കും. പാശ്ചാത്യലോകത്ത് നിലവിലുള്ള ഇസ്ലാം പേടിക്ക് ഇത് ഇന്ധനമാകുകയും ചെയ്യും. ഇസ്രയേൽ  ജൂതരാഷ്ട്രമായത് മറ്റെല്ലാ മതവിഭാഗങ്ങളെയും അടിച്ചമർത്തിയാണെന്ന യാഥാർഥ്യം നിരവധി പണ്ഡിതന്മാരും എഴുത്തുകാരും രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് പ്രശസ്ത എഴുത്തുകാരനായ വില്യം ഡാൽറിംപിളിന്റെ  (William Dalrymple) "ഫ്രം ഹോളി മൗണ്ടെയ്ൻ’ എന്ന യാത്രാവിവരണ കൃതിയിൽ ക്രിസ്ത്യൻ മതവുമായി ബന്ധപ്പെട്ട  പ്രാചീന വിശുദ്ധകേന്ദ്രങ്ങളെക്കുറിച്ച് പരാമർശിക്കവെ ജറുസലേമിലെ ക്രൈസ്‌തവ സന്യാസിമഠങ്ങളും സ്മാരകങ്ങളും എങ്ങനെയാണ് സയണിസ്റ്റുകൾ ഇല്ലാതാക്കിയതെന്ന് വിവരിക്കുന്നുണ്ട്. ചരിത്രം മാറ്റിയെഴുതാനുള്ള അവരുടെ ത്വരയുടെ ഭാഗമാണ്‌ ഇത്. ജറുസലേമിന്റെ ഹൃദയം ജൂതമതം മാത്രമാണെന്ന് വരുത്തിത്തീർക്കുകയാണ് ലക്ഷ്യം. ജൂതമതകേന്ദ്രങ്ങൾ കണ്ടെത്താനായി ഇസ്രയേൽ അധികൃതർ വ്യാപകമായ ഖനനവും നടത്തിയിരുന്നു. എന്നാൽ, ഖനനം നടത്തി കണ്ടെത്തിയ ക്രൈസ്‌തവ സന്യാസി മഠങ്ങളാകട്ടെ നശിപ്പിക്കുകയും ചെയ്തു. ഗാസയ്‌ക്കെതിരെ ഭയാനകമായ യുദ്ധത്തിനിടയിലും അവിടത്തെ ചെറുന്യൂനപക്ഷമായ ക്രൈസ്‌തവരെ ഇസ്രയേൽ വെറുതെവിട്ടില്ല. ഇതെല്ലാം കേരളത്തിലെ ക്രൈസ്‌തവരിൽനിന്നും മറച്ചുവച്ച്‌  ദിനമെന്നോണം അവരോടു പറയുന്നത് ഇസ്ലാമിക മതമൗലികവാദികളാണ് ഇസ്രയേൽ രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്യുന്നതെന്നാണ്. ഇത്തരം പ്രചാരണങ്ങളുടെ ഉൽഭവകേന്ദ്രം പ്രധാനമായും അമേരിക്കയിലെ ചില വലതുപക്ഷ ഇവാഞ്ചലിസ്റ്റ് സഭകളാണ്. സയണിസത്തെ ശക്തമായി പിന്തുണയ്‌ക്കുന്നവരാണ് ഇവ. ഹമാസിനെ വളർത്തിയതും 
ഇസ്രയേൽ വളരെ കുറച്ചുപേർക്കുമാത്രം അറിയാവുന്ന മറ്റൊരു കാര്യം ഹമാസ് പ്രധാന ശക്തിയായി മാറുന്നതിനു പിന്നിൽ ആദ്യഘട്ടത്തിൽ പ്രവർത്തിച്ചത് ഇസ്രയേൽ അധികൃതർതന്നെ ആയിരുന്നെന്ന കാര്യമാണ്. മതനിരപേക്ഷ പ്രസ്ഥാനമായ പലസ്തീൻ വിമോചനസംഘടന (പിഎൽഒ) യെ തളർത്താനാണ് അവർ ഈ സംഘടനയെ ഉപയോഗിച്ചത്. അതിനുശേഷം നാം കാണുന്നത് ഇസ്ലാമിക തീവ്രവാദത്തിന്റെയും അതിനെതിരായ ജൂതവലതുപക്ഷ തീവ്രവാദത്തിന്റെയും ഉയർച്ചയാണ്. ജൂതതീവ്രവാദത്തെ നിയന്ത്രിക്കുന്നതാകട്ടെ നെതന്യാഹു സർക്കാരും. അതുകൊണ്ടുതന്നെ ഇസ്രയേൽ–- പലസ്തീൻ സംഘർഷത്തെ  വർഗീയ കണ്ണിലൂടെ കാണുന്നതിനെ എതിർക്കേണ്ടത് അത്യാവശ്യമാണ്. ഇസ്രയേൽ അധിനിവേശത്തിൽ പലസ്തീൻ ജനത, അവർ ക്രിസ്ത്യാനികളായാലും മുസ്ലിങ്ങളായാലും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്. ഇതിനു കാരണം മേഖലയിൽ അറബ് മതനിരപേക്ഷ ദേശീയ ശക്തികൾക്കെതിരെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കാവൽക്കാരനാണ് ഇസ്രയേൽ എന്നതുകൊണ്ടാണ്. ലോക സാഹചര്യങ്ങളിൽ വന്ന മാറ്റവും ഇതിന് ആക്കംകൂട്ടി. പ്രത്യേകിച്ചും സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ മതപരമായ സ്വത്വവാദശക്തികൾ മുഖ്യധാരയിലേക്ക് കടന്നു. അമേരിക്കയുടെ സഖ്യശക്തികളായ അറബ് രാജ്യങ്ങളിലെ രാജാക്കന്മാരും ഷെയ്ഖുമാരും പലസ്തീൻ ജനതയുടെ താൽപ്പര്യങ്ങളെ വഞ്ചിക്കുകയും ചെയ്തു. ഈ പ്രതികൂല ഘടകങ്ങളെല്ലാം ഉണ്ടായിട്ടും ഇസ്രയേൽ അധിനിവേശത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന പലസ്തീൻ ജനതയുടെ ധൈര്യത്തെയും മനക്കരുത്തിനെയും വിലമതിക്കാതിരിക്കാനാകില്ല. കേരളത്തിലെ ജനങ്ങൾ അവർ ഏതു മതവിഭാഗത്തിൽപ്പെട്ടവരായാലും പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിനൊപ്പമാണ് അണിചേരേണ്ടത്. Read on deshabhimani.com

Related News