ആരാധനാലയ നിയമത്തെ നേർപ്പിച്ചില്ലാതാക്കരുത്



  ഹിന്ദുത്വവാദികൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി  ‘ലോഫെയർ’ ഒരു അനുഷ്ഠാന പദ്ധതിയാക്കി മാറ്റിയിട്ടുണ്ട്. നിയമവ്യവസ്ഥയും നിയമസ്ഥാപനങ്ങളും ഉപയോഗിച്ച് പ്രതിയോഗികളെ നേരിടുന്ന കുടില കാര്യപരിപാടിയെയാണ് സാമാന്യേന ‘ലോഫെയർ’ എന്നു വിശേഷിപ്പിക്കുന്നത്. 1991ലെ ആരാധനസ്ഥല നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീംകോടതിയുടെ പ്രത്യേക മൂന്നംഗ ബെഞ്ച് വാദം കേൾക്കാനായി വ്യാഴാഴ്‌ച (ഡിസംബർ 12) പരിഗണിക്കുകയാണ്. ബിജെപി നേതാക്കളായ അഡ്വ. അശ്വിനികുമാർ ഉപാധ്യായ, സുബ്രഹ്മണ്യൻ സ്വാമി എന്നിവരും വിശ്വഭദ്ര പൂജാരി പുരോഹിത് മഹാസംഘും നൽകിയ ഹർജികളാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് കേൾക്കുന്നത്. ഭരണഘടനയുടെ ആമുഖത്തിൽ 1976ൽ 42–ാം ഭേദഗതിയിലൂടെ ‘മതനിരപേക്ഷത’, ‘സോഷ്യലിസം’ എന്നീ വാക്കുകൾ ഉൾപ്പെടുത്തിയതിനെതിരായുള്ള ഹർജികൾ നൽകിയത് ഇതേ സുബ്രഹ്മണ്യൻ സ്വാമിയും അശ്വിനികുമാർ ഉപാധ്യായയുമായിരുന്നു. അന്നത്തെ ഹിന്ദുത്വ മൂവർ സംഘത്തിൽ ഡോ. ബൽറാംസിങ്ങാണ് മൂന്നാമനായി ഉണ്ടായിരുന്നത്. നവംബർ 25ന് ഈ ഹർജികൾ തള്ളിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച്, സോഷ്യലിസവും മതനിരപേക്ഷതയും ഇന്ത്യൻ ഭരണഘടനയുടെ അവിഭാജ്യ ഘടകങ്ങളായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു എന്ന തീർപ്പിലാണെത്തിയത്. 1947 ആഗസ്‌ത്‌ 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ രാജ്യത്തെ ആരാധനസ്ഥലങ്ങൾക്ക് എന്ത് സ്വഭാവമാണോ ഉണ്ടായിരുന്നത് അതിൽ മാറ്റം വരുത്താൻ പാടില്ലെന്നാണ് 1991ലെ ആരാധനസ്ഥല നിയമത്തിന്റെ കാമ്പും കാതലും. ആരാധനസ്ഥലങ്ങളുടെ പ്രകൃതം മറ്റൊരു മതവിഭാഗത്തിന്റേതാക്കി മാറ്റരുതെന്ന് ഈ നിയമത്തിലെ മൂന്നാം വകുപ്പ് നിഷ്‌കർഷിക്കുന്നു.  ബാബ്‌റി മസ്ജിദ്, 1958ലെ പുരാതന സ്മാരകങ്ങളുടെയും പുരാവസ്തു സ്ഥാനങ്ങളുടെയും അവശിഷ്ടങ്ങളുടെയും നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങൾ, ഇതിനകം തീർപ്പാക്കിയതോ പരിഹരിച്ചതോ ആയ കേസുകൾ, നിയമം പ്രാബല്യത്തിൽ വരുന്നതിനു മുമ്പ്‌ പരസ്പരധാരണയോടെ പരിഹരിച്ച തർക്കങ്ങൾ ആദിയായ കാര്യങ്ങൾ 91ലെ നിയമത്തിൽ ഒഴിവാക്കപ്പെട്ടവയാണ്. കുത്സിത പ്രചോദനത്തോടെ കോടതികളിലെത്തിക്കുന്ന ഇത്തരം ഹർജികൾ, രാജ്യത്ത് മതനിരപേക്ഷതയുടെ അതിജീവനത്തിനും മതനിരപേക്ഷ ഇന്ത്യയുടെ ഭാവിക്കും സാമുദായിക ബന്ധങ്ങളുടെ സഞ്ചാരപഥത്തിനും വിനാശകരമായ വെല്ലുവിളി ഉയർത്തുന്നവയാണെന്ന് മനസ്സിലാക്കാൻ കാര്യമായ മസ്‌തിഷ്‌ക വ്യായാമമൊന്നും വേണ്ട. 2019ലെ അയോധ്യ വിധിന്യായത്തിൽ മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉൾപ്പെടെയുള്ള അഞ്ചംഗ ബെഞ്ച് 1991ലെ നിയമത്തെപ്പറ്റി നിരീക്ഷിച്ചത് ‘മതനിരപേക്ഷതയോടുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിൽ ഈ നിയമത്തെ അതിലംഘിക്കാതിരിക്കാനോ അനിശ്ചിതാവസ്ഥയിൽ ആക്കാതിരിക്കാനോ നമ്മൾ ബാധ്യസ്ഥരാണ്. വിപരീതഗതിയിലുള്ള നീക്കത്തിനെതിരെ പരിരക്ഷ നൽകുന്ന നിയമനിർമാണപരമായ ഇടപെടൽ നമ്മുടെ മതനിരപേക്ഷമൂല്യങ്ങളുടെ സർവപ്രധാനമായ വിശേഷ ഗുണമാണ്.’ വിധിന്യായം തുടരുന്നു: ആരാധനസ്ഥല നിയമം നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തോടും ഭാവിയോടുമാണ് സംസാരിക്കുന്നത്. സ്വാതന്ത്ര്യമുഹൂർത്തം ഭൂതകാലത്തിലെ മുറിവുകളെ ഉണക്കാനുള്ള നിർണായക നിമിഷമായിരുന്നു. ചരിത്രപരമായ തെറ്റുകൾ പരിഹരിക്കേണ്ടത് ജനങ്ങൾ നിയമം കൈയിലെടുത്തുകൊണ്ടല്ല. പൊതു ആരാധനസ്ഥലങ്ങളുടെ സ്വഭാവം സംരക്ഷിക്കുന്ന കാര്യത്തിൽ, പാർലമെന്റ്‌ ഒട്ടും അനിശ്ചിതമല്ലാത്ത നിബന്ധനകളോടെ അനുശാസനം നൽകിയിട്ടുണ്ട്; ചരിത്രത്തെയും അതിലെ അപരാധങ്ങളെയും വർത്തമാനകാലത്തെയോ ഭാവിയെയോ അടിച്ചമർത്താനുള്ള ഉപകരണങ്ങളായി ഉപയോഗപ്പെടുത്തിക്കൂടാ’. ന്യൂനപക്ഷത്തിന്റെ ആരാധനാലയസ്ഥാനത്ത് ഭൂരിപക്ഷത്തിന്റെ ക്ഷേത്രം സ്ഥാപിക്കാനുള്ള നീതിയുക്തമല്ലാത്ത ഏറ്റെടുക്കലിനെ അത് നീതീകരിച്ചു. അതേസമയം, മധ്യകാല ഇന്ത്യയിൽ ഒരു പള്ളി (ബാബ്‌റി മസ്ജിദ്) നിർമിക്കാൻ ഒരു ക്ഷേത്രം തകർക്കപ്പെട്ടു എന്ന അവകാശവാദത്തെ അയോധ്യ വിധി നിഷേധിച്ചു. സുപ്രീംകോടതിയിലെ  മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡെ, ഡി വൈ ചന്ദ്രചൂഡിന്റെ ന്യായാധിപ ധൈഷണിക ജീവിതത്തിലെ ഗുണാത്മകവും നിഷേധാത്മകവുമായ വശങ്ങളെ സൂക്ഷ്‌മമായി വിശകലനം ചെയ്ത് എഴുതിയ പംക്തിയിൽ പറയുന്ന പരമാർഥം മേൽസൂചിപ്പിച്ച വിധിന്യായ വാക്യങ്ങളോടൊപ്പം ചേർത്തുവായിക്കണം. ‘ചന്ദ്രചൂഡ് ഉൾപ്പെടെയുള്ള ബെഞ്ചിന്റെ അയോധ്യ വിധിന്യായം ശ്രദ്ധയോടെയുള്ള ഒരു സന്തുലിതമാക്കൽ ക്രിയയായിരുന്നു. ന്യൂനപക്ഷത്തിന്റെ ആരാധനാലയസ്ഥാനത്ത് ഭൂരിപക്ഷത്തിന്റെ ക്ഷേത്രം സ്ഥാപിക്കാനുള്ള നീതിയുക്തമല്ലാത്ത ഏറ്റെടുക്കലിനെ അത് നീതീകരിച്ചു. അതേസമയം, മധ്യകാല ഇന്ത്യയിൽ ഒരു പള്ളി (ബാബ്‌റി മസ്ജിദ്) നിർമിക്കാൻ ഒരു ക്ഷേത്രം തകർക്കപ്പെട്ടു എന്ന അവകാശവാദത്തെ അയോധ്യ വിധി നിഷേധിച്ചു. ചന്ദ്രചൂഡും ബെഞ്ചിലെ മറ്റ് അംഗങ്ങളും അവകാശപ്പെട്ടേക്കാനിടയുള്ളത് ആ വിധിന്യായം ഭൂരിപക്ഷ വർഗീയതയാകുന്ന ഭൂതത്തെ കുപ്പിയിലേക്ക് തിരികെ കയറ്റിയെന്നാണ്. ‘കുപ്പിയിലാക്കപ്പെട്ട’ ആ ഭൂതം പുറത്തുവരികയും വാരാണസിയിലും മഥുരയിലും അവകാശവാദം പുറപ്പെടുവിക്കുന്നതുമാണ് പിന്നീട് കണ്ടത്. അയോധ്യാബെഞ്ചിലെ മൂന്ന് ന്യായാധിപന്മാർക്ക് വിരമിക്കലിനുശേഷം സൗകര്യപ്രദമായ കർമരഹിതനിയോഗം കിട്ടി. ചന്ദ്രചൂഡ് പക്ഷേ, പുതിയ അവകാശവാദങ്ങളെ വിലക്കുന്നതിനു പകരം വാരാണസി കേസിലെ ഒരു പരാമർശത്തോടെ അവകാശവാദ പരമ്പരയ്ക്ക് തീപിടിപ്പിക്കുകയാണ് ചെയ്തത്. വാരാണസി കേസിലെ പാർടികളുടെ നിയമോപദേഷ്ടാവുപോലും ഉയർത്താതിരുന്ന ഒരു വാദമുഖം ബെഞ്ചിൽനിന്ന് ചന്ദ്രചൂഡ് പ്രസ്താവിച്ചു. ‘1947 ആഗസ്ത്‌ 15ന് ഒരു ആരാധനാലയത്തിന്റെ സ്വഭാവം എന്താണോ അത് പരിരക്ഷിക്കപ്പെടണം. എന്നാൽ, ആരാധനാലയത്തിന്റെ കൃത്യമായ സ്വഭാവം പരിശോധിക്കുന്നതിൽനിന്ന് കോടതികളെ തടഞ്ഞുനിർത്തരുത്. ഈ കരുതലില്ലാത്ത പരാമർശം, രാജീവ് ഗാന്ധി ബാബ്‌റി മസ്ജിദിന്റെ പൂട്ട് തുറന്നതിന് സമാനമായി വിലയിരുത്തപ്പെടും. അയോധ്യയെ അകമ്പടി സേവിച്ച രഥയാത്രയുടെയും കലാപങ്ങളുടെയും പുനരുജ്ജീവനമാകുമത്’. (ഫ്രണ്ട്‌ലൈൻ, ഡിസംബർ 13, 2024) ഈ പരാമർശത്തിന്റെ പിൻബലമാണ് ഇപ്പോൾ അക്ഷരാർഥത്തിൽ ഒരു  പണ്ടോറയുടെ  പെട്ടി തുറന്നിരിക്കുന്നത്. വാരാണസിയിലെയും മഥുരയിലെയും മസ്ജിദുകൾക്കു മേലുള്ള അവകാശവാദവും കീഴ്‌ക്കോടതികൾ ഈ വക ഹർജികൾ ഫയലിൽ സ്വീകരിച്ച് സർവേക്ക്‌ ഉത്തരവിടുന്നതും കഴിഞ്ഞ നാളുകളിൽ ഉത്തർപ്രദേശിലെ സംഭലിലെ മസ്ജിദിലും അടാലിലെ പള്ളിയിലും അജ്മീർ ദർഗയിലുംവരെ എത്തിയിരിക്കുന്നു. ഒരു ആരാധനാലയത്തിന്റെ കൃത്യവും ആദിമവും പ്രഥമവുമായ സ്വഭാവം ഇന്ത്യയിൽ കണ്ടെത്തുക നിഷ്‌പ്രയാസകൃത്യമല്ല. ഹിന്ദുത്വവാദികൾ എതിർവാദമുന്നയിക്കുന്ന സൈറ്റുകളുള്ള പല നഗരങ്ങളുടെയും അധിവാസചരിത്രത്തിന് ചുരുങ്ങിയത് രണ്ടര സഹസ്രാബ്‌ദത്തോളം പഴക്കമുണ്ട്. ഇന്ത്യാചരിത്രം നാഗരിക യുദ്ധത്തിന്റെ ഇരു ധ്രുവചരിത്രമല്ല. അത് വ്യത്യസ്‌ത ഭൂതകാല പാളികളിൽ മുദ്രണം ചെയ്യപ്പെട്ട സാംസ്‌കാരിക സംവാദത്തിന്റെയും സ്വാധീനത്തിന്റെയും പുതുക്കലിന്റെയും കൈമാറ്റത്തിന്റെയും ബഹുസ്വര ഇതിഹാസമാണ്. (ലേഖകൻ മടപ്പള്ളി ഗവ. കോളേജിലെ ചരിത്രവിഭാഗം മേധാവിയാണ്) Read on deshabhimani.com

Related News