മലപ്പുറം ബഹുസ്വരതയുടെ മണ്ണ് - പുത്തലത്ത് ദിനേശൻ എഴുതുന്നു



  മുസ്ലിങ്ങൾ ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ ദേശീയ ഭദ്രതയ്ക്ക് ഭീഷണിയാണെന്ന് വിചാരധാരയിൽ ഗോൾവാൾക്കർ പറയുന്നുണ്ട്. മലപ്പുറം ജില്ലയുടെ രൂപീകരണത്തെക്കുറിച്ചുള്ള ചർച്ചകളെ പരാമർശിച്ച് ‘‘ഇന്ന് കേരളത്തിൽ അവർ സ്വതന്ത്ര മാപ്പിള നാടിനുവേണ്ടി പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്'' എന്നും അതിൽ രേഖപ്പെടുത്തുന്നുണ്ട്. മലപ്പുറമെന്നത് മാപ്പിള നാടെന്ന സൂത്രവാക്യം ആർഎസ്എസിന്റേത് എന്നർഥം. ഇസ്ലാമിക മതരാഷ്ട്ര കാഴ്ചപ്പാടുകാരും ഇതേസമീപനം മുന്നോട്ടുവയ്ക്കുന്നുണ്ട്. നാടുകളെ മതങ്ങളുടെ പേരിൽ അവതരിപ്പിക്കുകയും പരസ്പരം ഏറ്റുമുട്ടിക്കുകയും ചെയ്യുന്ന രീതി ബ്രിട്ടീഷ് തന്ത്രമായിരുന്നു. 1905ലെ ബംഗാൾ വിഭജനത്തിൽ ഇത് കാണാം. മലബാറിലെ കാർഷിക കലാപത്തെ മാപ്പിളമാരുടെ ഹാലിളക്കമെന്ന് പറഞ്ഞ് മറ്റ് വിഭാഗങ്ങളെ കലാപത്തിനെതിരെ തിരിച്ചുവിടാനാണ് ബ്രിട്ടീഷുകാർ ശ്രമിച്ചത്. ബ്രിട്ടീഷുകാരുടെ ഈ കാഴ്ചപ്പാട് തന്നെയാണ് ഹിന്ദുത്വവാദികളും ഇസ്ലാമിക മതരാഷ്ട്രവാദികളും ഇന്നും പിന്തുടരുന്നത്. മലബാർ കലാപത്തെ മാപ്പിളമാരുടെ കലാപമായി കണ്ടുകൊണ്ടുള്ള ഒരു നോവൽതന്നെ സവർക്കർ എഴുതിയിട്ടുണ്ട്. 1921ലെ മലബാർ കാർഷിക കലാപത്തെക്കുറിച്ച് കൊളോണിയൽ ചരിത്രബോധത്തിൽനിന്ന്‌ വ്യത്യസ്തമായ വഴി സ്വീകരിച്ച മുഹമ്മദ് അബ്ദുറഹ്മാൻ അതിനെ മലബാർ കലാപമെന്ന് വിളിച്ചു. കമ്യൂണിസ്റ്റുകാർ ആ സമരത്തെ സാമ്രാജ്യത്വവിരുദ്ധവും ജന്മിത്വവിരുദ്ധവുമായി വിലയിരുത്തി. സംഭവിച്ച തെറ്റായ പ്രവണതകളെ താക്കീതെന്ന നിലയിലും അവതരിപ്പിച്ചു. മലബാർ കാർഷിക കലാപത്തിലെ തെറ്റായ പ്രവണതകൾക്കെതിരെ വാരിയംകുന്നത്ത് തന്നെ രംഗത്തിറങ്ങിയിരുന്നുവെന്നത് ഇവിടെ ചേർത്തു വായിക്കേണ്ടതാണ്. മലബാർ കാർഷിക കലാപത്തിന്റെ 25–-ാം വാർഷികത്തിൽ ‘മലബാർ കലാപം ആഹ്വാനവും താക്കീതു’മെന്ന പ്രമേയം ഈ കാഴ്ചപ്പാടിൽനിന്നുകൊണ്ട് കമ്യൂണിസ്റ്റ് പാർടി അംഗീകരിച്ചു. ഇ എം എസ് ദേശാഭിമാനിയിൽ ഇതേപേരിൽ ലേഖനമെഴുതിയതിനാൽ പത്രം നിരോധിച്ചു. മലബാർ കാർഷിക കലാപത്തിന്റെ വർഗപരമായ സവിശേഷതയെയും രാഷ്ട്രീയ മാനങ്ങളെയും വിസ്മരിക്കുകയാണ് യഥാർഥത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വവും അവരുടെ ചരിത്രബോധം ഏറ്റുവാങ്ങിയ മതരാഷ്ട്രവാദികളും ചെയ്തത്.   കലാപത്തിന് നേതൃത്വം നൽകിയത് ഏറനാട്, വള്ളുവനാട് നാട്ടിലെ കർഷകരും തൊഴിലാളികളും പാവപ്പെട്ട ജനവിഭാഗങ്ങളുമായിരുന്നു. സമ്പന്ന വിഭാഗങ്ങൾ പൊതുവിൽ ഈ കലാപത്തോടൊപ്പം നിന്നില്ല. കൊണ്ടോട്ടി തങ്ങൻമാരെപ്പോലുള്ളവരാകട്ടെ കലാപത്തിനെതിരായിരുന്നു. ജൻമികൾ പൊതുവിൽ ഹിന്ദുക്കളും സമരരംഗത്തേക്കിറങ്ങിയവരിൽ ഭൂരിഭാഗവും മുസ്ലിങ്ങളുമായതുകൊണ്ട് ബ്രിട്ടീഷുകാരുടെ മതാടിസ്ഥാനത്തിലുള്ള വായന പൊതുബോധമായി രൂപപ്പെട്ടു. കാർഷികപരവും സാമ്രാജ്യത്വവിരുദ്ധവുമായ ഉള്ളടക്കവുമുള്ളതിനാൽത്തന്നെ ഹിന്ദു വിഭാഗത്തിൽപ്പെട്ട പാവപ്പെട്ടവർ പ്രത്യേകിച്ചും പ്രക്ഷോഭത്തിൽ അണിചേർന്നു. എം പി നാരായണ മേനോനും മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനെപ്പോലുള്ളവരും ദീർഘകാലം ജയിൽവാസം അനുഭവിച്ചു. വാഗൺ കൂട്ടക്കൊലയിൽ ഹിന്ദുമതവിശ്വാസികളും കൊല്ലപ്പെട്ടിരുന്നെന്ന കാര്യം ഇവിടെ ചേർത്തുവായിക്കേണ്ടതാണ്. 1921ലെ മലബാറിലെ കാർഷിക കലാപം മുന്നോട്ടുവച്ച ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം ‘കൃഷിഭൂമി കൃഷിക്കാരന്’ എന്നതുമായി ബന്ധപ്പെട്ടതായിരുന്നു. ഭൂപരിഷ്കരണത്തിലൂടെ 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു ഇത് പ്രാവർത്തികമാക്കിയത്. പിന്നീട് 1967ൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന സർക്കാർ കുടികിടപ്പ് അവകാശത്തിനുള്ള നിയമവും പാസാക്കി. അത് നടപ്പാക്കാനുള്ള പ്രക്ഷോഭവും നടത്തി. അങ്ങനെ മലബാറിലെ കാർഷിക കലാപത്തിന്റെ ആധാരമായ ഭൂപ്രശ്നം പരിഹരിച്ചത് കമ്യൂണിസ്റ്റ് സർക്കാരാണ്.  പൊതുവിദ്യാഭ്യാസം സൗജന്യമാക്കിയതും പൊതുവിദ്യാലയങ്ങൾ സ്ഥാപിച്ചതും പൊതു ആരോഗ്യ സമ്പ്രദായം ശക്തിപ്പെടുത്തിയതും മലപ്പുറത്തെ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ഏറെ ആശ്വാസം പകർന്നു. ഭൂപരിഷ്കരണവും വിദ്യാഭ്യാസ– -ആരോഗ്യ മേഖലയിലുള്ള ഈ ഇടപെടലിന്റെ അടിത്തറകൂടിയാണ് ഗൾഫ് മേഖലയിൽ തൊഴിൽ ചെയ്ത് ജീവിക്കാനുള്ള സാഹചര്യം മലപ്പുറത്തെ ജനതയ്ക്കൊരുക്കിയത് മലപ്പുറത്തെ പാവപ്പെട്ട മുസ്ലിം ജനവിഭാഗം വലിയ തോതിൽ പങ്കെടുത്ത ഈ കലാപത്തെത്തുടർന്ന് അവർക്കെതിരെ പ്രതികാര നടപടികളെടുത്തു. ഈ അടിച്ചമർത്തലുകളെ തിരുത്തിയത് 1957ലെ കമ്യൂണിസ്റ്റ് പാർടിയുടെ മന്ത്രിസഭയായിരുന്നു. എംഎസ്‌പിയുൾപ്പെടെയുള്ള പൊലീസിൽ മുസ്ലിങ്ങൾക്ക് പ്രവേശനം അനുവദിച്ചു. മുസ്ലിങ്ങൾക്ക് സംവരണവും കൊണ്ടുവന്നു. ഈ സർക്കാർ പൊതുവിദ്യാഭ്യാസം സൗജന്യമാക്കിയതും പൊതുവിദ്യാലയങ്ങൾ സ്ഥാപിച്ചതും പൊതു ആരോഗ്യ സമ്പ്രദായം ശക്തിപ്പെടുത്തിയതും മലപ്പുറത്തെ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ഏറെ ആശ്വാസം പകർന്നു. ഭൂപരിഷ്കരണവും വിദ്യാഭ്യാസ– -ആരോഗ്യ മേഖലയിലുള്ള ഈ ഇടപെടലിന്റെ അടിത്തറകൂടിയാണ് ഗൾഫ് മേഖലയിൽ തൊഴിൽ ചെയ്ത് ജീവിക്കാനുള്ള സാഹചര്യം മലപ്പുറത്തെ ജനതയ്ക്കൊരുക്കിയത്. 1967ൽ അധികാരത്തിൽവന്ന കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലുള്ള സർക്കാർ മലപ്പുറത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള രണ്ടാം ഘട്ട പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകി. അങ്ങനെയാണ് മലപ്പുറം ജില്ലയും കലിക്കറ്റ് യൂണിവേഴ്സിറ്റിയുമെല്ലാം സ്ഥാപിക്കുന്നത്. മലപ്പുറം ജില്ല രൂപീകരിക്കാനുള്ള തീരുമാനമെടുത്തപ്പോൾ അത് മുസ്ലിങ്ങൾക്കുള്ള ജില്ലയാണെന്ന് പറഞ്ഞുകൊണ്ട് സംഘപരിവാർ ശക്തമായി എതിർത്തു. കോൺഗ്രസിന്റെ പിന്തുണയും അതിനുണ്ടായിരുന്നു. ഈ സമരത്തിന്റെ രാഷ്ട്രീയത്തെ തുറന്നുകാട്ടി ദേശാഭിമാനിയിൽ നാല് ലേഖനം ഇ എം എസ് എഴുതി. ‘അറുപിന്തിരിപ്പൻമാർ സോഷ്യലിസത്തെ കച്ചവടച്ചരക്കാക്കി മാറ്റിയിരിക്കുന്നു, ജനങ്ങളെ തമ്മിലടിപ്പിക്കുന്നവരെ സൂക്ഷിക്കണം, മലപ്പുറം ജില്ലയ്‌ക്കെതിരായുള്ള സമരം മതേതരത്വത്തിനെതിരായ സമരമാണ്, മലപ്പുറം ജില്ലയും ഹിന്ദുരാഷ്ട്രവാദക്കാരും' എന്നിങ്ങനെയായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ടുകൾ. ‘ജനങ്ങളെ തമ്മിലടിപ്പിക്കുന്നവരെ സൂക്ഷിക്കണ'മെന്ന 1967 മെയ് എട്ടിന്‌ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ ഇ എം എസ് ഇങ്ങനെ പറയുന്നുണ്ട്. ‘‘ കേരളത്തിൽ 13 കൊല്ലത്തിനിടയ്‌ക്ക് ഏഴ്‌ ജില്ലകൾ രൂപീകരിച്ചതിൽ ആറിലും ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുണ്ട്. മലപ്പുറം ജില്ലയിൽമാത്രം മുസ്ലിം ഭൂരിപക്ഷമായതുകൊണ്ട് ആ ജില്ലയ്‌ക്കുമാത്രം എതിരായി ഹിന്ദു വർഗീയവാദികൾ കുഴപ്പമുണ്ടാക്കുന്നു. മലപ്പുറം ജില്ലയിൽക്കൂടി പാകിസ്ഥാൻ ഇവിടെ വരുമെന്ന് വാദിക്കുന്ന കൂട്ടർ എന്തുകൊണ്ട് മുസ്ലിം ഭൂരിപക്ഷമുള്ള കശ്മീരിനെ ഈ രാജ്യത്തോട് ചേർത്തിരിക്കുന്നത്. മുസ്ലിങ്ങളും ഒരുകാര്യം മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങൾക്ക് മാത്രമെതിരായുള്ള ഒരു പ്രക്ഷോഭമല്ല ഇത്. നിങ്ങളും മറ്റ് സമുദായങ്ങളോടും പാർടിയോടും ചേർന്ന് ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളെ നേരിടാൻ തയ്യാറാകണം''. കേരളത്തിലെ മറ്റ് ജില്ലകൾ എല്ലാ ജനവിഭാഗങ്ങൾക്കും അവകാശപ്പെട്ടത് എന്നതുപോലെ മലപ്പുറം ജില്ലയും എല്ലാ വിഭാഗങ്ങൾക്കും അവകാശപ്പെട്ട ഒന്നാണ്. ബഹുസ്വര സംസ്കാരത്തെയും ജീവിതത്തെയും പരസ്‌പര ബഹുമാനത്തോടെ മലപ്പുറം ജനത കാത്തുസൂക്ഷിക്കുന്നുണ്ട്. ഇത്തരം ജീവിത വീക്ഷണത്തിന് സൂഫി പാരമ്പര്യമുൾപ്പെടെ കരുത്തായി നിൽക്കുന്നുണ്ട്. ഈ സമീപനങ്ങൾ ജാതീയ അടിച്ചമർത്തലിനെതിരായ നവോത്ഥാന ചിന്തകളായി മാറുകയും ചെയ്തു. ബഹുസ്വര സംസ്കാരത്തിന്റെയും സഹിഷ്ണുതയുടെയും പാഠങ്ങൾ അതിലൂടെ മലപ്പുറത്തെ ജനതയുടെ ജീവിതതാളമായി മാറുകയും ചെയ്തു. ‘മാമാങ്കം’ എല്ലാ വിഭാഗങ്ങളും കൂടിച്ചേർന്ന് നടത്തിയ ആഘോഷമായിരുന്നു. ഉജ്വലമായ സംസ്കൃത പാരമ്പര്യവും ലോകപ്രസിദ്ധമായ ഗണിത പാരമ്പര്യവും മലപ്പുറത്തിന് അവകാശപ്പെടാനുണ്ട്. കോട്ടക്കലിന്റെ ആയുർവേദ പാരമ്പര്യം മാത്രമല്ല, ചങ്ങമ്പള്ളി ഗുരുക്കൻമാരുടെ പാരമ്പര്യവും മലപ്പുറത്തിന്റേതാണ്.   മലയാളഭാഷയുടെ പിതാവ്‌ എഴുത്തച്ഛന്റെയും  പൂന്താനത്തിന്റെയും  ഉറൂബിന്റെയും  ഇടശ്ശേരിയുടെയും മൊയീൻകുട്ടി വൈദ്യരുടെയും നാടാണ് മലപ്പുറം. ബാസൽ മിഷൻകാരുടെ ഓട് വ്യവസായവും ഈ മണ്ണിൽ തഴച്ചുവളർന്നതാണ്. അടിസ്ഥാന ജനവിഭാഗങ്ങളുടെ കലകളുടെയും സംസ്കാരങ്ങളുടെയും നാടാണിത്. ബീഡിത്തൊഴിലാളികളും വഞ്ചിത്തൊഴിലാളികളും ഉൾപ്പെടെയുള്ള തൊഴിലാളികൾ നടത്തിയ പോരാട്ടത്തിന്റെ ചരിതവും ഈ മണ്ണിലുണ്ട്. 1921ലെ മലബാറിലെ കാർഷിക കലാപത്തിൽ തന്റേതായ രാജ്യം സ്ഥാപിച്ച വാരിയംകുന്നത്ത്‌ ആ നാടിന് നൽകിയ പേര് ‘മലയാള നാട്’ എന്നായിരുന്നു. മതരാഷ്ട്രമായിരുന്നില്ല, മലയാള ഭാഷയെ ചേർത്തുപിടിച്ചുകൊണ്ടുള്ള കാഴ്ചപ്പാടായിരുന്നു അത്. ഇ എം എസും കെ ദാമോദരനുംപോലുള്ളവർ വർഗ രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയ മണ്ണാണിത്. ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവയ്ക്കുന്ന മതരാഷ്ട്രവാദത്തെ ശക്തമായി എതിർത്ത സി എച്ച് മുഹമ്മദ് കോയയുടെ കർമഭൂമിയും ഇതുതന്നെ. മലപ്പുറത്തിന്റെ വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും ഈ മഹത്തായ സംസ്കാരത്തെ മറന്നുകൊണ്ട് സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന വർഗീയ വ്യാഖ്യാനങ്ങളെ പിന്തുടരാനാണ് പലരും ശ്രമിക്കുന്നത്. മലപ്പുറം ജനത സൃഷ്ടിച്ച ഈ മതനിരപേക്ഷ സംസ്കാരം ഇന്നും ആ മണ്ണ് മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. അതുകൊണ്ടാണ് നിലമ്പൂർ താലൂക്കിൽപ്പെട്ട കാളികാവിൽ തെന്നാടൻ വീട്ടിലെ സുബൈദ അന്തരിച്ചപ്പോൾ ഒമാനിൽനിന്ന് ശ്രീധരൻ തന്റെ ഫെയ്‌സ്ബുക്കിൽ  ഇങ്ങനെ കുറിച്ചത്. ‘എന്റെ ഉമ്മ അള്ളാഹുവിന്റെ വിളിക്ക് ഉത്തരം നൽകി. അവരുടെ ഖബറിടം വിശാലമാക്കിക്കൊടുക്കാൻ പ്രാർഥിക്കണമേ’.  ഇങ്ങനെ ഒരു കുറിപ്പെഴുതാൻ കാരണം ശ്രീധരൻ കുട്ടിയായിരിക്കുമ്പോൾ അമ്മ ചക്കി മരിച്ചപ്പോൾ അദ്ദേഹത്തെയും രണ്ട് സഹോദരിമാരെയും സ്വന്തം മക്കളായി ഏറ്റെടുത്ത് ഹിന്ദുമതത്തിന്റെ രീതിയിൽ വളർത്തി വലുതാക്കിയത് സുബൈദയായിരുന്നു എന്നതിനാലാണ് . അവർക്ക് ബാപ്പയായതാകട്ടെ സുബൈദയുടെ ഭർത്താവും മദ്രസ അധ്യാപകനുമായ അബ്ദുൾ ഹസീസ് ഹാജിയുമായിരുന്നു. ഇങ്ങനെയുള്ള എത്രയോ ജീവിതങ്ങൾ മലപ്പുറത്തിന്റെ മണ്ണിലുണ്ട്. അഗാധമായ സൗഹാർദത്തിന്റെയും ബഹുസ്വരതയുടെയും സംസ്കാരമുള്ള മണ്ണാണ് മലപ്പുറത്തിന്റേത്. അത് കാത്തുസൂക്ഷിക്കാൻ എല്ലാ മതരാഷ്ട്രവാദികളുടെയും കാഴ്ചപ്പാടുകളെ പ്രതിരോധിക്കേണ്ടതുണ്ട്. മതനിരപേക്ഷ കേരളത്തിന്റെ മുന്നോട്ടുപോക്കിന് അത് അനിവാര്യമാണ്. മലപ്പുറത്തിന്റെ ബഹുസ്വരതയെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് മലപ്പുറം മഹോത്സവം ദേശാഭിമാനിയുടെ 80–-ാം  വാർഷികത്തിൽ സംഘടിപ്പിച്ചത്. ആ പരിപാടിയുടെ കൺവീനറായിരുന്നു മലപ്പുറത്തെ സിപിഐ എം  ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്. മതരാഷ്ട്രവാദികളെ മാറ്റിനിർത്തി മലപ്പുറത്തിന്റെ ബഹുസ്വര സംസ്കാരം വിളംബരം ചെയ്ത പരിപാടിയായിരുന്നു അത്. ആ പരിപാടിയിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളെല്ലാം ചേർത്ത് ‘മലപ്പുറം മിഥ്യയും, യാഥാർഥ്യവുമെന്ന' പുസ്തകം ദേശാഭിമാനി പ്രസിദ്ധീകരിക്കുകയുണ്ടായി. അത് പ്രകാശിപ്പിച്ചതാകട്ടെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. സാമ്രാജ്യത്വ ചരിത്ര പാഠത്തെ ഉയർത്തിപ്പിടിച്ച് മതരാഷ്ട്രവാദികൾ നടത്തുന്ന പ്രചാരണത്തെ തുറന്നുകാട്ടേണ്ടതുണ്ട്. മലപ്പുറത്തിന്റെ ബഹുസ്വരതയുടെ സംസ്കാരത്തിന്റെ ഓർമപ്പെടുത്തൽ ഏറ്റവും പ്രധാനമായിരിക്കുന്ന ഘട്ടംകൂടിയാണിത്.   Read on deshabhimani.com

Related News